ഏതു മായാജാലം കൊണ്ട്‌

പറഞ്ഞതിലപ്പുറം പറയാനുണ്ടെന്നു തോന്നിപ്പിച്ചും കേട്ടതിനപ്പുറം കേൾക്കാനുണ്ടെന്നു പറഞ്ഞും കണ്ടതിലപ്പുറം കാണാനുണ്ടെന്നുറപ്പു തന്നുമാണ്‌ കഴിഞ്ഞ തവണയവൻ പിരിഞ്ഞത്‌. പതിവുപോലെ, കത്തുന്ന ഉച്ചവെയിലേയ്‌ക്ക്‌. മൗനത്തിന്റെ നാളുകളാവും ഇനി. മറുവിളിയും മറുപടിയുമില്ലാതെ, അവനുമാത്രമറിയാവുന്ന ചില കാരണങ്ങളാൽ ബന്ധിക്കപ്പെട്ട്‌, സ്വയം നിഷ്‌കാസിതനായി എവിടെയെങ്കിലും….. കാത്തിരിയ്‌ക്കുകയല്ലാതെ മറ്റൊരു വഴിയില്ലെനിയ്‌ക്ക്‌. സമവാക്യങ്ങൾ ബന്ധങ്ങളിലില്ല എന്നു വീണ്ടും തെളിയിച്ചുകൊണ്ട്‌, മൗനം പലതിനു മുത്തരമാണെന്നു സ്‌ഥാപിച്ചുകൊണ്ട്‌ അവനലയുകയാവും. കാറ്റാണവന്റെ വാഹനം. അവന്റെ ഓരോ തിരോധാനവും എന്റെയുറക്കം കെടുത്തുമെന്നും ഞാനവന്റെ പുറകേ ശരീരമില്ലാതെ യാത്രചെയ്‌ത്‌ ക്ഷീണിക്കുമെന്നും അവനു നന്നായറിയാം. എങ്കിലും പോകുന്ന വഴികളിൽ തിരിച്ചറിയാനടയാളങ്ങളിടാതെ, അവന്റെ ഒച്ചയൊന്നു കേട്ടാൽ മാത്രം തിരയടങ്ങുന്ന എന്റെ മനസ്സിന്റെ ആഴങ്ങളറിയാതെ മനഃപൂർവ്വം ഓടിയൊളിയ്‌ക്കുമവൻ. ഒളിച്ചോട്ടം അവനു ശീലമാണ്‌. സ്‌നേഹത്തിൽ നിന്നും പ്രണയത്തിൽ നിന്നും സ്വപ്‌നങ്ങളിൽ നിന്നും അവനിൽ നിന്നും തന്നെയും ഒളിച്ചോടാനവന്‌ എത്രയോ എളുപ്പം! തിരിച്ചുവരുമോ എന്ന ചോദ്യത്തിനുത്തരം ഒരിയ്‌ക്കൽപ്പോലും തരാതെ. പക്ഷേ എപ്പോഴുമവൻ തിരിച്ചുവന്നുകൊണ്ടിരുന്നു. ഒരിടത്തും അവന്‌ വേരുകളാഴ്‌ന്നില്ല. ഒരിടവും അവന്‌ സ്‌ഥിരമായി അഭയമായില്ല. എല്ലായിടത്തും കലഹിച്ച്‌, തളർന്നുവീണ്‌ പുതിയ ഓരോ വെളിപാടുകളുമായി അവൻ വീണ്ടും വീണ്ടും തിരിച്ചുവന്നു. ഇനിയവൻ പോകില്ലെന്ന്‌ സമാശ്വസിച്ചപ്പോഴൊക്കെ ഒരു മുന്നറിയിപ്പുമില്ലാതെ അപ്രത്യക്ഷനായി.

അവനു തീരെ ചെറുപ്പമാണ്‌. അവന്റെ മുറിവുകൾ കൂടുകയും ഒടിവുകൾ നിവരുകയും ചെയ്യും. വേദനകളിൽ കണ്ടെത്താനവന്‌ സുഖമിനിയും ബാക്കിയുണ്ട്‌. നടന്നുതിർക്കാൻ വഴികളനേകവും അനന്തമായ സമയവുമുണ്ട്‌. ഞാനോ? ജീവിതത്തിന്റെ കുന്നിറങ്ങുന്ന തത്രപ്പാടിൽ. കൂടാതെ മുറിവുകളും നിവരാത്ത ഒടിവുകളും സുഖം തരാത്ത വേദനകളും സ്വന്തമായവൾ. എല്ലാമവസാനിപ്പിച്ച്‌ അവനെ പുറത്താക്കി പടിയടയ്‌ക്കാൻ തീരുമാനിച്ചതാണു ഞാൻ. അപ്പോഴൊക്കെ കരളുപിളർന്ന്‌ അവന്റെ വിളി. കഴിയില്ല. അവനെ വേണ്ടെന്നു വെയ്‌ക്കാനെനിയ്‌ക്കു കഴിയില്ല.

