എലിസബത്ത് കഷായം നന്നായി കുറുക്കിയെടുത്തശേഷം അടുപ്പില്‍ നിന്നും ഇറക്കി വച്ചു. വൈദ്യര്‍ കുറിച്ചുകൊടുത്ത പ്രകാരം അഞ്ചെട്ടു കൂട്ടം ചേരുവകള്‍ ഗ്രാമും മില്ലിയും തെറ്റാതെ പാകം ചെയ്തെടുക്കാന്‍ രണ്ടുമണിക്കൂറിലേറെയായി അവള്‍ അടുപ്പിനരുകില്‍ മെനെക്കെടുന്നു.
ഇനി കഷായം നന്നായി ചൂടാറിയിട്ടു വേണം മറ്റൊരു പാത്രത്തില്‍ തുണികെട്ടി അരിച്ചെടുക്കാന്‍ .അത് വൈകീട്ട് ചെയ്താലും മതി. സൗമിയേച്ചിക്ക് രാത്രി ഭക്ഷണത്തിനു ശേഷം കഴിക്കാനുള്ളതാണ് . ധാരാളം സമയമുണ്ട്.
എലിസബത്ത് കഷായത്തിന്റെ ആവി പുറത്തുപോകാതിരിക്കാനായി കഷായക്കുടുക്കയുടെ വാവട്ടം അടച്ചൂറ്റി കൊണ്ട് ഭദ്രമായി അടച്ചുവച്ചു.
ഉച്ചയൂണുകഴിഞ്ഞ് തുടങ്ങിയതാണ് അടുപ്പിലെ തീയും പുകയും കൊള്ളാന്‍.
എലിസബത്ത് അടുക്കള ചായ്പ്പിലെ മണ്‍പാനിയില്‍ നിന്നും ഒരു കോപ്പ നിറയെ വെള്ളമെടുത്ത് മുറ്റത്തേക്കിറങ്ങി തുമ്പത്തു കയറി കുനിഞ്ഞിരുന്ന് മുഖം നന്നായി കഴുകിയ ശേഷം മൂക്കമര്‍ത്തിപ്പിഴിഞ്ഞു.
അടുപ്പിലെ തീയും പുകയും കൊണ്ട് തലയ്ക്കകം മുഴുവന്‍ ഉരുകിക്കിടപ്പാണെന്നു തോന്നുന്നു.
എലിസബത്ത് പിറുപിറുത്തുകൊണ്ട് പാവാടത്തുമ്പുയര്‍ത്തി മൂക്കമര്‍ത്തിത്തുടച്ചു.
അനിരുദ്ധന്‍ സാര്‍ പൂമുഖത്തിരിപ്പുണ്ട്. അദ്ദേഹത്തെ മുഖം കാണിച്ചിട്ടു വേണം വീട്ടിലേക്കു ചെല്ലാന്‍. അവള്‍ അടുക്കളവാതില്‍ പുറത്തുനിന്നും ചാരി കൊളുത്തിട്ടശേഷം പുറംചുമരില്‍ തൂക്കിയിട്ട പാതി പൊളിഞ്ഞ കണ്ണാടിയില്‍ മുഖം നോക്കി.
അടുപ്പിലെ ചൂടേറ്റ് കരുവാളിച്ചിരിക്കുകയാണ് മുഖം.
അവള്‍ ഇരുകൈകളും ചേര്‍ത്ത് മുഖം ഒന്നു കൂടി അമര്‍ത്തിത്തുടച്ചു. പിന്നെ പാറിക്കിടന്ന മുടി പിന്നിലേക്ക് ഒതുക്കിക്കെട്ടി. ശേഷം ഇടതുകൈത്തണ്ടയില്‍ മൂക്കമര്‍ത്തിത്തുടച്ചുകൊണ്ട് പൂമുഖത്തെ മുറ്റത്തേക്കു ചെന്നു.
അനിരുദ്ധന്‍ സാര്‍ ചാരുകസേരയില്‍ കിടന്ന് വിശുദ്ധ പുസ്തകം വായിക്കുകയാണ്. എലിസബത്ത് മുറ്റത്തെ വെയിലില്‍ അയാള്‍ക്കഭിമുഖമായി നിന്ന് തൊണ്ടയനക്കി. അയാള്‍ വിശുദ്ധ പുസ്തകത്തില്‍ നിന്നും മുഖമുയര്‍ത്തി.
”അടുക്കള ജോലിയൊക്കെ കഴിഞ്ഞെങ്കില്‍ എലിസബത്ത് പൊയ്ക്കോളൂ .ഇന്ന് ഞായറാഴ്ചയല്ലേ സൗമിക്കു കൂട്ടു ഞാനുണ്ടല്ലോ”
അയാള്‍ വീണ്ടും വിശുദ്ധ പുസ്തകത്തിലേക്ക് മുഖം കുനിച്ചു.
എലിസബത്ത് കിഴക്കോട്ടു ചാഞ്ഞു തുടങ്ങിയ തന്റെ നിഴലില്‍ കണ്ണുകള്‍ നട്ടുകൊണ്ട് മുറ്റത്തെ വെയിലില്‍ നിമിഷങ്ങളോളം ശങ്കിച്ചു നിന്നു.
എങ്ങനെയാണ് സാറിനോടക്കാര്യം പറയുക ഒരു സ്ത്രീക്ക് പുരുഷന്റെ മുഖത്തു നോക്കി പറയാന്‍ പാടുള്ളതാണോ അക്കാര്യം? ഭാര്യയ്ക്ക് ഭര്‍ത്താവിനോടു പറയാം ഞാന്‍ വേലക്കു നില്‍ക്കുന്നവളല്ലേ ആ.. എന്നു കരുതി പറയാതിരിക്കുന്നതെങ്ങിനെ?
അവള്‍ അയാളുടെ ശ്രദ്ധ തന്നിലേക്കാകര്‍ഷിക്കുവാനായി ബോധപൂര്‍വ്വം നനഞ്ഞ മൂക്ക് വലിച്ചു കയറ്റി ശബ്ദമുണ്ടാക്കി.
അനിരുദ്ധന്‍ വീണ്ടും വിശുദ്ധ പുസ്തകത്തില്‍ നിന്നും മുഖമുയര്‍ത്തി.
നീയെന്താ പോണില്ലേ? നിനക്കു കാശു വല്ലതും വേണോ? ഓ.. ഞാനതു മറന്നു . നാളെ ക്രിസ്തുമസ് ആണല്ലേ. അയാള്‍ വിശുദ്ധ പുസ്തകം മടക്കി വച്ച് ചാരുകസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
”എനിക്കിപ്പോ കാശൊന്നും വേണ്ട.”
”പിന്നെയെന്തിനാ വെയിലത്തു നിന്നു വിയര്‍ക്കുന്നേ പോയിക്കോളു.”
എലിസബത്ത് നെറ്റിയിലെ വിയര്‍പ്പ് വിരല്‍ കൊണ്ടു വടിച്ചെടുത്തു.
”അത്……”
”എന്താ, എലിസബത്ത് ഒരാഴ്ചകൊണ്ട് പരിചാരികയുടെ പണി മടുത്തോ ? ഒരു വശം തളര്‍ന്നു കിടക്കുന്ന പെണ്ണിന് കാവല്‍ നില്‍ക്കുക പാടായി തോന്നെണ്ട നീ പറയുന്നതിന്റെ ഇരട്ടിക്കാശ് ഞാന്‍ തരും”.
അചിന്ത്യമായൊരു സംഗതി കേട്ട ഞെട്ടലോടെ എലിസബത്ത് മുഖം ഉയര്‍ത്തി.
”അയ്യോ സാര്‍ അതല്ല…”
”അപ്പോ എന്തോ പറയാനുണ്ടെന്നല്ലേ അര്‍ത്ഥം”
അയാള്‍ പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു.
