കാറിന്റെ പിൻസീറ്റിൽ ചാരിക്കിടന്ന് കണ്ണടച്ചപ്പോൾ തെളിഞ്ഞത് മാളുവിന്റെ മുഖമാണ്. നല്ല ഇരുട്ട്. കാറിൽ ലൈറ്റിട്ടിട്ടില്ല. സമയമിപ്പോൾ എത്രയായിട്ടുണ്ടാവും? ഏഴ് ? ഏഴര? മാളു മേൽ കഴുകി വന്ന് കാർട്ടൂൺ കാണുന്നുണ്ടാവും. സ്ക്കൂളീൽ നിന്നെത്തിയപ്പോൾ പാലുകുടിയ്ക്കാൻ പതിവുപോലെ മടികാണിച്ചിരിക്കുമോ? പകരം ടിന്നെല്ലാം പരതി എന്തെങ്കിലുമൊക്കെ കഴിച്ചിരിക്കും, സുമതി പുറകെ നടന്ന് ഓരോന്നിനും നിർബന്ധിക്കുന്നുണ്ടാവും. താനില്ലെങ്കിൽ അവൾക്കെല്ലാത്തിനും വാശിയാണ്. ഒന്ന് സംസാരിയ്ക്കാമെന്നു വച്ചാൽ മൊബെയിലിൽ റേഞ്ചില്ല. അമ്മ പിന്നേം പോവ്വാണോ? ഇന്നലെ രാത്രിയും അവൾ സങ്കടത്തോടെ ചോദിച്ചു. തന്റെ യാത്രകളോരോന്നും അവളുടെ ഏകാന്തതയുടെ ആഴം കൂട്ടുന്നുണ്ടെന്ന് അറിയാഞ്ഞിട്ടല്ല. മറ്റൊരു വഴിയില്ല. ഈയാഴ്ചയിലെ രണ്ടാമത്തെ യാത്രയാണിത്. കമ്പനി പറയുന്നു. ചോദ്യങ്ങളേതുമില്ലാതെ താനതനുസരിയ്ക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത്, ഹോട്ടൽ ശരിയാക്കിയിട്ടാവും പറയുക, ഇന്ന ദിവസം ഇന്നിടത്തേയ്ക്ക് എന്ന്, രോഹിണിയുടെ പബ്ലിക്ക് റിലേഷൻ കപ്പാസിറ്റിയെപ്പറ്റി വലിയ മതിപ്പാണ് പ്രസിഡണ്ടിന്, മീറ്റിംഗുകളും ചർച്ചകളും ഇംപ്രൂവ്മെന്റ് പ്ലാനുകളും ഒക്കെയായി ഓരോ തവണയും രോഹിണിയുടെ കയ്യിലൂടെ മറിയുന്നത് കോടികളുടെ ഇടപാടാണ്. വെറുതെയല്ല, വേണ്ടതിലധികം പ്രതിഫലം തന്നു തന്നെയാണ് കമ്പനി തന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്. കമ്പനിക്ക് നഷ്ടം വരുമോ, വന്നാൽ അത് തന്റെ നിലനിൽപ്പിനെ എങ്ങനെ ബാധിക്കും എന്നും മറ്റുള്ള വേവലാതികൾ കൊണ്ട് ഓരോ മീറ്റിംഗിനു മുമ്പും രോഹിണി കടുത്ത മാനസിക സംഘർഷമനുഭവിക്കാറുണ്ട്. ഒരു പോജക്ട് ശരിയാവാഞ്ഞാൽ അതു മതി യാതൊരു വിശദീകരണവുമില്ലാതെ താങ്ക് യു കാർഡ് തന്നു വിടാൻ. മറിച്ചായാലോ? ടൈം ബൗണ്ട് അല്ലാത്ത പ്രമോഷൻ, ഇൻസെന്റീവ്…. തനിയ്ക്കും മാളുവിനും സുഖമായി കഴിയാവുന്നതിലധികം ശമ്പളം ഇപ്പോൾ കിട്ടുന്നുണ്ട്. പക്ഷേ കിട്ടാത്തതൊന്നേയുള്ളു. അവളോടൊപ്പം കഴിയാനുള്ള സമയം.
