അപ്പുറത്തെ വേലിയും ഇപ്പുറത്തെ മതിലും

വേലിയും മതിലും രണ്ടു സംസ്‌കാരത്തിന്റെ പ്രതീകങ്ങളാണ്‌. ഗ്രാമവും നഗരവുംപോലെ. എന്നാൽ ഇന്നീ പ്രതീകങ്ങൾ പരിണാമദശയിൽ സജീവമായി കിടക്കുകയാണ്‌.

നഗര സംസ്‌കാരത്തിന്റെ വേരുകൾ ഗ്രാമീണതയെ ചെറുവൃത്തമായി ചുരുക്കിയെടുക്കുമ്പോൾ അപ്പുറത്തെ വേലികൾ ഇല്ലാതാവുകയും ഇപ്പുറത്തെ മതിലുകൾക്ക്‌ പ്രപ്പമേറുകയും ചെയ്യുന്നു.

ഗ്രാമം പച്ചപ്പിന്റെ പറുദീസയായിരുന്ന കാലത്ത്‌ നമ്മുടെ പുരയിടങ്ങൾക്കും കൃഷിയിടങ്ങൾക്കും അതിർത്തി വേണ്ടിടങ്ങളിലൊക്കെയും നാം ഉപയോഗിച്ചിരുന്നത്‌ ജൈവ വൈവിധ്യങ്ങളുടെ ചുറ്റുവേലികളായിരുന്നു. അന്ന്‌ ചുറ്റുവേലികളെ ഏറെ ആകർഷകമാക്കിയിരുന്നത്‌ ശീമക്കൊന്നയും ചെമ്പരത്തിയുമാണ്‌.

പോർച്ചുഗീസിൽ നിന്നും അതിഥിയായി വന്ന ശീമക്കൊന്ന നമ്മുടെ വേലികളിലെ സ്ഥിരം താമസക്കാരനായി മാറിയപ്പോൾ ഈ ശീമക്കൊന്ന തരുന്ന സൗഹൃദാനുഭവം കാർഷിക വക്‌താക്കൾക്ക്‌ അവർണ്ണനീയമായിരുന്നു. നാട്ടുവേലികളുടെ രാജാവായ ശീമക്കൊന്ന നല്ലൊരു ജൈവവളവും കൊതുകുകളുടെ പേടിസ്വപ്‌നവുമാണ്‌.

ജൈവവേലികളിൽ കണ്ടുവരുന്ന മറ്റൊരു ഇനമാണ്‌ ചെമ്പരത്തി. ചെമ്പരത്തിയുടെ ഇലയും പൂവും വേരും ഔഷധ പ്രാധാന്യമുളളവയാണ്‌. ഗ്രാമങ്ങളിൽ ചെമ്പരത്തിയില്ലാത്ത ജൈവവേലി അപൂർവ്വമായിരുന്നു. അതുപോലെതന്നെ രണ്ടുതരത്തിലുളള കൈതകളും ജൈവവേലിയെ സമ്പന്നമാക്കിയിരുന്നു. നാടൻ പായയ്‌ക്കും, കൊട്ടയ്‌ക്കും, കുരിയക്കും മറ്റും വേണ്ടി ഉപയോഗിച്ചിരുന്ന വലിയ കൈതകളും പൈനാപ്പിളെന്ന്‌ നാം ഇംഗ്ലീഷിൽ പേരുചൊല്ലി വിളിക്കുന്ന കൈതച്ചക്ക തരുന്ന ചെറു കൈതച്ചെടികളുമാണ്‌ ഈ രണ്ടിനങ്ങൾ. ഈ വർഗ്ഗത്തിൽ പെടുന്ന മറ്റൊരു ഇനമാണ്‌ മുണ്ട. കൂർത്ത മുളളുളള മുണ്ടകൾ വേലിയിൽ നട്ടുവളർത്തുന്നത്‌ കമ്പിവേലികൾക്കു സമമാണ്‌. ഈ മുണ്ടയുടെ കൈകൾ (ഇരുവശങ്ങളിലും മുളളുളള തടിച്ചയിലകൾ) ചതച്ച്‌ നാരാക്കി ഉണക്കിയെടുത്ത്‌ ഉറികളും മറ്റും ഉണ്ടാക്കാറുണ്ട്‌. പണ്ടുകാലങ്ങളിൽ അടുക്കളയിൽ പലവ്യഞ്ഞ്‌ജനങ്ങൾ നിറച്ച ചട്ടികളും കലങ്ങളും ഇത്തരം ഉറികളിലാണ്‌ തൂക്കിയിടാറ്‌.

