കുളത്തിലെ വെളളവും കുടിലിലെ ദാഹവും

ചെറുതും വലുതുമായ അനേകം കുളങ്ങളുളള നാടാണ്‌ നമ്മുടെ കൊച്ചുകേരളം.

കേരളത്തിലെ കുളങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ ക്ഷേത്രദർശനത്തിന്‌ മുമ്പൊന്ന്‌ മുങ്ങിക്കുളിക്കാൻ, നെല്ല്‌, കവുങ്ങ്‌, തെങ്ങ്‌, പച്ചക്കറി കൃഷികൾ പോഷിപ്പിക്കാൻ, കുട്ടികൾക്ക്‌ മലക്കം മറിഞ്ഞ്‌ നീന്തിക്കുളിക്കാൻ പ്രകൃതിയുടെ നീലക്കണ്ണാടിയായി സജീവമായി കിടന്നിരുന്ന നമ്മുടെ കൊച്ചുകൊച്ചു കുളങ്ങളുടെ മഹിമയൊക്കെ ഇന്ന്‌ നമ്മുടെ അശ്രദ്ധ കൊണ്ടുതന്നെ ഏറെക്കുറെ കാടുകയറി കഴിഞ്ഞതായി നമുക്ക്‌ ബോധ്യപ്പെടും.

ദൈവീക സംസ്‌കാരത്തിന്റെ ഭാഗമായി കാവുകളിലും തോട്ടങ്ങളിലും ക്ഷേത്രങ്ങളിലുമൊക്കെ കുളങ്ങളും ചിറകളും രൂപപ്പെടുത്തിയെടുത്തപ്പോൾ, കാർഷിക സംസ്‌കാരത്തിന്റെ ഭാഗമായി ജലസേചനത്തിനും മറ്റുമായി പലയിടങ്ങളിലും ചെറുതും വലുതുമായ കുളങ്ങൾ നിർമ്മിക്കപ്പെടുകയും ഉണ്ടായി. ഇത്തരം പൊതുകുളങ്ങൾ കൂടാതെ സ്വകാര്യ വ്യക്തികളും തങ്ങളുടെ പുരയിടങ്ങളിലും മറ്റും കുളങ്ങൾ കുഴിക്കുകയും സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിക്കുകയും ചെയ്‌തു.

ആചാര അനുഷ്‌ഠാനങ്ങളിലായാലും കാർഷിക മുന്നേറ്റങ്ങളിലായാലും വ്യക്തിപ്രഭ ഉയർത്തി കാട്ടുന്നതിലായാലും ഒരു കാലത്ത്‌ മനുഷ്യന്റെ ജീവിതചര്യകളിലെ ഒരു പങ്കാളിയായി നിന്ന കുളങ്ങൾ ഇന്ന്‌ തികച്ചും നിർജ്ജീവാവസ്ഥയിൽ കിടക്കുകയാണ്‌.

കാലം പരിഷ്‌കാരത്തിന്റെ വേരുകളെ മണ്ണിൽ ആഴത്തിലിറക്കിയപ്പോൾ മണ്ണിന്റെ ജൈവഗന്ധം നഷ്‌ടപ്പെട്ടതുപോലെ തന്നെ പ്രകൃതിദത്തമായ ജലസംഭരണിയും മനുഷ്യനാൽ ഭ്രഷ്‌ടാക്കപ്പെട്ട്‌ ഇടിഞ്ഞുതൂർന്ന്‌ കിടക്കുന്ന കാഴ്‌ചയിലേക്ക്‌ മാറ്റപ്പെട്ടു.

ഇന്ന്‌ കാഴ്‌ചകളിൽ അല്പം ആശ്വാസം തരുന്നത്‌ ദേവസ്ഥാനങ്ങളിലുളള കുളങ്ങളുടെ സംരക്ഷണം മാത്രമാണ്‌.

ആരാധനാലയങ്ങളിലെ ആചാര അനുഷ്‌ഠാനങ്ങളുടെ ചട്ടകൂട്ടിനകത്തു നിലകൊളളുന്ന കുളങ്ങളും ചിറകളും സംരക്ഷിച്ചു നിർത്തുന്നതൊഴിച്ചാൽ ഇന്ന്‌ ഉപയോഗശൂന്യമായി കിടക്കുന്ന ഒട്ടനവധി കുളങ്ങളുണ്ട്‌ നമ്മുടെ കേരളീയ ഗ്രാമങ്ങളിൽ. കാർഷിക ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന കുളങ്ങളാണ്‌ മിക്കതും ഇടിഞ്ഞുതൂർന്ന്‌ കാടുപിടിച്ചു കിടക്കുന്നത്‌. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും മറ്റുമുളള കുളങ്ങളുടെ അവസ്ഥയും മറിച്ചല്ല.

