ഒരു തുളളി വെളളവും ഒരു കുടം മനസ്സും

പ്രകൃതി നമുക്കായി ചുരത്തുന്ന മുലപ്പാലാണ്‌ ശുദ്ധജലം. ഈ ജീവാമൃതം നമുക്കായി ഒരുക്കിത്തരുന്നത്‌ പ്രകൃതിയുടെ ഫിൽട്ടർ യൂണിറ്റായ മണ്ണാണ്‌. മനുഷ്യനിൽ വൃക്കയുടെ പ്രവർത്തനം പോലെയാണ്‌ പ്രകൃതിയിൽ മണ്ണിന്റെ പ്രവർത്തനവും.

മഴക്കാല മാസങ്ങളിൽ മണ്ണ്‌ ആർത്തിയോടെ ഉൾക്കൊളളുന്ന മഴവെളളം അമൃതാക്കി മാറ്റി ഭൂഗർഭ അറകളിൽ സംഭരിക്കുകയും മനുഷ്യന്റെ അന്വേഷണവഴികളിൽ (കിണറുകളിലും മറ്റും) നീരുറവകളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

എന്നാൽ ഇന്നീ പരിശുദ്ധമായ പ്രക്രിയയിൽ ചില കരടുകൾ അലിഞ്ഞുചേരുകയും ശുദ്ധജലത്തിന്റെ പോഷകാവസ്ഥയെ മലിനപ്പെടുത്തുകയും ചെയ്‌തു തുടങ്ങിയിട്ടുണ്ട്‌.

നമ്മുടെ കൃഷിരീതിയിൽ വന്നിട്ടുളള മാറ്റമാണ്‌ ഇതിനൊരു പ്രധാന കാരണം. വയൽ പ്രദേശങ്ങളിലേയും മറ്റും കൃഷിയിടങ്ങളിൽ അമിതമായി ഉപയോഗിക്കുന്ന മാരകമായ കീടനാശിനികളും രാസവളങ്ങളും നമ്മുടെ മണ്ണിന്റെ ജൈവാസ്ഥയെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ഇത്‌ മണ്ണിന്റെ ജലശേഖരണത്തിൽ കീടനാശിനികളുടെയും രാസവളങ്ങളുടെയും മാരകമായ അംശങ്ങൾ ഇഴകിച്ചേരാൻ കാരണമാവുന്നു. ഇതിന്റെ പരിണിതഫലമായി പ്രകൃതി നമുക്കു നൽകുന്ന മുലപ്പാൽ പരിശുദ്ധമല്ലാതായി തീരുകയും നമ്മൾ പതിയെ പതിയെ രോഗാവസ്ഥയിലേക്ക്‌ അടുക്കുകയും ചെയ്യുന്നു.

വൃക്ക തകരാറിലായ ഒരു മനുഷ്യന്റെ അവസ്ഥ എന്തായിരിക്കും. അതുപോലെ തന്നെയാണ്‌ അമിതമായ രാസവളങ്ങളുടെയും കീടനാശിനികളുടെയും മറ്റു കെമിക്കലുകളുടെയും ഉപയോഗത്താൽ പ്രകൃതിയുടെ വൃക്കയായ മണ്ണിലൂടെ പ്രകൃതിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.

നമ്മുടെ മണ്ണിനിപ്പോൾ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ജൈവാവസ്ഥ തിരിച്ചു കൊണ്ടുവരുവാൻ കഴിയുന്ന രീതിയിൽ നമ്മുടെ കൃഷി സമ്പ്രദായങ്ങൾ പഴമയുടെ സംസ്‌കാരങ്ങൾ ഏറ്റുപിടിച്ചുകൊണ്ട്‌ (ജൈവകൃഷി പോലുളളവ) വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പിനു കളമൊരുക്കേണ്ടിയിരിക്കുന്നു.

ഒരു തുളളി വെളളമെങ്കിലും ശുദ്ധമായി ലഭിക്കണമെങ്കിൽ ഒരു കുടം (കൂട്ടം) മനസ്സെങ്കിലും ആദ്യം ശുദ്ധമാവേണ്ടതുണ്ട്‌. മനസ്സു ശുദ്ധമായാൽ മണ്ണ്‌ ശുദ്ധമാവും. മണ്ണു ശുദ്ധമായാൽ കുടിവെളളം ശുദ്ധമാവും. കുടിവെളളം ശുദ്ധമായാൽ ആരോഗ്യം നന്നാകും. പ്രകൃതിയുടെ വൃക്കയായ മണ്ണ്‌ മലിനപ്പെടുത്താതെ സംരക്ഷിക്കുകയെന്നതാണ്‌ ശുദ്ധജലം കാംക്ഷിക്കുന്നവരുടെ ഒന്നാമത്തെ കടമ.

