അവസ്‌ഥാന്തരങ്ങൾ

പുറത്ത്‌ മഴനാരുകൾ പൊട്ടിച്ചിതറുന്നുണ്ട്‌. ജനാലയിലൂടെ മുറിയിലേക്ക്‌ കടന്നുവരുന്ന തണുത്ത കാറ്റിന്‌ പക്ഷേ, എന്റെ ഹൃദയത്തെ തണുപ്പിക്കാനാവുന്നില്ല. ഒരുപാട്‌ കാര്യങ്ങൾ പറയാനുണ്ടാവുമ്പോൾ മനസ്‌ ചൂടു പിടിച്ചിരിക്കുമല്ലോ. എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നറിയാതെ ഉഴലുന്ന മനസുമായി ഞാനിരുന്നു. അച്ഛനെക്കുറിച്ചോ, അമ്മയെക്കുറിച്ചോ, അതുമല്ലെങ്കിൽ എന്നെക്കുറിച്ചോ എന്തെങ്കിലും ചേട്ടൻ ചോദിച്ചിരുന്നുവെങ്കിൽ എല്ലാം പറയാൻ ഒരു തുടക്കം കിട്ടുമായിരുന്നു.

പക്ഷേ…….

“വീട്ടിൽ നല്ല വിശേഷമല്ലേ? എന്ന്‌ ഒഴുക്കൻ മട്ടിൽ ചോദിച്ചുകൊണ്ട്‌ എന്റെ പ്രതീക്ഷകളെ, ചേട്ടൻ നിഷ്‌ക്കരുണം തകർത്തുകളഞ്ഞു.

ചേട്ടന്റെ മക്കൾ അനുവും, അച്ചുവും ടി.വിയിൽ ഫുട്‌ബോൾ കണ്ടിരിക്കുന്നുണ്ടായിരുന്നു. താൻ വന്നത്‌ അവൻ അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. തന്നെ കണ്ടാലും തിരിച്ചറിയാൻ വഴിയില്ല. ”ഇതു നിങ്ങളുടെ കൊച്ഛച്ചനാണു മക്കളെ….“ എന്ന്‌ ചേട്ടൻ പറയുമെന്നു വിചാരിച്ചെങ്കിലും അതുണ്ടായില്ല.

അല്ലെങ്കിലും താനിങ്ങോട്ടു വന്നത്‌ ചേട്ടന്‌ തീരെ ഇഷ്‌ടമായിട്ടുണ്ടാവില്ല. ടി.വിയിൽ ബ്രസീലും ഇംഗ്ലണ്ടും ആക്രമിച്ചും പ്രതിരോധിച്ചും കാൽപ്പന്തു കളിയിലൂടെ സിരകളിൽ ആവേശത്തിന്റെ അലയൊലികൾ സൃഷ്‌ടിക്കുമ്പോൾ ഉപചാരങ്ങളും, കടമകളും വഴിമാറി നിന്നല്ലേ പറ്റൂ…..!

ഒരു ദിവസം ലീവെടുത്ത്‌ അച്ഛനെ വന്നൊന്നു കാണാൻ സാധിക്കാത്തത്ര തിരക്കാണ്‌ ചേട്ടന്‌. അമ്മ അയൽക്കാരോട്‌ പറയാറുള്ളത്‌ ഞാനോർത്തു. അമ്മ പറഞ്ഞത്‌, എത്ര ശരി!! ലീവെടുത്ത്‌ ടി.വി കാണാൻ കഴിയുന്ന ചേട്ടന്‌, പക്ഷാഘാതം അരയ്‌ക്ക്‌ കീഴോട്ടു തളർത്തിക്കളഞ്ഞ സ്വന്തം അച്ഛനെ കണ്ടിട്ട്‌ എന്തുകാര്യം?

