4ഡി

കോണോടുകോണ്‍ വെളിച്ചം വീഴുന്ന 3 D എന്ന ആ ക്ലാസ്സു മുറിയില്‍ നിരത്തിയിട്ട അനേകം ബെഞ്ചുകളിലൊന്നില്‍ ഞാനിരുന്നു. എനിക്കു മുമ്പേ വന്നവരിനി എട്ടു പേരുണ്ട്. ഓരോരുത്തരും വരുമ്പോള്‍ തനിക്കു മുമ്പേ അവിടെ വന്നവരുടെ ഒരു മുഖപരിചയമുണ്ടാക്കുക , എത്ര പേരുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്തുക, തന്റെ ഊഴമെത്രാമത്തെതെന്ന് കണക്കു കൂട്ടുക, ഇതാണ് – രീതി. തുറന്നിട്ട ജനാലക്കപ്പുറം ചെറിയ കളിസ്ഥലമാണ്. രക്ഷിതാക്കളുടെ കൂടെ വന്ന കൊച്ചു കുട്ടികളില്‍ ചിലര്‍ അവിടെ കളിക്കുന്നുണ്ട്. കടുത്തു വരുന്ന വേനലില്‍ ഉരുകിയൊലിക്കുന്നുണ്ട് എല്ലാവരും. മുറിയില്‍ ആകെയുള്ള ഒരു ഫാന്‍ ടീച്ചറുടെ തലക്കു മീതെ ഒരു ശബ്ദത്തോടെ കറങ്ങുന്നുണ്ട്.

പുറത്തേക്കു വെറുതെ നോക്കി. ഒരു ഭംഗിയുമില്ലാത്ത ആകാശം.അവിടവിടെ വിളറി വെളുത്തു നില്‍ക്കുന്ന മേഘങ്ങള്‍ , ചാരനിറമുള്ള യൂണിഫോമിട്ട് വൈകുന്നേരം തളര്‍ന്നു വരുന്ന കുഞ്ഞുങ്ങളേപ്പോലെ തോന്നിച്ചു. മടുത്തു മുഖം തിരിച്ചു.

കുറച്ചു ദിവസം അടച്ചിട്ടതുകൊണ്ടാവാം മുറിക്കു അസുഖകരമായ മണം. അതൊരു ആശുപത്രിയിലെ പേടിപ്പിക്കുന്ന മണമല്ല, മറിച്ച് ഒന്നരമാസത്തെ മനുഷ്യ സമ്പര്‍ക്കമില്ലായ്മയുടെ , മടുപ്പിന്റെ മണമാണ്. കുട്ടികളുടെ ചിരിയും കരച്ചിലും കലഹവും ആകാംക്ഷയും ഒക്കെ പരിചിതമായ ക്ലാസ് റൂമുകള്‍. ബെഞ്ച് ഡെസ്ക്കിനോടും ഡെസ്ക് ബോര്‍ഡിനോടും ബോര്‍ഡ് അലമാരിയോടുമൊക്കെ ആവര്‍ത്തിച്ചു പറയുന്നുണ്ടാവും ‘’ കുട്ടികളുണ്ടാവുന്നതാണ് നമുക്ക് നല്ലത് . ഓ! എന്തൊരു ബോറായിരുന്നു ഇത്രയും ദിവസം. നിന്റെയൊക്കെ മാത്രം മുഖം – മാറാത്ത മുഖം കണ്ടു ഞാന്‍ മടുത്തു. നമുക്കൊന്ന് ഓടിപ്പോവാനും പറ്റുന്നില്ലല്ലോ , ഇവിടെ നിന്ന്. സ്കൂളൊന്നു തുറന്നാല്‍ മതി!’‘

