ജീവിതസത്യം തേടുന്ന കഥകൾ

മനസ്സിൽ പെയ്‌തിറങ്ങുന്ന മഴയുടെ കുളിർമ്മയാണ്‌ എസ്‌.സരോജത്തിന്റെ കഥകൾ അനുഭവപ്പെടുത്തുന്നത്‌. മഴ ആർത്തലച്ചുപെയ്യുമ്പോൾ ഭൂമിയുടെ മാറിൽ ചാലുകൾ കീറുന്നുണ്ട്‌, മഴച്ചില്ലകൾ അമർന്നു ഞെരിയുന്നുണ്ട്‌. ആഹ്ലാദങ്ങൾക്കുളളിൽ മുറിവുകളുമായി മഴപെയ്‌തുകൊണ്ടിരിക്കുന്നു. ശ്രീമതി സരോജത്തിന്റെ കഥകൾ നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ ഈ സുഖവും ദുഃഖവും, ശാന്തിയും അശാന്തിയും പരസ്‌പരാഭിമുഖ്യത്തോടെ ആത്മാവിനെ വരിഞ്ഞുമുറുക്കുന്നു.

മഴ പെയ്‌തുകൊണ്ടിരിക്കുന്നു. അപ്പോൾ ആകാശത്തിന്റെ മുഖം നാം ദർശിക്കുന്നില്ല. നീരാവി പടലത്തിനുളളിൽ അത്‌ മറഞ്ഞു കിടക്കുന്നു. എസ്‌.സരോജത്തിന്റെ കഥകളിലും ജീവിതത്തിന്റെ തീക്ഷ്‌ണാനുഭവങ്ങളെ മറച്ചുപിടിക്കുന്ന ഒരാവരണമുണ്ട്‌. പക്ഷേ ഉയരങ്ങളിലേയ്‌ക്ക്‌ പറന്ന്‌ മേഘമാർഗ്ഗം പിന്നിടുമ്പോൾ ആകാശത്തിന്റെ നിറം നാം നേരിട്ടറിയുന്നു. അത്‌ വെണ്മയല്ല, നീലിമയും പ്രത്യക്ഷപ്പെടുന്നില്ല. രക്തത്തിന്റെ ചുവപ്പും ജീവിതാഭിനിവേശങ്ങളുടെ ഹരിതാഭയും ചേർന്നിണങ്ങിയ ഒരപൂർവ്വ വർണ്ണപ്പൊലിമഃ അതാണ്‌ ഈ കഥാന്തരീക്ഷത്തിന്റെ സാന്ദ്രമനോഹാരിത.

ഉന്നതോദ്യോഗത്തിന്റെ തിരക്കുകൾക്കുളളിൽ സർഗ്ഗവാസനയുടെ ചാരുത നഷ്‌ടപ്പെടുത്താത്ത വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാണ്‌ ഈ കഥാകാരി. ശക്തമായ ജീവിതാനുഭവങ്ങളുടെ അഗ്‌നിപ്രഭയിൽ ഉരുകുന്നതിനിടയിൽ കോറിയിട്ട ചിത്രങ്ങൾ. അതിന്റെ ചൂടും വെളിച്ചവും ഓരോ കഥയും വെളിപ്പെടുത്തുന്നുണ്ട്‌.

ഈ സമാഹാരത്തിൽ ചേർത്തിരിക്കുന്ന പതിനാല്‌ കഥകൾക്കും പൊതുവായി കുറിക്കാവുന്ന ഒരാമുഖ വാക്യമുണ്ട്‌. ജീവിതത്തിന്റെ സത്യം തേടുന്ന കഥകൾ, ‘മഴയെ സ്‌നേഹിക്കുന്ന പെൺകുട്ടി’ എന്ന കഥയിൽ ബാല്യകുതൂഹങ്ങളിലേക്ക്‌ ഊളിയിട്ടിറങ്ങുന്ന ചെറുപ്പക്കാരിയുടെ ചിത്രമുണ്ട്‌. മഴയിൽ മുങ്ങിപ്പോകുന്ന തിരുവനന്തപുരത്തെ ബസ്‌സ്‌റ്റേഷനിൽ വണ്ടി നിന്നിട്ടും ഇറങ്ങാൻ കൂട്ടാക്കാത്ത, മഴയെ നോക്കിയിരിക്കുന്ന പ്രിയ എന്ന പെൺകുട്ടി. അവളുടെ മനസ്സിൽ മഴനനഞ്ഞ്‌ സ്‌കൂളിൽപ്പോയിരുന്ന കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ഉണർന്നു വരുന്നു, വികാരങ്ങൾ തുടികൊട്ടിയ പ്രായത്തിൽ അവൾ മഴയെ പ്രണയിക്കാൻ തുടങ്ങി. താളഭേദങ്ങളിൽ അവൾ ഉണർന്നു; രാഗവിലോലതകളിൽ ഉലഞ്ഞു. മഴ നിലയ്‌ക്കുന്ന കാലത്തെക്കുറിച്ച്‌ അവൾക്കു ആലോചിക്കാൻ കഴിയാതെയായി. മഴയോടു സല്ലപിക്കുക, അതു പെയ്‌തിറങ്ങുമ്പോൾ ആ താളത്തിൽ, ഒരു രാത്രിയിൽ പ്രിയതമനോടൊത്ത്‌ പ്രണയം പങ്കുവെയ്‌ക്കുക.