രാവിലെ എട്ടു മണി മുതൽ രാത്രി എട്ടുവരെയാണ് ഓഫീസ്. പക്ഷേ മിയ്ക്കവാറും ദിവസങ്ങളിൽ ഒമ്പത് കഴിഞ്ഞാണ് വീട്ടിലെത്തുക. ഉറങ്ങാതെ കാത്തിരിക്കും, നാലാം ക്ലാസ്സുകാരി മാളു. ചിലപ്പോൾ താൻ വന്നിട്ടു വേണം അവളുടെ സ്റ്റിക് പിക്ചേഴ്സ് വർക്ക് ചെയ്യാൻ. ഒന്നും രണ്ടു തവണ ടീച്ചർ കുറിപ്പു കൊടുത്തയച്ചു. സ്റ്റിക്കിംഗ് വർക്ക് നോട്ട് നീറ്റ്. പാവം അവൾ തനിയെ ചെയ്തതായിരുന്നു. എല്ലാം തൊണ്ണൂറുശതമാനം കുട്ടികളും എ പ്ലസ്സ് വങ്ങുന്ന ക്ലാസ്സിൽ മാളുവിന് എന്നും അറുപത്തഞ്ചോ എഴുപതോ ശതമാനം മാർക്കു മാത്രം. അവളെ എങ്ങനെ കുറ്റം പറയും? എന്തെങ്കിലൂം പറഞ്ഞുകൊടുക്കാനോ പഠിപ്പിയ്ക്കാനോ തനിയ്ക്കൊട്ടും സമയമില്ല. എന്തിന്? അവളോട് നേരാവണ്ണം സംസാരിക്കുകതന്നെ അപൂർവ്വം. ട്യൂഷന് അവൾക്കൊട്ടുപോവുകയും വേണ്ട സ്കൂളിൽ നിന്ന് വന്നാൽ ഒന്നുകിൽ ടി.വി., അല്ലെങ്കിൽ കമ്പ്യൂട്ടർ – ഇവയുടെ മുന്നിൽ കഴിയും താൻ വരുന്നതുവരെ. വന്നാൽ സാരി പോലും മാറാതെ അവളെ കെട്ടിപ്പിടിച്ചിരിയ്ക്കണം. ആ ഇരിപ്പിൽ കുട്ടി ഉറങ്ങിപ്പോവുകയും ചെയ്യും. സ്കൂളിൽ നിന്ന് മാളുവിന് കിട്ടുന്ന അടിയുടെ കാര്യവും ബസ്സിലെ വഴക്കും ഒക്കെ പറഞ്ഞു കേൾപ്പിക്കുന്നത് സുമതിയാണ്. മനസ്സിലെന്തൊക്കെയോ കോർത്തുവലിയ്ക്കുന്ന അനുഭവമാണ് രോഹിണിയ്ക്ക്, അപ്പോഴൊക്കെ.
മാനസികമായും ശാരീരികമായും സാമ്പത്തികമായും തളർത്തിയ, രാജീവുമായുള്ള വേർപാടിന്റെ ദിവസങ്ങളിൽ ഒരനുഗ്രഹമായി കിട്ടിയതാണീ ജോലി. അതുകൊണ്ട് തനിയ്ക്കും മാളുവിനും ആരെയും ആശ്രയിക്കാതെ കഴിയാമെന്നായി, അവളെ നല്ല സ്ക്കൂളിൽ ചേർക്കാനായി. രാജീവ് ബാക്കിവച്ചു പോയത് നീറുന്ന ഓർമ്മകളും, മദ്യപാനം സൃഷ്ടിച്ച കടവും. ഞങ്ങളുടെ തറവാട്ടിൽ സ്ര്തീകൾ പണം കൈകാര്യം ചെയ്യാറില്ല എന്ന രാജീവിന്റെ നിലപാട് താറുമാറാക്കിയത് തന്റെ ജീവിതമാണ്. ഒന്നും ഓർക്കാറില്ല ഓർക്കാൻ സമയമില്ലാത്തത് ഒരു കണക്കിന് നന്നായി. മാളു ഓർക്കാറുണ്ടോ, അവളുടെ അച്ഛനെ? അറിയില്ല. അവളൊന്നും ചോദിക്കാറില്ല. കുട്ടി ഓരോ ക്ലാസ്സും മാറുമ്പോഴാണ് വിഷമം. ഓപ്പൺ ഹൗസ് മിസ്സായി ഒരു ക്ഷമാപണത്തോടെ അതിനടുത്ത ദിവസങ്ങളിലെപ്പോഴെങ്കിലും ടീച്ചറെ കാണാൻ ചെന്നുനിൽക്കുമ്പോഴാകും മിക്കവാറും ചോദ്യം. മാളവികയുടെ അച്ഛനെവിടെയാണ്? അച്ഛനില്ല എന്നുത്തരം പറയുമ്പോൾ ഒരു കമ്പനി എക്സിക്യൂട്ടീവിന്റെ ഗൗരവം അറിയാതെ കടന്നുവരുന്നതുകൊണ്ടാവാം കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകാത്തത്.