മഴയും മരവും പെയ്‌തു തോർന്ന ഒരിടവേളയിൽ കയറി നിന്നതാണവൻ, എന്റെ ജീവിതത്തിൽ. തളിർക്കാൻ ഒരിലപോലും ബാക്കിയുണ്ടായിരുന്നില്ല, വെള്ളത്തുള്ളിയുടെ നനുത്ത സ്‌പർശം മോഹിച്ച്‌ ഒരുവിത്തും ഉള്ളിലുറങ്ങിക്കിടന്നിരുന്നില്ല, അന്നേരം. നിറങ്ങളുടെ കാലം വാതിൽ തുറന്നു പോയിരുന്നു. പകരം ദിനചര്യകളുടെ മടുപ്പ്‌ ജനാല വിരികളായും ചുമതലകളുടെ ഭാരം അടുക്കളയിൽ പാത്രങ്ങളായും അത്ഭുതങ്ങളുടെ അഭാവം ചായമടർന്ന ചുമരുകളായും മാറിക്കഴിഞ്ഞിരുന്നു. പെയ്‌തിറങ്ങുന്ന ഓരോ മഴയിലും ഒരു പ്രളയമൊളിച്ചിരിപ്പുണ്ടോയെന്നും നെറ്റിയിൽ വന്നു തൊട്ട കാറ്റ്‌ കൊടങ്കാറ്റിനെയൊളിപ്പിക്കുന്നുണ്ടോയെന്നും പുഴ എപ്പോഴാണ്‌ കടലായി മാറുകയെന്നും ചെറിയ മയക്കം നിതാന്തമായ നിദ്രയായിപ്പോകുമോയെന്നും ഞാനാശങ്കപ്പെടാൻ തുടങ്ങിയിരുന്നു. വരണ്ട കാലടികളെപ്പോലെ, നരച്ച മുടിയിഴകളെപ്പോലെ, ഞരമ്പുകൾ പൊന്തിയ കൈത്തലങ്ങൾ പോലെ അറപ്പുളവാക്കി, സ്വന്തം പ്രതിബിംബം. “ വിളിച്ചോ?” എന്നുചോദിച്ചായിരുന്നു അവന്റെ രംഗപ്രവേശം. സത്യത്തിൽ അവൻ വന്നത്‌ ഞാനറിഞ്ഞില്ലായിരുന്നു. “ഇല്ല” എന്നുറച്ചു പറയുമ്പോൾ “വിളിച്ചപോലെ തോന്നി” എന്നവൻ ചിരിച്ചു. എനിയ്‌ക്കപ്പോൾ സംശയമായി. വിളിച്ചിരുന്നോ, ഞാനവനെ? വിളിച്ചിരിയ്‌ക്കാം. “അല്ലെങ്കിൽ ഞാൻ വരേണ്ട കാര്യമില്ലല്ലൊ” എന്നവൻ. പിന്നെ ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞ കഥകളിൽ ഒറ്റപ്പെടലിന്റെ ദുഃഖവും കാത്തിരിപ്പിന്റെ വ്യർത്ഥതയും അന്വേഷകന്റെ ആകാംക്ഷയും സ്‌നേഹത്തിന്റെ കരുത്തും പ്രണയത്തിന്റെ ആകുലതയും വിപ്ലവത്തിന്റെ വീര്യവുമുണ്ടായിരുന്നു. ചെറുപ്പത്തിന്റെ കുതിപ്പും ആവേശവും അവന്റെ സിരകളിൽ ലോകത്തോടുള്ള പ്രതിഷേധം വാക്കിൽ. അഗ്നിസ്‌ഫുലിംഗങ്ങൾ പോലെ പ്രണയം ഉള്ളിൽ വെട്ടിപ്പിടിയ്‌ക്കാനും കത്തിക്കയറാനും താല്‌പര്യമവന്‌.

അവനെന്റെ ജീവിതത്തിലേയ്‌ക്ക്‌ വസന്തം കൊണ്ടു വന്നിട്ടില്ല. ആത്മഹത്യാമുനമ്പിൽ നിന്ന്‌ ഒരിയ്‌ക്കലുമവനെന്നെ കൈ തന്നു വിളിച്ചിട്ടില്ല. ഞാനവിടെയുണ്ട്‌ എന്ന്‌ ഓർമ്മിപ്പിച്ചിട്ടില്ല. പക്ഷേ ഉളളതൊന്നുമാത്രമാണ്‌. അവനെന്റെ ഉള്ളിലുള്ളപ്പോൾ ഞാൻ ജീവിക്കുന്നുണ്ട്‌ എന്ന തോന്നൽ. ചിലത്‌ സംഭവിച്ചേ തീരുവെന്നും അത്തരമനിവാര്യതകൾക്ക്‌ നാം ആജീവനാന്തം അടിമകളാണെന്ന ബോധോദയം.

