പേരില്ലാ വണ്ടിയിൽ….

എന്നിട്ട്‌……

എന്നിട്ട്‌ നമുക്കൊരു യാത്ര പോകണം

പേരില്ലാത്തൊരു വണ്ടിയിൽ

കൂടെയുള്ളവരപരിചിതരായ്‌ക്കോട്ടെ,

പുറത്തരണ്ട വെളിച്ചമുണ്ടായ്‌ക്കോട്ടെ,

പതിയെ മഞ്ഞുപെയ്യട്ടെ.

ഒരു കുലുക്കത്തിലോ

ആട്ടത്തിലോ

വണ്ടിയുലയുമ്പോൾ

അറിഞ്ഞോ അറിയാതെയോ

നമ്മുടെ വിരലുകൾ കോർക്കപ്പെടട്ടെ.

അപ്പോൾ ആദ്യം കാണുന്നപോലെ

കണ്ണുകൾ കണ്ണുകളിലുടക്കുമായിരിക്കും

ഒരുമിച്ചു കേട്ട ഒരു പാട്ടു

നമ്മളന്നേരം മൂളുമായിരിക്കും,

നിന്റെ തോളിൽ ചായ്‌ച എന്റെ ശിരസ്സിൽ

നിന്റെ ഉച്ഛാസവായു താളം പിടിയ്‌ക്കുമായിരിക്കും.

ലോകമതിന്റെ പാട്ടിനു പോട്ടെ

‘സമയമുരുകിയൊലിച്ചു’ നിശ്ചലമാകട്ടെ

മുഖമില്ലാത്ത ഡ്രൈവറോടിയ്‌ക്കുന്ന

പേരില്ലാത്ത ആ വണ്ടിയിൽ

നാമങ്ങനെ ചേർന്നിരിയ്‌ക്കുമ്പോൾ

എന്റെ പിൻകഴുത്തിലെ നീല ഞരമ്പ്‌*

നിന്റെ ചുംബനത്തിനു ത്രസിയ്‌ക്കുമ്പോൾ

പുറത്തെ വെളിച്ചമണയുകയും

വണ്ടി ഒരു തുരങ്കത്തിലേയ്‌ക്ക്‌ കടക്കുകയും ചെയ്യട്ടെ.

*സിവിക്‌ ചന്ദ്രന്റെ കവിതയോട്‌ കടപ്പാട്‌

Generated from archived content: poem1_feb8_11.html Author: dr.e_sandhya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here