നമുക്ക്‌ വേണ്ടുവോളം കുളങ്ങളുണ്ടായിട്ടും അവ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ലായെന്നതിന്‌ ചെറിയൊരു ഉദാഹരണം പറയുകയാണെങ്കിൽ ഈ ലേഖകന്റെ പഞ്ചായത്തിൽ (കണ്ണൂർ ജില്ലയിലെ കണ്ണപുരം പഞ്ചായത്ത്‌) പ്രാഥമിക കണക്കനുസരിച്ച്‌ മുപ്പത്തിനാലോളം കുളങ്ങളുണ്ട്‌. ഇവയിൽ ജലസേചനത്തിന്‌ ഉപയുക്തമായത്‌ വിരലിൽ എണ്ണാവുന്നവ മാത്രമാണ്‌. ഇവിടെ മൂന്നിൽ രണ്ടു കുളങ്ങളും വെറുതെ ആകാശം നോക്കി കിടക്കുന്നുവെന്നല്ലാതെ ഇവയെ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താനുളള മുൻതലമുറകളുടെ ആവേശവും ഐക്യവും ഈ വർത്തമാനകാലഘട്ടത്തിൽ ആരും ഏറ്റുപിടിക്കുന്നില്ലായെന്നതാണ്‌ ഖേദകരം.

കണ്ണപുരം പഞ്ചായത്തിലെ കുളങ്ങളുടെ പ്രകൃതി ബോധ്യപ്പെടുത്താൻ അവയുടെ ഏതാനും നാമധേയം താഴെ പറയുന്നത്‌ ഉചിതമാവുമെന്ന്‌ തോന്നുന്നു.

തൃക്കോത്ത്‌ കുളം, കലിക്കോട്ട്‌ കുളം, കിഴക്കേക്കാവ്‌ കുളം, മോലക്കാവ്‌ കുളം, ആശാരിക്കോട്ടം കുളം, പൂത്താലി കുളം, കാരങ്കാവ്‌ കുളം, മൊട്ടക്കുളം, മുച്ചിലോട്ട്‌കാവ്‌ കുളം, സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രക്കുളം, കുറ്റിക്കരക്കുളം, മുളളൻവീട്ടിൽ കുളം, പുളിയാങ്കോട്ട്‌ കുളം, നെടുങ്കള കുളം, പരദേശി കുളം, മുങ്ങത്തമ്പലക്കുളം, നമ്പ്യാർ സമുദായക്കുളം, കൂലോം കുളം, കോണത്ത്‌ കുളം, കീഴക്കാവ്‌ കുളം, കരക്കാട്ട്‌ കുളം, കുറുന്തോട്ടിക്കുളം, പേറ്‌ കുളം, ഇല്ലക്കുളം, വേൻ കുളം, മാച്ചിക്കുളം, പ്രയാങ്കോട്ട്‌ ക്ഷേത്രക്കുളം, തീണ്ടക്കരക്കുളം, കണ്ഡൻക്കോട്ട്‌ കുളം, കരിയത്താൻ ക്ഷേത്രക്കുളം അങ്ങിനെ പോകുന്നു കുളങ്ങളുടെ പേരുകൾ. ഇവയിൽ മിക്ക കുളങ്ങളും ഇന്ന്‌ പച്ചപ്പായൽ മൂടപ്പെട്ടും, കാടും ചളിയും നിറഞ്ഞും ഉപയോഗശൂന്യമായി കിടക്കുകയാണ്‌.

ഇത്‌ ഒരു പഞ്ചായത്തിലെ കുളങ്ങളുടെ അവസ്ഥയെങ്കിൽ നമ്മുടെ കേരളത്തെ മൊത്തമെടുത്താൽ സ്ഥിതി അചിന്തം തന്നെയെന്ന്‌ പറയേണ്ടതില്ലല്ലോ.

ശുദ്ധജലത്തിന്‌ ക്ഷാമം അനുഭവപ്പെടുന്ന സംസ്ഥാനമാണ്‌ നമ്മുടെ കേരളം. ഈ ഒരു സാഹചര്യത്തിൽ നാം തിരിഞ്ഞുനോക്കാത്ത കുളങ്ങളെ വൃത്തിയാക്കി സംരക്ഷിച്ചാൽ ശുദ്ധജലക്ഷാമത്തിന്‌ ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ സാധിക്കും. ഏപ്രിൽ മാസത്തോടെയാണ്‌ മിക്കയിടങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമാവുന്നത്‌. ഇത്‌ ജൂണിലെ മഴ കിട്ടുന്നതുവരെ നീണ്ടുനിൽക്കും. ചിലയിടങ്ങളിൽ ഉപ്പുവെളളം കാരണം വർഷം മുഴുവനും ശുദ്ധജലത്തിനായി ബുദ്ധിമുട്ടു സഹിക്കുന്നവരുണ്ട്‌. ഇവരെ രക്ഷിക്കാനും ഉപയോഗശൂന്യമായ ഇത്തരം കുളങ്ങളെ പുനരുദ്ധരിച്ച്‌ പമ്പ്‌ സെറ്റ്‌ വെച്ച്‌ സംരക്ഷിച്ചാൽ സാധിക്കും. പത്തിൽ അഞ്ചുകുളങ്ങളെങ്കിലും കുടിവെളളത്തിനുവേണ്ടി സംരക്ഷിച്ചു നിർത്തിയാൽ കുളത്തിലെ വെളളം കുടിലിലെ ദാഹം തീർക്കും.