എലിസബത്ത് വീണ്ടും സ്വന്തം നിഴലിലേക്കു മുഖം കുനിക്കുകയും ശബ്ദമുണ്ടാക്കാതെ മൂക്കു വലിച്ചു കയറ്റി വിഴുങ്ങുകയും ചെയ്തു.
പറയുക തന്നെ. സ്ത്രീക്ക് പ്രകൃതി നല്‍കിയ വരദാനമാണ്. നാണിക്കേണ്ട കാര്യമൊന്നുമില്ല.
എലിസബത്ത് തന്റെ വരണ്ട ചുണ്ടുകള്‍ നാക്കുകൊണ്ടു നനച്ചു.
”സൗമിയേച്ചിക്ക് ആര്‍ത്തവനാളാ. ശരീരം ഞാന്‍ വൃത്തിയാക്കിയാ മതീന്ന് ചേച്ചി…..”
എലിസബത്ത് അയാളുടെ മറുപടിക്ക് കാത്തുനില്‍ക്കാതെ തനിക്കു പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ച ആശ്വാസത്തോടെ ധൃതിയില്‍ മുറ്റം വിട്ട് നടവരമ്പിനപ്പുറത്തെ വളവില്‍ അപ്രത്യക്ഷയായി.
അനിരുദ്ധന്റെ വിശാലമായ നെറ്റിത്തടം ചുളിഞ്ഞു.
സൗമിയെന്തിനാ എലിസബത്തിനോട്…….
അനിരുദ്ധന്‍ ചാരുകസേരയില്‍ നിന്നെഴുന്നേറ്റ് കിടപ്പറയിലേക്കു ചെന്നു.
സൗമി നിദ്രയിലാണ്.
അവളുടെ ചുണ്ടില്‍ പുഞ്ചിരിയുടെ പൂമൊട്ട്. അവള്‍ ഭൂതകാലം സ്വപ്നം കാണുകയാവാം. അല്ലെങ്കില്‍ എലിസബത്തിനോട് പറഞ്ഞകാര്യങ്ങള്‍…
അനിരുദ്ധന്‍ ദീര്‍ഘമായൊരു നിശ്വാസത്തിനു ശേഷം ചുമരില്‍ തൂക്കിയിട്ട ക്രൂശിത രൂപത്തില്‍ കണ്ണുകള്‍ നട്ടു.
ഒരു ആശാരിചെക്കനായി ജനിച്ച്…
അനിരുദ്ധന്‍ തന്റെ ഭൂതകാലത്തെ പതുക്കെ ഉണര്‍ത്തി.
ഒരു ആശാരിചെക്കനായി ജനിച്ച് വളര്‍ന്ന അയാള്‍ ചെറുപ്പം തൊട്ടേ ക്രിസ്തു തന്റെ ബന്ധുവാണെന്ന ആഹ്ലാദം സ്വകാര്യമായി മനസ്സില്‍ സൂക്ഷിച്ചിരുന്നു.
ദൈവത്തിനും തനിക്കുമിടയില്‍ ഒരു മദ്ധ്യവര്‍ത്തിയായി വിശുദ്ധപുസ്തകത്തിലൂടെ പ്രവചകന്‍ അയാളോട് സംസാരിക്കാന്‍ തുടങ്ങി.
പ്രവാചകന്റെ ഓരോ വാക്കിലും ഇഴചേര്‍ന്നു കിടക്കുന്ന അനന്തമായ സത്യങ്ങളെ ഉള്‍ക്കൊള്ളാനും നന്മയുടെ വൃത്തത്തെ വിസൃതപ്പെടുത്താനും മനോബലം കാട്ടിതുടങ്ങിയപ്പോഴാണ് ഒരു ദിവസം അവള്‍ അയാള്‍ക്കരികിലേക്ക് വന്നത്.
അവളുടെ വശ്യതയാര്‍ന്ന കണ്ണുകളിലും ചുവന്നുതുടുത്ത കുഞ്ഞുമൂക്കിന്‍ തുമ്പത്തും ഒരു നിമിഷം കണ്ണുകള്‍ കുടുങ്ങി നിന്നപ്പോള്‍ അയാളുടെ അന്തരംഗത്തില്‍ കാമത്തിന്റെ തുടിപ്പുണ്ടായി.
അയാള്‍ ഓര്‍ത്തു:
പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. സ്ത്രീയെ തെറ്റായി വീക്ഷിക്കുന്നതു തന്നെ വ്യഭിചാരകുറ്റമാണെന്ന്. അയാളുടെ മനസ്സ് വിറകൊള്ളാന്‍ തുടങ്ങി . അയാള്‍ ഭീതിയോടെ അവളില്‍ നിന്നും മുഖം പിന്തിരിച്ചു. ശേഷം കണ്ണുകള്‍ ഇറുക്കിയടച്ചു.
ഓരോ ദിവസവും കഴിയുന്തോറും അയാളുടെ ആ ഓരോ ചലനങ്ങളും അവള്‍ക്ക് അല്‍ഭുതമായിരുന്നു.
ആ സ്വകാര്യതയിലും അവള്‍ മലയാളം ടൈപ്പ് ചെയ്യുന്നതില്‍ വിദഗ്ദയായും അയാള്‍ പ്രൂഫ് നോക്കുന്നതില്‍ മിടുക്കനായും ഒരു മുറിയില്‍ ഓരോ പകലും ചിലവഴിച്ചു.
ഒരു ദിവസം ഉച്ചയൂണിനുള്ള ഇടവേളയില്‍ അവള്‍ അയാള്‍ക്കരികിലേക്ക് ചെന്നു.
അയാള്‍ കസേരയില്‍ കുനിഞ്ഞിരിക്കുകയാണ്.
അവളുടെ സാന്നിദ്ധ്യമറിഞ്ഞിട്ടും അയാള്‍ മുഖമുയര്‍ത്തിയില്ല. അയാളുടെ കണ്ണൂകള്‍ ചോരക്കുഞ്ഞിന്റെ ചുണ്ടുകള്‍ പോലെ ചുവന്ന അവളുടെ കാല്‍ വിരലുകളില്‍ ആയിരുന്നു.
അവള്‍ അധികാരഭാവത്തില്‍ കസേരവലിച്ചിട്ട് അയാള്‍ക്കഭിമുഖമായി ഇരുന്നു.
അയാള്‍ ഒരു ഞെട്ടലോടെ മുഖമുയര്‍ത്തി.
അവള്‍ പറഞ്ഞു.
”മേശപുറത്തെ ഈ ക്രൂശിതരൂപവും വിശുദ്ധപുസ്തകവും തൊട്ടു ഞാന്‍ എന്റെ മനസ്സു തുറക്കുകയാണ് മറ്റൊന്നുമല്ല. എനിക്കു നിങ്ങളോടു പ്രണയം തോന്നുന്നു”.
സൂര്യകാന്തി പൂത്ത പോലെ പ്രശോഭിച്ചു നില്‍ക്കുന്ന അവളുടെ മുഖം ഒരു നിമിഷനേരം ദര്‍ശിച്ചപ്പോള്‍ അയാളുടെ മനസ്സ് വിറകൊള്ളാന്‍ തുടങ്ങി.
അയാള്‍ അസ്വസ്ഥനായി. അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
ഞാന്‍ എങ്ങിനെ ഈ പെണ്ണിന്റെ മുഖത്തു നോക്കും. എന്റെ ശരീരത്തെ പ്രകമ്പനം കൊള്ളിക്കുന്ന കാഴ്ചയിലേക്ക് ഞാന്‍ എങ്ങിനെ കണ്ണു തുറക്കും.