കാറ് ഇപ്പോൾ മലകയറുകയാണ് തോന്നുന്നു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. സാരികൊണ്ട് പുതച്ചിരുന്നു. ചില്ല് താഴ്ത്തിയിടാൻ തോന്നുന്നില്ല, ചീവീടുകളുടെയും, മറ്റേതോ ജീവികളുടെയും ഒച്ച. വീടുകളൊന്നും കാണാനില്ല. ഇനി എത്ര ദൂരമുണ്ട്. ഒരരമണിക്കൂർ. ഡ്രൈവർ മിതഭാഷണിയായതു ഭാഗ്യം. ചിലപ്പോൾ ഇങ്ങനെയുള്ള യാത്രയിൽ ഡ്രൈവറുടെ വാചാലത ശല്യമാകും. എവിടെനിന്ന് വരുന്നു. എവിടെ പോകുന്നു. എന്തിന്, ആരെ കാണാൻ, ഒറ്റക്കാണോ, തുടങ്ങി നൂറു ചോദ്യങ്ങൾ. താൽപര്യമില്ലായ്മ കാണിച്ചാലും രക്ഷയില്ല. ചിലർ വൃത്തികെട്ട നോട്ടം സമ്മാനിച്ചുകൊണ്ടിരിയ്ക്കും. എല്ലാം ഒഴിവാക്കാൻ കാറിൽ കയറിയാലുടനെ കണ്ണടച്ച ഉറങ്ങുന്നതായി ഭാവിക്കുകയാണ് പതിവ് പലപ്പോഴും.
മുന്തിയ ഹോട്ടലുകൾ, നല്ല ഭക്ഷണം, യാത്ര സകര്യം എല്ലാം ഉണ്ടെങ്കിലും ഓരോ യാത്രയും അസുഖകരമായ ഒരനുഭവമാണ്, രോഹിണിക്ക്. മനസ്സിലൊരു വിങ്ങലാണ് തിരിച്ച് വീട്ടിലെത്തുംവരെ. താനവിടെയല്ല, മാളുവിന്റെ അടുത്താണ് ഉണ്ടാകേണ്ടത് എന്ന തോന്നൽ മാത്രമല്ല കാരണം. യാത്രകളെല്ലാം അവസാനിക്കുന്നത് സ്വന്തം മനസ്സിലേയ്ക്കുതന്നെ. തീരം തല്ലി, കലങ്ങി മറഞ്ഞൊഴുകുന്ന പുഴ പോലെ പ്രക്ഷുബ്ധമായ മനസ്സ്. കരയിൽ കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ചകൾ, നോവിക്കുന്ന അനുഭവങ്ങൾ, ഭയാനകമായ ഏകാന്തത. പ്രത്യേകിച്ചും ഈ യാത്ര തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു. ചില തീരുമാനങ്ങൾ ഇപ്പോൾ എടുത്തേപറ്റൂ. ജീവിതത്തെ വീണ്ടും മാറ്റി മറിച്ചേക്കാവുന്ന തീരുമാനങ്ങൾ. തിരിച്ചു മറിച്ചും ആലോചിച്ചിട്ടും ഒന്നുമാകുന്നില്ല. മുമ്പ് രാജീവിനൊപ്പം ഇറങ്ങിത്തിരിച്ചപ്പോൾ തനിയ്ക്ക് തന്റെ കാര്യം മാത്രമേ തീരുമാനിയ്ക്കാനുണ്ടായിരുന്നുള്ളു. പക്ഷേ ഇപ്പോഴങ്ങനെയല്ലല്ലോ. ഏതു തീരുമാനവും മാളുവിനെക്കൂടി ബാധിയ്ക്കുമെന്നതുകൊണ്ട് കൂടുതൽ ശ്രദ്ധിച്ചേ പറ്റൂ.
