‘ഈശത്വം’ പ്രത്യക്ഷവൽക്കരിക്കപ്പെട്ടത് ഗോവർദ്ധനോദ്ധാരണത്തിലൂടെയായിരുന്നു. എത്ര അനായാസമായാണ് ഗോവർദ്ധനം ഉയർത്തപ്പെട്ടത്! ഉയർത്തുന്നത് ഭഗവാനാണല്ലോ. അപ്പോഴത് അങ്ങനെയാവാനേ തരുമുള്ളൂ. മാത്രമല്ല, പർവതത്തിനെ ചെറുവിരലിൽ നിർത്തുക കൂടി ചെയ്‌തു കൃഷ്‌ണൻ. മറുകൈകൊണ്ട് പർവതക്കീഴിൽ നല്‌ക്കുന്ന പശുക്കിടാവിന് ചൊറിഞ്ഞുകൊടുക്കുന്നു ഒരു കുഞ്ഞിനെ എടുത്തുയർത്തി, പർവ്വതത്തിന്റെ പൊക്കം കാണണോ എന്നു ചോദിക്കുന്നു…. കൗതുകകരവും ഭാവനാരമ്യവും മനോധർമ്മാഭിനയത്താൽ സമ്പുഷ്‌ടവുമായിരുന്നു ആ രംഗങ്ങൾ. ‘ലഘിമ’യ്‌ക്കുവേണ്ടി ഉപയോഗപ്പെടുത്തിയത് വാമനാവതാര കഥയാണ്. കുറിയവനായ ബ്രാഹ്‌മണ ബാലന്റെ രംഗപ്രവേശം വളരെ ഹൃദ്യമായി.
കുരുക്ഷേത്രയുദ്ധം നടക്കുന്നു. ശത്രുപക്ഷത്തുനില്‌ക്കുന്ന ഗുരുവിനേയും ഗുരുതുല്യരായ അനേകം മഹാരഥന്മാരേയും എങ്ങനെ നേരിടേണ്ടൂ എന്നറിയാതെ വിഷണ്ണനായി, ആയുധം താഴെ വെച്ച് രഥത്തിൽ തളർന്നിരിക്കുന്നയാണ് അർജ്ജുനൻ എങ്ങനെ കഴിയും അർജ്ജുനന് അവരോടെതിർക്കാൻ? പ്രത്യേകിച്ച് ദ്രോണാചാര്യരോട്? വില്ലുകെട്ടാനാവാതെ, അമ്പുതൊടുക്കാനറിയാതെ പകച്ചു നിന്നുപോയ അഭ്യാസത്തിന്റെ ആദ്യനാളുകളിൽ, ഒരു പിതാവിന്റെയും ഗുരുവിന്റെയും സ്‌നേഹം ഒപ്പം ചൊരിഞ്ഞ് തന്റെ കഴിവു കണ്ടെത്തി വിദ്യ പകർന്നുതന്ന ആചാര്യനെപ്പറ്റി അർജ്ജുനൻ ഓർക്കുമ്പോൾ കാണികളും സമാനമായ ഏതൊക്കെയോ അനുഭവങ്ങളിലൂടെ കുടന്നു പോവുകയായിരുന്നിരിക്കണം. അർജ്ജുനന്റെ ഓർമ്മകളിലൂടെയുള്ള യാത്ര ഗുരുശിഷ്യബന്ധത്തെക്കുറിച്ച് മറ്റൊരു തിരിച്ചറിവുണ്ടാക്കുകയാണ്. ഗൗരവങ്ങളായ കാര്യങ്ങൾ പഠിപ്പിച്ചതുകൊണ്ടോം, സാങ്കേതിക രീതികളഭ്യസിപ്പിച്ചതുകൊണ്ടോ അല്ല ഒരാചാര്യൻ സ്‌മരിയ്‌ക്കപ്പെടുന്നത്. അതിനുമപ്പുറം അദ്ദേഹത്തിന്റെ മനുഷ്യത്വവും മനസ്സിന്റെ ഔന്നത്യവും സ്‌നേഹവും പരിഗണനയും ഒക്കെയാവും ഒരു വിദ്യാർത്ഥി നെഞ്ചോടു ചേർത്തു വെയ്‌ക്കുക. അവസാനം ‘വിശ്വരൂപം’ കാണിച്ച് കൃഷ്‌ണൻ അർജ്ജുനനെ എല്ലാ ചിന്താക്കുഴപ്പങ്ങളിൽ നിന്നും മോചിപ്പിക്കുന്നു. ‘മഹിമ’യുടെ ദർശനം മഹനിയമായൊരുൾക്കാഴ്‌ച പകർന്നു.
