1. ചിരി
മഞ്ഞുതുള്ളികളുടെ സുഗന്ധം ആർക്കോ എപ്പോഴോ എവിടെയോ വച്ച് നഷ്‌ടമായ സ്വപ്‌നങ്ങളുടെ ജീർണ്ണഗന്ധമാണെന്നുള്ള തിരിച്ചറിവിലാണ് അയാൾ ചിരിക്കാൻ തുടങ്ങിയത്. പക്ഷേ ആ ചിരി അവസാനിച്ചില്ല. മാനസികാരോഗ്യാശുപത്രിയിൽ പലവട്ടം ഷോക്ക് ട്രീറ്റ്‌മെന്റിനു വിധേയനാവുമ്പോഴും അയാൾ ചിരിച്ചുകൊണ്ടേയിരുന്നു.
2. പൊരുൾ
ആദ്യം കരഞ്ഞത് അവളായിരുന്നു. അയാൾ പക്ഷേ ചിരിക്കുകയായിരുന്നു. പക്ഷേ കാര്യകാരണങ്ങളുടെ പുറന്തോടുകൾ പൊട്ടിച്ച് പൊരുളുകളുടെ ഇളം വിത്തുകൾ പുറത്തെടുത്തപ്പോൾ അവൻ ഞെട്ടിത്തരിച്ച് കരഞ്ഞു. അവൾ ചിരിക്കാനും തുടങ്ങി.
3. നിഴലാട്ടം
“നിങ്ങളെന്തിനാണ് എപ്പോഴും എന്റെ പിന്നാലെ?”
“ഞാൻ നിങ്ങളുടെ നിഴലാണ്.”
“നിങ്ങൾക്കു തെറ്റി. എനിക്കു നിഴലില്ല. ശരീരമില്ല. മനസ്സ് ആരോ മോഷ്‌ടിച്ചുകൊണ്ടുപോയി. ആത്‌മാവ് തേടി നടക്കുകയാണ് ഞാനിപ്പോൾ”.
“നിങ്ങൾക്കാണ് തെറ്റിയത്. ഞാൻ നിങ്ങളുടെ നിഴലാണ്. നിങ്ങളുടെ ഉള്ളിലെ മൃഗമൂർഛയുള്ള കോംപ്ലക്‌സുകളുടെ ഒരു ധൂമരൂപം”. എന്റെ വായടഞ്ഞു.
4. വഴി
കേരളത്തിലങ്ങോളമുള്ള ഏതു വഴികളും അയാൾക്ക് ഹൃദിസ്‌ഥമായിരുന്നു. വഴികളെക്കുറിച്ചുള്ള ഏതു സംശയത്തിനും ആളുകൾ അയാളെ സമീപിച്ചു. അയാളുടെ കഴിവ് പരിഗണിച്ച് നാട്ടുകാർ അയാൾക്ക് ഒരു സ്വീകരണം നൽകി. ചാനലുകൾ അയാളെക്കുറിച്ച് സ്‌പെഷ്യൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. പത്രങ്ങൾ അയാളെക്കുറിച്ച് കവർസ്‌റ്റോറികൾ തയ്യാറാക്കി. അപ്പോഴൊക്കെയും അയാൾതിരഞ്ഞുകൊണ്ടിരുന്നത് സ്വന്തം ഭാര്യയുടെ ഹൃദയത്തിലേക്കുള്ള വഴിയായിരുന്നു.
5. മൗനം
കുറച്ചുനാളുകൾക്കുശേഷമാണ് നഗരത്തിരക്കിൽ അവർ കണ്ടുമുട്ടിയത്. റസ്‌റ്റോറന്റിലിരുന്ന് കാപ്പികുടിക്കുമ്പോഴും, ഇ.സി. തിയേറ്ററിലിരുന്ന് സിനിമകാണുമ്പോഴും, ഹോട്ടൽ മുറിയിയിലെ ശീതളിമയിൽ വികാരങ്ങൾ പങ്കുവെക്കുമ്പോഴും അവൾക്കും അയാൾക്കുമിടയിൽ മൗനത്തിന്റെ കനത്ത മതിൽകെട്ടായിരുന്നു. ഒടുവിൽ പിരിയാൻ നേരം അയാൾ അവളോടു ചോദിച്ചതിത്രമാത്രം. “നമ്മുടെ ഡിവോഴ്്സിന്റെ അടുത്ത കൗൺസിലിംഗ് എന്നാണ്?”
Generated from archived content: story1_apr19_10.html Author: dipusasi_thathappilly