നാളെയാണ് വിദേശ പ്രതിനിധികളുമായുള്ള ചർച്ച. പ്രകൃതി സുന്ദരമായ ഇത്തരം സ്ഥലങ്ങളിൽ കമ്പനി ചർച്ച വെയ്ക്കുന്നത് മനഃപ്പൂർവ്വം തന്നെയാണ്. ചർച്ചകൾ നടക്കുന്ന പ്രദേശം തീരുമാനങ്ങളിൽ ഒരു പ്രധാന പങ്കുവഹിക്കുന്നതായാണ് അനുഭവം. നഗരത്തിൽ നിന്ന് ഒരുപാടു ദൂരെയുള്ള സ്ഥലങ്ങൾ രോഹിണിക്ക് ഇഷ്ടമേയല്ല. പതിനൊന്നു വർഷം പഴക്കമുള്ള ചില ഓർമ്മകൾ രോഹിണിയെ വേട്ടയാടും. മലമുകളിലെ ആ റിസോർട്ടും തണുത്ത രാത്രിയും, രാജീവ് മുറിപ്പെടുത്തിയ മനസ്സും ശരീരവും ഒക്കെ ഉറക്കം കെടുത്തും. ആത്മവിശ്വാസത്തെ തകർക്കും. ഇതുപോലുള്ള വ്യക്തിപരമായ കാര്യങ്ങൾ മേലധികാരികളോട് പങ്കുവെയ്ക്കാൻ വയ്യല്ലോ. അതുകൊണ്ട് ഓരോ തവണയും രോഹിണി മാനസിക പീഡ അനുഭവിച്ചുകൊണ്ടിരുന്നു.
വഴിവിളക്കുകളുടെ മങ്ങിയ പ്രകാശം മാത്രം അവിടവിടെ കാണാം. വഴിയിലെ കാഴ്ചകൾ വ്യക്തമല്ല. ദൂരെനിന്നും വെള്ളത്തിന്റെ ശബ്ദം. പുഴക്കരയിലൂടെയാണ് യാത്രയെന്ന് പതിയെ തിരിച്ചറിഞ്ഞു. ഹോട്ടലിനടുത്ത് പുഴയുള്ള കാര്യം ഓഫീസിൽ ആരും പറഞ്ഞില്ല. രോഹിണിയ്ക്ക് പെടുന്നനെ സന്തോഷം തോന്നി. പുഴക്കരെയുള്ള ഒരു കൊച്ചു വീട്ടിലെ സ്വൈര്യമായ താമസത്തിന്റെ ഓർമ്മകൾ അപ്പോൾ രോഹിണിയെ വന്നു കെട്ടിപ്പിടിച്ചു. അച്ഛന്റെയും അമ്മയുടേയും ചേച്ചിയുടേയും സാമീപ്യം രോഹിണി തൊട്ടറിഞ്ഞു. നിലാവുള്ള രാത്രികളിൽ പുഴയിൽ, അകലെ ആദ്യം ഒരു പൊട്ടുപോലെ പ്രത്യക്ഷപ്പെടുകയും പിന്നീട് തെളിവാർന്നു വരികയും ചെയ്യുന്ന ഒരു തോണിയെയും അതിലുണ്ടാകുമെന്ന് ഉറപ്പുള്ള അച്ഛനെയും കാത്ത് ഉമ്മറത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ ചിത്രം മിഴിവാർന്നു വന്നു. അമ്മയുടെ മൃദുലമായ വിരലുകൾ തന്റെ മുടിയിഴകളിലൂടെ സഞ്ചരിക്കുന്നുണ്ട്. തോണി കടവിനോടടുക്കുമ്പോൾ ഓടിപ്പോയി അച്ഛനെ ആദ്യം ആരും തൊടും എന്നു മത്സരിച്ചോടുകയണ് ചേച്ചിയും താനും. അതാ! അച്ഛൻ തന്നെ എടുത്ത് വട്ടം കറക്കുന്നു…….. രാജീവുമായുള്ള അടുപ്പം തന്നിൽ നിന്ന് അപഹരിച്ചെടുത്തത് സുരക്ഷിതത്വത്തിന്റെ ഈ പുതപ്പാണ്. പകരം സമ്മനിച്ചതോ? മാറിമാറിയെടുക്കുന്ന വാടക വീടുകളിലെ, പുഴയും ആകാശവും കാണാത്ത അപരിചിതത്വവും, രാത്രികളിലെ നീണ്ടുനീണ്ടകാത്തിരിപ്പും. രാജീവുമായുള്ള ബന്ധം ഒരു ചലച്ചിത്രത്തിലെ ക്യാമറ-ട്രിക്കുപോലെ പെട്ടെന്ന് അമ്മയേയും, അച്ഛനേയും, ചേച്ചിയേയും തന്റെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷരാക്കി. മാഡം ഹോട്ടലെത്തി. ഡ്രൈവർ ഡോർ തുറന്നു പിടിച്ചു. നേരത്തെ അറിയിച്ചിരുന്നതുകൊണ്ടും അറിയപ്പെടുന്ന കമ്പനിയുടെ പ്രതിനിധിയായതുകൊണ്ടും ഹോട്ടലിൽ നിന്ന് കാറിനടുത്തേയ്ക്ക് സ്വീകരിയ്ക്കാനാളിറങ്ങിവന്നു. പുഴ കാണുന്ന ഒരു മുറി വേണം, രോഹിണി പറഞ്ഞു. അതു തന്നെയാണ് അറേഞ്ചു ചെയ്തിരിയ്ക്കുന്നത്, മാഡം“ ചെറുപ്പക്കാരൻ ഭവ്യമായി അറിയിച്ചു.
