വിഷു വരുമ്പോൾ

മുപ്പത്തിയഞ്ചു വർഷം മുമ്പ്‌

വിഷു ഒരു പ്രതീക്ഷയായിരുന്നു. മധ്യവേനലവധിയുടെ സുഖവും വർഷത്തിലൊരിയ്‌ക്കൽ മാത്രം സ്വന്തമായി കയ്യിൽ വരുന്ന കുറച്ചു നാണയത്തുട്ടുകളും അവയെ ചുറ്റിപ്പറ്റിയുള്ള സ്വപ്‌നങ്ങളും നിറഞ്ഞ സുന്ദരമായ ഒരു കാത്തിരിപ്പ്‌.

ഓർമ്മയുണ്ട്‌, ആ അവധിക്കാലങ്ങൾ. ടി.വി. അപഹരിയ്‌ക്കാത്ത വേനൽച്ചൂട്‌ ഇത്ര കഠിനമാകാത്ത, മാമ്പഴങ്ങൾകൊണ്ട്‌ സമൃദ്ധമായ, ഏകാന്തതയിൽ പുസ്‌തകങ്ങൾ മാത്രം കൂട്ടുകാരായിരുന്ന, ഉത്തരവാദിത്തങ്ങളുടെ തലച്ചുമടില്ലാത്ത ദിവസങ്ങൾ. സന്ദർശനങ്ങളോ സന്ദർശകരോ ഇല്ലാത്ത, അത്ഭുതങ്ങൾ സംഭവിക്കാത്ത, പ്രായേണ സംഭവബഹുലമല്ലാത്ത, അക്കാലങ്ങളിൽ സാധാരണയിൽ നിന്നുമുള്ള ചെറിയ മാറ്റങ്ങൾ പോലും പ്രസക്തം. വിഷുവിന്‌ വരാത്തതുകൊണ്ട്‌ വീട്ടിലെ ജോലിക്കാരി തലേദിവസം മുറ്റമടിച്ചു വൃത്തിയാക്കുന്നതു കാണുമ്പോഴേ മനസ്സൊരുങ്ങുകയായി. കണിവെയ്‌ക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്വീകരണമുറിയിലെ സോഫയുടെ സ്‌ഥാനം മാറ്റുന്നതുകൂടി വലിയൊരു കാര്യം എവിടുന്നെങ്കിലുമൊക്കെ ശേഖരിച്ചു കുറച്ചു കൊന്നപ്പൂക്കൾ വാഴയിലയിൽ പൊതിഞ്ഞ്‌ വൈകുന്നേരം വീട്ടിലെത്തുന്നതോടെ അവിടമാകെ കൊന്നപ്പൂക്കാടുകൾ നിറഞ്ഞതുപോലെ തോന്നും.

ഹൈന്ദവരേക്കാളേറെ ക്രൈസ്‌തവരാണ്‌ ഞങ്ങളുടെ അയൽക്കാർ. അതുകൊണ്ടുതന്നെ ഉത്സവങ്ങക്കോളേറെ അമ്പു പെരുന്നാളുകളും ക്രിസ്‌തുമസും ഈസ്‌റ്ററുമൊക്കെയാണ്‌ ശബ്‌ദംകൊണ്ടും വെളിച്ചംകൊണ്ട്‌ അവയുടെ സാന്നിദ്ധ്യമറിയിച്ചുകൊണ്ട്‌ ജീവിതത്തെ സ്വാധീനിച്ചത്‌. എല്ലാ ആഘോഷങ്ങളും അന്ന്‌ അനാർഭാടമായി വരികയും പോവുകയും ചെയ്‌തൂ. അവയൊക്കെ ഒരു നിയോഗം പോലെ നടക്കുമെന്നു മനസ്സിലാക്കണമെന്നും എല്ലാമുൾക്കൊള്ളവേ ഒന്നിലും അതിരറ്റ്‌ സന്തോഷിക്കാതിരിക്കുകയും ആവേശം കൊള്ളാതിരിക്കുകയും ചെയ്യണമെന്നും സദാ ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന ഒരന്തരീക്ഷം വീട്ടിലുണ്ടായിരുന്നതുകൊണ്ട്‌ ഒന്നിലും മനസ്സു തറഞ്ഞു നിന്നില്ല.

