മായുന്ന ഗ്രാമീണ സ്‌മൃതികൾ

ഗ്രാമീണഭംഗിയുടെ പച്ചപ്പും പറവകളുടെ സജീവസാന്നിധ്യവും കൊയ്‌ത്തുപാട്ടിന്റെ ഈണവും നാടൻകളിയുടെ താളവുമൊക്കെ മനസ്സിനെ കുളിർപ്പിച്ചൊരു കാലമുണ്ടായിരുന്നു. തോടും കുളവും കുന്നും മലകളും വളളിക്കാവുകളും വിശാലമായ പാടവും അവയ്‌ക്കുമേൽ വീണുകിടക്കുന്ന പുലർവെയിലും സുഖമുളള ഏകാന്തത സമ്മാനിച്ചൊരു കാലത്തിൽനിന്നും നാം ഏറെ മുന്നോട്ടു പോയിരിക്കുന്നു.

നഷ്‌ടപ്പെട്ട സുഖമുളള ഏകാന്തത ഇന്ന്‌ തീഷ്‌ണമായ നൊമ്പരമായി ശ്വാസം മുട്ടിക്കുകയാണ്‌. പുലർകാലങ്ങളിൽ നമ്മെ വിളിച്ചുണർത്തിയ കുയിലുകളും കോഴികളും നമ്മിൽനിന്നും എങ്ങോ മറഞ്ഞുപോയി. പ്രകൃതിയുടെ ഓരോ കർത്തവ്യങ്ങളും നമ്മുടെ സ്വാർത്ഥതയാൽ മരണപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

കുന്നുകളെയും മലകളെയും ആസുരതയാർന്ന യന്ത്രകൈകൾ കാർന്നെടുത്ത്‌ നോക്കെത്താദൂരത്ത്‌ പരന്ന്‌ കിടക്കുന്ന പാടങ്ങൾ നികത്തുന്നു. ഈ നിറവിൽ കണ്ണഞ്ചിപ്പിക്കുന്ന മണിസൗധങ്ങൾ മത്സരിച്ചുയരുമ്പോൾ ഇവയ്‌ക്കിടയിൽ ആർക്കും വേണ്ടാത്ത കൃഷിഭൂമിയിൽ കാളപൂട്ടലിന്റെ ഉത്സവലഹരിയും നാട്ടുപാട്ടിന്റെ രേഖയില്ലാത്ത ചരിത്രഗാഥങ്ങളുമൊക്കെ വംശനാശത്തിന്റെ പിടിയിൽ അമർന്നു പോകുകയാണ്‌. തോട്ടിൽ ചൂണ്ടയിട്ട്‌ രസിക്കുന്ന കുട്ടി ഇന്ന്‌ പഴയൊരു ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോയായി ആൽബത്തിൽ പൊടിപിടിച്ച്‌ കഴിഞ്ഞിരിക്കുന്നു. ഈ പൊടിപ്പരപ്പിലൂടെ വിരലോടിക്കുമ്പോൾ മനസ്സ്‌ നൊമ്പരപ്പെടുന്നത്‌ നാം സംസ്‌കരിച്ച ആ നല്ലകാലത്തിന്റെ സമ്പന്ന സ്‌മൃതിയോർത്താണ്‌.

കഴിഞ്ഞുപോയതിനെക്കുറിച്ച്‌ ഓർക്കാതിരിക്കുകയും വരാനിരിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാതിരിക്കുകയും ചെയ്യുന്നതാണ്‌ ഇന്നത്ത മനുഷ്യന്റെ വിജയം. ഈ വിജയത്തിന്‌ പ്രകൃതി നിശ്ചയിച്ചിരിക്കുന്ന ആയുസ്സ്‌ വളരെ പരിമിതമാണ്‌. പ്രകൃതിയെ വെല്ലുവിളിച്ചുകൊണ്ട്‌ നമുക്ക്‌ അധികദൂരം മുന്നോട്ട്‌ പോകാനാവില്ല. അർബുദം ബാധിച്ച അവയവങ്ങൾ അരിഞ്ഞു മാറ്റുംപോലെ നമ്മുടെ മലകളും കുന്നുകളും നമുക്ക്‌ നഷ്‌ടപ്പെടുകയാണ്‌. ഹരിതനന്മയുടെ തായ്‌വേരുകൾ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു.