കാല്‍ വിരലുകള്‍…
ഉടല്‍…
ചുണ്ടുകള്‍…
അയാള്‍ ക്രൂശിത രൂപം മനസ്സില്‍ പ്രത്യക്ഷപ്പെടുത്താന്‍ ശ്രമിച്ചു.
മനുഷ്യപുത്രാ ഞാന്‍ പാപം ചെയ്തോ?
അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് പുലമ്പിക്കൊണ്ടിരുന്നു.
”താപസന് അത്യുന്നതങ്ങളില്‍ നിന്നും മറുപടി കിട്ടിയോ”?
അവളുടെ ചോദ്യം അയാളുടെ മിഴികളില്‍ വീണ്ടും ഞെട്ടലുണ്ടാക്കി.
”നീ എന്റെ പ്രാര്‍ഥനകേട്ടുവല്ലേ”?
ഉം. കേട്ടു. പ്രണയിക്കുന്നത് പാപമാണെന്ന് ഒരു ദൈവവും പ്രവാചകന്‍ വഴി അരുള്‍ ചെയ്തിട്ടില്ല പരിശുദ്ധവിശ്വാസം സ്ഥായിയായി നില്‍ക്കുന്നതു തന്നെ പ്രണയം മൂലമാണ്. മേശപ്പുറത്തുകിടക്കുന്ന ഈ വിശുദ്ധപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടോ സ്ത്രീയുടെ മുഖത്തു നോക്കി സംസാരിക്കുനത് പാപമാണെന്ന്?
”ഉം. സ്ത്രീയെ തെറ്റായി നോക്കുന്നതു തന്നെ വ്യഭിചാരക്കുറ്റമാണെന്ന് വിശുദ്ധ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്”.
”അപ്പോള്‍ എന്റെ തോന്നല്‍ ശരിയാണ്. എന്റെ മുഖത്ത് നോക്കുമ്പോള്‍ നിങ്ങള്‍ക്കു വ്യഭിചാരബോധമുണ്ടാകുന്നു. അതു പാപമാണെന്ന പ്രവാചകന്റെ വചനം നിങ്ങളെ മുഖം തിരിക്കാന്‍ പ്രേരിപ്പിക്കുന്നു. ശരിയല്ലേ?. നോക്കു, ദൈവങ്ങളോടൂള്ള സ്നേഹം നിങ്ങളിലിപ്പോ സന്തോഷത്തേക്കാളേറെ ഭീതിയാണ് സൃഷടിച്ചിരിക്കുന്നത്. ഇതൊരുതരം മനോരോഗമാണ്”.
മാനസിക രോഗമെന്ന വാക്ക് അയാളില്‍ അഗ്നി നിറച്ചു.
അതുകണ്ട് അവള്‍ ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്ക്കളങ്കതയോടെ ചിരിച്ചു. ആ ചിരിയില്‍ അയാളുടെ കണ്ണിലെ അഗ്നി പരിണാമപ്പെട്ട് സങ്കോചത്തോടെ അവളെ നോക്കി.
ശേഷം അയാള്‍ മനസിലെ പാപചിന്തയുടെ വേലിയേറ്റത്തിന് തടയിടാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
”ഞാന്‍ മേശപ്പുറത്തെ ഈ വിശുദ്ധ പുസ്തകത്തില്‍ വിശ്വസിക്കുന്നവനാണ്. ഭയമാണ് എന്റെ വിശ്വാസത്തിന്റെ കരുത്ത്. വിശ്വാസം ലംഘിക്കപ്പെട്ടാല്‍ പീഢനമായിരിക്കും ഫലം. തുറന്നു പറയട്ടെ നിന്റെ കണ്ടെത്തല്‍ ശരിയാണ്”.
അവള്‍ക്ക് അയാളോട് വല്ലാതൊരു അനുകമ്പ തോന്നി.
എന്നാല്‍ അവളത് പ്രകടിപ്പിക്കാതെ പറഞ്ഞു.
”ദൈവത്തോടുള്ള അടുപ്പം നിങ്ങളിലിപ്പോ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൈവത്തെ സ്നേഹിക്കുന്നയാള്‍ പരിശുദ്ധനായിരിക്കണം. സ്നേഹം പങ്കുകൊള്ളാന്‍ ആഗ്രഹിക്കുന്നവര്‍ക്കുകൂടി അതു പകര്‍ന്നു നല്‍കണം. ഞാനെന്റെ ഇഷ്ടം ഈ വിശുദ്ധ പുസ്തകവും ക്രൂശിതരൂപവും തൊട്ടു പറഞ്ഞതാണ്. നമുക്കിടയില്‍ സ്നേഹം നിലനില്‍ക്കുമ്പോള്‍ നാം സന്തോഷിക്കുന്നതു പോലെ ദൈവവും സന്തോഷിക്കും. ഒരു നിബന്ധനയെ ദൈവത്തിനുള്ളു .സ്നേഹം പവിത്രമായിരിക്കണം അശുദ്ധിയുള്ളവരെ ശുദ്ധീകരിക്കാനാണ് ദൈവം. ശുദ്ധതയാണ് രക്ഷാമാര്‍ഗവും. ഓരോ പുലര്‍ച്ചയിലും ഞാന്‍ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന് അന്വേഷിക്കുന്നത് ഈ മാര്‍ഗത്തെക്കുറിച്ചാണ്. വിശുദ്ധ പുസ്തകം കൈയിലുണ്ടായിട്ടും നിങ്ങളെന്റെ സാമീപ്യത്തെ സംശയിക്കുകയും സ്വയം പാപിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തത് സങ്കടകരമാണ്”.
അയാളുടെ മൗനവും അവളുടെ വാചാലതയും തുടര്‍ന്നുകൊണ്ടിരുന്നു. എന്തിനും ഏതിനും വിശുദ്ധപുസ്തകവും ക്രൂശിത രൂപവും തൂങ്ങിപ്പിടിച്ചു നില്‍ക്കുന്ന അയാളുടെ മനസ്സ് മെല്ലെ മെല്ലെ പാപചിന്തയെ ലഘൂകരിച്ചു തുടങ്ങി.
ആ തുടര്‍ച്ചയുടെ ഒടുവില്‍ ഒരു ദിവസം അയാള്‍ പറഞ്ഞു:
”രണ്ടു ദിവസം കഴിഞ്ഞാല്‍ ക്രിസ്തുമസായി നല്ല മുഹൂര്‍ത്തം”
അവളുടെ കണ്ണൂകളില്‍ ആഹ്ലാദം നിറഞ്ഞു.
അവള്‍ ചുവരില്‍ തൂക്കിയിട്ട കലണ്ടറിലെ ചുവന്ന അക്കത്തില്‍ തൊട്ടുകൊണ്ടു പറഞ്ഞു.
”ഞാനും ഈ മുഹൂര്‍ത്തത്തെക്കുറിച്ച് പറയാന്‍ ഒരുങ്ങുകയായിരുന്നു”.
”പരിണയം വിപ്ലവകരമായിരിക്കില്ലേ”?
”വിപ്ലവം രചിക്കുമ്പോള്‍ പ്രതിരോധിക്കാനുള്ള ആയുധം”?
”നിയമപുസ്തകത്തില്‍ രണ്ടൊപ്പും ഒരു മംഗല്യ സൂത്രവും പിന്നെ കൂട്ടിന് മനുഷ്യപുത്രനും നമ്മുടെ സന്തോഷത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുമല്ലോ”.
അവള്‍ പുഞ്ചിരിച്ചു കൊണ്ട് ക്രൂശിതരൂപത്തിനു മുന്നില്‍ കണ്ണുകള്‍ നട്ടു.
അപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു നക്ഷത്രം ജ്വലിച്ചു.
