അഷ്‌ടൈശ്വര്യം- ഒരു വ്യത്യസ്‌ത നൃത്താനുഭവം

ശ്രീ കുട്ടിക്കൃഷ്‌ണമാരാർ കാവ്യാസ്വാദനത്തെക്കുറിച്ച്‌ ഇങ്ങനെ പറയുന്നുണ്ട്‌. നാലു പടവുകളുണ്ടത്രെ; അതിൽ. ശബ്‌ദതലം, അർത്ഥതലം, ഭാവതലം, രേചനതലം. വെറും പദങ്ങളുടെ സൗകുമാര്യാദി ഗുണം മുതൽ പദസന്നിവേശത്തിന്റെ ശില്പഭംഗി വരെയുളളത്‌ ശബ്‌ദതലം. അർത്ഥതലമെന്നാൽ അർത്ഥകല്പനാ വൈചിത്ര്യം തന്നെ. പാത്രഭാവ സന്ദർഭാഔചിത്യം കൊണ്ട്‌ ആസ്വാദകർക്ക്‌ ഭാവനാനുഭൂതി നൽകുന്നതാണ്‌ ഭാവതലം. നാലാമത്തേത്‌ അരിസ്‌റ്റോട്ടിൽ പറഞ്ഞ ‘കഥാർസിസ്‌’ ആണ്‌. ബാക്കി ഭാഗങ്ങളെല്ലാം ശരിപ്പെട്ടാൽ കാവ്യത്തിന്റെ പരമഫലമായ ഇതുണ്ടാവുമത്രേ. ചിത്ത സംസ്‌കരണത്തിന്റെ ഭാഗമായി വന്നു ഭവിക്കുന്ന ഒരവസ്ഥയാണിതെന്നും കൂടെ അരിസ്‌റ്റോട്ടിൽ അഭിപ്രായപ്പെടുന്നു.

ആവട്ടെ. കാവ്യാസ്വാദനത്തിൽ മാത്രം ഒതുങ്ങിനില്‌ക്കുന്നുണ്ടോ ഈ തലങ്ങൾ എന്നു നമുക്കാലോചിക്കുക. സത്യത്തിൽ ഏതു കലാസ്വാദനത്തിലുമില്ലേ, ഈ പടവുകൾ? സൂക്ഷ്‌മമായി പരിശോധിച്ചാൽ ‘നല്ലത്‌’, ‘ഗംഭീരം’, ‘കേമം’ എന്നൊക്കെ നാം വിവക്ഷിയ്‌ക്കുന്ന ഗാനങ്ങളും ചിത്രങ്ങളും കലാസൃഷ്‌ടികളും ദുഷ്‌കരമായ ഈ അവസാനത്തെ പടവിലേറി കാലത്തെ അതിജീവിക്കുന്നവയാണെന്നു കാണാം. ശബ്‌ദകോലാഹലങ്ങൾ മാത്രമുണ്ടാക്കുന്നവയ്‌ക്കും പേരിനുമാത്രം അർത്ഥം ദ്യോതിപ്പിക്കുന്നവയ്‌ക്കും അല്പായുസ്സേയുളളൂ.

