ദേ… നേരാ പറയണെ…
അങ്ങേർക്ക് ആ എട്ടിഞ്ചിന്റെ പണി കൊടുത്തതു ഞാനാ… എന്നിട്ട് സയൻസ്‌ലാബിന്റെ പിന്നാമ്പുറത്തെ വാതിലിലൂടെ ഓടിപ്പോയതാ ഞാൻ. ഇല്ല! ആരും വിശ്വസിക്കണ്ട.
പക്ഷെ, പ്രിയ വായനക്കാരാ, എന്നെ വിശ്വസിക്കൂ. നിങ്ങൾക്കു മുന്നിൽ ഞാൻ സത്യം മാത്രമേ ബോധിപ്പിക്കുകയുളളൂ.
ചരിത്രപരമായി പറഞ്ഞാൽ കാർഗിൽ യുദ്ധത്തിനും മുൻപാണത്. മഴക്കാലത്ത് ചോർന്നൊലിക്കുന്ന, ഓലമേഞ്ഞ മേൽക്കൂരയുളള ഗ്രാമത്തിലെ സ്‌കൂളിൽ ഒരു വയനാട്ടുകാരൻ മാഷുണ്ടായിരുന്നു. ആ ദീർഘകായന് എപ്പോഴും നരച്ച ജൂബ്ബയും പാന്റുമാണ് വേഷം. വെളിച്ചമുളള നീണ്ട മുഖത്ത് കുറ്റിത്താടി. ഒറ്റക്കാഴ്‌ചയിൽ ആരുടെയും മുട്ട് കൂട്ടിയിടിക്കുന്ന രൂപം.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് നോട്ടെഴുതുമ്പോഴാണ് മൂന്നാം ബഞ്ചിലിരുന്ന പ്രിയയുടെ ദേഹത്ത് സത്യൻമാഷ് ചിത്രം വരയ്‌ക്കുന്നത് ഞാൻ ആദ്യം കണ്ടത്. ആദ്യമൊക്കെ ഞെളിപിരിയിട്ടവൾ പിന്നെ, മരിച്ചതുപോലിരുന്നു. നോട്ടെഴുത്തിലുളള അദ്ദേഹത്തിന്റെ കമ്പം മൂലം ഓണപ്പരീക്ഷയ്‌ക്ക് പാഠം മുഴുമിച്ചില്ല. അതേക്കുറിച്ച് പരാതി ഉയർന്നപ്പോൾ നോട്ടെഴുത്ത് നിർത്തിയെങ്കിലും ഒരു കൂർത്തനോട്ടം പരാതി പറഞ്ഞവരെ പിന്തുടർന്നു.
ഓണപ്പരീക്ഷയുടെ ചരിത്രപേപ്പർ തന്നപ്പോഴാണ് അമ്പതിൽ നാൽപ്പത്തൊന്നുമാർക്കുണ്ടായിരുന്ന എന്റെ, ഇൻഡ്യയുടെ മേൽഭാഗത്തെ ചരിവ് അദ്ദേഹം കണ്ടുപിടിച്ചത്. ക്ലാസ്സിലെ രണ്ടാം സ്ഥാനക്കാരി ഇൻഡ്യ ചരിച്ചു വരച്ചതിൽ അദ്ദേഹം മൂക്കത്തു വിരൽവച്ചു. ക്ലാസ് കഴിഞ്ഞ് ഇൻഡ്യ ‘കറക്‌ടു ചെയ്‌തിട്ടു’ പോയാൽ മതിയെന്നു ശിക്ഷയും തന്നു.