വിപ്ലവത്തിനു ശേഷമുള്ള ഒറ്റപ്പെടലും പരിണയവും കഴിഞ്ഞ് ഇണചേര്‍ന്ന് രമിച്ച ഒരു രാത്രി പുലര്‍ന്നപ്പോള്‍ തൊട്ട് അവള്‍ ഒരു വശം തളര്‍ന്നു കിടപ്പായി.
ആശുപത്രിയിലും വീട്ടിലുമായി ആഴ്ചകളോളം അയാള്‍ അവള്‍ക്കരികീല്‍ നിന്നും മാറാതെ അവളെ പരിചരിച്ചു. വൈദ്യരുടെ കഷായവും തേച്ചു കുളിയും മുടങ്ങാതെ നടക്കുന്നുണ്ട്. അടുത്തയിടെയാണ് അയാള്‍ പകല്‍ നേരങ്ങളില്‍ സൗമിയെ പരിചരിക്കാനായി അയല്‍ക്കാരിപ്പെണ്ണിനെ കൂലിക്കെടുത്തത്.
എലിസബത്ത് അവളെ കൂടെപ്പിറപ്പിനേപ്പോലെയാണു നോക്കുന്നത്.
രാത്രി അയാള്‍ക്കുള്ളതാണ്. രാത്രിയാണ് തേച്ചു കുളി നടക്കുക. അപ്പോള്‍ അയാള്‍ അമ്മയും അവള്‍ കുഞ്ഞുമാകും.
സൗമി ഒന്നു ഞരങ്ങിയപ്പോള്‍ അനിരുദ്ധന്‍ ഭൂതകാലത്തില്‍ നിന്നും തിരിച്ചു വന്നു.
സൗമി ഉണര്‍ന്നു കിടക്കുകയാണ്.
അനിരുദ്ധന്‍ അവളുടെ ചലനമറ്റ ഇടതുകൈ മടിയിലെടുത്ത് വച്ച് പതുക്കെയാ കൈപ്പത്തിയില്‍ തലോടി.
സൗമിയുടെ വരണ്ട ചുണ്ടില്‍ തെളിഞ്ഞ പുഞ്ചിരിയില്‍ ആഹ്ലാദം കൊണ്ട അയാള്‍ ഒരു നിമിഷം എലിസബത്തിന്റെ വാക്കുകള്‍ ഓര്‍ത്തു.
പിന്നെ അയാള്‍ പതുക്കെ പറഞ്ഞു.
”എലിസബത്ത് കഷായം കുറുക്കിവെച്ചിട്ടാണ് പോയത്. പതിവിനു വിപരീതമായി അവള്‍ വൈകീട്ടു വരും. ഇനി കുറച്ചു നാള്‍ നിന്റെ സ്വകാര്യതകള്‍ എനിക്കന്യമാകുകയാണല്ലോ”.
അവള്‍ സങ്കടത്തോടെ അയാളെ നോക്കി.
അയാള്‍ തുടര്‍ന്നു.
”എലിസബത്ത് എന്തിനാ വരുന്നേ? മലവും മൂത്രവും മാറ്റുന്ന എനിക്ക് ആര്‍ത്തവ രക്തം ഓക്കാനം വരുത്തുമെന്ന് നീ കരുതിയോ”?
അയാളുടെ വാക്കുകളിലെ അനിഷ്ടം ബോധ്യപ്പെട്ട അവള്‍ വാചാലയാവന്‍ ശ്രമിച്ചെങ്കിലും നേരിയ ഒരു ശബ്ദം പോലും പുറപ്പെടുവിക്കുവാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.
അയാള്‍ പറഞ്ഞു.
”എനിക്കറിയാം നിനക്ക് ഒരു പാട് തര്‍ക്കുത്തരങ്ങള്‍ പറയാനുണ്ടെന്ന്. എന്തിനാ സൗമി നിന്റെ നഗ്നത എലിസബത്തിന്റെ മുന്നില്‍ തുറന്നു വയ്ക്കുന്നത്”?
ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം അയാള്‍ തുടര്‍ന്നു.
”ആ… നിന്റെ ഇഷ്ടമല്ലേ അവള്‍ വന്നോട്ടെ” . അവളുടെ ചുണ്ടില്‍ സങ്കടം ചലനങ്ങളുണ്ടാക്കീ. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അനിരുദ്ധന്‍ അവള്‍ക്കരികില്‍ നിന്നും എഴുന്നേറ്റു.
വെളിയില്‍ മഴ തിമിര്‍ത്തു പെയ്യുകയാണ്. ഇടക്കിടെയുള്ള ഇടിയാണ് സഹിച്ചു കൂടാത്തത്. കാലാവസ്ഥ മാറിയതല്ലേ ഇനി എലിസബത്ത് വരുമെന്നു തോന്നുന്നില്ല.
അനിരുദ്ധന്‍ അടുക്കളയിലേക്കു ചെന്ന് ഒരു ഗ്ലാസ്സില്‍ കഷായം അരിച്ചെടുത്ത് മേശപ്പുറത്തു വച്ചു. ഇടക്കൊരു കാതടപ്പിക്കുന്ന ഇടിയും ഒപ്പം വൈദ്യുതി പ്രവാഹവും നിലച്ചതോടെ അയാള്‍ ഒരു മെഴുകുതിരി കണ്ടെത്താനുള്ള ശ്രമത്തിലായി.
മെഴുകുതിരി ഒന്നേയുള്ളു അതു തീരുന്നതിനു മുമ്പ് ഭക്ഷണം കഴിച്ചു കിടക്കണം. ഇന്നേതായാലും സുമിയെ കുളിപ്പിക്കേണ്ട. ചൂടുവെള്ളം കൊണ്ട് മേലാകെ തുടക്കാം.
അനിരുദ്ധന്‍ ഒരു പാത്രത്തില്‍ ചൂടുവെള്ളവും ഒരു തോര്‍ത്തുമെടുത്ത് കിടപ്പറയിലേക്കു ചെന്നു.
അയാള്‍ മെഴുകുതിരി കട്ടിലിന്റെ നെറ്റിയില്‍ ഉറപ്പിച്ചു.
അയാള്‍ അവളുടെ വസ്ത്രങ്ങളൊക്കെയും അഴിച്ചു മാറ്റിയശേഷം ചൂടുവെള്ളത്തില്‍ തോര്‍ത്തുമുക്കിപ്പിഴിഞ്ഞ് അവളുടെ ശരീരം നന്നായി തുടച്ചു.
”നോക്കു…. സൗമി മെഴുകുതിരി കത്തി തീരാറായി. ഇന്നിനി നിന്നെ വസ്ത്രം ധരിപ്പിക്കാന്‍ നിന്നാല്‍ നമ്മുടെ കഞ്ഞികുടി ഇരുട്ടത്താവും അതുകൊണ്ട് ഈ രാത്രി നമുക്ക് വസ്ത്രങ്ങളൊക്കെ ഉപേക്ഷിക്കാം”.
അയാള്‍ ചുണ്ടിലൊരു കുസൃതി ചിരി നിറച്ചുകൊണ്ട് തുടര്‍ന്നു.
”ആദ്യരാത്രി തൊട്ട് നീ ഈ കിടപ്പിലാകുന്നതു വരെ നമ്മള്‍ രാത്രി ആഘോഷിച്ചത് അങ്ങിനെയാണെല്ലോ”.
അനിരുദ്ധന്റെ വര്‍ത്തമാനം കേട്ട് സൗമിയുടെ കണ്ണില്‍ നാണം നിറഞ്ഞു.
അയാള്‍ ചന്ദനക്കളറുള്ള പുതപ്പെടുത്ത് അവളുടെ പാദം തൊട്ട് മാറോളം പുതപ്പിച്ചു.