കാലാതിവർത്തിയായ സംഗീതത്തെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചും സംഗീതാസ്വാദകർക്കും ഗവേഷകർക്കും പറയാനൊരുപാടുണ്ട്‌. രേചനതലത്തിലെ അതിന്റെ പ്രവർത്തനമൊഴികെ മറ്റു കാര്യങ്ങളെല്ലാം യുക്തിയ്‌ക്കു നിരക്കുന്നതും താള, രാഗ, അർത്ഥ, ആലാപന ഗുണസമ്പുഷ്‌ടികളെക്കൊണ്ട്‌ അളക്കാവുന്നതുമാണ്‌. സംഗീതചികിത്സയിൽ ഉപയോഗിക്കുന്നത്‌ രേചനതലത്തിൽ സംഗീതമുണ്ടാക്കുന്ന അനുഭൂതിയുടെ അത്ഭുതസിദ്ധിയാണെന്നു പറയാം. പക്ഷേ നൃത്തത്തിന്റെ കാര്യത്തിൽ ഇതല്ല, സ്ഥിതി. മാരാർ തന്നെ പറയുന്നു. “അംഗചലനങ്ങളുടെ താളാനുസാരിയായ സംവിധാനമാണ്‌ നൃത്തകല”. പക്ഷേ അതുമാത്രമാണോ, നൃത്തം? നാട്യശാസ്‌ത്രകർത്താവ്‌ ഭരതൻ സുവ്യക്തമായി നൃത്തത്തിന്റെ ലക്ഷണങ്ങൾ പ്രതിപാദിക്കുന്നുണ്ട്‌. എങ്കിലും നാട്യശാസ്‌ത്രം പൂർണ്ണമായും അനുസരിച്ചുകൊണ്ടുളള ഒരു നൃത്താവതരണത്തിന്‌ നമ്മുടെ രേചനതലത്തിലേയ്‌ക്ക്‌ പ്രവേശനം കിട്ടുന്നുണ്ടോ എന്നതാണ്‌ സംശയം. ഉത്തരം പലപ്പോഴും ‘ഇല്ല’ എന്നതായിരിക്കും. താളങ്ങളിലും അടവുകളിലുമുളള കൃത്യതയും കരണങ്ങളിലെ പൂർണ്ണതയും ചലനങ്ങളിലെ വൈവിധ്യവും ലാസ്യവും അഭിനയത്തികവും ചേർന്നു വരുന്ന ഒട്ടേറെ നൃത്താവതരണങ്ങൾക്ക്‌ നാം സാക്ഷ്യം വഹിച്ചിട്ടുണ്ടാവാം. പക്ഷേ അവ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയിട്ടുണ്ടോ എന്നോർക്കുക. ഉണ്ടാവാം. എങ്കിലും സംഗീത സാഹിത്യാദികലകളെ അപേക്ഷിച്ച്‌ തുലോം കുറവാവും അതെന്നതിന്‌ തർക്കമുണ്ടാവില്ല.