കാത്തു നില്‍ക്കുന്നവരില്‍ ഏറെയും അമ്മമാരാണ്. എപ്പോഴും അതങ്ങനെയാണ്. അച്ഛന്മാര്‍ക്ക് ജോലിയുള്ളതു മാത്രമാവില്ല കാരണം കുട്ടികളെ പഠിപ്പിക്കുന്ന ജോലി അമ്മമാരുടെ കുത്തകയാകുന്നു. അവരുടെ ഡയറി എന്നും പരിശോധിക്കുക, ഹോംവര്‍ക്കുകള്‍ ചെയ്യിപ്പിക്കുക, പരീക്ഷാ സമയങ്ങള്‍ ഓര്‍ത്തു വയ്ക്കുക, ചോദ്യം ചോദിക്കുക, കിട്ടിയില്ലെങ്കില്‍ വീണ്ടും പഠിക്കാന്‍ പറയുക, ഇത്തരം ജോലികളൊക്കെ കൈകാര്യം ചെയ്യാന്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് മിടുക്കര്‍. ഇപ്പോള്‍ ടീച്ചറോട് സംസാരിക്കുന്നത് ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്നു തോന്നുന്നു. ‘’ കഴിഞ്ഞ തവണ തൊണ്ണൂറ്റിയെട്ടു ശതമാനമുണ്ടായിരുന്നതാ ടീച്ചര്‍ ഇത്തവണ തൊണ്ണൂ‍റ്റിയേഴരയായി. തീരെ ശ്രദ്ധയില്ല, പഠിപ്പിലിപ്പോള്‍. ‘’ ടീച്ചര്‍ പറയുന്നത് കേള്‍ക്കാനില്ല’‘ സാരമില്ല , അടുത്ത തവണ കൂടുതല്‍ ശ്രദ്ധിച്ചാല്‍ മതി എന്നോ മറ്റോ ആയിരിക്കും. ആരേയും പരിചയമില്ല , പല തവണ വന്നിട്ടും . സാധാരണ അവിടെ വരുന്നവവരില്‍ ആരും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാറില്ല. ആകാംക്ഷ നിറഞ്ഞ മുഖങ്ങളുമായി തന്റെ കുട്ടിയുടെ മാര്‍ക്കിനെ പറ്റി മാ‍ത്രം ഓര്‍ത്തിരിക്കുന്നവര്‍ക്ക് ആരേയും പരിചയപ്പെടാനോ ഉള്ള മാനസികാവസ്ഥയില്ല.

അവസാന ദിവസത്തെ ബ്രേക്ക് അപ്പ് പാര്‍ട്ടി കഴിഞ്ഞ് ക്ലാസ്സ് വൃത്തിയാക്കിയിട്ടില്ല. അവിടവിടെ മിഠായിക്കടലാസുകളും , ഐസ്ക്രീം കപ്പുകളും , പ്ലേറ്റുകളും ചിതറിക്കിടപ്പുണ്ട്. അന്ന് കുട്ടികളാരും ക്ലാസ്സ് റൂം വൃത്തിയാക്കാന്‍ നിന്നു കാണില്ല, അതവരുടെ ജോലിയാണെങ്കിലും . ഒടുവിലത്തെ പരീക്ഷയും പാര്‍ട്ടിയും കഴിഞ്ഞ് ധ്രുവ് സ്കൂള്‍ ബസ്സില്‍ നിന്നും ചാടിയിറങ്ങിയാണ് വന്നത്. ‘ ഹൂയ്…’ എന്നൊരു ഒച്ചയോടെ , ഷൂസും, സോക്സും, ആകാശത്തേക്ക് പറന്നു. ‘’ ഇനി രണ്ടു മാസം ഇതൊന്നും കാണണ്ടല്ലോ’‘ എന്നൊരു കമന്റോടെ ‘’ തിന്നും കുടിച്ചും മതിയായി അമ്മേ, ഇന്ന് ചോറു വേണ്ട’‘ എന്നു പറഞ്ഞ് ടി. വി ക്കു മുമ്പില്‍ അന്നു മുഴുവനുമിരുന്നു അവന്‍. മിക്കവാറും ആ ക്ലാസ്സിലെ മിക്ക കുട്ടികളും ചെയ്തതിതാവണം.