അയാള്‍ വീണ്ടും അടുക്കളയിലേക്ക് ചെന്ന് ഒരു പാത്രത്തില്‍ കഞ്ഞിയും പയറും കൂടെ ഒരു ഗ്ലാസ്സില്‍ കഷായവുമായി തിരികെ സൗമിയുടെ അടുത്തേക്കു വന്നു.
അയാള്‍ അവള്‍ക്ക് കഞ്ഞി കോരിക്കൊടുത്ത് കൂടെ അയാളും കഴിച്ചു.
പുറത്ത് മഴ തിമിര്‍ത്തു പെയ്യുകയാണ്.
അയാള്‍ കഷായം അല്‍പ്പാല്‍പ്പമായി അവളെ കുടിപ്പിച്ചശേഷം തൂവാലയെടുത്ത് അവളുടെ ചുണ്ടുകള്‍ നന്നായി തുടച്ചു.
മെഴുകുതിരിയുടെ വെളിച്ചം അല്‍പ്പാല്‍പ്പമായി ചുരുങ്ങുകയാണ്.
അയാള്‍ ധൃതിയില്‍ മുണ്ടഴിച്ചു കുടഞ്ഞുടുത്തു.
‘മഴ എത്രവേണമെങ്കിലും പെയ്തോട്ടെ ഇടിയും മിന്നലുമാ സഹിച്ചു കൂടാത്തത്.
അനിരുദ്ധന്‍ അവള്‍ക്കരികിലായി ചരിഞ്ഞു കിടന്ന്നുകൊണ്ട് പറഞ്ഞു.
”നമ്മുടെ ആദ്യരാത്രിയും ഇതുപോലെ മഴയുണ്ടായിരുന്നു , ക്രിസ്മസ്സ് രാത്രിയിലെ കാലം തെറ്റി വന്ന മഴ. നാളെ വീണ്ടും ക്രിസ്മസ്സ് വരികയാണ് നമ്മുടെ വിവാഹവാര്‍ഷികവുമായി”.
മെഴുകുതിരിയുടെ അവസാനവെളിച്ചവും ഇരുട്ടുവിഴുങ്ങുകയാണ്.
അയാള്‍ പറഞ്ഞു.
”ഈ രാത്രിയിനി നമുക്ക് കൂട്ട് കട്ട പിടിച്ച് ഇരുട്ടും തോരാമഴയുടെ താളവും തണുപ്പും മാത്രം”.
അയാള്‍ അവളുടെ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.
ശേഷം അവളുടെ കാതില്‍ പറഞ്ഞു.
”എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത് ക്രിസ്മസ്സ് ദിനത്തിലെ നമ്മുടെ ആദ്യരാത്രിയാണ്”.
അയാള്‍ അവളുടെ മേനിയോട് ചേര്‍ന്നു കിടന്നു.
പുറത്ത് മഴയുടെ ശക്തിയേറുകയാണ്.
മഴയുടെ കുളിരില്‍ രാത്രിയുടെ അന്ത്യയാമത്തില്‍ ഉദ്ധാരണത്തിനു വിധേയമായ അയാളുടെ മനസ്സ് നിയന്ത്രണം നഷ്ടപ്പെട്ട് അവളുടെ നഗ്നതയില്‍ കൊടും മഴയായി പെയ്തിറങ്ങി.
സൂര്യന്റെ വെളിച്ചം കാണുന്നതിനുമുമ്പ് തന്നെ അയാള്‍ ഉണര്‍ന്നെങ്കിലും അവളുടെ അരികില്‍ തന്നെ കിടന്നു.
സൗമി വളരെ അവശയായിരുന്നു.
അനിരുദ്ധന്‍ അവളുടെ ക്ഷീണിച്ച കണ്ണുകളിലേക്കു നോക്കി.
അയാള്‍ പറഞ്ഞു.
”ഇന്നലെ രാത്രി നിമിഷങ്ങളോളം എനിക്കെന്റെ മനസ്സ് കൈമോശം വന്നു പോയി ക്ഷമിക്കില്ലേ നീ?”
അവള്‍ പതിയെ കണ്ണുകളടച്ചതല്ലാതെ അവളുടെ മുഖത്ത് മറ്റൊരു ഭാവവും പ്രത്യക്ഷപ്പെട്ടില്ല.
അനിരുദ്ധന്‍ എഴുന്നേറ്റു.
സൗമിയുടെ മാറിലെ ദന്തക്ഷയവും അടിവയറ്റിനു താഴെ രക്തം ഉറപൊട്ടിക്കിടക്കുന്നതും അയാള്‍ കണ്ടു.
ദൈവമേ… ഞാനെന്തെരു മൃഗീയമായ പാപമാണ് ചെയ്തിരിക്കുന്നത്
അനിരുദ്ധന്‍ അവളുടെ കാലുകള്‍ നന്നായി അടുപ്പിച്ചു വച്ചു. പിന്നെ കട്ടിലിനു കീഴെ വീണുകിട്ക്കുന്ന പുതപ്പെടുത്ത് മാറോളം പുതപ്പിച്ചു.
അയാള്‍ക്ക് പാപബോധമുണ്ടായി, അയാള്‍ ക്രൂശിതരൂപത്തിനുമുന്നില്‍ കുമ്പിട്ടു നിന്നു.
മനുഷ്യപുത്രാ, ഞാന്‍ ചെയ്തുകൂട്ടിയ പാപങ്ങളൊക്കെ പൊറുക്കേണമേ.
അയാള്‍ ക്രൂശിതരൂപത്തിനു മുന്നില്‍ മുട്ടുകുത്തിയിരുന്ന് പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ടിരുന്നു.
എലിസബത്ത് വാതില്‍ തട്ടി വിളിക്കുന്നതു കേട്ടാണ് അയാള്‍ പ്രാര്‍ത്ഥനയില്‍ നിന്നും ഉണര്‍ന്നത്.
സൗമി നല്ല ഉറക്കത്തിലാണ്.
അനിരുദ്ധന്‍ വാതില്‍ തുറന്നു.
എലിസബത്ത് ധൃതിയില്‍ അടുക്കളയിലേക്ക് ചെല്ലവേ പറഞ്ഞു.
”ഇന്നലെ വൈകീട്ട് വരാന്‍ ഇറങ്ങിയതാണ് മഴയാണെങ്കില്‍ പോട്ടേന്നു വയ്ക്കാം. എന്തൊരു ഇടിയും മിന്നലുമായിരുന്നു. പിന്നെ പുലരുന്നതിനു മുമ്പെങ്കിലും വരാമെന്ന് വെച്ചതാ ക്രിസ്മസ്സല്ലെ പള്ളിയിലൊന്നു പോയി. സൗമിയേച്ചിയുടെ അസുഖം പെട്ടന്നു ഭേദമാകാന്‍ മുട്ടുകുത്തിയിരുന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തു”.
എല്ലാം കേട്ടുകൊണ്ട് വാതില്‍ പടിമേല്‍ നിന്ന അനിരുദ്ധന്‍ മുഖത്ത പുഞ്ചിരി വരുത്തി.
”ഉം, വൈദ്യശാസ്ത്രവും ദൈവശാസ്ത്രവും സൗമിയുടെ ശരീരത്തോടു കനിവുകാട്ടിയാ മതിയായിരുന്നു”.
അനിരുദ്ധന്‍ ദീര്‍ഘമായൊരു ശ്വാസമെടുത്തു.
തന്റെ മൃഗീയമായ കാമവും സൗമിയുടെ നഗ്നതയില്‍ ഉറപൊട്ടിയ രക്തവും അയാളെ അസ്വസ്ഥനാക്കി.
അയാള്‍ കുളിമുറിയിലേക്കു ചെന്നു.
