“ബർത്ത്‌ഡേ ഗിഫ്‌റ്റ്‌”

 

 

 

ലക്ഷ്‌മിയമ്മയുടെ ഷഷ്‌ഠിപൂർത്തിയാഘോഷം അതിഗംഭീരമായിരുന്നു. ലക്ഷ്‌മിയമ്മയുടെ മകൻ അനന്തന്റെ കല്ല്യാണമായിരുന്നു ഇതിനുമുമ്പ്‌ ആ ഗ്രാമത്തിൽ നടന്ന ഏറ്റവും വലിയ ആഘോഷം. നാടൊട്ടുക്ക്‌ ക്ഷണിച്ചിരുന്നു – പിറന്നാളാഘോഷത്തിന്‌.

പിറന്നാൾ പ്രമാണിച്ച്‌ മകൻ അനന്തനും, ഭാര്യ രമയും മലയാളമറിയാത്ത അവരുടെ രണ്ടുകുട്ടികളും, അമേരിക്കയിൽ നിന്നും നാലുദിവസം മുമ്പേ തറവാട്ടിലെത്തിയിരുന്നു. അമ്മായിമ്മയുടെ പിറന്നാളാഘോഷത്തിന്‌ രമ, തന്റെ ഇന്റിമേറ്റ്‌ ഫ്രണ്ട്‌ ജെനിലിയെയും കൊണ്ടുവന്നിരുന്നു.

ആഘോഷങ്ങൾ ഗംഭീരമാക്കാൻ അമേരിക്കയിലിരുന്നുകൊണ്ടുതന്നെ, നഗരത്തിലെ ഒരു പ്രശസ്‌ത ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയുടെ കോർഡിനേറ്ററായ ശ്യാം സുന്ദറുമായി, അനന്തൻ ദിവസങ്ങളോളം ഡിസ്‌ക്കഷൻ നടത്തിയിരുന്നു.

പിറന്നാൾ കെങ്കേമമാക്കുന്നതിന്‌, നഗരം തന്നെയല്ലേ ബെസ്‌റ്റ്‌, എന്ന്‌ ശ്യാം സുന്ദർ ചോദിച്ചതാണ്‌. പക്ഷേ അനന്തനതു സ്വീകാര്യമായില്ല. അമ്മയുടെ നൊസ്‌റ്റാൾജിയയാണ്‌ – ആ ഗ്രമവും, തറവാടും, അവിടുത്തെ ആളുകളും. അവിടുത്തെ ആഘോഷത്തേക്കാൾ അമ്മ മറ്റൊന്നും വിലമതിക്കില്ല.

ആർക്കും ഒരു കുറ്റവും കണ്ടുപിടിക്കാനാവാത്തത്ര, വിധത്തിൽ അതിഗംഭീരമായിതന്നെ എല്ലാം ശ്യം സുന്ദർ ഒരുക്കിയിരുന്നു.

ചാനലിലെ സ്‌റ്റാർ സിംഗർ മത്‌സരത്തിൽ ഒരു കോടിരൂപ സമ്മാനം നേടിയ, ഒരു യുവ ഗായകനായിരുന്നു. ആഘോഷത്തിലെ മുഖ്യാതിഥി – ഒപ്പം രാഷ്‌ട്രീയ സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖരും.

യുവഗായകന്റെ ഈശ്വരപ്രാർത്‌ഥനയ്‌ക്കു ശേഷം, ലക്ഷ്‌മിയമ്മ തട്ടുകളായി അലങ്കരിച്ചു വെച്ചിരുന്ന ഭീമാകാരമായ കേക്ക്‌ മുറിച്ചു. പുറത്ത്‌ ഗംഭീരൻ കരിമരുന്നു പ്രയോഗം.

വിശിഷ്‌ടാതിഥികളുടെ ആശംസാപ്രവാഹമായിരുന്നു, അടുത്തയിനം. തുടർന്ന്‌ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ നാട്ടുകാർക്കെല്ലാം, ലക്ഷമിയമ്മയുടെ നന്ദിപ്രകാശനവും, ഉപഹാരസമർപ്പണവും. എല്ലാ വീട്ടുകാർക്കും പത്തുകിലോ അരിയാണ്‌ ഉപഹാരമായി, അനന്തൻ ലക്ഷ്‌മിയമ്മയെക്കൊണ്ട്‌ കൊടുപ്പിച്ചത്‌.

രമയോടൊപ്പം എത്തിയ മദാമ്മ, ജെനിലി ഒരു വൈരനെക്‌ല്‌സ്‌ ലക്ഷ്‌മിയമ്മക്കു നൽകി. തുടർന്നുള്ള കാര്യപരിപാടിയായിരുന്നു, വിഭവസമൃദ്ധമായ അത്താഴം.