ടി.വിയിൽ ഒരുപറ്റം ആളുകൾ ഒരു പന്തിനു പിന്നാലെ ഓടുന്നത്‌ നോക്കി പഠനവും ജോലിയുമുപേക്ഷിച്ച്‌ ആവേശപുളകിതരാവുന്ന ചേട്ടനോടും മക്കളോടും ഒരു നിമിഷത്തേക്ക്‌ അവജ്ഞ തോന്നി. ”ഏട്ടത്തിയെവിടെ?“ എല്ലാത്തിനും ഒരു തുടക്കം കിട്ടുവാൻ വേണ്ടി ഞാനെന്റെ അവസാന ആയുധമെന്ന വണ്ണമാണ്‌ ഏട്ടത്തിയെക്കുറിച്ച്‌ ചോദിച്ചത്‌. ചേട്ടൻ അതു കേട്ടില്ല എന്നാണ്‌ ഞാൻ വിചാരിച്ചത്‌.

”ഓ! അവൾ പ്രാക്‌ടീസിനു പോയിരിക്കുവാ, മഹിളാരത്നം റിയാലിറ്റി ഷോയിൽ അവൾ മത്സരിക്കുന്നുണ്ടെന്ന കാര്യം നിനക്കറിയാമല്ലോ, അല്ലേ?“

എനിക്കത്‌ പുതിയൊരറിവായിരുന്നു, എങ്കിലും ഭാവിച്ചില്ല. ചോദിക്കുന്നതിനെല്ലാം ചേട്ടന്റെ വളരെച്ചെറിയ ഉത്തരങ്ങൾ മാത്രം.

എന്റെ ഹൃദയത്തിൽ, പറയേണ്ട കാര്യങ്ങളുടെ കെട്ടഴിഞ്ഞുതുടങ്ങിയിരുന്നു. ”കുട്ടാ, നീയവിടെ ചെല്ലുമ്പോൾ തന്നെ ചേട്ടായിക്കെന്തു സന്തോഷമായിരിക്കും. അവന്‌ സമയം കിട്ടാഞ്ഞിട്ടാ വരാത്തത്‌. മടിക്കാതെ എല്ലാ കാര്യങ്ങളും പറയണം. അച്ഛന്റെ ചികിത്സേടെ കാര്യവും ഇന്ദൂന്‌ വന്ന കല്യാണാലോചനയും മോന്റെ പഠിത്തക്കാര്യവും എല്ലാം.“

ഇങ്ങോട്ടു കൊണ്ടുവരാൻ വേണ്ടി ഉണ്ടാക്കിയ ഉപ്പേരികളും അച്ചാറുകളും സഞ്ചിയിലാക്കുന്നതിനിടയിൽ അമ്മ പറഞ്ഞുകൊണ്ടിരുന്നു.

”ഒരുപാട്‌ കഷ്‌ടപ്പെട്ടിട്ടാണ്‌ അവനെ പഠിപ്പിച്ച്‌ ഇത്രേമാക്കിയത്‌. ഇനി ഇളയതുങ്ങൾക്ക്‌ അവനല്ലാതാരാണുള്ളത്‌. ഇന്ദൂനു വന്ന ആലോചന ഏതാണ്ട്‌ ഉറച്ച മട്ടാണ്‌. അവർ ചോദിക്കുന്നത്‌ അൽപം കൂടുതലു തന്ന്യാ എങ്കിലും ഇത്രേം നല്ലൊരു ബന്ധം….“

കട്ടിലിൽ കിടക്കുന്ന അച്ഛൻ എന്താണെന്നറിയില്ല, മറുപടിയൊന്നും പറഞ്ഞില്ല. ഇന്ദുവേച്ചിയാണെങ്കിൽ ദൂരേക്ക്‌ മിഴികൾ നട്ട്‌ ഒന്നും ശ്രദ്ധിക്കാതിരിക്കുകയാണ്‌.

ഈ വരവിലൂടെ അമ്മ ആഗ്രഹിച്ചതുപോലെയുള്ള വിധത്തിൽ കാര്യങ്ങൾ ഒന്നും നടക്കില്ല എന്നെനിക്കു നല്ല ബോദ്ധ്യമുണ്ടായിരുന്നു. ഏതാണ്ട്‌ ആറുമാസത്തോളമായി ചേട്ടൻ വീട്ടിൽ വന്നിട്ട്‌. ഫോൺ ചെയ്യാറില്ല. വിളിച്ചാൽ തിരക്കിലാണ്‌, പിന്നീട്‌ വിളിക്കാമെന്ന്‌ പറഞ്ഞ്‌ കട്ട്‌ ചെയ്യും.