ഇന്ന് ക്രിസ്മസ്സാണ്. കിടപ്പറയില്‍ ഒരു നക്ഷത്രം തൂക്കണം. സൗമിക്കതു സന്തോഷമാകും.
അയാള്‍ വസ്ത്രം മാറ്റിയുടുത്ത് സിറ്റിയിലേക്കു പുറപ്പെട്ടു.
എലിസബത്ത് സൗമിയുടെ കാര്യത്തില്‍ ശ്രദ്ധാലുവായി.
അയാള്‍ സിറ്റിയില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ എലിസബത്ത് കിണറ്റിനരികിലെ അയയില്‍ തുണിയാറാന്‍ ഇടുകയായിരുന്നു.
അയാള്‍ പറഞ്ഞു.
”ഞാനൊരു നക്ഷത്രം വാങ്ങി. സൗമിക്കിഷ്ടപ്പെട്ട നിറാ നീല. അവള്‍ക്കതു കാണുമ്പോള്‍ സന്തോഷമാകും”
എന്നാല്‍ എലിസബത്തിന്റെ മുഖം കാലത്തു കണ്ടതുപോലല്ല അവള്‍ ഗൗരവത്തിലാണ്.
അവള്‍ പറഞ്ഞു.
”കിടപ്പറയില്‍ നക്ഷത്രമില്ലെങ്കിലും കുഴപ്പമൊന്നുമില്ല. സൗമിയേച്ചിയിന്ന് നല്ല സന്തോഷത്തിലാണ് . എങ്ങിനെ സന്തോഷിക്കാതിരിക്കും രോഗശയ്യയില്‍ കിടക്കുമ്പോഴും ഭര്‍ത്താവിനു സുഖം പകരുക ചെറിയ കാര്യമാണോ. നിങ്ങള്‍ ഇത്രയും ക്രൂരത കാട്ടുമെന്ന് കരുതിയതല്ല. അത്ര വലിയ ദാഹമായിരുന്നെങ്കില്‍ എന്നെ വിളിച്ചാല്‍ മതിയായിരുന്നുവല്ലോ. സൗമിയേച്ചി എന്നോടു കാട്ടുന്ന സ്നേഹത്തിനു പ്രതിഫലമായെങ്കിലും ഞന്‍ നിങ്ങളെ അനുസരിച്ചേനേ”
അനിരുദ്ധന്‍ അടികിട്ടിയതു പോലെ നിന്നു പുളഞ്ഞു.
സൗമി ഈ പെണ്ണിനോട് എല്ലാം പറഞ്ഞിരിക്കുന്നു. കിറപ്പറ രഹസ്യം എന്തിനാണവള്‍ ഇവളോടു പറഞ്ഞത്?
അയാളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.
അയാള്‍ കിടപ്പറയിലേക്ക് ചെല്ലവേ എലിസബത്ത് അയാള്‍ക്കഭിമുഖമായി തടസ്സം നിന്നു.
”നിങ്ങളിതൊന്നും ചേച്ചിയോട് ചോദിച്ച് ദേഷ്യപ്പെടരുത്. ചേച്ചിക്ക് തീരെ വയ്യാന്നു തോന്നുന്നു. സാറിന്റെ ശീലങ്ങളൊന്നും മുടങ്ങരുതെന്നു പ്രത്യേകം….
എലിസബത്തിന്റെ കണ്ണുകള്‍ നനഞ്ഞു.
അനിരുദ്ധന്‍ അസ്വസ്ഥനായി , അയാള്‍ കിടപ്പറയിലേക്കു ചെന്നു.
സൗമി നല്ല ഉറക്കത്തിലാണ്.
ഒരു നിമിഷം കിടപ്പറയില്‍ രക്തത്തിന്റെ ഗന്ധം അയാള്‍ അറിഞ്ഞു. അയാള്‍ സൗമിയിടെ അരക്കെട്ടില്‍ നിന്നും പുതപ്പു പതുക്കെ നീക്കി. അപ്പോള്‍ അയാള്‍ കണ്ടു അവളുടെ അരക്കെട്ടിനു താഴെ വിരിപ്പില്‍ രക്തത്തിന്റെ പരപ്പ്…..
”അത് ആര്‍ത്തവരക്തമൊന്നുമല്ല ”.
അനിരുദ്ധന്‍ തിരിഞ്ഞു നോക്കി കിടപ്പറയുടെ വാതിക്കല്‍ എലിസബത്ത് നില്‍ക്കുന്നു.
അയാളുടെ ക്രൂരമായ നോട്ടം കണ്ടപ്പോള്‍ എലിസബത്തിന് ദേഷ്യമാണ് വന്നത്.
അവള്‍ പറഞ്ഞു.
”ഇത് ആര്‍ത്തവരക്തമൊന്നുമല്ല നിങ്ങളുടെ പീഢനത്തില്‍നിന്നുണ്ടായതാണ്”.
അനിരുദ്ധന് കോപം അടക്കിനിര്‍ത്താനായില്ല അയാളുടെ കൈ അവളുടെ കവിളില്‍ ആഞ്ഞു പതിച്ചു.
എലിസബത്ത് വേദനയോടെ വാ പൊത്തിപ്പിടിച്ചു. അടുത്തനിമിഷം അവളുടെ കൈവിരലുകള്‍ക്കിടയിലൂടെ ചോര ഒലിച്ചിറങ്ങി. മാറിലേക്കു ഇറ്റി വീണ് ബ്ലൗസിന്റെ കീഴറ്റത്ത് പരക്കുന്നത് അയാള്‍ കണ്ടു.
അയാളെ വെപ്രാളം കീഴടക്കി.
അയാള്‍ അവളെ കുളിമുറിയിലേക്ക് കൂട്ടികൊണ്ടുപോയി.
”വേഗം വെള്ളം വായിക്കോളിക്കോളൂ. രക്തത്തിന്റെ ഒഴുക്കു നില്‍ക്കും. പിന്നെ കൈയും മുഖവും കഴുകിബ്ലൗസിലെ രക്തക്കറ കഴുകിക്കളഞ്ഞ്…….”
അയാള്‍ കുളിമുറിയുടെ വാതില്‍ പുറത്തു നിന്നും ചാരി.
ഈശ്വരാ… ദേഷ്യം വന്നപ്പോള്‍ അടിച്ചു പോയതാണ്. അതിങ്ങനെ….
അയാള്‍ കുളിമുറിയുടെ ചുവര്‍ ചാരിനിന്ന് ക്രൂശിതരൂപവും വിശുദ്ധപുസ്തകവും മനസ്സില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. ശ്രമം മുറിഞ്ഞു പോകുകയാണ്. സൗമിയുടെ നഗനതയില്‍ ഉറപൊട്ടിപ്പോയ രക്തവും മാറിലേക്കൊലിച്ചിറങ്ങിയ രക്തവും മനസ്സില്‍ നിറയുകയാണ്.
പപത്തിന്റെ മുറിവുകള്‍ വലുതാവുകയാണ്.
എലിസബത്ത് കുളിമുറിയുടെ വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു.
”കോപം നിയന്ത്രിക്കാനുള്ള ബുദ്ധി എനിക്കില്ലാതെ പോയി ക്ഷമിക്കില്ലേ നീ”?
എലിസബത്ത് കവിളിനകത്തേ മുറിവില്‍ നിന്നും രക്തത്തിന്റെ രുചി വലിച്ചടുത്തുകൊണ്ട് വിഴുങ്ങി.
അവള്‍ പറഞ്ഞു
”സാരമില്ല സൗമിയേച്ചിയോട് നിങ്ങള്‍ കാട്ടിയ ക്രൂരതയോളം വരില്ലല്ലോ ഇതെന്ന ആശ്വാസമുണ്ടെനിക്ക്”
അയാള്‍ക്ക് കുറ്റബോധം തോന്നി.