പെണ്‍കുട്ടിയുടെ അമ്മയുടെ കൂടിക്കാഴ്ച അവസാനിച്ചിട്ടില്ല. റിസല്‍റ്റ് അറിഞ്ഞു, അടുത്ത ക്ലാസിലേക്ക് കയറ്റവുമായി. ഇനിയിത്ര സംസാരിക്കാനെന്താണാവോ? ചിലരങ്ങനെയാണ്. കാത്തുനില്‍ക്കുന്നവരുടെ സമയത്തെക്കുറിച്ച് വേവലാതിയേയില്ല. ചുറ്റും കണ്ണോടിച്ചു. ചുമരുകളില്‍ നിന്ന് ചാര്‍ട്ടുകള്‍ മാറ്റിയിട്ടില്ല. ‘ കവിത്രയം, ഫണ്‍ വിത്ത് മാത്സ് ,ഓക്സിജന്‍, ഡൈജസ്റ്ററിസിസ്റ്റം, ഹ്യൂമന്‍ ബ്രേയ്ന്‍, റോക്സ് ആന്റ് മിനറല്‍ സ് തുടങ്ങിയ ചാര്‍ട്ടുകള്‍ പരസ്പര സൗഹാര്‍ദ്ദത്തോടെ ചുമരില്‍ തൂങ്ങിക്കിടക്കുന്നു. ഓരോന്നിന്റെ താഴേയും തയ്യാറാക്കിയ കുട്ടിയുടെ പേരും , ഹൗസിന്റെ പേരുമുണ്ട്. ഏതു ഹൗസിനാണോ കൂടുതല്‍ ചാര്‍ട്ടുകള്‍ അവയ്ക്ക് ക്ലാസ് ടീച്ചറുടെ വക സമ്മാനമുണ്ടെത്രെ, അവസാന ദിവസം . ഇത്തവണ അതാര്‍ക്കാണാവോ കിട്ടിയത്? ധ്രുവ് അതു പറയാന്‍ മറന്നുവെന്നു തോന്നുന്നു.

പരിചയമുള്ള ഒരു കയ്യക്ഷരത്തില്‍ കണ്ണുകളുടക്കി ‘ ഡൈനോസര്‍’ അത് ധ്രുവും താനും കൂടി ചെയ്തതാണ്. , അവന്റെ ഹൗസിനു വേണ്ടി തലക്കെട്ടു മുഴുവന്‍ താനെഴുതി. വിവരണങ്ങളവനും. പടങ്ങള്‍ കിട്ടാനായിരുന്നു പാട്. ഇന്റെര്‍ നെറ്റും , പഠിപ്പുരയും ഒക്കെ പരതി. പരിണാമദിശയിലെപ്പോഴോ നൂറ്റമ്പതു ദശലക്ഷം വര്‍ഷത്തോളം ഭൂമിയടക്കി വാണിരുന്ന ആ വിചിത്ര ജീവികളെ ധ്രുവിന് വലിയ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും ‘ ജുറാസിക്ക് പാര്‍ക്ക്’ കണ്ടതിനു ശേഷം. അവന്‍ തന്നെയാണ് ഡൈനോസര്‍ പ്രൊജക്ട് ചെയ്യണമെന്നു പറഞ്ഞതും മനുഷ്യനേക്കാള്‍ എത്രയോ ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയിലവതരിക്കുകയും മനുഷ്യ ചരിത്രത്തേക്കാള്‍ നീണ്ട ചരിത്രമുള്ളവയും മനുഷ്യനേക്കാള്‍ എത്രയോ മടങ്ങ് വലിപ്പമുള്ളവയുമാണ് ഡൈനോസോറുകള്‍. ജുറാസിക് പാര്‍ക്ക് കണ്ടതിനു ശേഷം ചോദ്യങ്ങളോടു ചോദ്യങ്ങളായിരുന്നു. ഒരു ചെറിയ പല്ലിയെക്കണ്ടാലവന്‍ ചോദിക്കും ‘’ അമ്മേ , ഇത് ഡൈനോസോറിന്റെ കുട്ടിയാണോ? ഇത് വലുതായി ഡൈനോസറാകുമോ? ഇതിന്റെ ഫോസില്‍ മണ്ണില്‍ കിടന്നാല്‍ എന്തുണ്ടാവും? ഇതിന്റെ സെല്‍ എടുത്ത് സൂക്ഷിച്ച് വച്ച് അതില്‍ നിന്നും ഒരു മുട്ടന്‍ ഡൈനോസോറിനെ ഉണ്ടാക്കിക്കൂടെ?’‘ചോദ്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടി ഞാന്‍ അവന് ഡൈനോസോറിന്റെ ഒരു ബുക്ക് വാങ്ങിക്കൊടുത്തു. പിന്നീട് കുറെ ദിവസം അവന്‍ അവരുടെ ലോകത്തായിരുന്നു. ഒഴിവു സമയങ്ങളില്‍ മണ്ണില്‍ നിന്നും അവന്‍ ഡൈനോസറുകളെ കുഴിച്ചെടുക്കുകയും അസ്ഥികള്‍ ചേര്‍ത്തു വച്ച് അവയ്ക്ക് രൂപം നല്‍കുകയും വായില്‍ വന്ന പേരുകളൊക്കെയിടുകയും ചെയ്തു. അടുക്കളയിലിരുന്ന എന്റെ സ്പൂണ്‍ , ഫോര്‍ക്ക് മുതലായവ അതിനോടനുബന്ധിച്ച് ഡൈനോസോറുകളുടെ അസ്ഥികൂടവും നട്ടെല്ലുമൊക്കെയായി മാറി.

