എഴുതുന്ന, എഴുതിത്തുടങ്ങുന്ന ഏതു മലയാളി എഴുത്തുകാരിയ്‌ക്കും മാധവിക്കുട്ടി ഒരു മാതൃകയാണ്. ആർജ്ജവത്തിന്റെ, ഭാവനയുടെ പ്രതിഭയുടെ, എഴുത്തിലെ അനായസതയുടെ. ചെന്നെത്താൻ പറ്റാത്തത്ര മുകളിലാണ് കഥാലോകത്ത് അവരുടെ സ്‌ഥാനമെങ്കിലും എന്തൊക്കെയോ കുത്തിക്കുറിയ്‌ക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവരെന്റെ മനസ്സിലുണ്ടായിരുന്നു. അവരെപ്പോലെ ഭാഷ വഴങ്ങണേ എന്നു മോഹിച്ചു. കഥയ്‌ക്കുള്ള വിഷയങ്ങളുരുത്തിരിഞ്ഞു വരണേ എന്നു പ്രാർത്ഥിച്ചു. അവരുടെ എഴുത്തിന്റെ ശക്തിയും ധൈര്യവും അല്‌പമെങ്കിലും പകർന്നുകിട്ടണേ എന്നു പ്രതീക്ഷിച്ചു. മാധവിക്കുട്ടി (അവരെ എന്തുകൊണ്ടോ കമലാദാസ് എന്നോ കമലാസുരയ്യയെന്നാ വിളിയ്‌ക്കാനാവുന്നില്ല.) എന്നെ സ്വാധീനിച്ചത് ഒരു വ്യക്തിയെന്ന നിലയ്‌ക്കോ സാഹിത്യകാരിയെന്ന നിലയ്‌ക്കോ എന്ന് ഇഴപിരിച്ചു കാണാനാവില്ലെനിയ്‌ക്ക്. അവരെ സംബന്ധിച്ചിടത്തോളം കഥയും ജീവിതവും രണ്ടായിരുന്നില്ല. കഥകളിൽ ജീവിതവും ജീവിതത്തിൽ കഥകളും അവർ അതിമനോഹരമാം വിധം നെയ്‌തു ചേർത്തു. അവരെഴുതിയതിലെല്ലാം ജീവിതത്തിന്റെ സ്‌പന്ദനങ്ങളുണ്ട്. ആഴത്തിൽ വേരോടിയ സ്‌നേഹവും പ്രണയവും അവയുടെ നിരാകരണവുമുണ്ട്. നഷ്‌ടപ്പെടലുകളും വിശ്രമങ്ങളും അയഥാർത്ഥമെന്നു തോന്നിപ്പിയ്‌ക്കുന്ന യഥാർത്ഥ്യങ്ങളുമുണ്ട്. ഒറ്റ നോട്ടത്തിൽ നിസ്സാരമെന്നു കരുതുന്നവയിലെ ഗഹനതയുണ്ട്. അവ്യാഖ്യേയമായ ബന്ധങ്ങൾ, വാക്കുകളിൽ പകർത്താൻ ശ്രമകരമായ ചിന്തകൾ,അന്യാദൃശ്യമായ ചില നിമിഷങ്ങളുടെ ചിത്രങ്ങൾ – ഇവയെല്ലാം മാധവിക്കുട്ടിയുടെ തൂലിക അനായാസേന വരച്ചു. ഒരു ഫോട്ടോഗ്രാഫർക്കുമാത്രം പകർത്താനാവുന്ന തെളിവോടെ അത് ചില ഭാവങ്ങളെയും വികാരങ്ങളെയും അനശ്വരവും ആകർഷകവുമാക്കി. ഇങ്ങനെയുമെഴുതാമോ എന്നത്ഭുതം ജനിപ്പിച്ചു. മറ്റു ചിലപ്പോൾ അവരുടെ രചനകൾ കൂർത്തു മൂർത്ത മുള്ളുകളാായി മനസ്സിലെവിടെയോ തടഞ്ഞു കിടന്ന് നോവിച്ചു. ചില കഥകൾ നമ്മുടെ ജീവിതവീക്ഷണത്തെ മാറ്റി മറിയ്‌ക്കുകയും സാരോപദേശങ്ങളുടെ ചുവയില്ലാതെ ദേശകാലങ്ങൾക്കതീതവും അടിസ്‌ഥാനപരവുമായ മൂല്യങ്ങളെക്കുറിച്ച് ഉദ്‌ബോധനം നൽകുകയും ചെയ്‌തു. കപട സദാചാരത്തെ അവർ പുച്‌ഛിച്ചു. മറകളോ മൂടുപടങ്ങളോ ഇല്ലാത്തതായിരുന്നു അവരും അവരുടെ രചനകളും. ഒരസാധാരണ പ്രതിഭയ്‌ക്കുമാത്രം പോകാവുന്ന വഴികളിലൂടെയായിരുന്നു ആ ഭാവനയുടെ സഞ്ചാരം. മറ്റാർക്കും ഒപ്പമെത്താനോ പിന്തുടരാനോ ആവാതെ.