കാമവും ക്രോധവുമൊക്കെ മനസ്സിനെ എത്ര പെട്ടന്നാണ് മാറ്റിമറിക്കുന്നത്. മനസ്സ് കൈവിട്ടുപോകുമ്പോള്‍ പാപങ്ങളുടെ എണ്ണമേറുകയാണ്.
അയാളൊരു പാവത്താനേപ്പോലെ അവളുടെ മുന്നില്‍ നിന്നു.
അവളുടെ ഉള്ളം തിളച്ചു.
അവള്‍ ഉള്ളം കൈകൊണ്ട് മൂക്ക് മേല്‍പ്പോട്ട് അമര്‍ത്തിതുടച്ചുകൊണ്ട് പറഞ്ഞു.
”പശ്ചാത്താപം ഹൃദയത്തെ ശുദ്ധീകരിക്കുമെന്ന് പറയാരുണ്ട്. നിങ്ങളുടെ കാര്യത്തില്‍ എനിക്കത്ര വിശ്വാസം പോരാ വിശുദ്ധ പുസ്തകത്തെക്കുറിച്ചു വാ തോരാതെ സംസാരിക്കാറുള്ള നിങ്ങള്‍ പാപകര്‍മ്മത്തെ തിരസ്ക്കരിക്കാനുള്ള കരുത്ത് ഇനിയും ആര്‍ജ്ജിച്ചിട്ടില്ല. ദൈവത്തില്‍ അര്‍പ്പിതമായ മനസ്സ് തെറ്റു ചെയ്യുകയില്ല. ഭയമാണ് പ്രധാനം. ഇല്ലെങ്കില്‍ വിശ്വാസം വെറും പ്രഹസനമായിപ്പോകും.”
ഒരു നിമിഷത്തെ നിശബ്ദതക്കുശേഷം അവള്‍ തുടര്‍ന്നു.
”ഇതൊക്കെ ഞാന്‍ എങ്ങിനെ അറിഞ്ഞു എന്നാവും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത് സൗമിയേച്ചിയുടെ ഡയറി നിങ്ങളെ പഠിക്കാനുള്ള നല്ല പുസ്തകമാണ്. ചേച്ചിയാ സ്വാതന്ത്ര്യം എനിക്കു തന്നു. പഠിച്ചു കഴിഞ്ഞപ്പോളാണ് ഇപ്പോഴിതിന് പുതിയ വ്യാഖ്യാനങ്ങളുണ്ടാകുന്നു. രോഗശയ്യയില്‍ കിടക്കുന്ന പെണ്ണിനെ മൃഗീയമായി പ്രാപിച്ച് പാപിയാണ് നിങ്ങള്‍. ഈ പാപത്തില്‍ നിന്നും മോചനം നല്‍കാന്‍ മനുഷ്യപുത്രന്‍ ദൈവത്തോട് അപേക്ഷിക്കരുതേ എന്നാണെന്റെ ഇപ്പോഴത്തെ പ്രാര്‍ത്ഥന”.
അനിരുദ്ധന്‍ അവളുടെ മുഖത്തുനിന്നും കണ്ണെടുത്തില്ല.
ഈ പെണ്ണിന് ഇങ്ങനെ സധൈര്യം വാചകമടിക്കാനുള്ള കരുത്ത് നല്‍കിയത് സൗമിയുടെ സാമീപ്യമാണ്. സൗമിയുടെ ലക്ഷ്യം എലിസബത്തിനെ….
എലിസബത്ത് അടുപ്പിലെ കനല്‍ ഊതി തെളിയിക്കുവാനുള്ള ശ്രമത്തിലാണ്.
തീക്കനലിന്റെ തെളിച്ചം വീണു കിടക്കുന്ന അവളുടെ കവിളില്‍ തന്റെ കൈവിരല്‍പ്പാടുകള്‍ അയാള്‍ ശ്രദ്ധിച്ചു.
അനിരുദ്ധന്‍ ഇപ്പോള്‍ സൗമി തുറന്നിട്ട വഴിയിലാണ്.
അയാള്‍ അവളുടെ കവിളിലെ കൈവിരല്‍പ്പാടുകളില്‍ പതുക്കെ തൊട്ടു.
അപ്പോള്‍ എലിസബത്തിന്റെ കണ്ണില്‍ കനല്‍ ജ്വലിച്ചു.
”കിടപ്പറയില്‍ ഒരു പെണ്ണ് പാതി ചലനമറ്റു കിടക്കുമ്പോള്‍ നിങ്ങളുടെ മനസെന്തേ ഇങ്ങനെ”?
അയാള്‍ പുഞ്ചിരിച്ചു.
”സാറിന്റെ ശീലങ്ങളൊന്നും മുടങ്ങരുതെന്ന് സൗമി പറഞ്ഞപ്പോള്‍ അതിന്റെ ധ്വനിയെന്തെന്ന് നീ ചിന്തിച്ചോ”?
എലിസബത്ത് വെറുപ്പോടെ മുഖം തിരിച്ചു.
ഈയാളുടെ സ്വഭാവത്തിന് എത്ര പെട്ടന്നാണ് മാറ്റങ്ങളുണ്ടാകുന്നത് .പിശാചിന്റെ മനസാ ഇയാള്‍ക്കുള്ളതെന്ന് എലിസബത്തിനു തോന്നി. എങ്ങിനെയാണ് ഇയാളെ മറി കടന്ന് രക്ഷപ്പെടുന്നത്.
എലിസബത്തിന്റെ ഹൃദയമിടിപ്പ് കൂടി.
അനിരുദ്ധന്‍ അവളുടെ ചുമലില്‍ കൈ വച്ചു.
ഇഷ്ടവും ശീലവും അംഗീകരിക്കുന്നൊരു മനസ്സാണുള്ളതെന്നറിയാന്‍ അനുസരണയാണ് ഏക മാര്‍ഗം.
എലിസബത്ത് തന്റെ ശരീരത്തില്‍ നിന്നും അയാളുടെ കൈ തട്ടി മാറ്റി.
”അകത്തൊരു പെണ്ണ് വേദന സഹിച്ച് കിടപ്പുണ്ട്. അവരെ പരിലാളിക്കുകയാണ് നിങ്ങളുടെ ധര്‍മ്മം. ഈ അടുക്കളയില്‍ അധര്‍മ്മത്തിനു കൂട്ടു നിന്ന് പരിശുദ്ധാത്മാവിനു മുന്നില്‍ തെറ്റുകാരിയാവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല”.
അനിരുദ്ധന്‍ കുസൃതിച്ചിരിയോടെ അവളുടെ മൂക്കിന്‍ തുമ്പത്തു തൊട്ടു.
”അധര്‍മ്മത്തെക്കുറിച്ച് ചിന്തിക്കാന്‍ നീ തന്നെയല്ലേ എനിക്ക് പ്രേരണ തന്നത്”
”ഞാനോ”?
”ഉം, കുറച്ചു മുന്നേ നീ തന്നെയല്ലേ പറഞ്ഞത് അത്ര വലിയ ദാഹമാണെങ്കില്‍ സുമിയേച്ചി എനിക്കു തന്ന സ്നേഹത്തിന്റെ പ്രതിഫലമായിട്ടെങ്കിലും ഞാന്‍ നിങ്ങളെ അനുസരിച്ചേനേയെന്ന്”
”അങ്ങിനെ പറഞ്ഞത് ചേച്ചിയോട് നിങ്ങള്‍ കാണിക്കുന്ന ക്രൂരത ഭീകരമായിപ്പോയെന്ന് ബോധ്യപ്പെടുത്താനാണ്. തിരിച്ചരിവുണ്ടാവുക അധര്‍മ്മമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു”.
