കണ്ടുവോ? നിങ്ങളിന്നുച്ചൈശ്രവസ്സിനെ?
കദ്രുവിൻ കാപട്യബോധപർവ്വത്തിനെ?
കൈതവമില്ലാത്തൊരശ്വത്തെയെങ്ങാനും
വാലിൽ മറുകുമായ് പായുന്ന കണ്ടുവോ?
പാലാഴിയിൽനിന്നും ശ്വേതവർണ്ണത്തിനാൽ
പാരിൽ ഗമിച്ചതാണാസുന്ദരാശ്വവും
പാപഭാരങ്ങളാൽ ശാപം ചുമക്കുന്ന
പാവം വിനതതൻ വാഴ്‌വിന്റെ നൊമ്പരം.
കുറ്റപ്പെടുത്തുന്ന സാക്ഷ്യപത്രങ്ങളെ-
ക്കെട്ടിപ്പിടിയ്‌ക്കുന്ന വാദമുഖങ്ങളേ,
ആരിന്നറിയുന്നു ആത്മാവിലേറ്റുന്നൊ-
രാർദ്രമാം നോവിന്റെ രാഗപ്പൊലിമകൾ?
നേരും നെറിയുമില്ലാത്ത ലോകത്തിൻ
നേരെത്തിരിയുന്ന ദേവസങ്കല്പമേ,
ന്യായം പ്രതിക്കൂട്ടിലാക്കുന്നു നിന്നെയും
ഞാനും പ്രതീക്ഷയ്‌ക്കു പിന്നിലായ് നിൽക്കുന്നു.
എന്നെയും കാൽക്കീഴിലാക്കാൻ കൊതിയ്‌ക്കുന്നൊ-
രന്തർഗതങ്ങളേ, നിങ്ങൾ പൊറുക്കുക.
നിങ്ങളും ഞാനും നിതാന്തസമ്പർക്കത്തിൽ
നിദ്രയിൽ പോലും വിലാപകാവ്യങ്ങളായ്.
ഞെട്ടിത്തെറിയ്‌ക്കാത്ത ഞായറിൻ ശക്തി ഞാൻ
ചുട്ടുപൊളളിയ്‌ക്കുന്ന തീക്കനൽക്കട്ട ഞാൻ
ഒട്ടും മടിയാതെയൊറ്റിക്കൊടുക്കുവോർ-
ക്കൊറ്റച്ചിലമ്പിന്റെ വിമ്മിഷ്‌ടമാണു ഞാൻ.
പൊട്ടിത്തകരുകയാണെൻ ഹൃദന്തവും
അത്യുന്നതങ്ങളിൽ വാഴുന്ന സത്യമേ!
മിഥ്യാപഥങ്ങളിൽ അജ്ഞാതരൂപങ്ങൾ
മൃത്യുവിൻ ചാലകശക്തിയാകുമ്പൊഴും,
ഭാവം പരിതാപമാകയായ്, പിന്നെയും
പാതകമെന്തെന്നറിയാതെ നില്പൂ ഞാൻ…!
Generated from archived content: uchaisravassu.html Author: dipu_k_nair