പുരുഷൻമാർക്കുവേണ്ടി, പ്രത്യേക പരിപാടി, തറവാടിന്റെ തെക്കേപുറത്തുള്ള പത്തായപ്പുരയിൽ ഒരുക്കിയിരുന്നു.

മദ്യലഹരിയിൽ പാട്ടുപാടി, ആനന്ദനൃത്തം ചവിട്ടി, പുരുഷൻമാർ തങ്ങളുടെ സന്തോഷം പ്രടിപ്പിച്ചു. തങ്ങളുടെ ദൈവമാണ്‌ ലക്ഷ്‌മിയമ്മ എന്നുവരെ അവർ വാഴ്‌ത്തി.

“ലക്ഷ്‌മിയമ്മ ഭാഗ്യവതിയാണ്‌.” എന്നുള്ള തന്റെ സമപ്രായക്കാരായ സ്‌ത്രീകളുടെ അടക്കം പറച്ചിൽ കേട്ട്‌, ലക്ഷ്‌മിയമ്മയുടെ കണ്ണു നിറഞ്ഞു – സന്തോഷംകൊണ്ട്‌.

അത്താഴത്തിനു ശേഷം പ്രശസ്‌ത ട്രൂപ്പിന്റെ ഗാനമേളയും നൃത്തവിരുന്നും സംഘടിപ്പിച്ചിരുന്നു.

പക്ഷേ അതൊന്നും കാണാൻ ലക്ഷ്‌മിയമ്മ നിന്നില്ല. പത്തുമണിയായപ്പോഴേക്കും അവർ ഉറങ്ങാൻ കിടന്നു – നിറഞ്ഞ മനസ്സോടെ പിറ്റേന്ന്‌. അടുക്കളയിൽ പ്രഭാതഭക്ഷണത്തിന്‌ ജോലിക്കാർക്ക്‌ നിർദേശം നൽകിക്കൊണ്ടിരിക്കെ, ലക്ഷ്‌മിയമ്മയെ അനന്തൻ വിളിച്ചു. അവർ തളത്തിലേക്കു ചെന്നു.

“അമ്മയ്‌ക്ക്‌, ഞങ്ങളുട പിറന്നാൾ സമ്മാനം” അനന്തനും, രമയും നൽകിയ സമ്മാനപ്പൊതിയേറ്റു വാങ്ങുമ്പോൾ, ലക്ഷ്‌മിയമ്മയുടെ കണ്ണു നിറഞ്ഞു.

“ഇപ്പോ തന്നെ തുറന്നു നോക്കമ്മേ” രമ പറഞ്ഞു. ഗിഫ്‌റ്റ്‌ തുറക്കാൻ അവളും സഹായിച്ചു. വർണ്ണക്കടലാസിനകത്ത്‌, ഭംഗിയായി ചിത്രപ്പണികൾ ചെയ്‌ത ഒരു ചതുരപ്പെട്ടി. അതിനുള്ളിൽ പിങ്ക്‌ നിറത്തിലൊരു കവർ. കവർ തുറക്കുമ്പോൾ, ലക്ഷ്‌മിയമ്മ, ചോദ്യഭാവത്തിൽ മകനെ നോക്കി.

സ്വർണ്ണ ലിപികളിൽ പ്രിന്റു ചെയ്‌ത കാർഡ്‌, കവറിനുള്ളിൽ നിന്നുമെടുത്ത്‌, ലക്ഷ്‌മിയമ്മ തിരിച്ചുംമറിച്ചും നോക്കി.

