ബൈ – ബാക്ക്‌

ഫോണിൽ വിളിച്ചുപറഞ്ഞതിൽ പ്രകാരം ഡോക്‌ടർ കെ. സേതുമാധവൻ എം.ബി.ബി.എസ്‌., എം.ഡി.യുടെ വീട്ടിൽ ഞായറാഴ്‌ച രാവിലെയുള്ള അപ്പോയിന്റ്‌മെന്റ്‌ എടുത്ത്‌ ബാസ്‌റ്റ്യൻ ഡേവിസ്‌ കാത്തുനിന്നു. എട്ടുമണിക്കു വന്നു നിന്നതാണ്‌. ഇപ്പോൾ ഒമ്പത്‌. ഡോക്‌ടർ പുറത്തേക്കു വന്നിട്ടില്ല. ഒരിക്കൽ കോളിംഗ്‌ ബെല്ലടിച്ചപ്പോൾ പ്രകടമായ നീരസത്തോടെ ഒരു മുഖം മറനീക്കി കാണപ്പെട്ടു. ഇനിയതിന്‌ ശ്രമിക്കാതിരിക്കുകയാണ്‌ ബുദ്ധി.

കാത്തുനിൽക്കുക തന്നെ ഒന്നും കഴിച്ചിട്ടില്ല, രാവിലെ. വയറു കത്തിക്കാളുന്നു. ഓ, ഇന്നലെ രാത്രിയിലും ഒന്നും കഴിച്ചിട്ടില്ല.

അനിയത്തിയുടെ പെണ്ണുകാണൽ വീട്ടിൽ ഇന്ന്‌ നടക്കും. പോകണമെന്നു കരുതിയതാണ്‌. എവിടെ? കടന്നൽ കുത്തിയ മുഖവുമായി ബോസ്‌ വേണ്ടെന്നു വിലക്കി, “മന്ത്‌ലി ടാർജെറ്റ്‌ മീറ്റ്‌ ചെയ്‌തോ”എന്നൊരു ചോദ്യത്തിലൂടെ. കഴിഞ്ഞ തവണയും വാണിംഗ്‌ തന്നതാണ്‌. “ഇത്തവണ ടാർജറ്റ്‌ മുട്ടിച്ചില്ലെങ്കിൽ ആയിരത്തിയഞ്ഞൂറ്‌ ഫ്‌ളാറ്റ്‌ സാലറി. ഓർമ്മയുണ്ടല്ലോ” ഓർമ്മയുണ്ട്‌. ഓർമ്മകൾ അധികരിക്കുന്നതാണ്‌ ബാസ്‌റ്റ്യൻ ഡേവിസിന്റെ പ്രശ്‌നം. ഓർമ്മകളോരോന്നും ഓരോ ചരടാകുന്നു. മുന്നോട്ടുള്ള യാത്രയിൽ പുറകോട്ടുവലിക്കുന്ന ചരടുകൾ. ഓടിട്ട ചെറിയ വീടിന്റെ ഓർമ്മ. പള്ളിമുറ്റം അടിച്ചുവാരി നടുനിവർക്കുന്ന അമ്മച്ചിയുടെ ഓർമ്മ. പണിയെന്നും ചെയ്യാനാവാതെ തളർന്ന്‌ വീട്ടിലിരിപ്പായ അപ്പച്ചന്റെ ഓർമ്മ. പന്ത്രണ്ടാം ക്ലാസ്‌ കഷ്‌ടിച്ച്‌ പാസ്സായ അനിയത്തിയുടെ ഓർമ്മ. ട്യൂട്ടോറിയൽ കോളേജിൽ പോകുന്ന അനിയന്റെ ഓർമ്മ. ആ ഓർമ്മകളാണ്‌, തന്നെ ഞായറാഴ്‌ച രാവിലെ പള്ളിയിലും കൂടെ പോകാനനുവദിക്കാതെ ഡോക്‌ടറുടെ വീടിന്റെ വാതിൽക്കൽ ഈ നില്‌പു നിർത്തിച്ചിരിക്കുന്നത്‌.