ഒമ്പതിലോ പത്തിലോ ആണ് മാധവിക്കുട്ടിയെ വായിച്ചു തുടങ്ങുന്നത്. അതിനുമുമ്പ് പരിചയപ്പെട്ട എം.ടി.കഥകളുടെ വായനാനുഭവമല്ല മാധവിക്കുട്ടിയുടെ കഥകൾ നൽകിയത്. എം.ടിയുടെ ഭാഷ പ്രമേയത്തിലുപരിയായി എന്നെ സ്വാധീനിച്ചുവെങ്കിൽ (ഒരാർദ്രസ്‌പർശം പോലെ) മാധവിക്കുട്ടിയുടെ കഥകൾ വിവരണാതീതമായ ഒരസ്വസ്‌ഥതയാണ് അന്ന് മനസ്സിലുണ്ടാക്കിയത്. അവിടവിടെ നീറുന്നതുപോലെ, എന്തൊക്കെയോ കോർത്തു വലിയ്‌ക്കുന്നതുപോലെ. വായിക്കേണ്ടായിരുന്നു എന്നുപോലും പലപ്പോഴും തോന്നി. (നാവികവേഷം ധരിച്ച കുട്ടി‘ പോലുള്ള ചില കഥകളുടെ പൊരുൾ പിടികിട്ടിയുമില്ല) പിന്നീടാണ് അസ്വസ്‌ഥത ജനിപ്പിയ്‌ക്കലാണ് കഥയുടെ മർമ്മമെന്നു തിരിച്ചറിഞ്ഞത്. വായിച്ചു കഴിഞ്ഞ് ദിവസങ്ങൾക്കുശേഷവും ഉമിത്തീപോലെ നമ്മെ നീറ്റുന്ന എന്തോ ഒന്നുണ്ട് മാധവിക്കുട്ടിയുടെ മിയ്‌ക്ക കഥകളിലും ’ശാശ്വതമൊന്നേ ദുഃഖം‘ എന്നോർമ്മിപ്പിയ്‌ക്കുന്നു, അവരുടെ കഥകൾ.
ഒരു പക്ഷേ മാധവിക്കുട്ടിയുടെ കഥകളിൽ എന്നെ ആദ്യമാകർഷിച്ചത് ’പ്രഭാതം‘ ആവാം. വീട്ടിൽ മറ്റെല്ലാവരും മയങ്ങുന്ന ഉച്ചകളിലെപ്പോഴോ കഠിനമായ ഏകാന്തതയനുഭവപ്പെട്ട സമയത്താണ് ’പ്രഭാതം‘ വായിക്കുന്നത്. വലിയവർ മാത്രമുള്ള ഒരു വീട്ടിലെ, കൂട്ടുകാരാരുമില്ലാത്ത, ആശ്രീത മാതുവമ്മയുടെ വീട്ടിലെ കുട്ടികളെക്കാണാൻ അവരുടെ കൂടെപ്പോകുന്ന ’കുട്ടി‘ ഞാൻ തന്നെയായി. ആ സമാനതയാവാം പിന്നീട് മാധവിക്കുട്ടിയുടെ കൂടുതൽ കഥകൾ കൂടുതൽ തവണ വായിയ്‌ക്കാനെന്നെ പ്രേരിപ്പിചത്. വായിക്കും തോറും എഴുതണമെന്ന തോന്നലുണ്ടായി. പക്ഷേ എഴുതാൻ തുടങ്ങിയപ്പോഴാണ് എഴുത്തിന്റെ ’സൂത്രം‘ പിടിതരാതെ മാറിക്കളയുന്നത് മനസ്സിലായത്. എഴുത്ത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ലെന്നും തിരിച്ചറിവുണ്ടായി. (പിന്നീട്, വളരെപ്പിന്നീട് എന്റെ ആൺകുട്ടികളുടെ അമ്മ’ എന്ന കഥവായിച്ച് ശ്രീമതി സാറാ ജോസഫ് ‘കഥാന്ത്യം ഒരു മാധവിക്കുട്ടിക്കഥയെ ഓർമ്മിപ്പിച്ചു’) എന്നു പറഞ്ഞപ്പോൾ ഞാനൊരുപാടു സന്തോഷിച്ചു.