കുളികഴിഞ്ഞു വന്നപ്പോഴേയ്ക്ക് യാത്രയുടെ ക്ഷീണം മിയ്ക്കവാറും പോയ്ക്കഴിഞ്ഞിരുന്നു. ചൂടുള്ള ഒരു കാപ്പി കൂടി കുടിച്ചപ്പോൾ നല്ല ഉന്മേഷം തോന്നി. എ.സി.ഓഫ് ചെയ്ത് പുഴക്കരയിലേയ്ക്കുള്ള ജനാലകൾ തുറന്നിട്ടപ്പോൾ കാറ്റു വന്നു തൊട്ടു. കളകള ശബ്ദം മുറിയിൽ നിന്ന് കേൾക്കാം. തണുപ്പ്, പുഴ , കാറ്റ്……… മനസ്സ് പ്രണയാതുരമാകുന്നു. ദീപക്കിനോട് സംസാരിയ്ക്കാതെ വയ്യ. മൊബെയിലിൽ റേഞ്ചുണ്ട്, ഭാഗ്യം. പക്ഷേ, നമ്പർ ബിസിയാണ്. നേരത്തെ വിളിച്ചപ്പോഴും ബിസിയായിരുന്നു.
പ്രണയത്തിന്റെ ഇതുവരെ കാണാത്ത വഴികളിലൂടെയാണ് ദീപക്കുമായുള്ള അടുപ്പം തന്നെ കൊണ്ടുപോകുന്നതെന്ന് രോഹിണിയ്ക്ക് തോന്നാറുണ്ട്. ഇത്രയും സ്ഥലം തന്റെ മനസ്സിൽ ഉണ്ടായിരുന്നോ എന്നത്ഭുതം തോന്നും ചിലപ്പോൾ. ഉള്ളിൽ തനിക്കുപോലുമജ്ഞാതമായി കിടന്നിരുന്ന പുൽമേടുകളും, കാനനഭംഗികളും കടൽക്കരയും ആകാശവും ഒക്കെ കടന്നുള്ള യാത്രകൾ. ഓരോ നിമിഷവും ഞാനും കൂടെയുണ്ട് എന്നുറപ്പുതന്നുകൊണ്ട് ദീപക്. മനസ്സിന്റെ മൂലയിൽ എന്നോ നടതള്ളിയ ഓണവെയിലും വിഷുപ്പുലരിയും തിരുവാതിര രാവുകളും വീണ്ടും അഴകോടെ തിരിച്ചെത്തിയതുപോലെ. ജീവിയ്ക്കാനുള്ള പ്രതീക്ഷ തരുന്നു ഓരോ വാക്കും. രാവിലെ എന്നും കിട്ടാറുള്ള എസ്.എം.എസ്സുകൾ ദിവസത്തെ മുഴുവൻ പ്രകാശമാനമാക്കുന്നു. അറിഞ്ഞു തന്നെയാണ് ദീപക്കിന് ആ പേരിട്ടതെന്ന് തോന്നും. പരിചയപ്പെട്ടിട്ടിപ്പോൾ അഞ്ചു വർഷമാകുന്നു. ഒന്നിച്ചു ജീവിയ്ക്കാനുള്ള തീരുമാനം വൈകിയ്ക്കുന്നത് താൻ തന്നെയാണ്. തീരുമാനമെടുക്കാറാകുമ്പോൾ എന്തോ ഒന്ന് പുറകോട്ട് പിടിച്ചു വലിയ്ക്കുന്നതുപോലെ. ദീപക്കിന് തന്നോടുള്ള പ്രണയത്തിന്റെ ആഴത്തിൽ രോഹിണിയ്ക്ക് സംശയമേതുമില്ല. പക്ഷേ മാളു- അവളെ ദീപക് സ്വീകരിക്കുന്നതെങ്ങനെയെന്നറിയില്ല, ഇപ്പോഴും. മാളുവിനെപ്പറ്റി പറയാൻ തുടങ്ങുമ്പോഴേയ്ക്കും വിഷയം മാറ്റും. എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. കുട്ടികളെ ഇഷ്ടമില്ലായിരിക്കുമോ ദീപക്കിന്? ഒരിക്കൽ മാളു അവൾക്ക് സമ്മാനം കിട്ടിയ ഒരു പാട്ട് പാടിക്കേൾപ്പിക്കുകയായിരുന്നു. ദീപക് അന്ന് പ്രതികരിച്ചിതിങ്ങനെയാണ്. എല്ലാ അമ്മമാരുടെയും വിചാരം അവരുടെ മക്കൾ മികച്ച കലാകാരന്മാരും, കലാകാരികളുമാണെന്നാണ്. മാതൃത്വം സത്യം കാണുന്നതിൽ നിന്നുമവരെ അകറ്റുന്നു. മാളവിക തരക്കേടില്ലാതെ പാടും അത്രയേയുള്ളു. ഇക്കാര്യം അവളെ ആദ്യമേ പറഞ്ഞു മനസ്സിലാക്കുകയാണ് നല്ലത്.
