അശ്വിന മാസത്തിലെ കറുത്ത വാവുകഴിഞ്ഞ് വെളുത്ത പക്ഷ പ്രഥമ മുതൽ ഒമ്പതു ദിവസം ഭാരതത്തിലെമ്പാടും ആചരിച്ചുവരുന്ന ഉത്സവമാണ് നവരാത്രി ആഘോഷം. ഭുവനേശ്വരിയായ ദേവിയെ നവരാത്രിയാരംഭം മുതൽ ഓരോ ദിവസവും കുമാരി, ത്രിമൂർത്തി, കല്ല്യാണി, രോഹിണി, കാളി, ചണ്ഡിക, ശാംഭവി, ദുർഗ്ഗ, സരസ്വതി എന്നീ സങ്കല്പ രൂപത്തിലാണ് ആചരിച്ചുവരുന്നത്. ആയതിനാൽ സരസ്വതി പ്രധാനമായ മൂന്നുദിവസം ദുർഗ്ഗാഷ്‌ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളിൽ ആഘോഷിച്ചു വരുന്നു. കന്നിമാസത്തിലോ തുലാമാസത്തിലോ ആയിട്ടാണ് വരുക. ദുർഗ്ഗാദി ധ്യാനയായ പരാശക്തി ദേവൻമാരുടെ മുൻപിൽ പ്രത്യക്ഷമായത് ദുർഗ്ഗാഷ്‌ടമി ദിവസത്തിലാണ്. ദുർഗ്ഗാസുരനെ ദേവി വധിച്ചത് ദശമി ദിവസമാണെന്നും ആ ദിവസമാണ് വിജയ ദശമിയായി ആഘോഷിച്ചതെന്നും ഐതിഹ്യങ്ങളിൽ പരാമർശിച്ചു കാണുന്നു.
ബംഗാളിൽ കാളിയേയും മൈസൂരിൽ ചാമുണ്ഡീശ്വരിയേയും പ്രധാനമായി പൂജിക്കുന്നു. മൈസൂരിൽ “ദസറ” എന്ന പേരിലാണ് നവരാത്രി ആഘോഷിക്കുന്നത്. തമിഴ്‌നാട്ടിൽ ബൊക്കക്കൊലു എന്ന പേരിൽ ദേവീദേവൻമാരുടെ പ്രതിമകൾ എല്ലാ ഭവനങ്ങളിലും പ്രദർശിപ്പിക്കുകയും വിശേഷ പൂജകളായും നവരാത്രി ആഘോഷിക്കുന്നു. തമിഴ് ബ്രാഹ്‌മണരും ഇത്തരം ചടങ്ങുകൾ നടത്തുന്നുണ്ട്.
സീതാപഹരണത്തിനു ശേഷം ശ്രീരാമ ഭഗവാൻ കിഷ്‌കിന്ധയിൽവച്ച് ആദ്യമായി നവരാത്രി വ്രതം ആരംഭിച്ചു എന്നും ദേവീ ഭാഗവതത്തിൽ പറഞ്ഞു കാണുന്നു. പാണ്ഡവൻമാരുടെ അജ്ഞാതവാസം കഴിഞ്ഞ് ആയുധത്തെ ശമിവൃക്ഷ കോടരത്തിൽ നിന്നും തിരിച്ചെടുത്തത് ഒരു വിജയദശമി ദിവസമാണത്രെ. അർജ്ജുനന് അസ്‌ത്രപ്രയോഗസാമർത്ഥ്യം ലഭിക്കുന്നതിനു വേണ്ടിയാണ് ആയുധപൂജ നടത്തിയത്. വിജയദശമി പൂജകഴിഞ്ഞ് ആയുധങ്ങൾ തിരിച്ചെടുത്ത് അഭ്യാസങ്ങൾ ആരംഭിച്ചത് ഈ ദിവസമാണെന്നും പുരാണേതിഹാസങ്ങളിൽ പറയുന്നു.
കേരളത്തിൽ നവരാത്രികാലത്ത് വ്രതമനുഷ്‌ഠിച്ച് ദുർഗ്ഗാഷ്‌ടമി ദിവസം ആയുധങ്ങളും ഗ്രന്ഥങ്ങളും സരസ്വതീ സങ്കല്പത്തിൽ പൂജയ്‌ക്കു വെയ്‌ക്കുന്നു. മഹാനവമി ദിവസം പൂജയും ആരാധനയും നടത്തി വിജയദശമി ദിവസം സരസ്വതി പൂജ നടത്തി ആയുധങ്ങളും ഗ്രന്ഥങ്ങളും തിരിച്ചെടുത്ത് പുതിയ ഉത്സാഹത്തോടെ പ്രവർത്തനങ്ങൾ തുടങ്ങുന്നു. ഒരു വർഷക്കാലം ഐശ്വര്യമുണ്ടാകുമെന്നാണ് സങ്കല്പം. പഴയ തറവാടുകളിലും ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും സരസ്വതി പൂജയ്‌ക്ക് വെയ്‌ക്കുന്ന ചടങ്ങുകൾ ഇന്നും ആഘോഷങ്ങളായി നടത്തിവരുന്നുണ്ട്. വേദാരംഭകാലങ്ങൾക്കുമുമ്പ് തന്നെ ആചരിച്ചു വരുന്നതായും ഐതിഹ്യങ്ങളിൽ കാണുന്നു.
കർണ്ണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രമാണ് പ്രസിദ്ധമായ സരസ്വതിക്ഷേത്രം. കേരളത്തിൽ കോട്ടയത്തിനടുത്തുളള പനച്ചിക്കാട് സരസ്വതീ ക്ഷേത്രം, വടക്കൻ പറവൂരിലെ മൂകാംബികാക്ഷേത്രം, കാസർഗോഡ് ജില്ലയിലെ ബേയലിനടുത്തുളള ചിത്താരി മൂകാംബികാക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം എന്നിവിടങ്ങളിൽ സരസ്വതീ ചൈതന്യം ഉളളതായിട്ടും ഭംഗിയായി ആചരിച്ചു വരുന്നു. മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തുവാൻ പതിനായിരക്കണക്കിന് ബാലികാ ബാലൻമാർ ഈ ക്ഷേത്രസന്നിധിയിൽ ആദ്യക്ഷരം കുറിച്ചുപോരുന്നു. നമ്മുടെ പ്രശസ്ത ഗായകനായ യേശുദാസ് എല്ലാവർഷവും നവരാത്രികാലങ്ങളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഭജനമിരിയ്‌ക്കാറുണ്ട്. കേരളത്തിലെ പ്രശസ്ത ജ്യോതിഷ പണ്ഡിതൻമാർ അന്നേ ദിവസം മൂകാംബികാദേവി സന്നിധിയിൽ എത്തിച്ചേരുക പതിവാണ്.
Generated from archived content: navarathri.html Author: divakaran