ജാബാലാ സത്യകാമൻ

അജ്ഞാതമാം വേദത്തിൻ പൊരുൾ തേടിയലഞ്ഞു

പണ്ടൊരു ബാലകനും ഹൈമവതഭൂവിതിൽ.

വന്ദിച്ചു ഹരിദ്രുമപുത്രനെ, ഗൗതമനെ,

തന്നുടെയന്തർദ്ദാഹം തൽക്ഷണം ചൊല്ലിയവൻ.

പേരവൻ ‘സത്യകാമൻ’, ഭൂതലം പിറന്നവൻ

കേവലം ദേവദാസിയാമമ്മയ്‌ക്കേകമകൻ.

ഉളളിലങ്ങേതോ ശക്തി വിളിച്ചുണർത്തിയപ്പോൾ

ഉറച്ചു; വേദാർത്ഥത്തെ ഗ്രഹിയ്‌ക്കാൻ നിശ്ചയിച്ചു.

പ്രണമിച്ചനന്തരം വിനയത്തോടെ നില്‌ക്കേ,

“പറയൂ, പരമാർത്ഥം- നീയേതു ഗോത്രം? വംശം?”

ചോദിച്ചു മുനീന്ദ്രനും, കൈതവമില്ലാത്തൊരാ-

ബാലകൻ മൊഴിഞ്ഞു തൻ വാസ്തവം – സവിസ്തരം.

“ദാസിയാം മാതാവിന്റെ ദാസ്യവേലകൾക്കാരോ

ദാനമായ്‌ നല്‌കിയതാണെൻ ജന്മംഃ മാതൃഭാഷ്യം!

അറിയുന്നു ഞാനെന്റെ തായയെ നിസ്സംശയം

അറിയുന്നില്ല മമ ഗോത്രത്തെ; വംശത്തെയും!

മാമക നാമം ‘സത്യകാമ’നെന്നറിഞ്ഞാലും

താവക സവിധത്തിൽ സാദ്ധ്യമോ, ഗുരുപൂജ?”

അതുകേട്ടുടൻ ഋഷിവര്യനും മൊഴിഞ്ഞല്ലോ-

“ക്ഷിതിയിൽ സത്യം പറയുന്നവർ ബ്രാഹ്‌മണരും!

അറിവിൻ ഭാണ്ഡങ്ങളെ നിനക്കായ്‌ തുറക്കാം ഞാൻ

അടവിൽ പോയി നീ ചമതയുമായ്‌ വരൂ!”

അങ്ങനെ പൂണൂൽകല്ല്യാണത്തിനു യോഗ്യനായി

അബ്രാഹ്‌മണനെന്നാലുമർഹത നേടുകയായ്‌.

പിന്നെയോ, വിമൂകനായ്‌, തന്നെയൊരടിമപോൽ

ഗോക്കളെ മേയ്‌ക്കാനായി കാട്ടിലേയ്‌ക്കയച്ചപ്പോൾ

താനഭികാമ്യനല്ല, ആര്യവംശജനല്ല

ബ്രാഹ്‌മണപൗരോഹിത്യം പാടില്ലെന്നാകാം വിധി.

ഉഗ്രമാം ശപഥത്തെയുളളിലേറ്റിക്കൊണ്ടവൻ

നാനൂറു പൈക്കളുമായ്‌ യാത്രയായ്‌ വനാന്തരേ.

“ആയിരം കാലികളുമായി ഞാൻ തിരിച്ചെത്തും

അന്നെനിയ്‌ക്കരുളുമോ, ബ്രഹ്‌മാർത്ഥതത്വജ്ഞാനം?”

എത്രയോ സംവത്സരം പിന്നിട്ടൊരനന്തരം

അസ്തമയത്തിലഗ്നി കൂട്ടിയ നേരം തന്നിൽ

ഉണർത്തിച്ചൊരു കാളഃ “സമയം സമാഗതം,

തിരിയ്‌ക്കാം നമുക്കിനി ഗൗതമാശ്രമം പുക്കാം.”

അക്കാലയളവിങ്കൽ കാളയും നീർക്കാക്കയു-

മഗ്നിയും ഹംസവും ചേർന്നേകിയ ബ്രഹ്‌മാർത്ഥങ്ങൾ

കൃത്യമായ്‌ ഹൃദിസ്ഥമായെങ്കിലും ശേഷിച്ചുവോ

ഹൃത്തടത്തിങ്കലൊരു ശങ്കതൻ ശകലവും?