നൃത്തത്തിന്റെ കാര്യത്തിൽ എന്തുകൊണ്ട്‌ ഇത്തരമൊരനുഭവം വിരളമാവുന്നു എന്നന്വേഷിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യമെങ്കിലും പ്രഥമദൃഷ്‌ട്യാ തോന്നുന്ന ഒരു കാരണം മാത്രം പറഞ്ഞുകൊളളട്ടെ. നൃത്താവതരണസമയത്ത്‌ നർത്തകൻ ഒരുപാടു ചട്ടക്കൂടുകളിൽ ബന്ധിതനാണെന്നതാണത്‌. താളവും വാദ്യവും അടവുകളും സംഗീതവും എല്ലാം കൃത്യവും ആകാരവും ആഹാര്യവും സുന്ദരവുമായാലേ ഒരു നൃത്താവതരണം മൂന്നാമത്തെ തലം വരെയെത്തു. ഇതിലൊന്നു പിഴച്ചാൽ അവതരണത്തിലും ആസ്വാദനത്തിലും ഭംഗം നേരിടും. എല്ലാം ഒത്തുവരിക അപൂർവ്വവും. ഇത്രയും കഴിഞ്ഞുവേണം ചിത്ത സംസ്‌കരണം നടക്കാൻ. കലാസ്വാദനപ്രക്രിയയിൽ കലാകാരന്റെയും ആസ്വാദകന്റെയും ഭാവന ഒരു ഘട്ടത്തിൽ താദാത്മ്യം പ്രാപിക്കുകയും പിന്നീട്‌ കലാകാരൻ സ്വയം ഒരുയർന്ന തലത്തിലെത്തി ആസ്വാദകനുമായി അതീന്ദ്രിയമായ സംവേദനം നടത്തുകയും ചെയ്യുമ്പോഴാണ്‌ ഈ ചിത്ത സംസ്‌കരണം ഇരുകൂട്ടർക്കും അനുഭവവേദ്യമാകുന്നത്‌. അത്തരത്തിൽ, ആസ്വാദകരെ രസാനുഭൂതിയുടെ പാരമ്യത്തിലേക്കുയർത്തിയ, ഈ ലേഖികസാക്ഷ്യം വഹിച്ച ഒന്നുരണ്ടു കലാപ്രകടനങ്ങളെക്കുറിച്ചൊന്നു സൂചിപ്പിക്കട്ടെ. താളം ഫെസ്‌റ്റിവലിന്റെ ഭാഗമായി (2007) തൃശൂരിൽ അവതരിപ്പിക്കപ്പെട്ട ശ്രീധർ-അനുരാധ ദമ്പതിമാരുടെ (ബാംഗ്ലൂർ) ഭരതനാട്യം അവരുടെ പാരസ്പര്യം കൊണ്ടും നൃത്താവതരണത്തിലെ പൊരുത്തം കൊണ്ടും ഭാവതീവ്രതകൊണ്ടും പൂർണ്ണതയോടടുത്തു നില്‌ക്കുന്ന ഒന്നായിരുന്നു. എന്നാൽ ശ്രീധർ അവതരിപ്പിച്ച ‘ശബരി’യെന്ന അവസാനയിനം കാണികളെ ഭക്തിയുടെയും ആത്മീയോൽക്കർഷത്തിന്റെയും ഉച്ചക്കോടിയിലെത്തിച്ചു. ശ്രീരാമസാമീപ്യത്തിൽ ശബരിയ്‌ക്കുണ്ടായ ആനന്ദാശ്രുക്കൾ അക്ഷരാർത്ഥത്തിൽ കാഴ്‌ചക്കാരുടെ ശിരസ്സിൽ തളിച്ച തീർത്ഥം പോലെയായി. കയ്യടി പോലും അപ്രസക്തമായിപ്പോയിരുന്നു. അവാച്യമായ അനുഭൂതി പകർന്ന മറ്റൊരനുഭവം ശ്രീമതി ഉഷാ നങ്ങ്യാരുടെ പൂതനാമോക്ഷം നങ്ങ്യാർക്കൂത്തായിരുന്നു. (വേദി-ബ്രഹ്‌മസ്വം മഠം-2007). യശോദയുടെ മടിയിൽക്കിടന്ന്‌ മുലയുണ്ണുകയും ഇടയ്‌ക്ക്‌ കളളക്കണ്ണാൽ അമ്മയെ നോക്കിച്ചിരിക്കുകയും ചെയ്യുന്ന ഉണ്ണിക്കൃഷ്‌ണന്റെ ചിത്രം മനസ്സിലാഴത്തിൽ പതിഞ്ഞു കിടക്കുകയാണ്‌. വർണ്ണനാതീതമായിരുന്നു ആ ദൃശ്യാനുഭവം.

