കിഡ്‌നിസ്‌റ്റോണിനെ കരുതിയിരിക്കുക

എന്താണ്‌ മൂത്രക്കല്ല്‌ അഥവാ വൃക്കയിലെ കല്ല്‌

മൂത്രത്തിന്റെ കട്ടി (സാന്ദ്രത) കൂടുന്നതിന്റെ ഫലമായി ചില രാസവസ്‌തുക്കൾ ഉറഞ്ഞ്‌ ഉണ്ടാകുന്ന പരൽപോലുള്ള കല്ലുകളെയാണ്‌ കിഡ്‌നിസ്‌റ്റോൺ അഥവാ മൂത്രക്കല്ല്‌ എന്ന്‌ പറയുക. ഇവ മൂത്രത്തിലൂടെ ഒഴുകിപ്പോകാൻ പറ്റാത്തവിധം വലിപ്പം കൂടുമ്പോൾ അനുഭവപ്പെടുന്ന രോഗലക്ഷണങ്ങൾ പലതാണ്‌. വിട്ടുവിട്ടുള്ള കലശലായ വയറുവേദന, മുത്രത്തിലുള്ള രക്തസ്രാവം, മൂത്രതടസ്സവും തുടർന്നുണ്ടാകുന്ന അണുബാധയും മൂലമുണ്ടാകുന്ന പനി, വിറയൽ മൂത്രമൊഴിക്കുമ്പോൾ വേദന തുടങ്ങി നരകയാതനയിലേക്ക്‌ രോഗിയെ തള്ളിവിടാൻ ഈ മാത്രക്കല്ലുകൾക്ക്‌ കഴിയും. വൃക്കയ്‌ക്കുള്ളിലാണ്‌ ഇവ സാധാരണയായി രൂപപ്പെടുന്നതെങ്കിലും മൂത്രമൊഴിക്കുമ്പോൾ സംഭവിക്കുന്ന സ്‌ഥാനചലനം നിമിത്തം മൂത്രനാളിയുടെ ഏതു ഭാഗത്തും ഇവ കണ്ടുവെന്നു വരാം. സാധാരണഗതിയിൽ മൂത്രത്തിലെ രാസവസ്‌തുക്കൾ ഉറഞ്ഞുണ്ടാകുന്ന കല്ലുകൾ മൂത്രത്തോടൊപ്പം ഒഴുകിപ്പോകുമെങ്കിലും ചിലപ്പോൾ മൂത്രനാളിയുടെ വശങ്ങളിൽ അവ ഒട്ടിപ്പിടിക്കുന്നു. ക്രമേണ മറ്റു രാസവസ്‌തുക്കൾ ഇവയ്‌ക്കു ചുറ്റും അടിഞ്ഞുകൂടുകയും വളർന്നു വലുതാകുകയും ചെയ്യുന്നു. മിക്കവാറും വൃക്കയിൽ ആരംഭം കുറിക്കുന്ന ഇത്തരം കല്ലുകൾ, ക്രമേണ മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ എത്തുന്നു. ആഹാര രീതിക്കനുസരണമായും ശരീരം പുറന്തള്ളുന്ന രാസവസ്‌തുക്കളുടെ ഏറ്റക്കുറച്ചിലിനനുസരിച്ചും വൃക്കയിലെ കല്ലുകളെ നാലായി തരം തിരിക്കാം.