സഹസ്രം പൈക്കളോടുമൊത്തവൻ യാത്രയായി

തൻ ഗുരുവിന്നന്തികേ സന്ധിയ്‌ക്കുന്നതിന്നായി.

കണ്ടുവാ മുനീന്ദ്രനും തന്നുടെ ശിഷ്യൻ മുഖം

മുമ്പത്തേക്കാളെത്രയോ കൂടുതൽ പ്രശോഭിതം!

“ചൊൽക, നീ സത്യകാമാ, ഹേതുവായ്‌ തീർന്നതെന്തേ?

താവക ഭാവം ബ്രഹ്‌മജ്ഞാനിയെപ്പോലുണ്ടല്ലോ!”

“മാനവർക്കന്യമായ ഭാവമുളേളാരിൽ നിന്നും

വേദാർത്ഥം പഠിയ്‌ക്കുവാൻ കാരണമായി പ്രഭോ!

എങ്കിലുമെന്നന്തരാത്മാവിന്നു മൊഴിയുന്നു,

ഗുരുവിൽ നിന്നും തന്നെ ബ്രഹ്‌മത്തെയറിയണം.”

ചൊല്ലിനാൻ യഥാതഥം, വക്ത്രമോ പ്രകാശിതം

ഗൗതമനാവർത്തിച്ചു, “നീയല്ലോ ബ്രഹ്‌മജ്ഞാനി!”

സാദരം ഋഷിശ്രേഷ്‌ഠൻ കനിഞ്ഞ ജ്ഞാനാമൃതം

ആ കുമാരകനുടെയന്തർദ്ദാഹം തീർത്തുവോ?

കേവലമടിമയായ്‌ കണ്ടുവോ പണ്ടേ തന്നെ-

ഭൂമിയിൽ മർത്ത്യർക്കല്ലേ വർണ്ണവൈജാത്യമുളളു!

കുറിപ്പ്‌ഃ

1. ചമത – യാഗാഗ്നി ഉണ്ടാക്കുന്നതിനുളള വിറക്‌.

2. പൂണൂൽകല്ല്യാണം – ഉപനയനം

3. പൈക്കൾ – പശുക്കൾ അഥവാ കാലികൾ

4. ബ്രഹ്‌മാർത്ഥങ്ങൾ – ബ്രഹ്‌മത്തെക്കുറിച്ച്‌ നാലിൽ ഓരോ ഭാഗങ്ങളായി കാള, ഹംസം, അഗ്നി, കുളക്കോഴി എന്നിവർ പറഞ്ഞുകൊടുത്തു.

ഛാന്ദോഗ്യോപനിഷത്തിലെ ഒരു ഭാഗത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയതാണ്‌, ഈ കവിത. ദേവദാസിയായ ജാബാലയുടെ മകൻ സത്യകാമൻ വേദം പഠിയ്‌ക്കുന്നതിനായി ഹരിദ്രുമപുത്രനായ ഗൗതമമഹർഷിയെ സമീപിക്കുന്നു. അക്കാലത്ത്‌, ഒരു അബ്രാഹ്‌മണന്‌ അർഹതപ്പെട്ടതല്ലായിരുന്നു ഇത്‌. തന്റെ മാതാവിൽ നിന്നും മനസ്സിലാക്കിയ തന്നെക്കുറിച്ചുളള യാഥാർത്ഥ്യം അവൻ മുനിയെ അറിയിച്ചു. സത്യം തുറന്നുപറയാൻ മടിയ്‌ക്കാത്ത അവനിൽ സന്തുഷ്‌ടനായ അദ്ദേഹം, ഉപനയനം ചെയ്‌ത്‌ അവനെ ശിഷ്യനായി അംഗീകരിച്ചെങ്കിലും പിന്നീട്‌, ഒരു അടിമവേലക്കാരനോടെന്നപോലെ 400 ചാവാലിപ്പശുക്കളെയും കൊടുത്ത്‌ കാട്ടിലേയ്‌ക്ക്‌ പറഞ്ഞയയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. യാത്രയ്‌ക്കിടയിൽ കാള, അഗ്നി, ഹംസം, കുളക്കോഴി എന്നിവയിൽ നിന്ന്‌ ബ്രഹ്‌മതത്വം മനസ്സിലാക്കിയെങ്കിലും അവന്‌ ഗുരുമുഖത്തുനിന്നു തന്നെ പഠിച്ചാലേ അർത്ഥവത്താകൂ എന്നു തോന്നി. സത്യകാമൻ തന്റെ ലക്ഷ്യം നേടുമ്പോഴും ഉളളിന്റെയുളളിൽ പിടയ്‌ക്കുന്നൊരു ചോദ്യമുണ്ട്‌-ഗോത്രമേതെന്നറിയാത്ത തനിക്ക്‌ ഒരടിമയുടെ പരിവേഷമാണോ ഉളളത്‌ എന്ന്‌. അന്നത്തെ ഗുരുകുലസമ്പ്രദായമനുസരിച്ച്‌, വിദ്യ അഭ്യസിക്കണമെങ്കിൽ ഗുരു പറയുന്ന ജോലികളെല്ലാം ശിഷ്യന്മാർ ചെയ്തുകൊടുക്കേണ്ടിയിരുന്നു. വർണ്ണവ്യത്യാസമനുസരിച്ച്‌ ഗുരു ഏല്പിക്കുന്ന ജോലികൾക്കും വ്യത്യാസമുണ്ടായിരുന്നു.