പണ്ട്‌ ചേട്ടൻ ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. സദാ ഗൗരവം. കൂടപ്പിറപ്പായ തന്നോടുപോലും വിരളമായേ സംസാരിച്ചിരുന്നുള്ളൂ. ഇന്ദുവേച്ചിക്കും തനിക്കും ചേട്ടനോട്‌ ഒരു തരം ഭയമായിരുന്നു.

ജോലി കിട്ടിയിട്ടുപോലും ചേട്ടന്‌, മാറ്റങ്ങളുണ്ടായില്ല.

സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന ചേട്ടന്‌, മാറ്റങ്ങളുണ്ടായത്‌ ഏട്ടത്തിയുടെ വരവോടെയായിരുന്നു. ഏട്ടത്തിക്കും നഗരത്തിലായിരുന്നു ജോലി. പോകാനും വരാനുമുള്ള സൗകര്യമെന്നു പറഞ്ഞാണ്‌ ഇരുവരും നഗരത്തിലേക്ക്‌ താമസം മാറ്റിയത്‌. ക്രമേണ ഇങ്ങോട്ട്‌ വരാതായി. കുട്ടികളുണ്ടായപ്പോഴൊക്കെ തങ്ങളങ്ങോട്ട്‌ ചെന്നു കാണുകയായിരുന്നു. പക്ഷേ അതൊന്നും ഏട്ടത്തിക്കിഷ്‌ടമായിരുന്നില്ല.

അച്ഛന്റെ വയ്യാത്ത അവസ്‌ഥയെക്കുറിച്ച്‌ ഫോൺ ചെയ്യുമ്പോഴെല്ലാം ”തിരക്കിലാണ്‌“, ”വരാം“ എന്നൊക്കെ പറഞ്ഞ്‌ ഒഴിവാക്കുമായിരുന്നു. രണ്ടു മൂന്നു തവണ മണിയോർഡർ അയച്ചിരുന്നു. ”ഹായ്‌, സോനു നിഗം“ കുട്ടികളുടെ ആരവം എന്റെ ചിന്തകൾക്കു മേൽ പതിച്ചു.

ടി.വി.യിൽ സോനു നിഗം. ഏതോ മ്യൂസിക്‌ ഷോയുടെ പരസ്യമാണ്‌. സോനുവിന്റെ ശബ്‌ദ സുഭഗതയിൽ ഒരു നിമിഷം കാതുടക്കി..

”ഡാഡീ, ഇന്നത്തെ മ്യൂസിക്ക്‌ ഷോ ഫിക്‌സഡ്‌ അല്ലേ? അനുവിന്റെ ചോദ്യം കേട്ട്‌ ചേട്ടൻ എന്നോടായി പറഞ്ഞു. “ഇന്നു രാത്രി ഇവിടെ മെട്രോ സ്‌റ്റേഡിയത്തിൽ സോനുനിഗമിന്റെ മ്യൂസിക്‌ നൈറ്റ്‌ സ്‌റ്റേജ്‌ ഷോയുണ്ട്‌. കഴിഞ്ഞ വർഷം പറ്റിയില്ല. മൂന്നുമാസം മുൻപേ റിസർവ്‌ ചെയ്‌തതാ…..!”

എനിക്കു മടുത്തു കഴിഞ്ഞിരുന്നു. അവഗണനയുടെ നൊമ്പരം അമർഷത്തിനു വഴിമാറി. പെട്ടെന്ന്‌ ഫോൺ ശബ്‌ദിച്ചു.

“നാശം സ്വസ്‌ഥമായിട്ട്‌ കളികാണാനും പറ്റില്ല…..” പിറുപിറുത്തുകൊണ്ട്‌ ചേട്ടൻ ഫോണിനടുത്തേക്ക്‌ നടന്നു.