ഉദാത്തവും നിർമ്മലവുമായ രസാനുഭവത്തിന്റെ മകുടോദാഹരണമായിരുന്ന മറ്റൊരു കലാവിരുന്നിനെക്കുറിച്ച്‌ പറയാനായിരുന്നു ആമുഖമായി ഇത്രയും സൂചിപ്പിച്ചത്‌. ഈ വർഷം (24-2-2008) ഗുരുവായൂരിൽ ഉത്സവക്കാലത്തരങ്ങേറിയ പ്രസിദ്ധ നർത്തകിയും ഗായികയും ടെലിവിഷൻ അവതാരികയുമായ ശ്രീമതി രാജശ്രീവാര്യരുടെ ഭരതനാട്യം മുമ്പേ സൂചിപ്പിച്ച രേചനതലത്തിലെത്തുന്നു. കൃഷ്‌ണലീലകളുടെ ആവിഷ്‌ക്കാരം ആസ്വാദകർ എന്നും നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിട്ടുണ്ട്‌. അത്‌ ഗുരുവായൂരിലാവുക കൂടി ചെയ്‌താലോ? ഈശ്വരചൈതന്യം പുറത്തേക്കൊഴുകിയെത്തിയ മനോഹരമായ സന്ധ്യാസമയം, നൂറുകണക്കിന്‌ ഭക്തജനങ്ങൾ, അത്യുന്നതങ്ങളായ അനേകം കലാപ്രകടനങ്ങൾക്ക്‌ വേദിയായ മേല്പത്തൂർ ഓഡിറ്റോറിയം, സർവ്വോപരി ഗുരുവായൂരപ്പൻ സാക്ഷി. ഒരു കലാകാരിയ്‌ക്ക്‌ ഇതിൽ കൂടുതൽ സൗഭാഗ്യമുണ്ടാകാനില്ല. നർത്തകീ ലക്ഷണങ്ങൾ തികഞ്ഞ രാജശ്രീ വിഘ്‌നേശ്വരനെ വന്ദിച്ച്‌ തുടങ്ങിയ നൃത്തപരിപാടി തുടക്കം മുതലൊടുക്കം വരെ ഭാവതാളലയ നിബദ്ധവും സുന്ദരവുമായിരുന്നു. ‘ഒരു കുട്ടിയ്‌ക്കു ചേരാത്ത കുറുമ്പു കാണിക്കുന്ന ഇവനെയാണോ യശോദേ, നീ കുട്ടിയെന്നു വിളിക്കുന്നത്‌!’ എന്നർത്ഥം വരുന്ന രണ്ടാമത്തെ കൃതി ‘ചിക്കവനേയിവനോ…’ പിന്നീടവതരിപ്പിച്ച ‘അഷ്ടൈശ്വര്യങ്ങൾ’ എന്ന ഉൽക്കൃഷ്‌ടമായ കലാസൃഷ്‌ടിയിലേക്കുള്ള ഒരു വഴികാട്ടിയായി.

യോഗസിദ്ധികൊണ്ടു നേടുന്ന എട്ടു ഗുണങ്ങളാണ്‌ ‘അഷ്‌ടൈശ്വര്യം അണിമ (സ്വശരീരം അണുവിനെപ്പോലെ ചെറുതാക്കൽ) ഗരിമ (മഹത്വം, പ്രാധാന്യം) മഹിമ (സ്വരൂപം ഹിതാനുസരണം വലു​‍ാതാക്കൽ) ലഘിമ (യോഗം കൊണ്ട്‌ ശരീരം തുലോം ചെറുതാക്കൽ, ഈശത്വം. (ഈശ്വരന്റെ ഭാവം, ശക്തി ), വശിത്വം (ആരേയും ഹിതമനുസരിച്ച്‌ വശപ്പെടുത്താനുള്ള ശക്തി) പ്രാപ്‌തി (സാധാരണക്കാർക്ക്‌ മനസ്സുകൊണ്ടുപോലും ഗ്രഹിക്കാനാവാത്തത്‌ കൈവരുത്താനുള്ള കഴിവ്‌), പ്രാകാശ്യം (എപ്പോൾ എവിടെ പ്രകാശിക്കണമെന്നു വിചാരിക്കുന്നുവോ അവിടെ പ്രത്യക്ഷമാവാൻ). ഇവയാണ്‌ ആ അമാനുഷപ്രഭാവങ്ങൾ കൃഷ്‌ണാവതാരത്തിലെ വിവിധ സന്ദർഭങ്ങളും വാമനാവതാരകഥയും അടിസ്‌ഥാനപ്പെടുത്തി രാജശ്രീ ’അഷ്ടൈശ്വരങ്ങൾ‘ രംഗത്തവതരിപ്പിച്ചപ്പോൾ അത്‌ ഐശ്വര്യപ്രദായിനിയായ അപൂർവ്വാനുഭൂതിയായി.

(തുടരും…..)

Generated from archived content: eassay1_nov13_08.html Author: dr.e_sandhya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here