മഴയുടെ താളം എസ്‌. സരോജത്തിന്റെ കഥകൾക്ക്‌ മനോഹാരിത നൽകുന്നു. അതിനെ പ്രണയിക്കാൻ അനുവാചകരെ പ്രേരിപ്പിക്കുന്ന ശില്‌പസൗന്ദര്യം. ജീവിതയാഥാർത്ഥ്യങ്ങളുടെ ഉഷ്‌ണഭൂമിയിൽ നിൽക്കുന്നതുകൊണ്ടാണ്‌ മഴയ്‌ക്കുവേണ്ടി അറിയാതെ കേഴുന്നത്‌. പൂവും പൂന്തെന്നലും പ്രണയവുമൊക്കെ കവിഭാവനയെ ഉണർത്തുന്ന പ്രകൃതിഭാവങ്ങളാണ്‌. പൂവിനു ചുറ്റിപ്പറക്കുന്ന കാമുകനായ കരിവണ്ട്‌ കാമിനിയുടെ കവിളിൽ തലോടുന്നു. ‘സുന്ദരിപ്പൂവേ, നീ എനിക്കു സ്വന്തം’ എന്ന്‌ മൊഴിയുന്നു. പക്ഷേ ഈ പ്രണയത്തെ അംഗീകരിക്കുന്ന സന്മനസ്സല്ല സമൂഹത്തിന്റേത്‌. അവർ പൂവിനെ പൂന്തെന്നലിന്റെ കരവലയത്തിൽ നിന്ന്‌ അകറ്റാൻ ശ്രമിക്കുന്നു; ഒറ്റപ്പെടുത്തുന്നു. അവഗണിക്കപ്പെട്ട ജീവിതത്തിന്റെ സമകാലഭാവങ്ങൾ ചിത്രണം ചെയ്യുന്ന ഏതാനും കഥകളുണ്ട്‌ ഈ സമാഹാരത്തിൽ. പനിനീർപ്പൂവിന്റെ പ്രണയത്തെക്കുറിച്ച്‌ എഴുതുമ്പോൾ നിഷ്‌കളങ്കവും പ്രേമലോലുപവുമായ കവിഹൃദയത്തിന്റെ സ്‌പന്ദനങ്ങളാണ്‌ അനുഭവപ്പെടുക.

ജീവിതത്തിന്റെ സ്വാഭാവികഗതിയിൽ നിന്നു കണ്ടെത്തിയവയാണ്‌ കഥാബീജങ്ങളിൽ ഏറെയും. ഹൃദയോദ്യാനത്തിൽ ലാളിച്ചു വളർത്തുന്ന പൂച്ചെടികൾപോലെ അവ വളരുന്നു; പൂക്കൾ വിടർത്തി ആകർഷകത്വം വരിക്കുന്നു. നല്ല കരുതലോടെ ചെത്തിമിനുക്കി പരിലാളിക്കുന്നവയാണ്‌ അവ. ഭാഷയുടെ ശുദ്ധി ചെയ്യൽ അവയെ പ്രത്യേകം ആകർഷകമാക്കുന്നു. പൂക്കൾക്ക്‌ വർണ്ണപ്പകിട്ടുകൾ ഇല്ല. ചെത്തിയോ തുളസിയോ ചെമ്പരത്തിയോ പോലെ നാടൻ സൗന്ദര്യത്തിന്റെ നിറമാണ്‌ ദൃശ്യമാകുന്നത്‌.

മഴയെ സ്‌നേഹിക്കുന്ന പെൺകുട്ടി (കഥകൾ), എസ്‌. സരോജം, വില – 40.00, പരിധി പബ്ലിക്കേഷൻസ്‌.

Generated from archived content: book1_oct26_05.html Author: dr-ambalapuzha-gopakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here