സ്‌ത്രീകളുടെ എക്കാലത്തെയും ഇഷ്‌ടദൈവമാണല്ലോ ശ്രീകൃഷ്‌ണൻ. പൂർത്തികരിക്കാനാവാത്ത അനുരാഗത്തിന്റെ മൂർത്തിമദ്‌ഭാവം വീട്ടുജോലികളെല്ലാം തീർത്ത് ഗോപിക, കുഞ്ഞിനെ തൊട്ടിലാട്ടിയുറക്കുകയാണ്. ഭർത്താവ് എപ്പോഴോ നിദ്രയിലാണ്ടു. യമുനാ തീരത്തു നിന്നിതാ ഒരു മുരളീഗാനമൊഴുകിയെത്തുന്നു. അവൾക്ക് അങ്ങോട്ട് പോകാതെ വയ്യ. മനസ്സും ശരീരവും കണ്ണനെക്കാണാൻ വെമ്പുകയാണ് പക്ഷേ ജീവിതം അവളെ വീട്ടിൽ കെട്ടിയിടുന്നു. കുഞ്ഞുറങ്ങുന്നില്ല, ഭർത്താവുണരുമോയെന്ന ശങ്ക. വല്ല വിധേനയും കുട്ടിയെ ഉറക്കി, ശബ്‌ദമില്ലാതെ അവൾ വീടുവിട്ടോടുന്നു. യമുനാതീരത്തെത്തിയപ്പോഴോ, നിറനിലാവിൽ മുരളിയൂതുന്ന കൃഷ്‌ണന്റെ സമ്മോഹന ദൃശ്യം അവൾ അറിയാതെ നൃത്തം ചെയ്‌തു പോവുന്നു. താളമിടാൻ കൈയിലണിഞ്ഞ കുറച്ചു വളകൾ മാത്രം. കൈവളകൾ തട്ടി, വട്ടം കറങ്ങി, അവളെ മറന്ന്, കുഞ്ഞിനെ മറന്ന് ഈ ലോകം മറന്ന് അവൾ ആനന്ദനൃത്തമാടുകയാണ്. സദസ്യരും സ്വയം മറന്ന് മനസ്സുകൊണ്ട് ആ രാസക്രീഡയിൽ പങ്കെടുക്കുന്നതു പോലെ തോന്നി. കൃഷ്‌ണന്റെ സാമീപ്യവും സ്‌പർശവും ഗോപികമാരിൽ ഉണ്ടാക്കുന്ന അനുഭൂതി ശാരീരികവും വൈകാരികവുമായ ഒരു തലത്തിനപ്പുറത്താണ് അതിന്റെ അനന്ത സാധ്യതകൾ വർണ്ണാനാതീതവും ആത്മാവുകൊണ്ട് ആത്മാവിനെയറിയുന്ന ഒരു പ്രകിയയാണ് രാസക്രീഡ. അതിന്റെ സാരാംശം ഉൾക്കൊണ്ടുകൊണ്ടവതരിപ്പിച്ച ‘വശിത്വം’ എന്ന ഐശ്വര്യം വേദിയിൽ നിറഞ്ഞു കവിയുകയായിരുന്നു.
ഒന്നര മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുണ്ടായിരുന്ന ‘അഷ്ടൈശ്വര്യങ്ങൾ’ക്ക് പരിസമാപ്‌തി വന്നപ്പോൾ മനസ്സിനൊരു നവീകരണം സംഭവിച്ചിരുന്നു.
ഭരതനാട്യക്കച്ചേരിയിലെ സുപ്രധാന ഇനമായ ‘വർണ്ണ’ത്തിനു പകരമായിട്ടായിരുന്നു അഷ്ടൈശ്വര്യങ്ങൾ അവതരിപ്പക്കപ്പെട്ടത്. ശുദ്ധനൃത്തവും (ചിട്ടസ്വരങ്ങളായി) അഭിനയവും ശ്ലോകങ്ങളായി) ഇടകലർത്തിയായിരുന്നു അവതരണം. പദാർത്ഥഭിനയത്തിൽ നിന്ന് വാക്യാർത്ഥാഭിനയത്തിലേയ്‌ക്കും അവിടന്ന് മനോധർമ്മത്തിലൂടെ രസാനുഭൂതിയിലേയ്‌ക്കുള്ള ഒഴുക്ക് സുഖദമായിരുന്നു. ശ്രീ റെജു നാരായണൻ (വായ്‌പാട്ട്) ശ്രീ. പ്രവീൺ (നട്ടുവങ്കം) ശ്രീ നെല്ലായ് ഡി. കണ്ണൻ (മൃദഗം) ശ്രീ തിരുവനന്തപുരം ശ്രീകുമാർ (വയലിൻ) എന്നീ പക്കമേള കലാകാരന്മാരും അവസരത്തിനൊത്തുയർന്നു. റെജു തന്നെയാണ് അഷ്ടൈശ്വര്യങ്ങളുടെ സംഗീത സംവിധാനവും നിർവ്വഹിച്ചത്. ശ്ലോകങ്ങളുടെ ആലാപനത്തിന് ഉപയോഗിച്ചരാഗങ്ങൾ ഭാവങ്ങളുമായി ഇഴചേർന്നു പോന്നു. കുബ്‌ജയുടെ അവതരണത്തിന് സാവേരിയും ദ്രൗപതിയുടെ ആകുലതകൾക്ക് ശുഭപന്തുരാളിയും ഗോവർദ്ധനോദ്ധരണ സമയത്ത് പ്രസന്നഭാവമുള്ള ബിലഹരിയും മിഴിവേകി.