ഓട്ടോ റിക്ഷാ ഡ്രൈവറാകണമെന്ന സ്വപ്നത്തില്‍ നിന്നും പാലിയന്‍ന്റോളജിസ്റ്റിലേക്കുള്ള അവന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. എത്രെയെത്ര കട്ടിയുള്ള ഡൈനോസര്‍ പേരുകളാണ് അവന് വഴങ്ങിയത്? അതിലൊക്കെ സസ്യഭുക്ക്, ഏതൊക്കെ മംസഭുക്ക് , ഓരോന്നിനുമെത്രയുയരം, നീളം, ഓടുന്നതിന്റെ സ്പീഡ് അങ്ങനെയെത്ര കാര്യങ്ങളാണവന്‍ പഠിച്ചത്! പൊടുന്നനേ ഞങ്ങളുടെ രാത്രികള്‍ ഡൈനോസര്‍ കഥകളെകൊണ്ട് സമ്പന്നമായി. അതുവരെ മിത്രപുരം മിത്രപുരം എന്നൊരു രാജ്യം അവിടെ മിത്രസേനന്‍ മിത്രസേനന്‍ എന്നൊരു രാജാവ്… എന്ന രാജകഥകളില്‍ നിന്നു എനിക്കൊരു മോചനം കിട്ടി.

ഒരു സ്ഥലത്ത് ഒരു അമ്മ ഡൈനോസറും , കുട്ടി ഡൈനോസറും ഉണ്ടായിരുന്നു. അമ്മ ഡൈനോസര്‍ എന്നും രാവിലെ കുട്ടിയെ വിളിച്ചു പറയും ‘ മോനേ, എണീക്കു , പല്ലു തേക്കു, സ്കൂള്‍ വാന്‍ വരാറായി. അപ്പോള്‍ മോന്‍ ഡൈനോസര്‍ പറയും , അമ്മേ, അഞ്ചു മിനിറ്റു കൂടെ . അന്ന് സ്കൂളും വാനുമുണ്ടായിരുന്നോ എന്ന് ചോദിക്കാന്‍ പാടില്ല എനിക്ക് . അങ്ങനെ മോന്‍ ഡൈനോസര്‍ നല്ല ഡ്രസ്സൊക്കെയിട്ട് സ്കൂളില്‍ പോകും . അവിടെ കുറെ ഫ്രണ്ട്സ് ഉണ്ട് . ടീച്ചര്‍ ക്ലാസ്സ് എടുക്കുന്നിതിനിടെ അവര്‍ വര്‍ത്തമാനം പറഞ്ഞു. ടീച്ചര്‍ എല്ലാ ഡൈനോസര്‍ കുട്ടികളേയും മുട്ടുകുത്തിച്ചു നിര്‍ത്തി. അപ്പോള്‍ മുടി നീട്ടി വളര്‍ത്തിയ ഒരു പെണ്‍ ഡൈനോസര്‍കുട്ടി ചിണുങ്ങിക്കരഞ്ഞു. അപ്പോള്‍ ആണ്‍ ഡൈനോസറുകളെല്ലാം കൂടി അവളെ കളിയാക്കിച്ചിരിച്ചു. അന്നേരം ഒരു കാര്യമുണ്ടായി. മോന്‍ ഡൈനോസോറിന്റെ വാലില്‍ വേണമെന്നു വെച്ചിട്ട് സൂര്യനാരായണന്‍ എന്ന കുട്ടി നല്ലോണം ചവിട്ടി. ധ്രുവിന്റെ കഥ ഇത്രത്തോളമായപ്പോഴേക്ക് എനിക്കന്ന് ചിരി പൊട്ടി. കൊള്ളാം സൂര്യനാരായണന്‍ ഡൈനോസര്‍…. അവനന്ന് വല്ലാതെ ദേഷ്യം വന്നു. അങ്ങനെയൊക്കെയുണ്ടാവും എന്നു ദേഷ്യപ്പെട്ട് അവനുറങ്ങി.