നല്ല വെയിലുണ്ട്‌. ഈശോയെ – ഈ ഡോക്‌ടർക്ക്‌ ഒന്നുരണ്ടു കസേരകളെങ്കിലുമിട്ടുകൂടെ, വരാന്തയിൽ? വന്നവർ നില്‌ക്കണമെന്നാണോ? ആ നിൽപ്പിലും ഡോക്‌ടറുടെ മുമ്പിൽ അരങ്ങേറേണ്ട നാടകത്തിലെ രംഗങ്ങൾ ബാസ്‌റ്റ്യൻ ഡേവീസ്‌ പ്രാക്‌ടീസ്‌ ചെയ്‌തു. ടൈ നേരയാക്കി ശബ്‌ദം ശരിയാക്കി ഇങ്ങനെ തുടങ്ങക. “ഗുഡ്‌മോണിംഗ്‌ സാർ. ഐ ആം ബാസ്‌റ്റ്യൻ ഡേവിസ്‌.” ആകപ്പാടെ ജീവിതത്തിൽ അഭിമാനം തോന്നിയിട്ടുള്ള കാര്യങ്ങളിൽ ഒന്ന്‌ ആ പേരാണ്‌. “ബാസ്‌റ്റ്യൻ ഡേവിസ്‌‘ – അതിനൊരു ഗമയുണ്ട്‌. കേട്ടാൽ ഒരു നല്ല വീട്ടിലെ കൊച്ചനാണെന്നും തോന്നണമെന്ന്‌ പറഞ്ഞു തനിക്ക്‌ ഈ പേരിട്ടത്‌ ചിട്ടിക്കച്ചവടം നടത്തുന്ന എളേപ്പനാണ്‌. പള്ളിമുറ്റം അടിച്ചുവാരുന്ന അമ്മച്ചിയും, ചുമച്ചുചുമച്ചിരിക്കുന്ന അപ്പച്ചനേയും തൽക്കാലം ഈ പേര്‌ ഒളിപ്പിച്ചുകളയും. അത്രയുമായാൽ ബാസ്‌റ്റ്യൻ ഡേവീസിന്‌ ഒരാത്മവിശ്വാസമൊക്കെ തോന്നും. രണ്ടോർമ്മകളുടെ കെട്ട്‌ പൊട്ടിച്ച ആശ്വാസത്തിൽ പിന്നീട്‌ പറയും – ”സാർ, സാറിന്റെ ജീവിതത്തിൽ ഏറ്റവും ഉപയോഗപ്രദമാകുന്ന ഒരു പ്രൊഡക്‌റ്റാണ്‌ ഈ ബാഗിനുള്ളിൽ. സാർ – ഏതു വീട്ടിലാണ്‌ അല്‌പസ്വല്‌പം മാറാലയും അഴുക്കും ഇല്ലാത്തത്‌? ഏത്‌ വീട്ടിലാണ്‌ സോഫയിൽ പൊടിപുരളാത്തത്‌? ഏതു ജീവിതത്തിലാണ്‌ അല്‌പസ്വല്‌പം കറ പുരളാത്തത്‌? പക്ഷെ എല്ലാ നമ്മളൊന്നു തുടച്ചു മിനുക്കിയാൽ വെളുക്കും. അതിനു നമ്മൾ മനസ്സുവെക്കണം എന്നുമാത്രം. നമ്മൾ മനസ്സുവെച്ചാൽ മാർഗ്ഗം തനിയേ ഉണ്ടാകും. ഇതാ ഇപ്പോഴുണ്ടായതുപോലെ. ഞങ്ങളുടെ ഈ പ്രൊഡക്‌ട്‌ എല്ലാ അഴുക്കും പൊടിയും വീട്ടിൽ നിന്നും ജീവിതത്തിൽ നിന്നും മാറ്റിക്കളയും. പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന്‌ സാർ കേട്ടിട്ടില്ലേ? അതാവും അവസ്‌ഥ ( ഈ ഭാഗം ബാസ്‌റ്റ്യൻ പണ്ടെങ്ങോ കേട്ടു മറന്ന ഒരു പരസ്യത്തിൽ നിന്ന്‌ മോഷ്‌ടിച്ചതാണ്‌. അവരുടെ ട്രെയിനിംഗിന്റെ ഭാഗമല്ല) പൊടിയും അഴുക്കും മാറാലയുമില്ലാത്ത ഒരു ജീവിതം ആലോചിച്ചുനോക്കൂ. ’എ ഹെൽത്തി മൈൻഡ്‌ ഇൻ എ ഹെൽത്തി ഹോം‘ എന്നാണ്‌ കമ്പനിയുടെ മോട്ടോ. ഇനി സാറിന്‌ ഞാനീ ഉപകരണം പരിചയപ്പെടുത്താം.