”ധര്‍മ്മാധര്‍മ്മങ്ങള്‍ ജീവിതത്തിന്റെ ഇരുപുറങ്ങളല്ലേ പെണ്ണേ. പാപം ചെയ്യാതെ ഇവിടെ ആര്‍ക്കെങ്കിലും ജീവിക്കാന്‍ കഴിയുമോ”?
അനിരുദ്ധന്‍ അവള്‍ക്കിരുപുറവുമായി കൈവച്ച് മതില്‍ പോലെ നിന്നു.
അയാളുടെ കണ്ണില്‍ കാമം നിറയുന്നത് അവള്‍ കണ്ടു.
അവള്‍ പേടിച്ചു വിറക്കാന്‍ തുടങ്ങി.
അയാള്‍ പറഞ്ഞു
”എലിസബത്തേ, എനിക്കു വല്ലാതെ ദാഹിക്കുന്നു”.
അയാള്‍ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.
അവള്‍ മുഖം തിരിച്ചു കൊണ്ടു പറഞ്ഞു.
”നിങ്ങള്‍ ക്രൂശിതരൂപവും വിശുദ്ധ പുസ്തകവും മറക്കുന്നു”
അയാള്‍ പരിഹാസത്തോടെ പുഞ്ചിരിച്ചു.
”പാപത്തിനു പരിഹാരമുണ്ട് കുമ്പസാരം. ദൈവത്തോട് മാപ്പപേക്ഷിക്കാന്‍ മനുഷ്യപുത്രനുള്ളപ്പോള്‍ നാമെന്തിനു പേടിക്കുന്നു”
”നിങ്ങളെന്നെ കളങ്കപ്പെടുത്തരുത് ഞാന്‍ ദൈവത്തിന്റെ മണവാട്ടിയാവാന്‍ പ്രതിജ്ഞയെടുത്തവളാണ്”.
അയാള്‍ വീണ്ടും പൊട്ടിച്ചിരിച്ചു.
”മനുഷ്യപുത്രന്‍ പറഞ്ഞിട്ടുണ്ട് പ്രതിജ്ഞയെടുക്കരുതെന്ന്”
എലിസബത്ത് അയാളുടെ കയ്യില്‍ കിടന്നു പിടച്ചു.
അയാളുടെ കരുത്ത് ഏറുകയാണ്.
അയാള്‍ പറഞ്ഞു.
”ഇന്ന് ക്രിസ്തുമസാണ്. സൗമി പോലും അറിയാതെ നമുക്കീ അടുക്കളയില്‍ ക്രിസ്മസ്സ് ആഘോഷിക്കാം”
അനിരുദ്ധന്‍ അവളെ കീഴ്പ്പെടുത്താന്‍ തുടങ്ങി.
പുല്‍ക്കൂടിനേക്കാള്‍ സുഖം ക്രിസ്മസ്സ് കെയ്ക്കിന്റെ രുചിയേക്കാള്‍ രസം.
അനിരുദ്ധന്റെ കാമവചസ്സുകളില്‍ എലിസബത്തിന്റെ പ്രതിരോധം മെല്ലെ മെല്ലെ കെട്ടണഞ്ഞു.
അടുപ്പിലെ കനല്‍ സാക്ഷി.
അയാള്‍ പറഞ്ഞു.
”സൗമിയെക്കൊണ്ടിനി ഒരു പ്രയോജനവുമില്ല. ഞാന്‍ ദയാവധത്തിനൊരുങ്ങുകയാണ്”.
എലിസബത്ത് തേങ്ങി തേങ്ങി കരയുകയാണ്
അയാള്‍ അവളെ ആശ്വസിപ്പിച്ചു.
”നീ കരയരുത്, ഇനിയെന്റെ കിടപ്പറ നിനക്കുള്ളതാണ്”.
അനിരുദ്ധന്‍ ധൃതിയില്‍ കിടപ്പറയിലേക്ക് ചെന്നു.
കിടപ്പറയില്‍ മലവും മൂത്രവും രക്തവും കുഴഞ്ഞ നാറ്റം.
സൗമിയുടെ മൂക്കിനരുകില്‍ ഒരു ഈച്ച വട്ടമിട്ടു പറക്കുന്നു.
അനിരുദ്ധന്‍ ഒരു നിമിഷം പതറി.
എലിസബത്ത് എന്തോ ഓര്‍ത്തതു പോലെ അടുക്കളയില്‍ നിന്നും പിടഞ്ഞെഴുന്നേറ്റ് അയാളുടെ കിടപ്പറയിലേക്കു ചെന്നു.
അയാള്‍ കട്ടിലില്‍ സൗമിയേച്ചിയുടെ തലക്കരുകില്‍ ഇരിക്കുകയാണ് അയാളുടെ കണ്ണൂകള്‍ നിറഞ്ഞിട്ടുണ്ട്.
എലിസബത്തിന്റെ ഉള്ളമൊന്നു പിടഞ്ഞു.
”നിങ്ങള്‍ വാക്കു പാലിച്ചു അല്ലേ? നിങ്ങള്‍ എന്റെ സൗമിയേച്ചിയെ കൊന്നു അല്ലേ? ഈ പാപം കഴുകിക്കളയാന്‍ ഒരു ദൈവത്തിനും കഴിയില്ല”.
അയാള്‍ക്ക് ഭീതിയായി അയാള്‍ വിഭ്രാന്തിയോടെ പറഞ്ഞു.
”എലിസബത്തേ നീയെന്നെ വിശ്വസിക്കണം . ഞാന്‍….”
എലിസബത്ത് ഇരു ചെവിയിലും വിരലിട്ട് സൗമിയേച്ചിയുടെ കാല്‍ക്കലിരുന്ന് കരയാന്‍ തുടങ്ങി.
ക്രിസ്മസ്സ് കഴിഞ്ഞു.
ഒരു ദിവസം എലിസബത്ത് അനിരുദ്ധന്റെ കിടപ്പുമുറിയില്‍ ചെന്നു.
അനിരുദ്ധന്‍ പ്രാര്‍ത്ഥനയിലാണ്.
എലിസബത്ത് ഏറേ നേരം അയാളെത്തന്നെ നോക്കി നിന്നു പിന്നെ പതുക്കെ വിളിച്ചു.
”അനിരുദ്ധേട്ടാ….”
അയാള്‍ മുഖമുയര്‍ത്തി
അവള്‍ പറഞ്ഞു.
”ഞാനും ഈ ക്രൂശിത രൂപത്തിനു മുന്നില്‍ മുട്ടുകുത്തിയിരുന്നോട്ടേ ? സൗമിയേച്ചിയുടെ നിത്യശാന്തിക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കാന്‍ മനുഷ്യപുത്രനോട് പ്രാര്‍ത്ഥിക്കാനായി ഞാനും ഇവിടെ….”
എലിസബത്തിന്റെ കണ്ണൂകള്‍ നിറഞ്ഞു.
അനിരുദ്ധന്‍ പറഞ്ഞു.
”ഉം, നീയെന്റെ അരികില്‍ മുട്ടുകുത്തിയിരുന്നോളൂ”
എലിസബത്ത് അയാള്‍ക്കരുകില്‍ മുട്ടുകുത്തിയിരുന്നു.
അനിരുദ്ധന്‍ തുറന്നുപിടിച്ച വിശുദ്ധ പുസ്തകം എലിസബത്തിന്റെ കൈയില്‍ കൊടുത്തു . വിശുദ്ധ പുസ്തകം സ്വീകരിച്ച് അവള്‍ അയാള്‍ക്കൊപ്പം പ്രാര്‍ത്ഥന ഉരുവിടല്‍ തുടങ്ങി.
Generated from archived content: story2_jan20__12.html Author: dineeshan_kannapuram