നാലുമണി മുഴങ്ങിയത് എന്റെ മനസ്സിലാണ്. മൈലാഞ്ചിച്ചോട്ടിലൂടെ വരാന്ത കടന്നെത്തിയ ‘പേടി’ എന്റെ അടുത്തിരുന്നു. ഒറ്റ സെക്കന്റുകൊണ്ട് ഞാനൊരു ഇൻഡ്യ വരച്ചു. എന്റെ ഇൻഡ്യയുടെ തെക്കുഭാഗം ‘വി’പോലെ ആണെന്നും കഴിക്കുഭാഗം ഗർഭിണി ആണെന്നും അദ്ദേഹം നിരീക്ഷിച്ച് കണ്ടുപിടിച്ചു. അടുത്ത രണ്ട് സെക്കന്റുകളിൽ ഞാൻ മൂന്ന് ഇൻഡ്യ വരച്ചു. കണ്ണിൽ നിന്നൊരു തുളളി ഇൻഡ്യയിൽ വീണു തെറിച്ചു. ചിത്രമെഴുത്ത് എനിക്കു നേരെയും ആവർത്തിക്കുമെന്നായപ്പോൾ പെട്ടെന്നാണ്, സമയം ചോദിക്കാൻ രാജേഷ് ആ വഴി വന്നത്. (പറഞ്ഞില്ലല്ലോ, രാജേഷ് ബുദ്ധിസ്ഥിരതയില്ലാത്ത ഒരു കുട്ടിയാണ്. വിരപോലത്തെ ശരീരത്തിലെ വിളർത്ത് നീണ്ട മുഖത്ത് പല്ലുകൾ ഉന്തി നിൽക്കും. പക്ഷെ, അയാൾ നന്നായി പാടും. ഹിന്ദി പാട്ടുകളാണേറെയും.) രാജേഷിന്റെ കയ്യിലെ ടൈറ്റാൻ വാച്ചിനെക്കുറിച്ച് അയാൾക്ക് തന്നെ വലിയ മതിപ്പാണ്. എന്നാലും വാച്ചുളള ആരോടും അയാൾ സമയം ചോദിക്കും. പിന്നീടുളള പുലർകാലങ്ങളിൽ, കക്ക വെന്ത ചീവുമണത്തിന് തീയൂതി അമ്മ കൂട്ടിരിക്കുമ്പോൾ കക്കയിറച്ചി ഇത്തിലാറ്റി അച്‌ഛനത് വിൽക്കാനിറങ്ങുമ്പോഴെല്ലാം ഞാൻ ഇൻഡ്യയുടെ ചരിവ് നികർത്തുകയായിരുന്നു. സ്വതന്ത്രഭാരതം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ക്ലാസ്സെടുക്കുമ്പോഴുണ്ട്, സത്യൻമാഷ്, രാജേഷിനെ വിളിച്ച് പെട്ടെന്നൊരു ചോദ്യം.
“ആരാടാ നമ്മുടെ രാഷ്‌ട്രപിതാവ്?”
“കാന്ധിജി.‘ രാജേഷ് നാണം കുണുങ്ങിപ്പറഞ്ഞു.
’രാഷ്‌ട്രപിതാവെന്നെങ്ങനെ ഇംഗ്ലീഷിൽ പറയും?”
-സ്വതന്ത്രഭാരതം നേരിടുന്ന ഒന്നാമത്തെ വെല്ലുവിളി-
തീ പാറുന്ന ചൂരൽ, മേശപ്പുറത്ത് കമിഴ്‌ത്തിവെച്ച കൈവിരലുകളിൽ വീഴുമെന്നുറപ്പായപ്പോൾ, അയാൾ ആരോ പറഞ്ഞതേറ്റു പറഞ്ഞു.
“കണ്ട്‌റീസ് ഫാദർ.”
ആരും ചിരിച്ചില്ല. കാരണം, മേൽക്കൂരയില്ലാത്ത സ്‌കൂളിൽ മുൻപ് പഠിപ്പിച്ചവരാരും ആ ചോദ്യം ചോദിച്ചില്ല.
അടി വീണു. അലർച്ചയും.
“പറയെടാ…. ഫാദർ ഓഫ് ദ നേഷൻ.”
അഞ്ചാമത്തെ അടിയിൽ ടൈറ്റാൻ വാച്ചിന്റെ ചില്ലുതെറിച്ചു. രാജേഷിന്റെ കണ്ണുകൾ പുറത്തേക്കുന്തി വന്നു. തെറിച്ച ചില്ലുകൾ പെറുക്കിയെടുത്ത് വച്ച് രാജേഷ് കരഞ്ഞു. പിന്നീടൊരിക്കലും അയാളെ കണ്ടില്ല.
പേടിപിടിച്ച ദിവസങ്ങളും മാസങ്ങളും കളളന്മാരെപ്പോലെ കടന്നുപോയി. ‘മോഡൽ’ പരീക്ഷയിൽ ‘കണക്ക് വിഷയമായിരുന്ന ദിവസം പല്ലി ചിലച്ചതോ പരവനെ കണികണ്ടതോ അല്ലാതെ അകാരണമായൊരു ഭീതി മനസ്സിലിരുന്ന് പിടച്ചു.
സത്യൻ മാഷായിരുന്നു പരീക്ഷാഹാളിൽ…മിക്കവരും നേരത്തെ എഴുതി നിർത്തി.
ത്രികോണം വരച്ച് സങ്കല്പവും അനുമാനവും എഴുതുമ്പോഴാണ് ആ പരുത്ത കൈ എനിക്കുനേരെ… സഹിക്കാനായില്ല. അയാളുടെ കൈകൾ എന്റെ വായമൂടി. കണ്ണിലിരുട്ട് കയറി. എന്റെ കയ്യിൽ കോമ്പസ് ഉണ്ടായിരുന്നു. ഒരൊറ്റ കുത്ത്… ഇരുട്ടിലൂടെ ഞാനോടി.