ക്ലാസിക്കൽ നൃത്തമഭ്യസിച്ച പ്രശസ്‌തരായ പല നർത്തകികളും (പത്മമേനോൻ, ഭഷാസേത്ത്) അടുത്ത കാലത്ത് അവയുപേക്ഷിച്ച് ചില സ്വതന്ത്രനൃത്താവിഷ്‌കാര രീതികളിലേയ്‌ക്ക് തിരിഞ്ഞിട്ടുണ്ട്. ആത്മാവിഷ്‌ക്കാരത്തിന് യോജിച്ച ഒന്നല്ല പലപ്പോഴും ക്ലാസ്സിക്കൽ നൃത്ത രൂപങ്ങളൊന്നും ആധുനിക ജീവിതത്തെയോ സമൂഹത്തെയോ അവതരിപ്പിക്കാൻ പറ്റിയ ഘടനയല്ലഅവയ്‌ക്കെന്നും ശരീരത്തിന്റെ മൊത്തമായ ഭാഷ ഉപയോഗപ്പെടുത്തുന്നതിൽ അവ പരാജയപ്പെടുന്നുണ്ടെന്നും അഭിപ്രായമുണ്ട്. പ്രത്യേകിച്ച് പുരാണങ്ങളെ അവലംബിച്ച് അവതരിപ്പിക്കപ്പെടുന്ന ഇനങ്ങളിൽ ആധുനിക സ്‌ത്രീയുടെ ആത്‌മസത്തയുടെ ആവിഷ്‌ക്കാരം തടസ്സപ്പെടുന്നുണ്ട് എന്ന് പത്മാമേനോൻ നിരീക്ഷിക്കുന്നു.
ക്ലാസ്സിക്കൽ നൃത്തങ്ങളിൽ അന്തർലീനമായിരിക്കുന്ന ആത്മീയതയും മുദ്ര തുടങ്ങിയ വ്യവസ്ഥാപിത ചിട്ടവട്ടങ്ങളും ആത്മപ്രകാശനത്തിനുള്ള പ്രതിബന്ധങ്ങളത്രേ. പക്ഷേ രാജശ്രീ നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നത് വേറൊരു വിധത്തിലാണ്. ഒരു യഥാർത്ഥ കലാകാരിക്ക് മാധ്യമം ഒരു തടസ്സമല്ലെന്നതാണത്. മാത്രമല്ല തന്റെ നൃത്തത്തിലൂടെ അത് തെളിയിക്കുകയും കാണികളെ കാലദേശഭാഷകൾക്കതീതവും സംസ്‌കൃതവുമായ മാനസികാവസ്‌ഥയിലെത്തിയ്‌ക്കുകയും ചെയ്യുന്നു. ‘അഷ്ടൈശ്വര്യങ്ങൾ വ്യത്യസ്തമായൊരനുഭവമായതും അതുകൊണ്ടുതന്നെ.
അവലംബം
1) സാഹിത്യവിദ്യ, അഞ്ചാം പതിപ്പ്, കുട്ടികൃഷ്‌ണമാരാര്, മാരാർ സാഹിത്യ പ്രകാശം, കോഴിക്കോട്, 1981.
2) കാവ്യാസ്വാദനം (ലേഖനം), കുട്ടികൃഷ്‌ണമാരാര്, ഗദ്യമഞ്ഞ്‌ജരി രണ്ടാം ഭാഗം, കോഴിക്കോട് സർവ്വകാശാല പ്രസിദ്ധീകരണം, 1979.
3) നൃത്തം ശരീരത്തിന്റെ മാതൃഭാഷയാണ് (ലേഖനം), പദ്‌മമേനോൻ, മാതൃഭൂമി ആഴ്‌ചപ്പതിപ്പ്, 2008 ഫെബ്രുവരി 4.
താരതമ്യ നാട്യദർശനം – ഭരതനും അരിസ്‌റ്റോട്ടിലും, ഡോ.ധന്യ മേനോൻ, കേരളഭാഷ ഇൻസ്‌റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2008.
* ’അഷ്‌ടൈശ്വര്യം‘ രാജശ്രീ പിന്നീട് കേരളത്തിൽ പലയിടത്തും അവതരിപ്പിക്കുകയുണ്ടായി.
Generated from archived content: ashtaiwaraym3.html Author: dr.e_sandhya
Click this button or press Ctrl+G to toggle between Malayalam and English