“ നാടകീയമായ ഈ അവതരണത്തിനുശേഷം ഒന്ന്‌ മുട്ടുകുത്തിയിരുന്ന്‌ ഇംഗ്ലീഷ്‌ സിനിമകളിലൊക്കെ കാമുകൻ കാമുകിയുടെ കരം ഗ്രഹിക്കുന്ന പോസിൽ വലിയ ബാഗിൽ നിന്ന്‌ ഉപകരണം പുറത്തെടുക്കുന്നു. ദൈവത്തിന്റെ രൂപം കൈകാര്യം ചെയ്യുന്നപോലെ അത്യന്തം ബഹുമാനത്തോടെ അത്‌ നിലത്തുവെക്കുന്നു. ”ഇതാണ്‌ സാർ ’എബിസി‘ കമ്പനിയുടെ വാക്വം ക്ലീനർ. സാറിന്‌ ഈ കളർ കോമ്പിനേഷൻ ഇഷ്‌ടപ്പെട്ടോ?“ മിക്കവാറും ആളുകൾ ഇല്ലെന്നു പറയില്ല. അവിടെ നിന്നാണ്‌ അടുത്ത തുടക്കം. ”പച്ചയും വെള്ളയും! എത്ര നല്ല കോമ്പിനേഷൻ! പച്ച ഐശ്വര്യത്തിന്റെ നിറമാണ്‌. വെള്ള സമാധാനത്തിന്റെയും. സാറിന്റെ വീട്ടിൽ ഐശ്വര്യവും സമാധാനവും ഒന്നിച്ചുണ്ടാകട്ടെ.“ (നീലയും വെള്ളയുമാണെങ്കിലും കുഴപ്പമൊന്നുമില്ലല്ലോ എന്ന്‌ ബാസ്‌റ്റ്യൻ ഡേവീസിനുവരെ സംശയമുള്ളതാണ്‌. ചോദ്യങ്ങൾ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ല എന്ന തിരിച്ചറിവിൽ അയാൾ ആ ചോദ്യത്തെ അവഗണിക്കാൻ പഠിച്ചിട്ടുണ്ട്‌.)

അതാ വാതിൽ തുറക്കപ്പെട്ടു!

ഇദ്ദേഹമായിരിക്കണം ഡോക്‌ടർ. അങ്ങേരുടെ മുഖത്ത്‌ ഒരു ഞായറാഴ്‌ച അലങ്കോലമാക്കാൻ വന്ന സന്ദർശകനോടുള്ള വിദ്വേഷം പ്രകടമായിരുന്നു. അല്ലെങ്കിലും ഡോക്‌ടർമാരുടെ വീട്ടിൽ ചെന്നാലിതാണ്‌ അനുഭവം. പക്ഷേ കമ്പനി ഉല്‌പന്നങ്ങൾ കൂടുതൽ ചെലവാകുന്നതും അവിടത്തന്നെയാണ്‌ എന്നതാണ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌. നാടകം അരങ്ങേറിത്തുടങ്ങി. തുടക്കത്തിൽത്തന്നെ രംഗം വഷളായി. ”തന്റെ പേര്‌ എന്തായാലും എനിക്കെന്താ?