ഇന്നെന്റെ തൂലികയില്‍ മഷിയായ് നിറയ്ക്കുവാന്‍
കാലേകൂട്ടിച്ചിന്തിയതായിരുന്നുവോ നിന്‍ രക്തം!
നിഷ്കളങ്കമാമാരാധനയെ മുതലെടുത്തൊരു കൊല്ലം
മുഴുക്കെ നടിച്ചുറപ്പിച്ചൊടുവിലൊരു നിമിഷാര്‍ദ്ധ
നിര്‍വൃതിയ്ക്കായ് ആത്മവഞ്ചനയും
മുഖങ്ങളൊരുപാടുതാണ്ടിയെങ്കിലും
കോശങ്ങളൊരുപാടുചത്തൊടുങ്ങിയെങ്കിലും
കഴിയുന്നില്ലീ മസ്തിഷ്കക്കറമായ്ക്കുവാന്‍
പരിഭവമേതുമില്ലെന്ന നിന്റെ തകര്‍ന്ന ഹൃദയത്തിന്റെ
ചില്ലുഭിത്തിയില്‍ ചുടുചോരയാല്‍ കൊറിച്ച വാക്കുകള്‍
കണ്ടുത്തരം മുട്ടിയിരിക്കാനല്ലാതെ എന്താകുമെനിക്കിനി
ഇല്ലകവര്‍ന്നില്ലഞാനൊന്നുമെന്നു പലയാവര്‍ത്തിയെന്‍
കണ്ണാടിബിംബമെന്നോടുരച്ചെങ്കിലും
കൂട്ടാക്കിയില്ല വിശ്വസിക്കാന്‍ നമ്മളാരും
ഈ കൈകളെപ്പൊഴെങ്കിലും ശുദ്ധമായിരുന്നെന്ന്.
നഷ്ടമാകുന്നതൊരു ഹൃദയത്തിന്‍ പാതിയാവുമ്പോള്‍
സഖീ, വാക്കുകള്‍കൊണ്ടോട്ടയടയ്ക്കാനാകില്ല കണ്ണനും
മാടിവിളിച്ചുനീ പലവുരു, പൊട്ടിയ മുഖബിംബം
ഒന്നിടകണ്ണിട്ടു നോക്കുവാന്‍ കൂടിയീ മുഖമുയരാതെ
പറന്നകലുവാന്‍ കാരണമായതെന്‍ വികലമാം
സങ്കല്പങ്ങളാണെന്നും ബോധിപ്പിക്കാതെ,
ഒന്നുമുരിയാടാന്‍ കെല്പില്ലാതെ ഭൂതകാലമെല്ലാം
മായ്ച്ചുകൊള്ളുമെന്ന തൊടുന്യായവും ചൊല്ലി
ഇരുകണ്ണുകളും നിന്റെ ഉടുതുണിയാല്‍ മുറുക്കിച്ചുറ്റി,
ഇരുകാതുകളും പുത്രവാത്സല്യത്താല്‍ സുബോധമില്ലാതായൊരു
അമ്മയുടെ വാക്കുകള്‍ക്ക് വായ്പനല്‍കി, ഞാന്‍പാഞ്ഞു
ജാതിമതവര്‍ണ്ണചിന്തകള്‍ ജയിക്കട്ടെ
മനുഷ്യവികാരങ്ങള്‍ ചങ്ങലക്കെട്ടില്‍ പിടയട്ടെ.
മായിച്ചില്ല കാലമൊരു വടുക്കളും,
പിന്നാലെവന്നവരാരുമടച്ചില്ലൊരു വിടവുകളും.
ഇന്നെന്റെ ഏകാന്തതയിലൊരു അഹങ്കാരമായ്
നിന്നെ ഒന്നോര്‍മ്മിക്കുവാന്‍ ധൈര്യപ്പെടുമ്പോള്‍
അറിയില്ല നീയെവിടെയാണെന്ന്, ആരായെന്ന്
ആരുടേതായെന്ന്..
ഒരിക്കലും അധികമാവില്ല
Generated from archived content: poem1_jan16_14.html Author: don_palathara