എന്റെ മനസ്സിൽ, ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ്‌ സ്വയം കുതറിത്തെറിക്കാൻ വെമ്പുകയായിരുന്നു, അമ്മ പറഞ്ഞേൽപ്പിച്ച കാര്യങ്ങൾ ഇനിയുള്ള തന്റെ ഭാവിയും ചേട്ടന്റെ കൈയിലാണ്‌. പക്ഷേ, ചേട്ടനിൽ നിന്നും ദയയുടെ കണികകൾ ഉതിർന്നുവീഴാൻ സാദ്ധ്യതയില്ലെന്ന്‌ എനിക്ക്‌ തോന്നി.

താനിവിടെ വന്നിട്ട്‌ എത്ര നേരമായി. ഇതുവരെയും തന്റെ പഠിത്തക്കാര്യത്തെക്കുറിച്ചുപോലും ചേട്ടനൊന്നും ചോദിച്ചില്ലല്ലോ.

ശിഥിലമായ ബന്ധങ്ങൾക്കപ്പുറത്തേക്ക്‌ മനുഷ്യന്‌ ഒന്നും ആഗ്രഹിക്കുവാൻ അവകാശമില്ലെന്ന്‌ ഞാൻ മനസ്സിലാക്കുകയായിരുന്നു. ബന്ധങ്ങളുടെ ചങ്ങലക്കണ്ണികൾ ദ്രവിച്ച്‌ തീരുമ്പോൾ കടമകളും കടപ്പാടുകളും…….

അനുവിന്റെയും അച്ചുവിന്റെയും കൈയടി എന്റെ ചിന്തകൾക്കു മേൽ വീണ്ടും ബ്രസീലിന്റെ പ്രതിരോധത്തിൽ ഇംഗ്ലണ്ട്‌ അടിയറവ്‌ പറഞ്ഞു കഴിഞ്ഞിരുന്നു. അച്ചു ടി.വി. ഓഫാക്കുമ്പോഴാണ്‌, വാതിൽ കടന്ന്‌ ഒരു സ്‌ത്രീ വന്നത്‌. ചേട്ടത്തി, ഞാനതിശയിച്ചുപോയി. എന്തുമാറ്റം!

വെട്ടിയിട്ട മുടി. ചുണ്ടിൽ ചായം. നഗരമേലാടകളിൽ ചേട്ടത്തി, അപരിചിതയെപ്പോലെ…..

“ഓ ഹരിയോ. എപ്പോ വന്നു?” ഒഴുക്കൻ മട്ടിലൊരു ചോദ്യമെറിഞ്ഞ്‌, ഉത്തരത്തിനു കാത്തു നിൽക്കാതെ ചേട്ടത്തി മുറിക്കുള്ളിലേക്ക്‌ പോയി.

ഞാൻ അന്യനായ ഒരുവനെപോലെ….. ഒരഭയാർത്ഥിയുടെ സങ്കോചത്തോടെ…..

കുറച്ച്‌ കഴിഞ്ഞപ്പോൾ, സെർവെന്റാണെന്നു തോന്നുന്നു. ഒരു സ്‌ത്രീ വന്ന്‌ ഉണ്ണാൻ വിളിച്ചു. അവർക്കു പിന്നാലെ ഡൈനിംഗ്‌ റൂമിലെത്തുമ്പോൾ ചേട്ടനും ചേട്ടത്തിയും കുട്ടികളും കഴിച്ചു തുടങ്ങിയിരുന്നു. നിശബ്‌ദമായ ഊണു മേശ, എന്റെ വിശപ്പ്‌ കെട്ടുപോയിരുന്നു. പേരിനെന്തെങ്കിലും ഞാൻ കഴിച്ചെന്നുവരുത്തി.

“ഡാഡി, എപ്പഴാ നമ്മൾ പോകുന്നത്‌?” അനുവിന്റെ ചോദ്യം.

“ഓ…! ഞാൻ മറന്നു എപ്പോഴാ മ്യൂസിക്ക്‌ ഷോ തുടങ്ങുന്നത്‌?” ചേട്ടത്തി, ചേട്ടനെ നോക്കി.