ഓരോ തവണ വായിച്ചപ്പോഴും കണ്ണു നനയിച്ച കഥയാണ് ‘നെയ്‌പായസം’ ഏറ്റവും വൈയക്തികമായ ഒരു മരണമേല്‌പിച്ച ആഘാതം അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ച ആ കഥ എത്ര മാത്രം എന്നെ സ്വാധീനിച്ചു എന്ന് എഴുതാനാവില്ല. ഓരോ തവണയും അതു വായിച്ചപ്പോൾ ഒന്നും ചെയ്യാനാവാതെ മണിക്കൂറുകളോളം ഇരുന്നു പോയിട്ടുണ്ട്. ദുഃഖാനുഭവമുണ്ടാക്കാനുള്ള ഏറ്റവും നല്ല വഴി അത് വിവരിക്കാതിരിയ്‌ക്കലാണ് എന്നു തിരിച്ചറിയുകയായിരുന്നു, മരണം അദൃശ്യമായ ഒരു സാന്നിദ്ധ്യാമായി നില്‌ക്കവേ ജീവിതത്തിന്റെ നിസ്സാരതയും ബന്ധങ്ങളുടെ തീവ്രതയും സ്‌നേഹവും അതിനൊക്കെ അപ്പുറം വീണ്ടും ജീവിതത്തിലേയ്‌ക്ക് തിരിച്ചു വരേണ്ട ബാധ്യതയുമൊക്കെ ഏറ്റവും കുറവു വാക്കുകളെക്കൊണ്ടനുഭവിപ്പിക്കുമ്പോഴാണ് കഥയിലെ ദുഃഖം നമ്മെ പിടിച്ചുലച്ചുകളയുന്നത്. എന്റെ ഏറ്റവും പ്രിയപ്പെട്ട കഥകളിലൊന്നാണ് നെയ്‌പായസം.
ആകസ്‌മികതകൾ ജീവിതത്തെ എങ്ങനെ മാറ്റിമറിയ്‌ക്കുന്നുവെന്നും അതിലുൾപ്പെടുന്നൂവരെത്ര നിസ്സാഹയരും ഏകാകികളുമാണെന്നും അവർക്കാവിധിയെ ഉൾക്കൊള്ളാതെ തരമില്ലെന്നും ഒരു ഞെട്ടലോടെ എന്നുമെന്നെ ഓർമ്മിപ്പിച്ചു, ‘കല്ല്യാണി’. വേണ്ടപ്പെട്ടവരുണ്ടായിരിയ്‌ക്കേ അനുഭവപ്പെടുന്ന ഏകാന്തതയാണ് ജീവിതത്തിലെ കൊടിയ ദുഃഖങ്ങളിലൊന്ന് എന്ന വലിയ സത്യമാണ് ആ കഥ പറഞ്ഞുതന്നത്. ഭീതിദമായ സത്യം. ‘രോമക്കുപ്പായം’ വായിച്ചപ്പോൾ എനിയ്‌ക്കെന്റെ അമ്മയെ കൂടുതൽ സ്‌നേഹിയ്‌ക്കാനും ഉൾക്കൊള്ളാനുമായി. മാധവിക്കുട്ടിയുടെ കഥകളിലെ അമ്മമാർ വേറിട്ട വ്യക്തിത്വംകൊണ്ട് ശ്രദ്ധിക്കപ്പെടുന്നവരോ, പ്രത്യേക കഴിവുള്ളവരോ സ്വതന്ത്രചിന്താഗതിയുള്ളവരോ അല്ലായിരിയ്‌ക്കാം. പക്ഷേ അവരുടെയൊക്കെയുള്ളിൽ സമാനമായ ഒന്നുണ്ട്. അത്, കിട്ടാതെപോയ, മക്കളുടെ സ്‌നേഹത്തെക്കുറിച്ചുള്ള വേവലാതിയാണ്, അവരുടെ പരിഗണനയ്‌ക്കു വേണ്ടിയുള്ള മോഹമാണ്, അവഗണനയിൽ നിന്നുമുണ്ടാവുന്ന ദുഃഖമാണ്. അമ്മയെ ശ്രദ്ധിക്കാതെ പോകുന്ന മക്കൾക്കുവേണ്ടി എഴുതപ്പെട്ട കഥകളാണവ, അവരെ ഒരു പുനർവിചിന്തനത്തിനു പ്രേരിപ്പിയ്‌ക്കാൻ.