ജൈവവളത്തിന്‌ ഒന്നാന്തരം ചേരുവയാണ്‌ ശീമക്കൊന്നയും ചെമ്പരത്തിയും. കൈതച്ചെടി തരുന്ന ഔഷധഗുണമുളള ഫലമാണ്‌ കൈതച്ചക്ക. വേലികൾക്കായി ഉപയോഗിക്കുന്ന ഇത്തരം ചെടികൾക്ക്‌ നാം ഒരു പരിചരണവും കൊടുക്കേണ്ടതില്ലായെന്നതാണ്‌ പ്രധാന പ്രത്യേകത. അതിർത്തി കാക്കുകയും ഫലം തരുകയും ചെയ്യുന്ന ഇത്തരം വേലികൾ പരിഷ്‌ക്കാരത്തിന്റെ തലയെടുപ്പിനുവേണ്ടി നാം ബോധപൂർവ്വം വെട്ടിനശിപ്പിക്കുകയും അവിടെ ചെങ്കൽ മതിലുകൾ കെട്ടിയുയർത്തുകയും ചെയ്‌തിരിക്കുന്നു.

പലതരം ജൈവവേലികൾ നമുക്കുണ്ടായിരുന്നു. മുണ്ടവേലികൾ, കാരമുൾചെടി വേലികൾ, കോളാംബിച്ചെടി വേലികൾ, അരിപ്പൂച്ചെടി വേലികൾ, പൂക്കളും കായകളും തരുന്നതും തരാത്തതുമായ വളളിയിനത്തിൽപ്പെട്ട അനേകം ചെറുവേലികൾ, വെളളിയില വേലികൾ, വൈശ്യപുളളി വേലികൾ, ക്രോട്ടൻച്ചെടി വേലികൾ, കളളിച്ചെടി വേലികൾ, കോഴിച്ചെടി വേലികൾ, ആടലോടകച്ചെടി വേലികൾ, നാട്ടുവേലികൾ അങ്ങിനെ ജൈവവേലികൾ അനേകമായിരുന്നു.

ജൈവവേലികളെ മനുഷ്യർ പ്രധാനമായും മൂന്നു കാര്യങ്ങൾക്കുവേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്‌.

ഒന്ന്‌ഃ അതിർത്തി തിരിക്കാൻ

രണ്ട്‌ഃ വേലിക്കുവേണ്ടി ഉപയോഗിച്ച വളളികളും ചെടികളും മറ്റും ഒരു പരിധിക്കപ്പുറം വളർന്നു കഴിഞ്ഞാൽ (ഉദാഃ ശീമക്കൊന്നയും ചെമ്പരത്തിയും) ചെത്തിയെടുത്ത്‌ തെങ്ങിനും മറ്റും വളമിടാൻ.

മൂന്ന്‌ഃ ചീരയും താലോരിയും കുമ്പളവും മത്തനും കക്കിരിയും കോവക്കയും കയ്‌പക്കയുമൊക്കെ വേലിയിൽ പടർത്തി പോഷക സമൃദ്ധമായ ആഹാരത്തിന്‌ ഉപയോഗിക്കാൻ.

ഇത്തരം ശീലങ്ങളൊക്കെയിന്ന്‌ മനുഷ്യൻ ബോധപൂർവ്വം മറന്നിരിക്കുകയാണ്‌.

ശീമക്കൊന്നകളേയും ചെമ്പരത്തിക്കാടുകളേയും മറ്റും വേലിയെന്ന സ്ഥാനത്തുനിന്നും ഭ്രഷ്‌ടാക്കപ്പെട്ടപ്പോൾ ജൈവ സംസ്‌കാരത്തിനുമേൽ രാസമാറ്റം പടർന്നുപിടിക്കുകയും കരിങ്കൽ മതിൽപോലെ ജീവിതം കഠിനമാവുകയും ചെയ്‌തു.