1. കാൽസ്യം കല്ലുകൾ

ശരീരം പുറന്തള്ളുന്ന കാൽസ്യത്തിന്റെ അളവ്‌ കൂടുന്നതുമൂലം ഓക്‌സലേറ്റ്‌ (oxalate), ഫോസ്‌ഫേറ്റ്‌ (phosphate) തുടങ്ങിയ രാസവസ്‌തുക്കളുമായി ചേർന്ന്‌ രൂപപ്പെടുന്നവയാണ്‌ ഇത്തരം കിഡ്‌നി സ്‌റ്റോൺസ്‌. എന്നു കണ്ടു വരുന്ന കിഡ്‌നി സ്‌റ്റോൺ രോഗികളിൽ ഭൂരിഭാഗവും (75-85 ശതമാനം) ഈ വിഭാഗത്തിൽപ്പെടും. ഇത്തരം കല്ലുള്ളവരും വരാൻ സാദ്ധ്യതയുള്ളവരും പാലും പാലിൽ നിന്നുല്‌പാദിപ്പിക്കുന്ന പദാർത്ഥങ്ങളും അമിതമായി ഭക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കണം. തക്കാളി, ചീര വർഗ്ഗങ്ങൾ, മുന്തിരി, കശുവണ്ടി മുതലായവ മിതമായി മാത്രം കഴിക്കുക. കൊഞ്ച്‌, കക്ക, കണവ, ഞണ്ട്‌ മുതലായവ നിയന്ത്രിക്കേണ്ടതും ആവശ്യമാണ്‌. ചോക്‌ളേറ്റ്‌, കോളകൾ, കട്ടൻചായ, കട്ടൻ കാപ്പി മുതലായവയിൽ ഓക്‌സലേറ്റ്‌ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അവയുടെ ഉപയോഗം കുറയ്‌ക്കുന്നതും ഉചിതമായിരിക്കും.

2. യൂറിക്‌ ആസിഡ്‌ കല്ലുകൾ

മൂത്രത്തിൽ യൂറിക്‌ ആസിഡ്‌ അധികരിച്ചുണ്ടാകുന്ന ഇത്തരം കല്ലുകൾ 5 മുതൽ 10 ശതമാനം വരെ സ്‌റ്റോൺ രോഗികളിൽ കണ്ടെന്നു വരാം. ഇതും പുരുഷൻമാരിലാണ്‌ കൂടുതലായി കാണുന്നത്‌. ഇതിന്‌ ചികിത്സ തേടുന്നവരും സാധ്യതയുള്ളവരും മാംസാഹാരം വർജ്ജിക്കണം. ബീഫ്‌, മട്ടൻ, മുട്ട എന്നിയ കഴിവതും ഒഴിവാക്കണം. കോഴിയുടേയും മീനിന്റേയും ഉപയോഗം കുറയ്‌ക്കണം. അയല, മത്തി, നെത്തോലി തുടങ്ങിയ മത്സ്യങ്ങൾ സ്‌ഥിരമായി ഉപയോഗിക്കരുത്‌. കത്തിരിക്ക, മത്തങ്ങ, കോളിഫ്‌ളവർ മുതലായവയും കുറയ്‌ക്കുന്നത്‌ നന്നായിരിക്കും.

3. സ്‌ട്രുവൈറ്റ്‌ കല്ലുകൾ

സ്‌ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഈ രോഗം മൂത്രാശയത്തിൽ പഴുപ്പും അണുബാധയും സ്‌ഥിരമായി ഉണ്ടാക്കുന്നു. കാൽസ്യം, മഗ്നീഷ്യം, അമോണിയം ഫോസ്‌ഫേറ്റ്‌, തുടങ്ങിയവ അധികരിച്ചുണ്ടാകുന്നവയാണ്‌ ഇത്തരം കല്ലുകൾ. ഉദ്ദേശം പത്തു മുതൽ 15 ശതമാനം രോഗികളിൽ സ്‌ട്രുവൈറ്റ്‌ സ്‌റ്റോൺസ്‌ കാണാറുണ്ട്‌. ആന്റി ബയോട്ടിക്‌ മരുന്ന്‌ കഴിച്ച്‌ മൂത്രത്തിലെ പഴുപ്പ്‌ ഒഴുവാക്കുന്നതാണ്‌ ഈ കല്ലുകളെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗ്ഗം.