എങ്കിലും തൊട്ടപ്പുറത്തു താമസിച്ചിരുന്ന പടക്കക്കച്ചവടം ചെയ്‌തിരുന്ന ഏല്യയുടെ സ്‌നേഹവും പരിഗണനയും വിഷുവിന്റെ തലേ ദിവസം മതിലിനുമുകളിൽ ആദ്യം ഒരു ചക്കയുടെ രൂപത്തിലും പിന്നീട്‌ കുറച്ചു പൂത്തിരിയും മത്താപ്പും ചക്രവും കമ്പത്തിരിയുമടങ്ങുന്ന പൊതിയായും പ്രത്യക്ഷപ്പെട്ടു. കച്ചവടം മോശമാവുന്ന ചുരുക്കം ചിലയവസരങ്ങളിൽ പൂത്തിരിപ്പൊതി കിട്ടാതായപ്പോൾ മനസ്സുകരഞ്ഞതും മുഖം വാടിയതും ആരും കണ്ടില്ല, അറിഞ്ഞുമില്ല വിഷു വരാതെയുമിരുന്നില്ല.

തേച്ചു മിനുക്കിയ ഉരുളിയിൽ ഉണക്കലരി, വെള്ളരിക്ക, സ്വർണ്ണനിറമാർന്ന മാമ്പഴം, ചക്ക, നാളികേരവിളക്ക്‌, കണികാണാനുള്ള ഭഗവൽ വിഗ്രഹത്തിൽ ചാർത്തിയ അമ്മയുടെ സ്വർണ്ണമാല, നാണയത്തോടും അരിയോടും കൊന്നപ്പൂക്കളോടുമൊപ്പം കൈമാറാനുള്ള മോതിരം, കിണ്ടിയിൽ വെള്ളം, വാൽകണ്ണാടി ഇവയൊക്കെ അമ്മയോടൊപ്പം തലേദിവസം ഒരുക്കിവെക്കുമ്പോൾ മനസ്സ്‌ എന്തിനെന്നറിയാതെ നൃത്തം ചെയ്യും. രാത്രി അവിടവിടെ കേൾക്കുന്ന പടക്കത്തിന്റെ ഒച്ചകൾ, മാനത്തേക്കുയരുന്ന ചില വെളിച്ചങ്ങൾ എവിടെന്നോ ഗുണ്ടിന്റെ ഞെട്ടിയ്‌ക്കുന്ന ശബ്‌ദം, പതിയെ ഉറക്കത്തിലേയ്‌ക്കുള്ള വഴുതിപ്പോക്ക്‌, ഇതൊരു സാധാരണ ദിവസമല്ല എന്നോർമ്മപ്പെടുത്തിക്കൊണ്ട്‌ രാവിലെ വിളിച്ചുണർത്തുന്ന പടക്കങ്ങൾ, മുമ്പു മഴപെയ്‌തിട്ടുണ്ടെങ്കിൽ തൊടിയിൽ നിന്നും പൂത്തമുല്ലയുടെയും വടിനാരകപ്പൂക്കളുടെയും (വെളുത്ത ഹൃദ്യമായ സുഗന്ധം പരത്തുന്ന ഒരു ചെടി. ആദ്യത്തെ മഴയ്‌ക്ക്‌ പൂക്കും. രാവിലെ ചെടിയുടെ ചോട്ടിൽ പുഷ്‌പവൃഷ്‌ടിയായിട്ടുണ്ടാകും) സമ്മിശ്രഗന്ധം, അമ്മയെണീറ്റു പോകുന്നതിന്റെയും വിളക്കുകൊളുത്തുന്നതിന്റെയും ശബ്‌ദം, സ്‌നേഹത്തോടെയുള്ള വിളി, കണ്ണുപൊത്തി കണികാണിയ്‌ക്കൽ, വിഷുവാണെങ്കിലും ഗൗരവം വിടാതെ തരുന്ന അച്‌ഛന്റെ കൈനീട്ടം, അമ്മയുടെ, കൂട്ടത്തിൽ കുറച്ചധികം പ്രതീക്ഷയോടെ കാത്തിരിയ്‌ക്കുന്ന ചെറിയമ്മയുടെ കൈനീട്ടങ്ങൾ വലിയമ്മയുടെ ഒരു രൂപാത്തുട്ട്‌. ചേർത്തുവെക്കുമ്പോൾ പതിനഞ്ചു രൂപയിലധികം വരാറില്ല. കൂട്ടിവെയ്‌ക്കുന്നത്‌ മറ്റൊന്നിനുമല്ല. പൂരം പ്രദർശനത്തിനു പോകുമ്പോൾ മോഹിച്ചു മോഹിച്ച നുള്ളുനുറുങ്ങു വസ്‌തുക്കളും പ്രഭാത്‌ ബുക്‌ ഹൗസിൽ നിന്നും റഷ്യൻ പുസ്‌തകങ്ങളുടെ മലയാള പരിഭാഷയും വാങ്ങാൻ. വിഷുകൈനീട്ടം പുസ്‌തകങ്ങൾ വാങ്ങാൻ തികയാതാവുമ്പോൾ ചെറിയമ്മയുടെ കാരുണ്യം വീണ്ടും കാത്തുകാത്തിരുന്ന്‌ സ്വന്തമാക്കിയ വിലപ്പെട്ട വസ്‌തുക്കൾ കൺകുളിർക്കെ കണ്ടും തൊട്ടും നോക്കിയും പുസ്‌തകങ്ങൾ താലോലിച്ചും മണത്തും ഓർമ്മകൾ അയവിറക്കിയും പിന്നീടുള്ള കുറച്ചു ദിവസങ്ങൾകൂടി.