സൂര്യനാരായണന്‍ ധ്രുവിന്റെ കൂട്ടുകാരനും ശത്രുവുമാണ് ആഴ്ചയില്‍ മൂന്നു ദിവസം ബെസ്റ്റ് ഫ്രണ്ട്. രണ്ടു ദിവസം എനിമി. സ്ഥിരം വഴക്കും അടിയും പ്രിന്‍സിപ്പലിന്റെ മുന്നില്‍ ഒരു പാടു തവണ രണ്ടാളും പോയിട്ടുണ്ട്. വഴക്കു കേട്ടിട്ടുണ്ട്. അത്ഭുതം ! സൂര്യനാരായണന്റെ അമ്മയതാ വരുന്നു. ! ധ്രുവിന്റെ ക്ലാസ്സിലെ കുട്ടിയുടെ അമ്മമാരില്‍ അവരെ മാത്രമേ എനിക്കറിയാവൂ. അവരെന്നേക്കണ്ടില്ലേ? എന്തോ പറയാനായി വന്ന പോലെ തോന്നി. പിന്നെ വേണ്ടെന്നു വച്ച് ക്ലാസ്സിനു പുറത്തേക്ക് പോയതെന്താവോ? സൂര്യനൊരു ചേച്ചിയുണ്ട് ആ കുട്ടിയുടെ ക്ലാസിലും റിസല്‍റ്റ് അറിയാന്‍ പോകണമായിരിക്കും .

ഡൈനോസര്‍ ഭൂമിയില്‍ നിന്നും നാമാവശേഷമായതിന്റെക്കുറിച്ചായിരുന്നു ധ്രുവിന്റെ ഉല്‍കണ്ഠ മുഴുവന്‍. എവിടെ നിന്നോ വലിയ ഒരു ഉല്‍ക്ക വന്നു പതിച്ചതുകൊണ്ടോ , കാലാവസ്ഥാ വ്യതിയാനം കൊണ്ടോ, ഭക്ഷണം കിട്ടാതായതുകൊണ്ടോ, കാരണം ഇപ്പോഴും കൃത്യമായറിവില്ല. അവ ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടു. അവ ജീവിച്ചിരുന്നുവെന്നതിന്റെ തെളിവു ചില ഫോസിലുകള്‍ മാത്രം. അവയില്‍ നിന്നും അനുമാനിച്ചെടുക്കുന്നവയാണ് ഡൈനോസറുകളെ പറ്റിയുള്ള മറ്റു വിവരങ്ങള്‍. മുഖത്തിന്റെയും, ശരീരത്തിന്റെയും, ആകൃതി, പല്ലുകളുടെ ഘടന, ഭക്ഷണരീതി, ജീവിത ശൈലി ഇതൊക്കെ എങ്ങനെയാവുമെന്നൂഹിച്ചെടുക്കാന്‍ അസാമാന്യ വിവരവും ഭാവനയും പരിശീലനവും വേണം . ധ്രുവ് ചോദിച്ചിരുന്നു നമ്മള്‍ മരിച്ചു പോയാല്‍ ഇതുപോലെ ആരെങ്കിലും കണ്ടെടുക്കുമോ? നമ്മളുണ്ടായിരുന്നു എന്നതിന് എന്തായിരിക്കും തെളിവ്? നമ്മുടെ ഫോസിലുകള്‍ ഇങ്ങനെ മണ്ണില്‍‍ പുതഞ്ഞു കിടക്കും? എന്റെ ഫോസിലുകള്‍ കണ്ടാല്‍ ഞാന്‍ ധ്രുവ് ആണെന്ന് മനസിലാകുമോ? അങ്ങനെ കൃത്യമായി പറയാനുത്തരമില്ലാത്തതുകൊണ്ട് ഞാനന്ന് എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. നന്നായി പഠിച്ചാല്‍ നല്ല മാര്‍ക്ക് റിപ്പോര്‍ട്ട് കാര്‍ഡില്‍ വരും ടീച്ചറത് മറ്റുള്ള കുട്ടികളോടും അവര്‍ വേറെ കുട്ടികളോടും ഒക്കെ പറയും . അങ്ങനെ ഗാന്ധിജിയുടെ പേരൊക്കെ ഓര്‍ക്കുന്നതുപോലെ ധ്രുവിന്റെ പേരും ഓര്‍ക്കുമെന്നൊക്കെ. ആ ഉത്തരങ്ങള്‍ അവന് തൃപ്തി നല്‍കിയില്ല എന്നുറപ്പാണ്.