വൃക്കയിലെ കല്ലിന്റെ രോഗലക്ഷണങ്ങൾ

അപ്രതീക്ഷിതമായി അനുഭവപ്പെടുന്ന അതികലശലായ വേദനയാണ്‌ വൃക്കയിലെ കല്ലിന്റെ പ്രധാനമായ രോഗലക്ഷണങ്ങളിൽ ഒന്ന്‌. ഇത്‌ മിനിറ്റുകളോ മണിക്കൂറുകളോ നീണ്ടു നിന്നെന്നു വരാം. പിന്നീട്‌ കുറേക്കാലത്തേക്ക്‌ യാതൊരു പ്രശ്‌നവും ഉണ്ടായിരിക്കുകയില്ല. പലപ്പോഴും ഈ വേദനയെ പ്രസവ വേദനയോടാണ്‌ താരതമ്യം ചെയ്യുന്നത്‌. വയറിന്റെ പിൻഭാഗത്തും വശത്തുമാണ്‌ വേദന തുടങ്ങുന്നത്‌. വൃക്കയേയും മൂത്രാശയത്തേയും ബന്ധിപ്പിക്കുന്ന മൂത്രവാഹിനിക്കുഴലിൽ, കല്ലിന്റെ സ്‌ഥാനമനുസരിച്ച്‌ വയറിന്റെ മുൻഭാഗത്തേക്ക്‌ വേദന പടർന്നുവെന്ന്‌ വരാം. മൂത്രത്തിൽ ഉണ്ടാവുന്ന രക്തസ്രാവം ആണ്‌ വൃക്കയിലെ കല്ലിന്റെ മറ്റൊരു രോഗലക്ഷണം. കൂടെക്കൂടെ മൂത്രം ഒഴിക്കുവാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ അനുഭവപ്പെടുക മുതലായവയും മൂത്രാശയക്കല്ലിന്റെ രോഗലക്ഷണങ്ങളാവാം. ചിലരിൽ ഓക്കാനം, ഛർദ്ദി എന്നിവയും കണ്ടുവരുന്നു. കലങ്ങി ദുർഗന്ധമുള്ള പഴുപ്പു കലർന്ന മൂത്രം, പനി, വിറയൽ മുതലായ ലക്ഷണങ്ങളും ചിലപ്പോൾ കാണാറുണ്ട്‌.

വൃക്കയിലെ കല്ലിനു കാരണമായേക്കാവുന്ന ഘടകങ്ങൾ

പ്രായം-50 വയസ്സിനു മുകളിൽ രോഗസാദ്ധ്യത കൂടുതലാണ്‌, സ്‌ത്രീ പുരുഷ വ്യത്യാസം- പുരുഷൻമാരിൽ സ്‌ത്രീകളുടേതിനേക്കാൾ മൂന്നിരട്ടി കൂടുതലായി കാണുന്നു. ആഹാരരീതി, പാരമ്പര്യം, അടിക്കടി അണുബാധ മൂലമുണ്ടാകുന്ന മൂത്രാശയ രോഗങ്ങൾ (Urinary Tract Infection) വെള്ളം കുടിക്കുന്നതിന്റെ അളവ്‌ കുറക്കുക, വൃക്കയുടെ തകരാറുകൾ, രോഗങ്ങൾ, പ്രചനനവ്യവസ്‌ഥയിലെ തകരാറുകൾ, ജനിതകപ്രശ്‌നങ്ങൾ, യൂറിക്‌ ആസിഡിന്റെ അളവ്‌ അധികരിക്കൽ തുടങ്ങിയവ, വിറ്റാമിൻ സി.ഡി. എന്നിവയുടെ അധികരിച്ച ഉപയോഗം, മൂത്രാശയ തടസ്സം, മദ്യപാനം, ചിലതരം മരുന്നുകളുടെ അമിതമായ ഉപയോഗം തുടങ്ങിയവ.