“ഷാർപ്പ്‌, സെവൻ തെർട്ടി.” പിന്നെ എന്നെ നോക്കി ചേട്ടൻ ചോദിച്ചു. “ങാ ! ഹരിയെപ്പഴാ തിരിച്ചു പോകുന്നെ? ഇന്ന്‌ മ്യൂസിക്‌ ഷോ കണ്ടിട്ട്‌, നാളെ പോയാൽ മതിയായിരുന്നു പക്ഷേ, വീട്ടിൽ കാത്തിരിക്കില്ലേ? നിന്നെക്കാണാതെ അമ്മയ്‌ക്കുറക്കം വരില്ലല്ലോ. കുട്ടിക്കാലം മുതലേ അങ്ങിനെയല്ലേ?”

തുടർന്ന്‌ എന്തോ ഫലിതം പറഞ്ഞ മട്ടിൽ ചേട്ടൻ പൊട്ടിച്ചിരിച്ചു. അതോ, ഇത്രയെളുപ്പത്തിൽ എന്നെ ഒഴിവാക്കാൻ ഒരു കാരണം കണ്ടുപിടിക്കാൻ കഴിഞ്ഞ സന്തോഷമോ?

ഊണു കഴിഞ്ഞ്‌, സ്വീകരണമുറിയിൽ പഴയ സ്‌ഥാനത്ത്‌ വീണ്ടും ഞാൻ ഉപവിഷ്‌ടനായി. പുറത്ത്‌ മഴ തകർത്തു പെയ്യുന്നു. ഞാൻ ധൈര്യം ആർജ്ജിക്കുകയായിരുന്നു.

സിഗററ്റ്‌ പുകച്ച്‌ ചേട്ടൻ എനിക്കെതിരെയുള്ള സോഫയിലേക്ക്‌ ചാഞ്ഞു.

ഞാൻ പറയാൻ തുടങ്ങുമ്പേഴേക്കും, ചേട്ടന്റെ സ്വരം ഉയർന്നു.

“ഹരീ, വീട്ടിൽ ചെല്ലുമ്പോൾ അച്ഛനോടൊരു കാര്യം നീ പറയണം, മറക്കരുത്‌. ഞാനിവിടെ ചുറ്റോടു ചുറ്റും കടത്തിലാ, വീട്‌ പണിയാൻ എടുത്ത ബാങ്ക്‌ ലോൺ അടച്ചു തീർന്നിട്ടില്ല. ഇവിടെ ടൗണിൽ മറൈൻ ഡ്രൈവിനടുത്ത്‌ ഒരു ഫ്‌ളാറ്റ്‌ ബുക്കും ചെയ്‌തിട്ടുണ്ട്‌. അതിനിടയിലാണ്‌ ശ്രീകല, ചാനലിലെ മഹിളാ രത്‌നം റിയാലിറ്റി ഷോയിലേക്ക്‌ സെലക്‌ടഡ്‌ ആയത്‌. എസ്‌.എം.എസ്‌ അയക്കുവാനും റിഹേഴ്‌സലിനും, ഫ്‌ളക്‌സ്‌ ബോർഡ്‌ വെയ്‌ക്കാനും ഒക്കെ നല്ലൊരു തുക തന്നെ വേണ്ടി വരും. ഞാനിവിടെ ആകെ ടൈറ്റിലാണ്‌. അതുകൊണ്ട്‌​‍്‌ തറവാടും പറമ്പും വിറ്റ്‌ എന്റെ ഷെയർ വേഗം ശരിയാക്കാൻ അച്ഛനോട്‌ പറയണം. എല്ലാം ശരിയാക്കിയിട്ട്‌ നീ വിളിച്ചറിയിച്ചാൽ മതി. നാട്ടിലോട്ട്‌ വരുന്നുണ്ട്‌ -ശ്രീകലക്ക്‌ എസ്‌.എം.എസ്‌ അയക്കണമെന്ന്‌ അവിടെയുള്ളവരോട്‌ പറയാനും മറ്റുമായിട്ട്‌. അച്ഛനോടും അമ്മയോടും ഏതു നിമിഷവും റെഡിയായിരിക്കാൻ പറയണം, റിയാലിറ്റിഷോയിൽ ഫാമിലി റൗണ്ടിൽ മത്സരിക്കാൻ. നല്ല മാർക്കിനൊപ്പം, എസ്‌.എം.എസ്‌ കൂടി ഉണ്ടെങ്കിലെ, കാര്യം നടക്കൂ…. കുറച്ചു സിംബതി കൂടിയൊത്താൽ രക്ഷപ്പെട്ടു…..”