ജീവിച്ചിരുന്നുവെന്നതിന് എന്താണ് തെളിവ്? ചില ഓര്‍മ്മകളുടെ ഫോസിലുകളല്ലാതെ ? അനേകായിരം വര്‍ഷങ്ങള്‍‍ക്കുശേഷം കണ്ടെടുത്തേക്കാവുന്ന അസ്ഥികളോ? മുടിയുടേയും പല്ലിന്റേയും അവശിഷ്ടങ്ങളോ കണ്ടെടുക്കുന്നവനോട് പറയുന്നെന്താവും ? അത് തീര്‍ച്ചയായും ഒരു വ്യക്തിയെക്കുറിച്ചല്ല, ആ വ്യക്തിയുള്‍പ്പെടുന്ന സമൂഹത്തെക്കുറിച്ചാവും വ്യക്തികള്‍ ജീവിക്കുന്നത് ഫോസിലുകളായല്ല ഓര്‍മ്മകളാണ്. ഫോസിലുകള്‍‍ക്ക് ഓര്‍മ്മകളേയോ വികാരങ്ങളേയോ തിരിച്ചുകൊണ്ടു വരാനുള്ള കഴിവില്ല അത് ഒരു കാലഘട്ടത്തിന്റെ പരിച്ഛേദം മാത്രമാകുന്നു. സിന്ധുതീരത്തു നിന്നും കുഴിച്ചെടുക്കുന്ന ഒരു പാത്രത്തിന്റെ കഷണം പോലെയോ തൂണിന്റെ അവശിഷ്ടം പോലെയോ ഒക്കെ ഉദാഹരണമായി ആ ചാര്‍ട്ടുണ്ടാക്കിയ ദിവസവും സ്കെച്ച് പെന്‍ തപ്പി നടപ്പും ചെരിഞ്ഞു പോയവരേയും അവസാനം എല്ലാം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചതുമൊക്കെ രേഖപ്പെടുത്തി വച്ചിരിക്കുന്നത് എവിടെയാണ്?

ഇനി രണ്ടു പേരും കൂടിയുണ്ട് , ടീച്ചറെക്കാണാന്‍. ഡൈനോസറുകളുടെ ചാര്‍ട്ടിന്റെ ഒരു ഭാഗം ചുവരില്‍ നിന്നും വേര്‍പെട്ട് തൂങ്ങിക്കിടപ്പാണ്. ധ്രുവിന്റെ പേരിന്റെ ‘D’ മാത്രമേ ബാക്കിയുള്ളു. മറുഭാഗം കാറ്റിലോ മറ്റോ കീറിപ്പോയിട്ടുണ്ട്. ഒരു പക്ഷെ ടീച്ചറും ഇത് അവനാണ് ചെയ്തത് എന്നു മറന്നു പോയിട്ടുണ്ടാവും സ്കൂള്‍ തുറക്കുമ്പോള്‍ ചുമരു വൃത്തിയാക്കുന്ന കൂട്ടത്തില്‍ ബ്രേക്ക് അപ്പ് പാര്‍ട്ടിയുടെ കപ്പുകള്‍ക്കും മിഠായിക്കടലാസിനുമൊപ്പം ഈ ചാര്‍ട്ടും വലിച്ചു മാറ്റപ്പെടും.

ധ്രുവിന്റെ റിപ്പോര്‍ട്ട് തരുമ്പോള്‍ ടീച്ചര്‍ പറഞ്ഞു ‘’ ധ്രുവിന്റെ അമ്മ വരില്ലെന്നു വിചാരിച്ചു ‘’ വന്നുവെന്നതിനു തെളിവായി ഒപ്പിടണോ എന്ന് ചോദിച്ചപ്പോള്‍ ടീച്ചര്‍ ഒന്നു ശങ്കിച്ചു ‘ വേണ്ട ‘ ജയിച്ചെങ്കിലും അവന്റെ പേര്‍ പുതിയ ലിസ്റ്റില്‍ ചേര്‍ത്തിട്ടില്ല.

റിപ്പോര്‍ട്ട് കാര്‍ഡില്‍ മാര്‍ക്ക് കൂട്ടിയിട്ടതില്‍ ചെറിയ തെറ്റുണ്ടെന്ന് കണ്ടുപിടിക്കുകയായിരുന്നു ഞാനപ്പോള്‍.

Generated from archived content: story1_jan23_12.html Author: dr.e_sandhya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here