രണ്ടാംഘട്ടത്തിൽ ചിന്തിക്കാനുളളത്‌ ശുദ്ധജല വിനിയോഗത്തെക്കുറിച്ചാണ്‌. ഇവിടെയും കൃഷിയിടങ്ങളിൽ തളിക്കുന്ന കീടനാശിനി വില്ലനാണ്‌. സർവ്വത്ര വെളളമെങ്കിലും തുളളി കുടിക്കാനില്ലെന്ന പരിദേവനത്തിന്‌ തഴമ്പുപിടിച്ച കാലമാണിത്‌. ഈ പരിദേവനത്തിന്‌ കാരണം ആരുടെ കുറ്റമാണ്‌? പ്രകൃതിയുടേതല്ല. നമ്മൾ മനുഷ്യരുടേതുതന്നെയാണ്‌. നാമിപ്പോൾ ദിനംപ്രതി കുടിവെളളത്തെ മലിപ്പെടുത്തികൊണ്ടിരിക്കുകയാണ്‌. നമ്മുടെ കുളങ്ങളും തോടുകളും ഉറവകളും തടാകങ്ങളും തുടങ്ങിയ നിരവധി പൊതുജലസ്രോതസ്സുകളിൽ മിക്കവയും മാലിന്യങ്ങളുടെ മതിൽ വാഹകരായി കിടക്കുകയാണ്‌.

ഇത്‌ പ്രകൃതിയുടെ വികൃതിയല്ല. മനുഷ്യന്റെ ബോധപൂർവ്വമായ ‘കുസൃതി’യാണ്‌. ഒരു കൂട്ടം മനുഷ്യർ ചെയ്യുന്ന ഈ കുസൃതിയുടെ കഷ്‌ടത അനുഭവിക്കുന്നത്‌ മനുഷ്യരുടെ തന്നെ മറ്റൊരു കൂട്ടമാണ്‌. ചെറിയൊരു ഉദാഹരണത്തിലൂടെ ഈ സംഗതി സമർത്ഥിക്കാവുന്നതേയുളളൂ.

മലയോരമേഖലയിലെ മിക്ക പ്രദേശങ്ങളിലും താമസിക്കുന്നവർ ജീവജലത്തെ ആശ്രയിക്കുന്നത്‌ മലഞ്ചരിവിലെ പാറയിടുക്കുകളിൽ നിന്നും മറ്റും വരുന്ന നീരുറവകളെയാണ്‌. അനേകം നീരുറവകളിൽ നിന്നും അനേകം കുഴലുകൾ അനേകം വീടുകളിലേക്ക്‌ നീണ്ടുകിടക്കുന്നത്‌ മിക്ക മലയോരപ്രദേശങ്ങളിലേയും കാഴ്‌ചയാണ്‌.

ഇങ്ങിനെ വലിയൊരു സമൂഹം മുഴുവൻ കുടിവെളളത്തിനായി മലഞ്ചരിവിലെ നീരുറവകളെ ആശ്രയിച്ചു കഴിയുമ്പോൾ ഇത്തരം ജലശ്രോതസ്സുകളിൽ മാലിന്യങ്ങളുടെ ഭാണ്ഡക്കെട്ടുകൾ തളളിയിട്ട്‌ സ്വന്തം വീടും പുരയിടവും അറവുശാലകളും മറ്റും ശുദ്ധമാക്കി കഴിയുന്നവർ ധാരാളമുണ്ട്‌. ഇവിടെ വലിയൊരു വിഭാഗത്തിന്റെ ഗാർഹിക ആവശ്യങ്ങൾക്കായുളള ശുദ്ധജലമാണ്‌ ഇവർ മലിനപ്പെടുത്തുന്നതെന്ന്‌ ഓർക്കുക.

കണ്ണും കാതും തലച്ചോറും കാര്യക്ഷമമായി പ്രവർത്തിക്കുന്നിടത്ത്‌ ഇത്തരം കാഴ്‌ചകൾ ഉണ്ടാവില്ല. പക്ഷെ ഇത്തരം കാര്യക്ഷമത ഇന്ന്‌ എവിടെയാണുളളത്‌. നഗരങ്ങളിലായാലും ഗ്രാമപ്രദേശങ്ങളിലായാലും നമ്മുടെ ജലസമ്പത്ത്‌ ഒരു പരിധിവരെ മലീമസപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

മൂന്നാംഘട്ടത്തെക്കുറിച്ചു പറയുകയാണെങ്കിൽ ധാരാളം പൊതുകിണറുകളും വഴിയോര ടാപ്പുകളുമുളള രാജ്യമാണ്‌ നമ്മുടേത്‌. നഗര-ഗ്രാമപ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്ന ഇത്തരം ജലശ്രോതസ്സുകളോടു നാം കാട്ടുന്ന സമീപനമെന്താണ്‌?