കരയിടിഞ്ഞ കുളങ്ങൾ, കാടുകയറിയ കുളങ്ങൾ, ചളി നിറഞ്ഞ കുളങ്ങൾ, പച്ചപ്പായൽ പുതച്ചിട്ട കുളങ്ങൾ, മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട കുളങ്ങൾ, അഴുക്കുവെളളങ്ങൾ വന്നു നിറയുന്ന കുളങ്ങൾ, ഇങ്ങിനെ വേണ്ടുവോളം കുളങ്ങൾ നമുക്കു ചുറ്റും ‘വെയ്‌സ്‌റ്റായി’ കിടക്കുമ്പോൾ തൊണ്ട നനക്കാൻ ഒരു തുളളി ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്‌ നമ്മൾ. കാൽക്കീഴിലെ ശുദ്ധജല സ്രോതസ്സുകളുടെ മഹത്വം അറിയാതെയാണ്‌ നമ്മൾ പരക്കം പായുന്നതെന്നോർക്കുക.

കരയിടിഞ്ഞവ ഭംഗിയായി കെട്ടിയൊതുക്കിയും, കാടുകയറിയവ വെട്ടിനീക്കിയും, ചളി നിറഞ്ഞവ തോണ്ടി വൃത്തിയാക്കിയും, പച്ചപ്പായൽ വാരിക്കളഞ്ഞും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്‌ തടഞ്ഞും, അഴുക്കുവെളളം പ്രവേശിക്കുന്നത്‌ തടഞ്ഞും കുടിവെളളത്തിനായി ഏതാനും കുളങ്ങൾ സംരക്ഷിച്ചുവെച്ചാൽ കുടിലിലെ ദാഹത്തിന്‌ അൽപ്പമെങ്കിലും ശമനമുണ്ടാവുമെന്ന കാര്യത്തിൽ തർക്കമില്ല.

കുളം നിറയെ വെളളമുണ്ട്‌. അവ ഒരു ബക്കറ്റിൽ കോരിയെടുത്ത്‌ തുണി നനക്കാനോ, അല്ലെങ്കിൽ കുളത്തിലൊന്നു നീരാടാനോ പറ്റാത്തവിധം വെളളമിപ്പോ മലിനമായി കിടക്കുകയാണ്‌. അരയോളം ചളി. ഒന്നു മുങ്ങിനിവർന്നാൽ തലയിൽ പായൽ തൊപ്പി. വെളളത്തിനാണെങ്കിൽ കെട്ട മണം. പിന്നെ വേണ്ടുവോളം വളളിച്ചെടികളും, പാമ്പുകളും. ഇതൊക്കെയാണ്‌ മിക്ക കുളങ്ങളിലും ഇറങ്ങിയാലുളള അവസ്ഥ.

നമ്മൾ മനസ്സുറപ്പിച്ചാൽ ഈ പാഴ്‌ക്കുളങ്ങളെ പനിനീർ കുളങ്ങളായി മാറ്റിയെടുക്കാൻ ഒരു പ്രയാസവുമില്ല. കുടിലിലെ ദാഹം തീർക്കാൻ കുളത്തിലെ വെളളത്തിനും കഴിയുമെന്ന്‌ കാട്ടിക്കൊടുക്കാൻ നമുക്കു കഴിയണം. വെറുതെ കിടക്കുന്ന കുളങ്ങളെ നമുക്ക്‌ കുളിപ്പിച്ചെടുക്കാം. അഴുക്കു പുരളാതെ കാത്തു സൂക്ഷിക്കാം. അന്തസ്സായി കുടിലിലെ ദാഹം ശമിപ്പിക്കാം.

ഇന്നുതൊട്ട്‌ ഒരുക്കം കൂട്ടുകയും അടുത്ത വേനലിൽ അവ പ്രാക്‌ടിക്കലാക്കുകയും ചെയ്‌താൽ വരുംകാലങ്ങളിൽ കുളത്തിലെ വെളളം കുടിലിലെ ദാഹം തീർക്കുമെന്നതിൽ യാതൊരു സംശയവുമില്ല. തീർച്ച.

തോടും കായലും കുളവുമൊക്കെ നികത്തി ഭൂമിക്ക്‌ അട്ടിയട്ടിയായി വിലകൂട്ടാൻ വെമ്പുന്ന കച്ചവടതന്ത്രം മാത്രം മനസ്സിൽ സൂക്ഷിക്കുന്നവർക്ക്‌ ഇത്‌ പാഴ്‌വാക്കുകളാകാം. എങ്കിലും നല്ല നാടിന്റെ ഓർമ്മകൾ സൂക്ഷിക്കാൻ, നാട്ടിലെ തൊടികളിൽ എന്തെന്തു പരീക്ഷണം നടത്തിയാലും, ഒരു നല്ല കാലത്തിന്റെ അടയാളമായി ഒരു തെളിനീർക്കുളം നമുക്കു വേണം. അത്രയെങ്കിലും നാം കളിച്ചു വളർന്ന മണ്ണിനു തിരിച്ചു നല്‌കണം.

Generated from archived content: essay_feb1_06.html Author: dineeshan_kannapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here