അവളെ പരിചയപ്പെട്ടതിനുശേഷമാണ് അയാള്‍ നിറങ്ങളെ സ്നേഹിക്കാന്‍ തുടങ്ങിയത്. അതുവരെയും അയാളുടെ സ്വപ്നങ്ങളുടെ അതിര്‍ത്തികളില്‍ തളം കെട്ടിക്കിടക്കുന്നത് അയല്‍ വീടുകളുടെ അടുക്കളപ്പുറത്തെ കിണറ്റുകരയിലിരുന്ന് തന്റെ അമ്മ എച്ചില്പ്പാത്രങ്ങളില്‍ നിന്നും കഴുകിയിളക്കുന്ന കരിയുടെ കാളിമയായിരുന്നു.
മഴവില്ലില് പൊതിഞ്ഞ് തന്റെ സ്വപ്നങ്ങളത്രയും അവള്‍ അയാള്‍ക്കു സമ്മാനിക്കുമ്പോള്‍ പുറത്തെ നിലാവിന്റെ സുഗന്ധം അയാള്‍ക്ക് അനുഭവപ്പെട്ടിരുന്നു.
നമ്മുടേതെന്ന് പറഞ്ഞ് മോഹങ്ങളുടെ കുങ്കുമനിറം മഷിത്തണ്ടില്‍ നിറച്ച് അയാള്‍ അവള്‍ക്കു നല്കി.
ഒടുവില്‍….
മോഹങ്ങളുടെ കുങ്കുമനിറം മറ്റാരോ അവളുടെ സിന്ദൂരരേഖയില്‍ ചാര്‍ത്തിയപ്പോള്‍, പൊട്ടിച്ചിരികളുടെ ലഹരി വളയങ്ങളില്‍ തലകീഴായി തൂങ്ങിക്കിടന്നുകൊണ്ട് അയാള്‍ ഓര്‍ത്തത് നിറങ്ങള്‍ പറഞ്ഞ നുണകളെക്കുറിച്ച് മാത്രമായിരുന്നു.
Generated from archived content: story2_sep5_11.html Author: dipusasi_thathappilly