ചുറ്റുമതിലോ, പ്ലാറ്റ്‌ഫോമോ കെട്ടാതെ കിണറിൽ നിന്നും വെളളമെടുത്ത്‌ ഉപയോഗിക്കുമ്പോൾ പലരും പലപ്പോഴും അശ്രദ്ധാലുക്കളായി കാണാറുണ്ട്‌. കിണറിൽ നിന്നും വെളളം കോരി അതിന്റെ കരയിൽ നിന്നുതന്നെ സോപ്പു തേച്ചു കുളിക്കുന്നതും അഴുക്കുവസ്‌ത്രങ്ങൾ നനയ്‌ക്കുന്നതും പല്ലും മുഖവും കഴുകി കാർക്കിച്ചു തുപ്പുന്നതുമൊക്കെ പലയിടങ്ങളിലേയും കാഴ്‌ചയാണ്‌. ഇത്‌ ആരോഗ്യപരമായ സമീപനമല്ല.

കിണറിന്‌ ചുറ്റുമതിലോ പ്ലാറ്റ്‌ഫോമോ ഓടയോ ഇല്ലാത്തതുകൊണ്ട്‌ കുളിക്കുമ്പോഴും വസ്‌ത്രം നനക്കുമ്പോഴും മറ്റുമുളള അഴുക്കുകൾ ചളിയായി അവിടെതന്നെ കെട്ടിക്കിടന്ന്‌ ഒടുവിൽ കിണറിലേക്കുതന്നെ ഒലിച്ചിറങ്ങുന്ന അവസ്ഥയാണ്‌ കണ്ടുവരുന്നത്‌. ചിലയിടങ്ങളിൽ മനുഷ്യൻ കുളിക്കുന്നതിനുമുമ്പ്‌ കന്നുകാലികളെ കുളിപ്പിക്കുന്നതും കാണാം. ചിലർ അടുത്ത പൊന്തക്കാട്ടിലോ വരമ്പിനു പിറകിലോ മലവിസർജ്ജനം നടത്തി തിരിച്ചുവന്ന്‌ കിണറിനരികിൽ വെച്ച്‌ ‘ശുചിത്വം’ നിർവ്വഹിക്കുന്നതും കാണാം. ഇങ്ങിനെ ഓരോ ദിവസവും ഒരു പറ്റം ആളുകൾ ഈ രീതിയിൽ കിണർ ഉപയോഗിക്കുമ്പോൾ അശുദ്ധമാക്കപ്പെടുന്നത്‌ കിണറിലെ കുടിവെളളമാണ്‌. ഈ വെളളമാണ്‌ ഒന്നുമറിയാത്ത പാവങ്ങൾ കുടിക്കേണ്ടിവരുന്നത്‌. തെരുവിലെ പൊതുടാപ്പുകളുടെ ചുറ്റുമുളള അവസ്ഥയും ഇതിൽനിന്നും മറിച്ചല്ല.

സർവ്വത്ര വെളളമുണ്ടായിട്ടും കുടിക്കാൻ ഒരു തുളളിയില്ലെന്ന്‌ സങ്കടം പറയുന്ന നമ്മൾ തന്നെയല്ലേ ഉളള ശുദ്ധവെളളത്തെ അറിഞ്ഞും അറിയാതെയും മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌.

ഈ അവസ്ഥ മാറണം. മാറ്റാൻ നമുക്കു കഴിയണം. കുടിവെളള സാക്ഷരതായജ്ഞമാണ്‌ പരിഹാരമാർഗ്ഗം. സർവ്വത്ര വെളളത്തിൽ നിന്നും കുടിക്കാനുളള ശുദ്ധജലത്തെ മലിനപ്പെടുത്താതെ സംരക്ഷിക്കാനും കൂടുതൽ ശുദ്ധജല സ്രോതസ്സുകൾക്കായി പ്രകൃതിയെ ഒരുക്കാനും നമുക്കു കഴിയണം.

ഒരു തുളളി വെളളവും ഒരു കുടം മനസ്സും. ഇതാകട്ടെ ആരംഭത്തിലെ നമ്മുടെ മുദ്രാവാക്യം.

Generated from archived content: essay2_aug17_05.html Author: dineeshan_kannapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English