ആരാണ് കരഞ്ഞത്? ദൂരെ ദൂരെ ഒരു നിലവിളി…..അന്നുറങ്ങിയില്ല. ഡയറിയിലെഴുതിയ വാക്കുകൾ താഴേക്കു തൂങ്ങിക്കിടന്നു.
“ഒരു മഴക്കാറ്റ് വന്ന്
ചിത്രശലഭത്തെ
ഇടിമുഴക്കങ്ങളിലേക്ക്
കൂട്ടിക്കൊണ്ടുപോയി.
മഴ പാടുമ്പോൾ
മേഘങ്ങൾ ഗർജ്ജിക്കുമെന്ന്
ശലഭത്തിനറിയില്ലായിരുന്നു.”
കടുത്ത പനിവന്ന് കിടപ്പിലായ എന്നെക്കാണാൻ പ്യൂൺ നാരായണൻചേട്ടൻ വന്നപ്പോഴറിഞ്ഞു, സത്യൻമാഷിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അദ്ദേഹം ചോരപുരണ്ട എന്റെ പരീക്ഷപേപ്പർ മാറ്റിവയ്‌ക്കുകയായിരുന്നു എന്ന്.
എസ്.എസ്.എൽ.സി. പരീക്ഷ തുടങ്ങി. സത്യൻമാഷെക്കുറിച്ച് ഓരോരുത്തരും ഓരോന്ന് പറഞ്ഞു. ഒന്നും കേൾക്കാതിരിക്കാൻ ശ്രമിച്ചു. ചരിത്രപ്പരീക്ഷയുടെ ദിവസം ഇൻഡ്യ വരയ്‌ക്കുമ്പോഴുണ്ട്, സ്ഥലങ്ങൾ അടയാളപ്പെടുത്തുന്നിടത്തെല്ലാം ചോരത്തുളളികൾ. വെറും തുളളികളല്ല. ചീറ്റിത്തെറിച്ച ചോര…. മായ്‌ച്ച് നോക്കി. ആ കാഴ്‌ച മാത്രം കണ്ണിൽ നിന്നു. അവസാന കാഴ്‌ച. പിന്നെയാരോ പറഞ്ഞു. ’കുട്ടി കണ്ണ് തുറക്കൂ. നിനക്കെല്ലാം കാണാം.‘ ഞാൻ കണ്ടു. ഉണക്കുമരങ്ങൾ… വേനൽ…. ചീറ്റിത്തെറിച്ച ചോര… കണ്ണ് കുത്തുന്ന ചോപ്പ് നിറം. ചോപ്പ് നിറം പ്രപഞ്ചമെങ്ങും വ്യാപിച്ചതുപോലെ…
പിന്നീടൊരിക്കൽ, കോളേജിൽ പോകുന്നവഴി പ്രിയ അസുഖക്കാരിയെ കാണൻ വന്നു. അവൾ പറഞ്ഞു പളളിക്കൂടത്തിൽ ചരിത്രം പഠിപ്പിക്കാനാളില്ല. മാഷ് അരയ്‌ക്കുകീഴെ തളർന്ന് കിടപ്പാണ്. ഭാര്യ ഡൈവോഴ്‌സ് ആയി. നല്ലവനായ ആ മാഷിനെ ആരാണോ ഇങ്ങനെ… ഒരുരുക്കം. പൂവിറുക്കും പോലൊരു പിടച്ചിൽ!
ദൈവമേ… ചരിത്രം നോക്കുകുത്തിയാകുന്നൊരു കാലത്ത് സങ്കൽപ്പങ്ങളും അനുമാനങ്ങളുമൊക്കെ തെറ്റുമ്പോൾ… കാർഗിൽ യുദ്ധത്തിന്റെ കാലഘട്ടത്തെക്കുറിച്ച് പഠിക്കുമ്പോൾ…ഗോധ്‌ര കലാപത്തിന്റെ മാനസികവും പൈശാചികവുമായ കാരണങ്ങൾ അപഗ്രഥിക്കുമ്പോൾ ആരും ആരുടെമേലും ഇൻഡ്യ വരയ്‌ക്കാതിരിക്കട്ടെ! അല്ലെങ്കിൽ പ്രിയപ്പെട്ടവരെ,
ഇൻഡ്യ വരയ്‌ക്കുമ്പോൾ ഇത്രയും ശ്രദ്ധിക്കുക.
* ഇൻഡ്യയുടെ മേൽഭാഗം ചരിച്ചു വരയ്‌ക്കാതിരിക്കുക.
* ചരിച്ചു വയ്‌ക്കുന്നവർ, കൈയ്യിൽ ആയുധങ്ങളില്ലെന്ന് ഉറപ്പുവരുത്തുക.
Generated from archived content: story1_jan20.html Author: divya_dinesh