“ ഓ ഇയാൾ പേരിൽ വീഴുന്നവനല്ല – വേണ്ട. അടുത്ത അടവെടുക്കാം. ”സാറിന്റെ വീട്ടിൽ എല്ലാ അത്യാധുനിക സംവിധാനങ്ങളും ഉണ്ടെന്നറിയാം. എങ്കിലും ഞങ്ങളുടെ പ്രൊഡക്‌ട്‌ കാണുന്നത്‌ സാറിന്റെ വിലപ്പെട്ട സമയം അപഹരിക്കുമോ?“ ”ഉം, പറയ്‌“ ഓ! ഒറ്റശ്വാസത്തിൽ നിറങ്ങളിൽ വരെ എത്തിച്ചു. ഡോക്‌ടറുടെ മുഖത്ത്‌ ഭാവഭേദമില്ല. ”ഇവിടെ വേണ്ട. ഒരെണ്ണം നേരത്തെ വാങ്ങിയതുതെന്ന പൊടിപിടിച്ചിരിക്കുന്നു. കൊണ്ടുപൊക്കോ“. ”ശരി സാർ, വേണ്ടെങ്കിൽ വേണ്ട. ഞാൻ വന്നത്‌ ബൈ-ബാക്ക്‌ ഓഫറുമായാണ്‌. ഫെസ്‌റ്റിവെൽ സീസനാണല്ലോ. ഇപ്പോൾ ഞങ്ങളുടെ കമ്പനി പഴയ വാക്വംക്ലീനർ എടുക്കുകയും പുതിയത്‌ തരികയും ചെയ്യും. സാറിനെന്തായാലും ഈ മോഡൽ ഇഷ്‌ടപ്പെട്ട നിലക്ക്‌……“ ”ആരും പറഞ്ഞു മോഡലിഷ്‌ടപ്പെട്ടെന്ന്‌? ഞാൻ പറഞ്ഞോ?“ ഡോക്‌ടർ ആള്‌ മുരടൻ തന്നെ സംശയമില്ല. ”അല്ല സാർ – ഞാനൊന്നു പറഞ്ഞോട്ടെ. ഞങ്ങളുടെ ഈ പുതിയ പ്രൊഡക്‌ടിന്റെ പ്രത്യേകത അതിന്‌ ഇരുപത്തിയൊന്ന്‌ ആക്‌സസറീസ്‌ ഉണ്ടെന്നതാണ്‌. (ആക്‌സസറീസ്‌ എന്ന വാക്ക്‌ ബാസ്‌റ്റ്യൻ ഡേവീസിന്റെ വായിലൊതുങ്ങുന്നതായിരുന്നില്ല. പരിശീലിപ്പിച്ചെടുത്തതാണ്‌, നാവിനെ) സാധാരണ പഴയ വാക്വംക്ലീനറെല്ലാം ഡ്രൈവാക്വം ക്ലീനറാണ്‌. ഞങ്ങളുടേത്‌ ഡ്രൈ- വെറ്റ്‌ മോഡലാണ്‌. തറ അടിച്ചുവാരിവൃത്തിയാക്കുന്നതോടൊപ്പം തന്നെ തുടക്കുന്ന പ്രവൃത്തിയും അത്‌ ചെയ്യും.

ഒന്ന്‌ ശ്വാസം വലിക്കാനായി അവതരണം നിർത്തിയപ്പോളാണ്‌ ബാസ്‌റ്റ്യൻ ഒരു കുഞ്ഞുതലയും അതിനു മുകളിൽ ഒരു വലിയ തലയും കർട്ടന്റെ വിടവിലൂടെ കണ്ടത്‌. ഈശോയെ, ആശ്വാസം സ്‌ത്രീകളുടെ മനസ്സിൽ ഇടം കിട്ടിയാൽ രക്ഷപ്പെട്ടു. അലിവുള്ളവരാണെങ്കിൽ പ്രത്യേകിച്ചും. ആവശ്യമില്ലെങ്കിലും അവരെക്കൊണ്ട്‌ പ്രോഡക്‌ട്‌സ്‌ വാങ്ങിപ്പിക്കാനുള്ള തന്ത്രങ്ങളൊക്കെ ഈ ബാസ്‌റ്റ്യൻ ഡേവീസിനറിയാം. “സാർ, വിരോധമില്ലെങ്കിൽ മാഡത്തിനെക്കൂടി ഇതൊന്ന്‌ കാണിക്കാൻ വിളിക്കാമോ?” ഇതിനകം ഡോക്‌ടറുടെ ഭാര്യ മുറിയിൽ വന്നിരുന്നു. ഇതിനാണ്‌ എല്ലാം ഒത്തുവരിക