ജൈവവേലികളിൽ നിന്നും നാം പരിഷ്‌കാരത്തിലേക്കു മനസ്സുവെച്ചു തുടങ്ങിയത്‌ കമ്പിവേലി കെട്ടിയൊരുക്കലുകളിലൂടെയാണ്‌. കാരമുൾച്ചെടി വേലിയിൽ നിന്നും കമ്പിവേലിയിലേക്കും പിന്നെ ചെങ്കൽമതിൽ പണിത്‌ അതിനു മുകളിൽ ഇരുമ്പാണികളും കുപ്പിച്ചില്ലുകളും ഉറപ്പിച്ചും നാം വേലികളിൽ നിന്നും മതിലുകളിലേക്ക്‌ ഇഴകിച്ചേർന്നപ്പോൾ നമുക്ക്‌ നഷ്‌ടപ്പെട്ടത്‌ ഗ്രാമീണതയുടെ ഹരിതമുഖമാണ്‌.

നമ്മുടെ ഗ്രാമങ്ങളിൽ ഒന്നരയാൾ പൊക്കത്തിൽ വെട്ടിയൊതുക്കി മനോഹരമായി വളർത്തിയിരുന്ന ജൈവവേലികളുടെ സ്ഥാനത്തിന്ന്‌ രണ്ടാൾ പൊക്കത്തിൽ ചെങ്കൽ മതിലുകളും കരിങ്കൽ മതിലുകളും കോൺക്രീറ്റു മതിലുകളുമൊക്കെ ഉയർന്നു നിൽക്കുമ്പോൾ വേലിപ്പടർപ്പിൽ നിന്നും നാം പറിച്ചെടുത്ത ചീരയും മത്തനും കുമ്പളവും കോവക്കയും കക്കിരിയും ഔഷധഗുണമുളള ഇലകളും പൂക്കളുമൊക്കെ ഓർമ്മകളാവുകയും ആ ഓർമ്മകളിൽ കണ്ണുനീരിന്റെ നനവു നിറച്ചുകൊണ്ട്‌ വേലിപ്പടർപ്പുകൾക്കിടയിൽ കൂടുകെട്ടി മുട്ടയിട്ടു കൂടിയ ചെറുകിളികളുടെ മധുരഗാനവും മനസ്സിൽ നിറയുമ്പോൾ നാം നമ്മുടെ വർഗ്ഗത്തെ പഴിക്കാതെ മറ്റെന്തു ചെയ്യാൻ.

ജൈവവേലികൾ ചെറുപക്ഷികളുടെ ആവാസകേന്ദ്രമാണ്‌. അവയിന്ന്‌ ശൂന്യമാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കോൺക്രീറ്റു മതിലിനുമുകളിൽ വന്നിരിക്കുന്ന ചൂണ്ടങ്ങപ്പക്ഷിക്ക്‌ മുട്ടയിടാനോ കൂടുകൂട്ടാനോ തേൻ നുകരാനോ ജൈവവേലികളോ പൂക്കളോ ഇല്ലായെന്നതുപോലെ തന്നെ ദുരന്തപൂരിതമായി തീരുകയാണ്‌ സ്വാർത്ഥതയുടെ പ്രതീകമായ മനുഷ്യന്റെയും അവസ്ഥ.

പ്രകൃതിയുടെ പച്ചപ്പുനിറഞ്ഞ വേലികളിൽനിന്നും കരിങ്കൽ (ചെങ്കൽ-കോൺക്രീറ്റ്‌) ഭിത്തിയിലേക്ക്‌ നാം പുരോഗതിയുടെ ഓരോ പടവുകൾ കയറുമ്പോഴും ജൈവാവസ്ഥയിൽ നിന്നും നാം രാസാവസ്ഥയിലേക്ക്‌ പരിണാമപ്പെടുകയും മനസ്സ്‌ സ്വാർത്ഥതയാൽ അശുദ്ധമായതുപോലെ മനുഷ്യസമൂഹത്തിന്റെ ശരീരവും ഇപ്പോൾ വേണ്ടുവോളം അശുദ്ധമായി കൊണ്ടിരിക്കുകയും ചെയ്യുന്നു.