അവളൊരു കുട്ടിയാണെന്ന് അയാൾ മറന്നു പോയല്ലോ എന്നോർത്ത് രോഹിണിയ്ക്കന്ന് വലിയ വിഷമം തോന്നി. മറ്റൊരിക്കൽ ഒരു സ്ര്തീ പൂർണ്ണയാകുന്നതും സുന്ദരിയാകുന്നതും അവൾ അമ്മയാകുമ്പോഴാണ് എന്നാണ് പറയപ്പെടുന്നത്. പക്ഷെ എനിയ്ക്കുതോന്നത്, അവൾ പ്രണയിനിയാകുമ്പോഴാണ് എന്നാണ്. പ്രണയത്തിന്റെ ഒരു ബൈ പ്രൊഡക്ട് മാത്രമാണ് മാതൃത്വം. അതുകൊണ്ടുതന്നെ അതൊരു ബാധ്യതയുമാണ്. പ്രണയം പൂർണ്ണമാകുന്നത് അത് പ്രണയം മാത്രമാകുമ്പോഴാണ്. ദീപക്കിന്റെ വാക്കുകൾ കുറേ നാൾ രോഹിണിയെ കുത്തിനോവിച്ചുകൊണ്ടിരുന്നു. എന്താണ് ദീപക് പറഞ്ഞു വരുന്നത്? മാളുവിനെ…….? കൂടുതലൊന്നും ആലോചിയ്ക്കാനോ ദീപക്കിനോടു അതേപ്പറ്റി സംസാരിയ്ക്കാനോ, രോഹിണിയ്ക്കാവാറില്ല, അയാളുടെ പ്രണയം എന്നന്നേക്കുമായി നഷ്ടപ്പെട്ടാലോ എന്ന ഭയം അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
അടുത്തയാഴ്ച ദീപക് അമേരിക്കയിൽ പോവുകയാണ്. അവിടെത്തന്നെ സ്ഥിരതാമസമാക്കാനും ഉദ്ദേശിക്കുന്നു. അതിനു മുമ്പ് തന്റെ തീരുമാനമറിയിച്ചേ പറ്റൂ. ഒന്നിച്ചുള്ള ജീവിതം വേണമോ വേണ്ടയോ? വേണം എന്നു തീരുമാനിയ്ക്കുമ്പോൾ മാളുവിന്റെ വാടിയ മുഖം മനസ്സിലേയ്ക്കു വരുന്നു. നമുക്ക് നമ്മൾ മാത്രം മതി അമ്മേ എന്നവൾ നിശബ്ദയായി അപേക്ഷിക്കുന്നതുപോലെ വേണ്ടെന്നു വെച്ചാലോ? അതു ചിന്തിയ്ക്കാനേ വയ്യ. പിന്നെ എന്തു പ്രതീക്ഷയിലാണ് താൻ ജീവിതം മുന്നോട്ടു കൊണ്ടുപോവുക? മനസ്സിന്റെ ഒഴിച്ചിട്ടയിടങ്ങളിലൊക്കെ ദീപക് പ്രകാശവുമായി നിറഞ്ഞിരിക്കുകയാണ്. അത് സ്വയമൂതിക്കെടുത്താൻ വയ്യ. ഇനി വയ്യ. ആരോടാണ് ഒരഭിപ്രായം ചോദിക്കുക? ആരുമില്ലല്ലോ, തനിയ്ക്ക് ? മനസ്സാകട്ടെ മൗനം പാലിക്കുന്നു.