“അമ്മേ, ഇതാണ്‌ ഞങ്ങളുടെ ഗിഫ്‌റ്റ്‌. ഇതൊരു ഗോൾഡൻ മെമ്പർഷിപ്പ്‌ ടോക്കണാണ്‌. ട്രിവാൻഡ്രത്ത്‌ പുതുതായി ആരംഭിച്ചിരിക്കുന്ന റോയൽ കോട്ടേജ്‌ എന്ന ഓൾഡ്‌ ഏജ്‌ഹോമിലേക്കുള്ള എൻട്രിടോക്കൺ. പേരുപോലെ തന്നെ രാജകീയ ജീവിതം. ഏസി റൂം, ലാപ്‌ടോപ്പ്‌, ഹോം തിയേറ്റർ, ഹോം നേഴ്‌സ്‌, അങ്ങിനെഎല്ലാവിധ സൗകര്യങ്ങളും. പിന്നെ മെഡിറ്റേഷൻ ക്ലാസുകളും, യോഗക്ലാസുകളും. ആഴ്‌ചയിലൊരിക്കൽ വിദഗ്‌ധഡോക്‌ടറുടെ ചെക്കപ്പ്‌. മക്കളുമായി ചാറ്റുചെയ്യാൻ കമ്പ്യൂട്ടർ പരിശീലനം. മരിച്ചുകഴിഞ്ഞാൽ ഫ്യൂണറലും, അസ്‌ഥിനിമജ്ജനവുമടക്കം എല്ലാം അവർ തന്നെ ചെയ്യും. ഇൻകെയസ്‌ ഞങ്ങൾക്ക്‌ വരാൻ പറ്റിയില്ലെങ്കിലും ലൈവായി എല്ലാം, ഇന്റർ നെറ്റിലൂടെ കാണാനുമാവും. അമ്മയ്‌ക്കറിയോ, പത്തുലക്ഷം രൂപ ഡൊണേഷൻ കൊടുത്തിട്ടാണ്‌. ഈ ടോക്കൺ കിട്ടിയത്‌. ഒരുപാടുപേരെക്കൊണ്ട്‌ ഇൻഫ്ലുവൻസു ചെയ്യിച്ചിരുന്നു. അടുത്തമാസം ഒന്നിന്‌ ജോയ്‌ൻ ചെയ്യണം. ആദ്യം ബുക്ക്‌ ചെയ്‌ത പത്തുപേരിലൊരാൾ അമ്മയായിരുന്നു. അതിന്‌ അവരുടെ വക സ്‌പെഷ്യൽ സമ്മാനമുണ്ട്‌. റോയൽ ഓൾഡ്‌ ഹോം നിർമ്മിക്കുന്ന സിനിമയിൽ ഒരു മുഖ്യവേഷം. അമ്മ ഭയങ്കര ലക്കിയാകേട്ടോ. ഈ പ്രായത്തിൽ സിനിമയിലഭിനയിക്കാൻ പറ്റുക എന്നു പറഞ്ഞാൽ….”

“ശരിയാണ്‌” രമ പിന്താങ്ങി. “കേട്ടോ ജെനീലീ, എല്ലാവരും പറയാറുണ്ട്‌ ഓൾഡ്‌ പീപ്പിൾസ്‌ എല്ലാവരും ഒരു കംപ്ലയിന്റ്‌ ബോക്‌സാണെന്ന്‌. പക്ഷേ ഞങ്ങളുടെ അമ്മ, ഷീ ഈസ്‌ ഗ്രേറ്റ്‌. വയസായവർ കണ്ടുപഠിക്കണം ഞങ്ങളുടെ അമ്മയെ.” ജെനിലീ സ്‌നേഹത്തോടെ, ലക്ഷമിയമ്മയെ ആശ്ലേഷിച്ചു; കവിളത്ത്‌ ഉമ്മവെച്ചു. അറപ്പോടെ ഞെട്ടിയമാറിയ, ലക്ഷ്‌മിയമ്മ മക്കൾ നൽകിയ സമ്മാനപ്പൊതിയുമായി, പതിയെ അടുക്കളയിലേക്ക്‌ നടന്നു.

“വീടിന്റെ കാര്യമോർത്തമ്മ വിഷമിക്കണ്ട. ഇതു വിൽക്കാനുള്ള ഏർപ്പാടുകൾ ചെയ്‌തു കഴിഞ്ഞു. വീടുകാണാനായി അവർ ഇന്നു വരും.” പിന്നിൽ നിന്നും മകൻ വിളിച്ചു പറഞ്ഞു.

മകൻ നൽകിയ ഗോൾഡൻ മെമ്പർഷിപ്പുമായി ലക്ഷ്‌മിയമ്മ അടുക്കളപുറത്ത്‌ നിൽക്കുമ്പോൾ, ആഘോഷങ്ങൾക്കും, വൃദ്ധസദനത്തിൽ അഡ്‌മിഷനും വേണ്ടി ചെലവാക്കിയ തുകയുടെ കണക്കെടുപ്പ്‌ നടത്തി, എത്രരൂപ ലാഭത്തിൽ ഈ തറവാട്‌ വിൽക്കാമെന്ന്‌ ഗഹനമായി ആലോചിക്കുകയായിരുന്നു, അനന്തൻ.

പുറത്ത്‌, മഴ ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നു. ഒപ്പം ലക്ഷ്‌മിയമ്മയുടെ കണ്ണുകളും.

Generated from archived content: story1_oct29_09.html Author: dipusasi_thathappilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here