അങ്ങിനെ മനുഷ്യൻ തന്റെ ജൈവചിന്തകളുടെ വേരുകൾ മണ്ണിൽനിന്നും നിഷ്‌ഠൂരമായി പിഴുതെടുക്കുമ്പോൾ ഗ്രാമീണതയുടെ ഹരിതവർണ്ണങ്ങൾ ഉൾവലിഞ്ഞു പോകുകയും അപ്പുറത്തെ വേലികൾ ഓർമ്മകളായി തീരുകയും ചെയ്യുന്നു.

അപ്പുറത്തെ വേലികൾ ഇല്ലാതാവുകയും ഇപ്പുറത്തെ മതിലുകൾക്ക്‌ എണ്ണം പെരുകുകയും ചെയ്യുമ്പോൾ ഗ്രാമീണതയുടെ പച്ചപ്പും കുളിർമ്മയും വറ്റിപ്പോകുകയും ഇപ്പുറത്തെ മതിലുകൾ മരുഭൂമികൾക്ക്‌ കാവലാവുകയും ചെയ്യുന്നു. ഈ വർത്തമാനകാല ജീവിതത്തിൽ വരണ്ടചട്ടിയിലെ പുഴുക്കളെപോലെ നാം അസ്വസ്ഥരാവുമ്പോൾ ഈ അനുഭവപാഠങ്ങൾ ഉൾക്കൊണ്ട്‌​‍്‌ വരുംതലമുറയുടെ ഭാവിയെക്കുറിച്ച്‌ ഗൗരവമായി നാം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

കൽമതിലുകളുടെ സുരക്ഷിതത്വമല്ല ആരോഗ്യപരമെന്നും ജൈവവേലികളുടെ സജീവതയാണ്‌ ഗുണകരമെന്നുമൊക്കെ നാം പ്രവർത്തിപഥത്തിലൂടെ നമ്മുടെ കൊച്ചു കുരുന്നുകളുടെ മനസ്സിൽ പച്ചകുത്തിവെക്കേണ്ടതുണ്ട്‌.

വേലിപ്പടർപ്പിലെ ചീരയും കുമ്പളവും കക്കിരിയും കോവക്കയും മത്തനുമൊക്കെ നമ്മുടെ അടുക്കളയിൽ സജീവമാകുന്ന കാലം നമുക്ക്‌ തിരിച്ചുപിടിക്കേണ്ടതുണ്ട്‌. കൽമതിലുകൾ കുളിർകാറ്റിനെ തടുത്തു നിർത്തുമ്പോൾ നാം നമ്മുടെ വീട്ടുകോലായിൽ ഇരുന്ന്‌ വിയർത്തുകുളിച്ച്‌ അസ്വസ്ഥരാവുന്നു. ജൈവവേലികളെ തഴുകിയെത്തുന്ന കുളിർക്കാറ്റിന്റെ പരിശുദ്ധത അനുഭവിക്കുമ്പോഴോ? പരിഷ്‌കാരത്തിന്റെ തണലിൽ കിടന്ന്‌ വേവുന്ന നമ്മൾ ആലോചിക്കേണ്ട കാര്യമാണിത്‌.

ഇനി ഇപ്പുറത്തെ മതിലിനോടു നമുക്ക്‌ യുദ്ധം പ്രഖ്യാപിക്കാം. മതിൽ തകർത്തു കൊണ്ടല്ല. നാം നമ്മുടെ അതിർത്തികളിൽ ജൈവവേലികൾ തീർത്തുകൊണ്ട്‌. പച്ചപ്പിന്റെ ഈ വേലിയിൽ പൂക്കൾ നിറഞ്ഞുവിരിയട്ടെ. കായ്‌കൾ നിറയട്ടെ. ശലഭങ്ങൾ നൃത്തം വെക്കട്ടെ. പറവകൾ പാടട്ടെ. മണ്ണും വെളളവും വായുവും ശുദ്ധമാകട്ടെ. മനുഷ്യന്റെ മനസ്സും. നമുക്ക്‌ മാതൃകയാവാം. അപ്പുറത്ത്‌ വീണ്ടുമൊരു ജൈവവേലി പണിതുകൊണ്ട്‌. അതുകണ്ട്‌ ഇപ്പുറത്തെ മതിൽ നാണിക്കട്ടെ.

—–

Generated from archived content: essay_oct26_05.html Author: dineeshan_kannapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here