എന്നുപറയുന്നത്‌. ഡോക്‌ടറുടെ ഭാര്യയുടെ വരവ,​‍്‌ മുകളിലെ ഫാനിലെ പൊടി, ഇത്‌ രണ്ടും കണ്ണിൽപ്പെട്ടത്‌ ഒരുമിച്ചാണ്‌. “മാഡം നോക്കൂ, ഇതാ ഈ ഫാനിലെ പൊടി. എത്ര തട്ടിയാലും പോകാൻ പ്രയാസം പക്ഷേ ഈ റോഡിൽ ഈ ബ്രസീൽസുള്ള ബ്രഷ്‌ പിടിപ്പിച്ച്‌ ദാ…. ഇങ്ങനെ… ഇതുകണ്ടോ – നമ്മുടെ ഫാനിൽ നിന്ന്‌ കിട്ടിയ അഴുക്കാണിത്‌. വിശ്വസിക്കാൻ വയ്യ അല്ലേ? ഇങ്ങനെ എത്ര പൊടിയ്‌ക്കിടക്കാണ്‌ നമ്മുടെ ഓരോരുത്തരുടേയും ജീവിതം? ഒരു പക്ഷേ നമ്മളിത്‌ അറിയാറില്ല. ചിലപ്പോൾ അറിഞ്ഞാലും സാരമില്ലെന്നു കരുതും. പക്ഷേ എത്രതാൾ? ഒരു സമയം കഴിയുമ്പോൾ എത്ര തുടച്ചാലും ഒന്നും വൃത്തിയാവാതെ വരും. നിറം മങ്ങി, പൊടി പിടിച്ച്‌ ചിലത്‌ പ്രവർത്തനക്ഷമമല്ലാതാകും. യഥാസമയം അതൊക്കെ കണ്ടുപിടിച്ച്‌ വേണ്ടത്‌ ചെയ്യുകയാണ്‌ ഒരു വീട്ടമ്മയുടെ ധർമ്മം. ശരീരത്തിലടിയുന്ന അഴുക്കുകൾ നീക്കാൻ സഹായിക്കുന്ന ഈ ഡോക്‌ടറെ

പ്പോലെ. മനസ്സിലെ പൊടിപടലങ്ങൾ നീക്കുന്ന മനശാസ്‌ത്രജ്ഞനെപ്പോലെ സർവ്വോപരി നമ്മുടെയൊക്കെ തിന്മകൾ തുടച്ചുനീക്കുന്ന ഈശ്വരനെപ്പോലെ.” ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ബാസ്‌റ്റ്യൻ തന്നെക്കുറിച്ചു നല്ല അഭിമാനം തോന്നി. ഒരു തയ്യാറെടുപ്പുമില്ലാതെ ഇത്രയും താൻ പറഞ്ഞൊപ്പിച്ചല്ലോ. കർത്താവ്‌ തോന്നിച്ചതാണ്‌. അമ്മച്ചിയുടെ പ്രാർത്ഥന.

ഭാര്യയുടെ മുഖത്ത്‌ എന്തെങ്കിലും ആഭിമുഖ്യം ഉണ്ടോ? മകന്റെ മുഖത്ത്‌ ഒരു ചിരി പടരുന്നുണ്ട്‌. കുട്ടിക്കിഷ്‌ടപ്പെട്ടെന്നു തോന്നുന്നു. ഇനി ആത്മവിശ്വാസത്തോടെ തുടരാം. “മാഡം-ഈ ബ്രഷിന്റെ ബ്രസീൽസ്‌ കണ്ടോ? വളരെ ഹാർഡ്‌ ആണ്‌. ഇതിലറ്റാച്ച്‌ഡ്‌ ആയിട്ടുള്ള ബോട്ടിലിൽ വിനിഗർ നിറച്ച്‌ ബാത്‌റൂമിൽ സ്‌പ്രേ ചെയ്‌തിടുക. പത്തുമിനിട്ടിനു ശേഷം ഈ ബ്രഷ്‌ കൊണ്ടുരച്ചാൽ അഴുക്കൊക്കെ പോകും…..” ഇരുപത്തിയൊന്നാമത്തെ ആക്‌സസറിയും ഡെമോ ചെയ്‌ത്‌ ബാ​‍്‌റ്റ്യൻ ഡേവീസ്‌ ആശ്വസിച്ചു. കുട്ടിയുടെ മുഖത്ത്‌ ചിരി. ഭാര്യക്ക്‌ ഭാവഭേദമില്ല. ഡോക്‌ടർ എന്തോ എഴുതികൊണ്ടിരുന്നു. “സർ, ഈ പ്രൊഡക്‌ട്‌ ഇഷ്‌ടപ്പെട്ടോ?” “ആ” – ഒഴുക്കൻ ഉത്തരം! ഈശോയെ! രക്ഷപ്പെട്ടു. “സാറിപ്പോ എങ്ങനെയാ പഴയതു തന്ന്‌ പുതിയത്‌ വാങ്ങുകയല്ലേ? സ്‌പെഷൽ ഓഫർ അനുസരിച്ച്‌ സാറിന്‌ ഞങ്ങൾ 1000 രൂപ കുറച്ചുതരും. ബാക്കി ഒമ്പതിനായിരം രൂപ സാറെങ്ങനെയാ – കാഷോ അതോ ചെക്കോ?” ബാസ്‌റ്റ്യൻ ഡേവിസ്‌ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ഡോക്‌ടർ ചാടിയെണീറ്റു. “കടക്കെടോ പുറത്ത്‌. താൻ എന്നാ എനിക്കുവേണ്ടി ഡിസിഷൻ എടുക്കാൻ തുടങ്ങിയത്‌? ഞാൻ പറഞ്ഞോ പഴയത്‌ മാറ്റി പുതിയത്‌ എടുക്കാമെന്ന്‌? കാഷോ ചെക്കോ അത്രേ? എടോ, മര്യാദയുണ്ടോടോ തനിക്ക്‌? താനിത്ര നേരം ചെലച്ചതും പോരാ കാഷോ ചെക്കോ പോലും ഓരോ അലവലാതികൾ കോട്ടും, സൂട്ടും, ടൈയും ഇട്ട്‌ രാവിലെ മെനക്കെടുത്താനിറങ്ങിക്കൊള്ളും. എടോ, താൻ കളഞ്ഞത്‌ എന്റെ വിലപ്പെട്ട മുക്കാൽ മണിക്കൂറാ. അതിന്‌ നഷ്‌ടപരിഹാരം തരേണ്ടിവരും. അതെങ്ങനെയാ തരുന്നത്‌? കാഷോ ചെക്കോ? ”ബാസ്‌റ്റ്യൻ ഡേവീസ്‌ ഒരു ’സോറി‘യിൽ സങ്കടവും ദേഷ്യവും ഒതുക്കി. കമ്പനി സംയമനം പാലിക്കാൻ പ്രത്യേകം ഓർഡർ കൊടുത്തിട്ടുണ്ട്‌. എന്തൊക്കെ സംഭവിച്ചാലും ദേഷ്യം വരരുത്‌. വന്നാൽ കർച്ചീഫ്‌ എടുക്കുകയണെന്ന ഭാവത്തിൽ പോക്കറ്റിൽ കയ്യിട്ടു തുടയിൽ നുള്ളിക്കോണം. ബാസ്‌റ്റ്യൻ അഞ്ച്‌ നുള്ളു നുള്ളി. ബാഗിൽ സാധനങ്ങൾ നിക്ഷേപിച്ചു. ’താങ്ക്‌ യു‘ പറഞ്ഞ്‌ തിരിഞ്ഞുനടന്ന്‌ വാതിൽ ചാരുമ്പോൾ കുട്ടി അമ്മയോടു പറഞ്ഞു ചിരിക്കുന്ന ഒച്ച കേട്ടു. ബ്രസീൽസാണത്രെ….. ബ്രിസിൽസ്‌ എന്നു പോലും പറയാനറിയാത്തവനാ സാധനം വിൽക്കാൻ വരുന്നത്‌. ജനിച്ചതിൽപ്പിന്നെ ഒരിക്കലെങ്കിലും ചിരിച്ചിട്ടുണ്ടോ എന്നു സംശയം തോന്നിപ്പിച്ചിരുന്ന മാഡം പൊട്ടിച്ചിരിക്കുന്ന ഒച്ച ബാസ്‌റ്റ്യൻ ഡേവീസിനെ പിന്തുടർന്നു.