Generated from archived content: poem_april16.html Author: dipu_k_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅനാഥർ
Next articleഗൗതമനോട്‌….
1961 ഡിസംബറിൽ തൃശൂർ ജില്ലയിൽ നെല്ലായിയ്‌ക്കടുത്തുള്ള ആലത്തൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം മുതൽ അല്പാല്പം സാഹിത്യവാസന ഉണ്ടായിരുന്നു. പത്താം തരത്തിൽ പഠിയ്‌ക്കുമ്പോൾ യുവജനോത്സവത്തിനുവേണ്ടി ‘സത്യത്തിന്റെ നിഴലിൽ’ എന്നൊരു ഏകാങ്കനാടകം എഴുതി അവതരിപ്പിച്ചു. എൺപതുകളുടെ തുടക്കത്തിൽ ഏതാനും ചെറുപ്പക്കാരുടെ സംഘടനയായ ‘യുവചേതന’യ്‌ക്കുവേണ്ടി ‘അസ്തിത്വം തേടുന്നവർ’, “നഖക്ഷതങ്ങൾ” എന്നീ നാടകങ്ങൾ എഴുതി സംവിധാനം ചെയ്‌ത്‌ പല വേദികളിലും അവതരിപ്പിച്ചു. പല അമേച്വർ നാടകങ്ങൾക്കും വേണ്ടി ഗാനങ്ങൾ എഴുതിയിട്ടുണ്ട്‌. നിരവധി നാടകങ്ങളിൽ വ്യത്യസ്‌തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. 600-ലേറെ ഭാവഗീതങ്ങൾ എഴുതിയിട്ടുണ്ട്‌. സ്നേഹാ ഫിലിം ഇന്റർനാഷനലിന്റെ “ഗൗരീശങ്കരം” എന്ന ടെലിഫിലിമിനുവേണ്ടി ശീർഷകഗാനം എഴുതി. 1984 മുതൽ 10 വർഷക്കാലം ഔദ്യോഗികാർത്ഥം ബാംഗ്‌ളൂരിലായിരുന്നു. അവിടെ ഈസ്‌റ്റ്‌ കൾചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കാറുള്ള കലാസാംസ്‌ക്കാരിക പരിപാടികളിൽ പങ്കെടുക്കാറുണ്ട്‌. അവരുടെ ക്ഷണപ്രകാരം കവിയരങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്‌. 1999 സെപ്തംബർ മുതൽ സൗദിയിൽ ജോലി നോക്കുന്നു. ഇവിടുത്തെ “മലയാളം ന്യൂസ്‌” എന്ന പത്രത്തിൽ ധാരാളം കവിതകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഫെബ്രുവരി 2000-ൽ നല്ല കവിതകളെഴുതിയതിന്‌ “മലയാളം ന്യൂസ്‌” സ്വർണ്ണനാണയം നല്‌കി അനുമോദിച്ചു. ആദ്യമായി പ്രസിദ്ധപ്പെടുത്തിയ കവിത “മനസ്സാക്ഷിയുടെ ചോദ്യം” - 1984-ൽ എറണാകുളത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന “നയന” ഇൻലന്റ്‌ മാഗസിനിൽ. ആകാശവാണി തൃശൂർ നിലയം ലളിതഗാനങ്ങൾ പ്രക്ഷേപണം ചെയ്തുവരുന്നു. മലയാളസിനിമയ്‌ക്കുവേണ്ടി അർത്ഥമുള്ള ഗാനങ്ങളെഴുതാൻ അവസരം കാക്കുന്നു.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English