ദീപക് തിരിച്ചു വിളിക്കാത്തതെന്താണ് മുമ്പൊക്കെ തന്റെ മിസ്ഡ് കോൾ കണ്ടാലുടൻ വിളിയ്ക്കാറുള്ളതാണ്, ഒരു ക്ഷമാപണത്തോടെ. കുറച്ചു നാളായി ഇങ്ങോട്ട് വിളിയ്ക്കുന്നതേ വിരളമാണ്. അതിന് എന്തെങ്കിലും കാരണമുണ്ടാവും പറയാൻ, ഫോണിന്റെ സമീപത്തില്ലായിരുന്നു. തിരക്കായിരുന്നു. കോൾ കണ്ടില്ല അങ്ങനെ പലതും, ദീപക്കിനെ നന്നായറിയാവുന്നതുകൊണ്ട് ഇതൊന്നുമാവില്ല കാരണമെന്നറിയാം. പുറമേനിന്നുള്ള ഒരു പ്രതിബന്ധവും ബാധിക്കുന്നയാളല്ല ദീപക്. തനിയ്ക്കായി മാത്രം കരുതിവെച്ച നമ്പർ എന്നാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ ഇപ്പോൾ വിളിക്കുമ്പോൾ പലപ്പോഴും നമ്പർ ബിസിയാണ്. വിദേശത്ത് പോകുന്ന തിരക്കല്ലേ, ആരെയെങ്കിലുമൊക്കെ വിളിയ്ക്കാൻ കാണും എന്നോർത്ത് സമാധാനിയ്ക്കും. ദീപക്കിനോട്, എന്തോ ചോദിയ്ക്കാൻ തോന്നാറില്ല. തന്നിൽ നിന്നെന്തോ മറയ്ക്കാൻ ശ്രമിക്കുന്നുണ്ടോ? ഉണ്ടാവാതിരിയ്ക്കട്ടെ.
നല്ല തണുപ്പുണ്ട്. രാത്രി കനത്തിരിക്കുന്നു. ഇപ്പോൾ പുഴയുടെ സംഗീതം നന്നയി കേൾക്കാം. ജനലരികിൽ പോയി നിന്നു. അത്ഭുതം പുഴയിൽ നിറയെ വെളിച്ചത്തിന്റെ മിന്നാമിന്നികൾ! ഒരു കടവ് ദൃശ്യമാകുന്നു. കടവിന്റെ പടികളിൽ മുഴുവൻ ആരോ ചിരാതുകൾ കൊളുത്തി വെച്ചിരിക്കുന്നു! ആരായിരിക്കും അത് എന്തിനു? ആശയറ്റ മനസ്സുകൾക്ക് പ്രതീക്ഷയായി ആരാണൊ ദീപങ്ങൾ തെളിയിച്ചത്? കുറേ നേരം ആ ദീപക്കാഴ്ചയിൽ മുഗ്ദ്ധയായ് രോഹിണി ജനാലയ്ക്കരികിൽ നിന്നു. പുഴയെന്താണ് തന്നോടു പറയാനാഗ്രഹിക്കുന്നത്? പ്രതീക്ഷ വെയ്ക്കൂ, മുന്നോട്ടു പോകൂ എന്നാണോ? തന്റെ ഉള്ളിലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണോ, ഇത്? താനത് അങ്ങനെയെടുക്കാൻ പോകുന്നു. ദീപകിനോട് ആ ദൃശ്യത്തെക്കുറിച്ചു പറയാൻ മനസ്സു വെമ്പി, അത് താൻ കണ്ടപോലെ ദീപക് ആസ്വദിക്കുമെന്നുറപ്പാണ്. കൂട്ടത്തിൽ, തനിയ്ക്ക് ഒന്നിച്ചു കഴിയാൻ സമ്മതമാണെന്നും. നാളെയാകട്ടെ, മുന്നോട്ടുള്ള വഴിയിൽ കത്തിച്ചുവെച്ച അനേകം നിറദീപങ്ങളുടെ പ്രഭയിൽ മനസ്സുനിറച്ച് രോഹിണി സുഖമായുറങ്ങി.
