വർഷങ്ങൾക്ക് മുമ്പ്
പാടവും തോടും കാടുമുണ്ടായിരുന്ന കാലത്ത്
വേലിയും മുളയും പാമ്പുമുണ്ടായിരുന്ന കാലത്ത്
തൊഴുത്തും പശുവും കറവയുമുണ്ടായിരുന്ന കാലത്ത്
ഉരലും ഉലക്കയും ആട്ടുകല്ലും അമ്മിയുമുണ്ടായിരുന്ന കാലത്ത്
ഞങ്ങളുടെ ഇടവഴിയുടെ അറ്റത്തുണ്ടായിരുന്ന വീട്ടിൽ
ഏലിക്കുട്ടിച്ചേടത്തി പാർത്തിരുന്നു.
മകൾ കൊച്ചുമേരിയുടെ കല്യാണത്തിനോ
അന്നമ്മയുടെ കുഞ്ഞിന്റെ മാമോദീസയ്‌ക്കോ
ഡേവിയുടെ ഭാര്യയുടെ വയറുകാണലിനോ
അടുത്തുള്ള പള്ളിയിലെ പെരുന്നാളിനോ
‘ഇതവിടത്തെ ക്‌ടാവി’ നെന്നു പറഞ്ഞ്
ഒരു പൊതി അവലോസു പൊടിയുമായി വരും,
ഏലിക്കുട്ടിച്ചേടത്തി.
കൂടെ ഒരു പൊതി പഞ്ചസാരയും
പഞ്ചസാരയുടെ അടിയിൽ നനവുണ്ടാവും
ചിലപ്പോൾ ചത്ത ഉറുമ്പുകളും.
ഉമ്മറപ്പടിയിലിരുന്ന് ‘ഇവിടത്തെ ക്‌ടാവ്’
ബാലരമയിലെ ഓരോ വരിയ്‌ക്കുമൊപ്പം
ഒരുസ്‌പൂണെന്ന കണക്കിൽ
ഏലിക്കുട്ടിയുടെ സ്‌നേഹം നുണഞ്ഞു.
അന്ന് സൂപ്പർമാർക്കറ്റുകളില്ലായിരുന്നു
അവിടത്തെ ഷെൽഫുകളിലെ
പാക്കറ്റുകളിൽ അവലോസുപൊടിയും.
അവലോസുപൊടി
കാണുമ്പോഴൊക്കെയും ‘ക്‌ടാവ്’
ഓർത്തത് ഏലിക്കുട്ടിച്ചേടത്തിയെ.
മുഷിഞ്ഞ ചട്ട, കുപ്പായം,
പിറകിലെ വിശറി,
കാതിലെ ചിറ്റ്, മേയ്‌ക്കാമോതിരം,
കാലിലെ ചാണകത്തുണ്ട്,
കയ്യിലെ കോടിയ ഒറ്റവള
കഴുത്തിലെ വെന്തിങ്ങ, കുരിശുമാല
തലയിലെ വെളിച്ചെണ്ണമണം, മുഖത്തെ ദൈന്യം
ഉള്ളിലെ സ്‌നേഹം.
ഇന്ന് ഏലിക്കുട്ടിച്ചേടത്തിയെ ഓർത്തപ്പോൾ
അവലോസുപൊടി വാങ്ങിച്ചു.
“സ്‌റ്റെല്ല കുടുംബശ്രീയൂണിറ്റ്‘ തയ്യാറാക്കിയത്.
ഉറുമ്പുകയറാത്ത പഞ്ചസാരയിട്ടു മകനുകൊടുത്തപ്പോൾ
അവൻ മൊബൈലിൽ സംസാരിയ്‌ക്കുകയായിരുന്നു.
ഫ്രെണ്ടിനോട് ’ഫിലഡെൽഫിയ‘ എന്നു പറഞ്ഞപ്പോൾ
അവലോസുപൊടി തെറിച്ചു ഫോൺ വൃത്തികേടായെന്നു
പരാതിയവന്.
എന്തിനു ’ഫിലഡൽഫിയ‘
’ഫാൻ‘ എന്നു പറയാനാവുമോ എന്നു
വളിച്ചുചോദിച്ചു
രണ്ടാമത്തെ മകൻ.
Generated from archived content: poem1_mar25_10.html Author: dr.e_sandhya
Click this button or press Ctrl+G to toggle between Malayalam and English