എനിക്കറിയാം,
ഒരിരുണ്ട വെളുപ്പാൻ കാലത്ത്
പുകമണമുളള
കുഞ്ഞിച്ചുണ്ടുകൊണ്ട്
അവനെന്റെ ഇടം കഴുത്തിൽ
പ്രണയം,
ലിഖിതപ്പെടുത്തിയതുമുതലാണ്
ചതഞ്ഞ ചോരപ്പാടുപോലെ
എന്റെ മോഹങ്ങളും
ചോരച്ചു തുടങ്ങിയത്.
എനിക്കു ശേഷമാണ്
നോട്ടുബുക്കുകളിൽ
നെടുങ്കൻ വരകളിലെ
നോവുകൾക്കൊടുവിലവൻ
നാളും തീയതിയും
മുദ്രവച്ചു തുടങ്ങിയത്.
എനിക്കുശേഷമാണ്
അവന്റെ,
മേലുടുപ്പിന്റെ കീശയിൽ
മിടിക്കുന്ന തുലാസ്
കാലദേശങ്ങളില്ലാതെ
കലഹിച്ചുതുടങ്ങിയത്.
കലഹമാണെപ്പൊഴും…
കാറ്റിനോടും…. കവിതയോടും…
വന്നതിനും…
വരാഞ്ഞതിനും…
വൈകി വന്നതിനും…!
ചാവേറു പെണ്ണെന്ന്
അവനിനിയും വിളിക്കും
അപ്പോഴിവൾ,
മുഷിഞ്ഞ താളുകളിലെ
വരണ്ട മുദ്രകളും
തണുത്ത ചുണ്ടിന്റെ
ചോരപ്പാടുകളും
കടലെടുത്ത നട്ടുച്ചകളുടെ
പകർച്ചകളും കൊണ്ട്
നിഴലിനുമപ്പുറത്തേക്ക്
ഓടിപ്പോകും!
പിന്നെയും,
പ്രലോഭിപ്പിച്ചേക്കരുതാരെയും
കരളുകൊണ്ടും
കവിതകൊണ്ടും…!
Generated from archived content: poem2_sept20_06.html Author: divya_dinesh