മരണം

മരണമേ നീ ഏതോ ഉപജാപത്തിന്‍
വേദനതന്‍ ലിഖിത സത്യം, നീ
പതിയിരിക്കുന്നു സമയത്തിന്‍ അണുക്കളില്‍
പോലും അടിയറവു പറയാതെ വയ്യ
ഏതു മഹാശക്തിതന്‍ ജീവനും
ഒരു ഗ്രഹപ്പിഴപോല്‍ കെടുതിയായ്
ജീവിതാനന്ദത്തിന്‍ നിദ്രാഭംഗമായി ശോകഗീതമായി
ജീവന്‍റെ മുകുളങ്ങളെയും ശിഖരങ്ങളെയും
വിലയ്ക്കെടുക്കുന്നു വേദനതന്‍ വൈരമുത്തുകളാല്‍…

ആഗതമാം അവസാന ശത്രുവിന്‍ മുന്നില്‍
ആധുനികതതന്‍ അര്‍ത്ഥശൂന്യമാം
രക്ഷാകവചങ്ങളാല്‍ നിസഹായരായി
പ്രതിഷേധത്തിന്‍ സ്വരമില്ലാതെ മൂകരായി നമ്മള്‍
പൂര്‍ത്തികരിക്കാത്ത സ്വപ്നങ്ങളും മോഹങ്ങളുമായി
മരണവീഥിയില്‍, ഇനി മണ്ണിലേക്ക് മടക്കയാത്ര
ഉണരാത്ത ഗാഡനിദ്രയ്ക്കായി…
സമര്‍പ്പിക്കുന്നു ചിലര്‍ പൊരുതിയും പൊരുതാതെയും
തോല്‍ക്കുന്നു ചിലര്‍ നിന്നിലേക്ക്‌..

നിന്‍ വിജയമുറപ്പിക്കുവാന്‍ നീ അപഹരിച്ച
ജീവനില്‍ കുത്തിനോക്കാറുണ്ടോ നീ …?
ആയുസിന്‍ പ്രാണരേഖയെ വലിച്ചും, വലിച്ചു നീട്ടാതെയും
ചേദിച്ചു നീ തളരുമ്പോള്‍ നിന്‍ കര്‍ത്തവ്യം മനുഷ്യ-
ജന്മങ്ങള്‍ക്കും പ്രകൃതിതന്‍ ശക്തികള്‍ക്കും
പകര്‍ന്നു നല്‍കി വിശ്രമിക്കാറുണ്ടോ നീ..?
മാനിക്കാതെ വയ്യ നിന്നോടെനിക്കു പ്രിയമില്ലെങ്കിലും
നിന്‍ ദൗത്യം പൂര്‍ത്തികരിക്കും നിക്ഷ്പക്ഷതതന്‍
കൂട്ടുകാരനായി അന്നുമിന്നും നീ മാത്രം…!!

എന്തു നേടി ഞാന്‍ അടങ്ങാത്ത ആസക്തിയും
കപട മുഖവും സ്നേഹം വാര്‍ന്നു
പോയ മനസും മാത്രമോ.. ?
ഈ മൃതഭാഷതന്‍ ഇടനാഴിയില്‍
കാലചക്രത്തിന്‍ ശ്മാശനമൂകതയില്‍ പരിപൂര്‍ണ്ണ
പരാജയമാവാത്തൊരു ജീവിതം മാത്രം മതിയെനിക്ക്
നരകിക്കാതെ ഞാന്‍ പോലുമറിയാതെയെന്നെ
കോണ്ടുപോയീടേണം നിന്‍ ദിഗ്വിജയത്തില്‍
എന്‍ വിജയങ്ങള്‍ ശൂന്യമാം പരാജയങ്ങള്‍ മാത്രം …!!

Generated from archived content: poem1_june15_12.html Author: dixon.kannur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here