വർഷങ്ങളും വിഷുക്കളും അച്‌ഛനും വലിയമ്മയും ചെറിയമ്മയും കടന്നുപോയി. ഒരാഘോഷവും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ല എന്ന ദുഃഖകരമായ തിരിച്ചറിവ്‌ എന്നിലെ കുട്ടിയെ വലിയവളാക്കി. ഇപ്പോൾ ഞാനെല്ലാ ആഘോഷങ്ങളും കാണുന്നത്‌ എന്റെ മക്കളുടെ കണ്ണിലൂടെയാണ്‌. അവർക്കും എറ്റവുമിഷ്‌ടം വിഷു തന്നെ. ഏല്യ മരിച്ചുപോയി. അയൽവീട്ടുകാർ പടക്കപ്പണി ഉപേക്ഷിച്ചു. എങ്കിലും എന്റെ കുട്ടികൾക്ക്‌ പടക്കം തലേദിവസം തന്നെകിട്ടുമെന്ന ഉറപ്പുണ്ട്‌. അഥവാ കിട്ടിയില്ലെങ്കിൽ അവരുടെ അച്‌ഛനോട്‌ വാശിപിടിയ്‌ക്കാമെന്ന ധൈര്യവും. കണിവെയ്‌ക്കുന്ന വസ്‌തുക്കളെന്തെന്നോ അവയുടെ പ്രസക്തിയെന്തെന്നോ അവർക്കറിയണ്ട. എക്‌സിബിഷന്‌ ഇഷ്‌ടപ്പെട്ട സാധനങ്ങൾ വാങ്ങാൻ അവർക്കവരുടെ കൈനീട്ടം ഉപയോഗിക്കേണ്ടി വരുന്നില്ല. പ്രഭാത്‌ ബുക്ക്‌ഹൗസ്‌ അവരെ ആകർഷിക്കുന്നില്ല. വിഷുപ്പക്ഷി പാടുന്നത്‌ ശ്രദ്ധിക്കാറേയില്ല. പൂത്തിരിയേക്കാൾ, മത്താപ്പിനെക്കാൾ വലിയ വലിയ ശബ്‌ദങ്ങളുള്ള പടക്കങ്ങളാണ്‌ അവർക്കു വേണ്ടത്‌. വിഷുക്കാലം മാമ്പഴങ്ങളാടെയോ ചക്കകളുടെയോ അല്ല, (ഒന്നു വിട്ടുപോയി. വിഷുവിന്റെയന്ന്‌ ചക്കയെന്നു പറഞ്ഞുകൂടാ. ‘പനസം’ എന്നേ പറയാവൂ അത്രേ! ) ടി.വി.യിൽ ക്രിക്കറ്റിന്റെ കാലമാണ്‌. എങ്കിലും അവർ സ്‌നേഹിയ്‌ക്കുന്ന വിഷുവിനെ ഞാനും സ്‌നേഹിയ്‌ക്കുന്നു. ലോകം മറ്റൊന്നാണ്‌, നാം സ്‌നേഹിയ്‌ക്കുന്നവരുടെ കണ്ണിലൂടെ നോക്കിക്കാണുമ്പോൾ.

Generated from archived content: essay1_apr10_10.html Author: dr.e_sandhya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here