സമാനതകളെക്കാളേറെ വൈജാത്യങ്ങളായിരുന്നു അവനുമെനിയ്‌ക്കും. അനേകം യുദ്ധങ്ങൾ തോറ്റവൾ ഞാൻ. അവൻ നിലാവുപോലെ ഏറ്റുവാങ്ങിയ ഉച്ചവെയിലിൻ നടന്നുതളർന്ന്‌ അപരാഹ്നത്തിലെത്തിയവൾ. എന്നിട്ടും കൂടെയോടാൻ നിർബന്ധിക്കുകയാണവനെ. ഒരു ബന്ധവും ശാശ്വതമല്ലെന്നും ഒരാനന്ദവും അനന്തമല്ലെന്നും പലവുരു പറഞ്ഞവനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു ഞാൻ പരാജയപ്പെട്ടതാണ്‌. എങ്കിലും ഞാനവനിലേയ്‌ക്ക്‌ ആകർഷിയ്‌ക്കപ്പെട്ടുകൊണ്ടേയിരിയ്‌ക്കുന്നു. അവനെന്നും കൂട്ടത്തിൽ നിന്നുമൊറ്റപ്പെട്ടവനായിരുന്നു. അവന്റെ കൂട്ടത്തിൽ എന്നെക്കൂട്ടാമെന്ന്‌ അവനെക്കൊണ്ടു തോന്നിപ്പിച്ചതെന്താണ്‌? നിഷ്‌പ്രയാസം സൗഹൃദങ്ങൾ സ്‌ഥാപിയ്‌ക്കുന്നതായിരുന്നു അവന്റെ രീതി. എന്റെ കൈകാലുകൾ കെട്ടപ്പെട്ടവയാണെന്നും ചിറകുകൾ ഒടിഞ്ഞിരിയ്‌ക്കുകയാണെന്നുമവനറിയാം. അവന്റെ കണ്ണിലെ നിസ്സഹായതയാണെന്നെ തളർത്തുന്നത്‌. എപ്പോൾ വേണമെങ്കിലും അലിഞ്ഞുപോകുന്ന ഒരു മനസ്സാണെന്റെ ദൗർബല്യമെന്ന്‌ ഇതിനകം അവൻ സമർത്ഥമായി മനസ്സിലാക്കി. പോകുന്നിടങ്ങളിലൊക്കെ അവന്റെ അദൃശ്യസാന്നിദ്ധ്യം എന്നെ പൊറുതിമുട്ടിച്ചു. അവനതാണു വേണ്ടത്‌. എന്റെ പൊറുതികേട്‌ അവനെന്റെ ജീവിതത്തിലുണ്ടെന്ന എന്റെ വേദനാജനകമായ തിരിച്ചറിവ്‌.

ഉവ്വ്‌ കരഞ്ഞുകലങ്ങിയ കണ്ണുകളും വിറയ്‌ക്കുന്ന ചുണ്ടുകളുമായി അവനെവിടെനിന്നോ എന്നെ വീണ്ടും വിളിയ്‌ക്കുന്നുണ്ട്‌ എത്രദൂരെ നിന്നും അവൻ വിളിച്ചാലുമെനിയ്‌ക്കു തിരിച്ചറിയാം. ആ കമ്പനങ്ങൾ എന്റെ ഹൃദയം മായാജാലം കൊണ്ടെന്നപോലെ പിടിച്ചെടുക്കും. അപ്പോഴത്‌ പതിനായിരം നുറുങ്ങുകളാവുന്നതും ചോര പൊടിയുന്നതും എനിയ്‌ക്കുമാത്രം മനസ്സിലാവും. പോകാതെ വയ്യ. അതാ, വീണ്ടുമവൻ. കത്തുന്ന വെയിലിലേയ്‌ക്കിറങ്ങിപ്പോയ അവൻ മറ്റൊരു തീനാളംപോലെ ജ്വലിയ്‌ക്കുകയാണ്‌!

അവനു മടുക്കുമ്പോൾ ഞാൻ കഥകളായും അവനുറങ്ങാൻ ഞാൻ താരാട്ടായും അവനുണരാൻ ഞാൻ വെളിച്ചമായും മാറാനുള്ള യാത്ര. എന്നിട്ടോ? എല്ലാം വിസ്‌മൃതിയുടെ മാറാപ്പിലിട്ടു പൂട്ടി അവന്റെ യാത്രയിലവനെങ്ങോ വലിച്ചെറിയും. എല്ലാം മറക്കാൻ കഴിയുന്നവനാണവൻ. ഒന്നും മറക്കാൻ കഴിയാത്തവൾ ഞാനും.

Generated from archived content: story1_aug18_09.html Author: dr.e_sandhya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English