വരാന്തയിൽ അഴിച്ചുവെച്ചിരുന്ന തേഞ്ഞുതേഞ്ഞു ഓട്ടകൾ വീണ ഷൂസിൽ കാൽ തിരുകി, കമ്പനിക്കുവേണ്ടി ഉപയോഗിക്കുന്ന ഭീമമായ തുക ലോണടക്കുന്ന ബൈക്കിൽ കയറുമ്പോൾ അനിയനാവശ്യപ്പെട്ട ക്യാമറയുള്ള മൊബൈൽ ഫോണിന്റെ ഓർമ്മയുള്ള ചരട്‌ കാലിൽ ചുറ്റി. പെണ്ണുകാണലിനു ശേഷം അപ്പച്ചനിപ്പോൾ പറഞ്ഞുറപ്പിച്ചിരിക്കാവുന്ന സ്‌ത്രീധനത്തുകയുടെ ഓർമ്മച്ചരട്‌ കഴുത്തിൽ വിരിഞ്ഞുമുറുകി. അമ്മച്ചിയുടെ ചുമച്ചരട്‌ തൊണ്ടയിൽ കുരുങ്ങി. മുഖം നിറയെ ചിരിയും മോടിയുള്ള വസ്‌ത്രവുമണിഞ്ഞ്‌ ആരോഗ്യവതിയായ അമ്മച്ചിയെയും, കാറിൽ ഞായറാഴ്‌ച തന്റെ കുടുംബത്തെ പള്ളിയിലേക്ക്‌ കൊണ്ടുപോകുന്ന അപ്പച്ചനെയും ബാംഗ്ലൂരിലെ ഐ.ടി. കമ്പനിയിൽ ജോലിയുള്ള അനിയനെയും മിടുക്കിയായി പഠിച്ച്‌ കോളേജിൽ പോകുന്ന അനിയത്തിയെയും ഏതെങ്കിലും ’ബൈ ബാക്ക്‌‘ ഓഫറിൽ മാറ്റിക്കിട്ടുമോയെന്ന്‌ ബാസ്‌റ്റ്യൻ വെറുതെ ഓർത്തുനോക്കി. അപ്പോഴാണ്‌ ഡോക്‌ടറുടെ വീടിനോടുചേർന്നുള്ള മറ്റൊരു ബോർഡ്‌ കണ്ണിൽ പെട്ടത്‌. അവയവങ്ങൾ മാറ്റിയെടുക്കപ്പെടും. ’ബൈ ബാക്ക്‌‘ ഓഫർ എന്നു വലിയ അക്ഷരങ്ങളിലും ’ഏറ്റവും പ്രവർത്തനിരതവും യുവത്വം തുളുമ്പുന്നതുമായ കണ്ണ്‌, വൃക്ക, കരൾ തുടങ്ങിയ അവയവങ്ങൾ എടുക്കുന്നതും പകരമായി തരക്കേടില്ലാതെ പ്രവർത്തിക്കുന്നതും സ്വല്‌പം പ്രായക്കൂടുതലുള്ളതുമായ അവയവങ്ങൾ മാറ്റിത്തരുന്നതുമാണ്‌. അതോടൊപ്പം ആകർഷകമായ ഇൻസെന്റീവ്‌ – 50,000 രൂപ വരെ (നിയമങ്ങൾക്കുവിധേയം) കാഷ്‌ ഓഫർ നൽകുന്നതുമാണ്‌. നിർദ്ധനരും യുവാക്കളും ആദർശമ്പന്നരുമായവർക്ക്‌ ധനികരും വൃദ്ധരും ജീവിതത്തെ അതിരറ്റു സ്‌നേഹിക്കുന്നവരുമായ സഹജീവികളെ സേവിക്കാനുള്ള അസുലഭാവസരം.‘ എന്ന്‌ ചെറിയ അക്ഷരങ്ങളിലും എഴുതിവെച്ച ആ ബോർഡിനു കീഴെയുള്ള വാതിൽ ഒന്നു തൊട്ടപ്പോഴേക്ക്‌ തുറന്നു. ശീതികരിച്ച്‌, ചുവന്ന കുഷ്യനുകളിട്ട കസേരകളാൽ അലംകൃതമായ ആ മുറിയിൽ ബാസ്‌റ്റ്യൻ ഡേവീസ്‌ കടന്നുചെന്നപ്പോൾ വിടർന്ന ചിരിയുമായി എതിരേറ്റത്‌ ഡോ. സേതുമാധവൻ തന്നെയായിരുന്നു. വാതിൽ ശബ്‌ദമില്ലാതെ അടഞ്ഞു. അത്യധികം മൃദുലമായ ശബ്‌ദത്തിൽ ഡോക്‌ടർ സ്വാഗതം പറഞ്ഞു. “വെൽക്കം ടു അവർ ബൈ-ബാക്ക്‌ ഓഫർ…”

Generated from archived content: story1_dec11_09.html Author: dr.e_sandhya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English