വൃക്കയിലെ കല്ലും ഭക്ഷണ ക്രമീകരണങ്ങളും

വെള്ളംകുടിക്കുന്നതിൽ പിശുക്ക്‌ കാട്ടുന്നവരിലാണ്‌ കല്ലുകൾ കൂടുതലായി കണ്ടു വരുന്നത്‌. പ്രത്യേകിച്ചും ഉഷ്‌ണകാലത്ത്‌ നമ്മുടെ ശരീരത്തിൽ നിന്നും ജലാംശം നല്ലൊരളവ്‌ വിയർപ്പായി നഷ്‌ടപ്പെടുന്നു. ഇക്കാരണത്താൽ വൃക്കകൾ മൂത്രത്തിൽ നിന്നും ജലാംശം വലിച്ചെടുക്കുകയും ഇത്‌ കല്ലുണ്ടാകാൻ പ്രേരകമാവുകയും ചെയ്യുന്നു. അതിനാൽ ദിവസേന 2-3 ലിറ്റർ വെള്ളം കുടിച്ചാൽ കല്ലുണ്ടാകുന്നത്‌ ഒരു പരിധിവരെ നമുക്ക്‌ തടയാൻ സാധിക്കും. കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം, ഓറഞ്ച്‌ – പൈനാപ്പിൾ നീര്‌ എന്നിവ കല്ലിനെ പ്രതിരോധിക്കുന്ന ലക്ഷണങ്ങളാൽ സമ്പന്നമാണ്‌. ചെറുപഴം, കാരറ്റ്‌, പാവയ്‌ക്ക, ബാർലി, വാഴത്തട, ഉള്ളി മുതലായവയും വൃക്കയിലെ കല്ലിനെ പ്രതിരോധിക്കാൻ വിശിഷ്‌ടമാണ്‌.

ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. അമിതമായി ഉപ്പടങ്ങിയ അച്ചാർ, പപ്പടം മുതലായവ കഴിവതും വേണ്ടെന്നു വയ്‌ക്കുക. നിറം ചേർത്ത ആഹാരസാധനങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയുടെ ഉപയോഗവും കുറയ്‌ക്കുക.

കിഡ്‌നി സ്‌റ്റോണിന്റെ രോഗനിർണ്ണയ മാർഗ്ഗങ്ങൾ

രക്തം, മൂത്രം ഇവയുടെ സാധാരണ പരിശോധന, 24 മണിക്കാർ മൂത്രം ശേഖരിച്ച്‌, മൂത്രത്തിന്റെ അളവ്‌, അസിഡിറ്റി, കല്ലിൽ അടങ്ങിയിരിക്കുന്ന രാസവസ്‌തുനിർണയം (കല്ല്‌ മൂത്രത്തിൽ കൂടി വരുന്നുവെങ്കിൽ മാത്രം) എന്നിവ കെ.യു.ബി (കിഡ്‌നി-യൂറിറ്റർ-ബ്‌ളാഡർ) എക്‌സ്‌റേ, ആൾട്രാ സൗണ്ട്‌ സ്‌കാൻ, ഐ.വി.പി. (ഇൻട്രാവീനസ്‌ പൈലോഗ്രാം) ആവശ്യമെങ്കിൽ സിടി സ്‌കാൻ മുതലായവ.

പ്രധാന ചികിത്സാ വിധികൾ

ശരിയായ രോഗനിർണയത്തിലൂടെയും ഔഷധങ്ങളിലൂടെയും ദിവസേന ധാരാളം (2 മുതൽ 3 ലിറ്റർ വരെ) വെള്ളം കുടിക്കുന്നതിലൂടെയും 4 മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ള 90 ശതമാനം വൃക്കക്കല്ലുകളും മൂന്നു മുതൽ ആറാഴ്‌ചയ്‌ക്കകം മൂത്രത്തിലൂടെ പുറത്തുപോയെന്നു വരാം. എന്നാൽ ശസ്‌ത്രക്രിയയോ മറ്റു മാർഗ്ഗങ്ങളോ ചിലപ്പോൾ ആവശ്യമായി വന്നേക്കാം. ഇതിനുള്ള സാഹചര്യങ്ങൾ പ്രധാനമായുംഃ

മൂത്രക്കല്ലിന്റെ വലിപ്പക്കൂടുതൽ അഥവാ ആകൃതി, മതിയായ കാലയളവിൽ മറ്റു ചികിത്സാ വിധികൾ ഗുണം ചെയ്യാതെ വരിക, ഗുരുതരമായ, തുടർച്ചയായ, അസഹ്യമായ വേദന, മൂത്രത്തിന്റെ ശരിയായ ഒഴുക്ക്‌ തടസ്സപ്പെടൽ, കൂടെക്കൂടെയുണ്ടാകുന്ന മൂത്രാശയ അണുബാധ, വൃക്കയുടെ പ്രവർത്തനത്തിൽ തകരാറു സംഭവിക്കൽ.