കണ്ണു തുറന്നപ്പോൾ നേർത്ത സുപ്രഭാതം കേട്ടിരുന്നു. അഞ്ചു മുപ്പത് ആയതേയുള്ളു. സൂര്യനുദിച്ചിട്ടില്ല. തലേദിവസത്തെ കാഴ്ച മനസ്സിലേക്കോടിയെത്തി. ജനാല തുറന്നിട്ടു, ചിരാതുകൾ കെട്ടിരുന്നു, ഇന്നലെതന്നെ വിചാരിച്ചതാണ് ഇന്നത്തെ സൂര്യോദയം കാണണമെന്ന്. ഒരു പുതിയ കാര്യം തുടങ്ങാൻ പോവുകയാണല്ലോ, കമ്പനിയും താനും. സൂര്യനാകട്ടെ കണി. ഷോൾ പുതച്ച് പുറത്തിറങ്ങി. ലോബിയിൽ നിന്നും കാണുമ്പോഴും പുഴ മനോഹരിയായിരുന്നു. അവിടവിടെ തെളിയുന്ന, പുലർകാല വെളിച്ചത്തിന്റെ കുങ്കുമപ്പൊട്ടുകളുള്ള, മഞ്ഞിന്റെ നേർത്ത സാരിയുടുത്ത്……..ഓരത്തെ വൃക്ഷങ്ങളിൽ കിളികളുടെ സംഗീതം. പുഴക്കരികെയുള്ള ഒരു കല്ലിൽ എല്ലാം ആസ്വദിച്ചങ്ങനെയിരുന്നു. ജലപ്പരപ്പിൽ, കുറേ വഞ്ചികൾ കണ്ണിൽപ്പെട്ടു. അഞ്ചോ ആറോ ഉണ്ട്, അവയിലെ അർദ്ധനഗ്നരായ മനുഷ്യർ വെള്ളത്തിൽ മുങ്ങുന്നു. കയ്യിലെന്തോ എടുത്ത് പൊങ്ങുന്നു. മണൽ വാരുകയാണവർ എന്നു മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു. ഒരുപക്ഷെ അത്തരമൊരുകാഴ്ച അവിടെ തീരെ പ്രതീക്ഷിക്കാത്തതുകൊണ്ടാവാം. രോഹിണിയെ ആകർഷിച്ച പ്രഭാത ദൃശ്യങ്ങൾക്കൊന്നും കണ്ണും കാതുമില്ലാത്ത വിധം അവർക്കൊക്കെ തിരക്കായിരുന്നു. രോഹിണിയെ കണ്ടപ്പോൾ ഒന്നും രണ്ടുപേർ തുറിച്ചു നോക്കി. എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ആ സമയത്ത് ഒരു സ്ര്തീയെ അവരവിടെ കാണാനിഷ്ടപ്പെടുന്നില്ലെന്നു തോന്നുന്നു. ഉദിച്ചു വന്ന സന്തോഷം പെട്ടെന്നസ്തമിച്ചു. ഹോട്ടലിലേയ്ക്ക് തിരിച്ചു വന്നു. റിസപ്ഷനിസ്റ്റ് അത്ഭുതത്തോടെ ചോദിച്ചു. മാഡം, ഈ തണുപ്പത്ത്, ഇത്ര രാവിലെ എവിടെപ്പോയി? വെറുതെ, പുഴ കാണാൻ.” പുഴയിൽ നിന്നുള്ള ശബ്ദം ഇപ്പോൾ അത്യുച്ചത്തിലായിരിക്കുന്നു. രോഹിണി റിസപ്ഷനിസ്റ്റിനോടു ചോദിച്ചു. “രാത്രി കടവിലാരാണ് ദീപം കൊളുത്തിവെയ്ക്കുന്നത്. അമ്പലമുണ്ടോ അടുത്ത്? നല്ല ഭംഗിയുള്ള ഒരു കാഴ്ചയായിരുന്നു അത്?” പെൺകുട്ടിയുടെ മുഖത്ത് നിർവികാരതയായിരുന്നു. ഓ അതോ? അത് രാത്രി മണൽ വാരുന്നവർ കത്തിച്ചു വെയ്ക്കുന്നതാണ്. പോലീസ് വരുന്നതു കേട്ടാൽ വിളക്കു കെടുത്തി മുങ്ങിക്കളയും, അവരും, കടവിൽ കാവൽ നിൽക്കുന്ന ഏജന്റുമാരും. അല്ല പോലീസും മോശമില്ല. എല്ലാവരും അറിഞ്ഞു തന്നെയാണ് ഈ പരിപാടി. മാഡം വിചാരിയ്ക്കുന്നതുപോലെ പുഴയ്ക്കു ഭംഗിക്കൂട്ടാനൊന്നുമല്ല അത്….
രോഹിണി മുറിയിലേയ്ക്കു തിരിച്ചു കയറി പുഴയിലേക്കു തുറക്കുന്ന ജനാലകൾ വലിച്ചടച്ചു. ദീപക്കിന്റെ നമ്പർ മൊബെയിൽ ഫോണിൽ നിന്നും ഡെലീറ്റ് ചെയ്തു.
Generated from archived content: story14_sept26_08.html Author: dr.e_sandhya