ഞാൻ ഞെട്ടിയില്ല. ഇങ്ങിനെയൊരവസാനം ഞാൻ പ്രതീക്ഷിച്ചിരുന്നുവോ?

എന്റെ മുന്നിലിരിക്കുന്ന മനുഷ്യൻ എന്റെ ചേട്ടനാണെന്ന്‌ വിശ്വസിക്കാൻ എനിക്ക്‌ വിഷമം തോന്നി. പുച്ഛം തോന്നി.

ജനാലയിലൂടെ എറിച്ചിലടിച്ച വീണ മഴത്തുള്ളികൾക്ക്‌ ഇന്ദുവേച്ചിയുടെ കണ്ണീരിന്റെ ചൂട്‌.

ചേട്ടൻ വലിച്ചൂതി മുകളിലേക്ക്‌ വിടുന്ന പുകവളയങ്ങൾ അമ്മയുടെ മുടിക്കെട്ടിന്റെ നിറം സൃഷ്‌ടിച്ച്‌ മാഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു…..

പ്രതീക്ഷ നുരയ്‌ക്കുന്ന കണ്ണുകൾക്ക്‌ നേരെ, അന്ധകാരത്തിന്റെ ആരോ വലിച്ചെറിഞ്ഞ ആവരണത്തിനുമുമ്പിൽ ഞാൻ നിസ്സഹായനായി.

തകർന്ന മനസ്സോടെ, ഒന്നും മിണ്ടാതെ ഞാനെഴുന്നേറ്റു. തേങ്ങലുകളടക്കി, യാത്ര പറഞ്ഞിറങ്ങുമ്പോൾ കുട്ടികളെ അവിടെ നോക്കിയെങ്കിലും കണ്ടില്ല. കടമ നിർവഹിക്കാനെന്ന മട്ടിൽ ചേട്ടത്തി വാതിൽ വരെ വന്നു.

“കൈയിലിരിക്കട്ടെ….” യെന്നു പറഞ്ഞ്‌ ചേട്ടൻ നീട്ടിയ ഏതാനും നൂറു രൂപ നോട്ടുകൾ ഞാൻ വാങ്ങിയില്ല.

ചെറിയ ചില ജയങ്ങൾ ഞാനും ആഗ്രഹിക്കുന്നു. ഞാനും ഒരു മനുഷ്യനാണല്ലോ.

പുറത്ത്‌ മഴ ശമിച്ചിരുന്നില്ല. കുട നിവർത്തി, റോഡിലേക്കിറങ്ങുമ്പോൾ കണ്ണിൽ നിന്നും രണ്ടിറ്റ്‌ കണ്ണീർത്തുള്ളികൾ അടർന്നു വീണു. മുന്നിലേക്കുള്ള വഴിയിൽ ഭീകരതയുടെതായ മുരൾച്ച കേൾക്കുന്നതു പോലെ. റോഡരികിൽ വീണു കിടന്ന വാകപൂക്കളിലെ മഴത്തുള്ളികൾ അമ്മയുടെയും ഇന്ദുവിന്റെയും കണ്ണീരണിഞ്ഞ കവിൾത്തടങ്ങൾ പോലെ… വേനൽപ്പൂക്കളായ; അമ്മയുടെ പ്രതീക്ഷകൾ…..

നനഞ്ഞ സന്ധ്യ ചിറകു വിടർത്തി പറക്കാൻ തുടങ്ങിയിരുന്നു. മഴയുടെ ശക്തി കൂടുകയാണ്‌.

ചീറിയടിക്കുന്ന തണുത്ത കാറ്റിന്‌, പക്ഷേ ഹൃദയത്തിലെ ചൂട്‌ അകറ്റാൻ കഴിയുന്നില്ലല്ലോ…..

Generated from archived content: story1_may16_11.html Author: dipusasi_thathappilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here