കിഡ്‌നി സ്‌റ്റോൺ നിർമ്മാർജ്ജനം ചെയ്യാനുള്ള ശസ്‌ത്രക്രിയാ രീതികൾ

യൂറി ടെറോസ്‌കോപ്പിക്‌ സ്‌റ്റോൺ റിമൂവൽ (ureteroscopic stone removal) ഇവിടെ ചെറിയ കുഴൽ പോലുള്ള ഒരു ഉപകരണം (Ureteroscope) മൂത്രനാളിയിലൂടെ കടത്തി കല്ലിന്റെ സ്‌ഥാനം നിർണയിച്ച ശേഷം നീക്കം ചെയ്യുന്നു. പെർക്യൂട്ടേനിയസ്‌ നെഫ്രോ ലിത്തോട്ടമി (PNL) അഥവാ സുഷിരശസ്‌ത്രക്രിയ (കീഹോ സർജറി) ഇ എസ്‌ ഡബ്‌ള്യൂ എൽ രീതിയിൽ പൊടിക്കാൻ സാദ്ധ്യമാവാത്ത വളരെ വലിയ കല്ലുകളെ പെഫ്രോസ്‌കോപ്പ്‌ എന്ന ഉപകരണം ഉപയോഗിച്ച്‌ ചെറിയ ഒരു മുറിപ്പാടിലൂടെ (കീ ഹോൾ) നീക്കം ചെയ്യുകയാണ്‌ ഈ ശസ്‌ത്രക്രിയാ രീതി, എക്‌സ്‌ട്രാ കോർപേറിയൽ ഷോക്ക്‌ വേവ്‌ ലിത്തോട്രിപ്‌സി (ESWL) ഷോക്ക്‌ വേവ്‌ കല്ലിലേക്ക്‌ കേന്ദ്രീകരിച്ച്‌ മൂത്രക്കല്ല്‌ മണൽത്തരി രൂപത്തിൽ പൊടിച്ച്‌ മൂത്രത്തിലൂടെ പുറന്തള്ളുന്ന രീതിയാണ്‌ ഇതിൽ അവലംബിക്കുക, തുറന്ന മുറിപ്പാടിലൂടെ ശസ്‌ത്രക്രിയ (Open Incisional Surgery) വളരെ വിരളമായി വൃക്ക മുഴുവൻ നിറഞ്ഞു നിൽക്കുന്ന കല്ലുകൾ നീക്കം ചെയ്യാൻ തുറന്ന മുറിപ്പാടിലൂടെ ശസ്‌ത്രക്രിയ വേണ്ടിവരാറുണ്ട്‌. ആയുർദൈർഘ്യം കൂടിയപ്പോൾ മൂത്രാശയക്കല്ല്‌ വരാനുള്ള സാദ്ധ്യതയും വർദ്ധിച്ചു. എന്നാൽ ജീവിതവഴികളിലൂടെ മനുഷ്യന്റെ ആവശ്യാനുസരണം വെള്ളം കുടിച്ചും ചിട്ടയായ ആഹാരരീതി അവലംബിച്ചും, മിതമായ വ്യായാമം ഉറപ്പുവരുത്തിയും മുന്നോട്ടു നീങ്ങിയാൽ മൂത്രക്കല്ലിൽ തട്ടിവീഴാതെ കാലം കഴിക്കാം.

(കടപ്പാട്‌ – ഗോകുലംശ്രീ)

Generated from archived content: essay1_may18_10.html Author: dr.arun

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English