ദുഃഖം പോലെതന്നെ ഒട്ടനവധി മാധവിക്കുട്ടിക്കഥകൾക്ക് വിഷയമാണ് ഏകാന്തതയും. കഥാകാരിയെപ്പോലെതന്നെ കഥാപാത്രങ്ങളിൽ പലരും ഏകാന്ത ഒരു വിധിപോലെ സ്വീകരിച്ചവരോ അതിൽ നീറുന്നവരോ ആണ്. ഏകാന്തതയുടെ പാരമ്യത്തിലവർ ചിലപ്പോൾ യുക്തിരഹിതമായി പ്രവർത്തിച്ചും പോകുന്നു. ‘മാഹിമിലെ വീട്’ എന്ന കഥയിലെ പെൺകുട്ടി, (സ്‌ത്രീ?) വിവാഹിത, വീട്ടുവരാന്തയിൽ നിന്നു നോക്കിയാൽ കാണുന്ന ചേരിയിലെ ഒരു പുരുഷനുമായി പ്രേമബന്ധത്തിലേർപ്പെടുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. മാധവിക്കുട്ടിയുടെ കഥാപാത്രങ്ങൾ ക്രൂരരോ അസന്മാർഗ്ഗികളോ സ്‌ത്രീലമ്പടരോ കൊലപാതകികളോ ആവുമ്പോൾപോലും അവരങ്ങനെയായതിനു പുറകിലെ ഒരു കാരണമന്വേഷിയ്‌ക്കുന്നുണ്ടാവും വായനക്കാർ. കഥയുടെ അരങ്ങിൽ വരാനായി മാത്രം വേഷം കെട്ടിയവരല്ല അവർ. ഈ ഭൂമിയിലെവിടെയും നമുക്കവരെ കാണാം. മണ്ണിൽ കാലുറപ്പിച്ചു നില്‌ക്കവേ തന്നെ പെട്ടെന്ന് ഗഗന ചാരികളാവാനും ആകാശത്തു നിന്ന് പൊടുന്നനേ ഭൂമിയിലേക്കിറങ്ങി വരാനും അവർ കെല്‌പുള്ളവരാണ്.
മാധവിക്കുട്ടി, കഥകളെ സമീപിച്ചത് ഒരു കുട്ടിയുടെ മനസ്സോടെയാണ് എന്നു തോന്നിയിട്ടുണ്ട്. കുട്ടികൾ ഒരുപാടുകാര്യങ്ങൾ നിരീക്ഷിയ്‌ക്കും, മുതിർന്നവരെ അപേക്ഷിച്ച്. കൊച്ചുകൊച്ചു കാര്യങ്ങളിൽ നിന്ന് കഥയുണ്ടാക്കുകയും ചെയ്യും. പ്രത്യക്‌ഷത്തിൽ മാധവിക്കുട്ടി ചെയ്‌തതിതാണ്. അതേ സമയം അവർ കഥകളിലൂടെ ജീവിതത്തിന്റെ സങ്കീർണ്ണതകളും ഉൾപ്പിരിവുകളും ഒരഭ്യാസിയുടെ വഴക്കത്തോടെ കൈകാര്യം ചെയ്‌തു. ഉള്ളിലെന്നും ജ്വലിച്ചു നിന്നിരുന്ന സ്‌നേഹവും പ്രണയവുമായിരുന്നു അവരുടെ എഴുത്തിന്റെ ശക്തി. കമലയുടെ വരവും കാത്ത് ഒരു രാത്രിയിൽ അമ്മമ്മ നാലപ്പാട്ട് കത്തിച്ചുവെച്ച ദീപനാളം പോലെ ഒന്ന് കമലയും മനസ്സിലെന്നും ആരുടെയൊക്കെയോ സ്‌നേഹം പ്രതീക്ഷിച്ച് കത്തിച്ചുവെച്ചിരുന്നു. ഒരു തുള്ളി എണ്ണ പകരാനായോ നമുക്ക് എന്ന ചോദ്യമവശേഷിപ്പിച്ചുകൊണ്ട് ആ ദീപനാളം ഓർമ്മയായി. കഥയുടെ വഴിയേ സഞ്ചരിയ്‌ക്കുന്നവർക്ക് വെളിച്ചം പകരുന്ന ഒരോർമ്മ.
Generated from archived content: essay3_jun11_09.html Author: dr.e_sandhya
Click this button or press Ctrl+G to toggle between Malayalam and English