വിതയും കൊയ്‌ത്തും ഇന്ന്‌ കാണാനേയില്ല. ഇടവഴിയിലെ നീർച്ചാലുകളിൽ നാം കണ്ട എഴുത്തച്ഛനും വാൽമാക്രിയുമൊക്കെ വരണ്ടുപോയ ചതുരക്കട്ടകളിൽ ഓർമ്മയുടെ ചിത്രമായി മാറുകയാണ്‌.

കൊയ്‌ത്തു കഴിഞ്ഞ വയലുകളിൽ പുലർകാലങ്ങളിൽ പന്തുരുളുന്നത്‌ വിരളമായിരുന്നു. കണ്ണാരം പൊത്തിക്കളിയും കളളനും പോലീസും ചേരിയും കോലും കൊത്തംകല്ലും ബരീക്കൂത്തും ആഹ്യാലും വണ്ടിയോട്ടവും ഡപ്പയും അരിപ്പോത്തിരിപ്പോയും കോട്ടിക്കളിയുമെല്ലാം ഇന്ന്‌ എത്ര കുട്ടികൾക്കറിയാം. നാടൻകളികളുടെ ശവമടക്ക്‌ നടത്തിക്കൊണ്ടിരിക്കുകയാണ്‌ നാം. ഈ ശവമാടത്തിനുമേൽ മൂന്ന്‌ കമ്പുകൾ നാട്ടി പരത്തിയടിച്ച്‌ റണ്ണെടുത്ത്‌ പരസ്‌പരം കൈകൊട്ടി ആഹ്ലാദിക്കുന്ന പരിഷ്‌കാരത്തിലേക്ക്‌ ഗ്രാമീണർ പോലും വീണുപോയിരിക്കുന്നു.

ഇടവഴിയിലും വീട്ടുമുറ്റത്തും എന്തിന്‌ പൂമുഖങ്ങളും അടുക്കളയിൽ പോലും ബാറ്റ്‌ വീശാൻ കുട്ടികൾ ശീലിച്ചിരിക്കുന്നു. ഈ ശീലം തെറ്റാണെന്നല്ല പറഞ്ഞുവരുന്നത്‌. ഈ ശീലത്തോടൊപ്പം നമ്മുടെ ഗ്രാമീണ സംസ്‌കൃതിയുടെ ശീലുകൾ കൂടി സംരക്ഷിക്കേണ്ടതുണ്ട്‌.

മഞ്ഞു വീണുകിടക്കുന്ന പുലർകാലത്ത്‌ വയൽവരമ്പിലൂടെ നടക്കുമ്പോൾ പുല്ലുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന വലിയൊരു പേക്കാൻ തവളയുടെ നീലക്കണ്ണാടിപോലുളള ഉണ്ടക്കണ്ണിൽ പ്രകൃതിയുടെ ബിംബം കണ്ട്‌ അത്ഭുതപ്പെട്ട കുട്ടികളുടെ ലോകമുണ്ടായിരുന്നു നമുക്ക്‌. കഥയുടെ മായാലോകത്തിലേക്ക്‌ കൈപിടിച്ചാനയിക്കാൻ മുത്തശ്ശിമാരുമുണ്ടായിരുന്നു നമുക്ക്‌. മണിമന്ദിരങ്ങൾക്ക്‌ കാവൽ നിൽക്കുന്ന വെട്ടിയൊരുക്കിയ ഗാർഡനിൽ പേക്കോൻ തവളക്കെവിടെ ഇടം? വൃദ്ധമന്ദിരങ്ങൾ കൂണുകൾ പോലെ മുളച്ചുപൊന്തുമ്പോൾ മുത്തശ്ശിമാരെന്തിനാണ്‌ വീടുകളിൽ?

കൃത്രിമത്വം നിറഞ്ഞ ഈ ഓട്ടത്തിനിടയിൽ നാം പിന്നിട്ട വഴികളിൽ നമ്മെ പ്രണയിച്ച നാം പ്രണയിച്ച പ്രകൃതിസത്യങ്ങളെ നാം സൃഷ്‌ടിച്ച നിഷ്‌കളങ്കമായ ഉത്സാഹങ്ങളെ ഒരു പരിധിവരെയെങ്കിലും സംരക്ഷിച്ചു നിർത്തേണ്ടതുണ്ട്‌. എന്നെ വിളിച്ചുണർത്താൻ കുയിലുകളോ പുലർക്കാറ്റോ ഇല്ലായെന്നും എനിക്ക്‌ മുങ്ങിക്കുളിക്കാൻ കുളിർപ്പൊയ്‌കകളില്ലായെന്നും എനിക്ക്‌ കൃഷിയിറക്കാൻ വയലുകളില്ലായെന്നും എനിക്കല്പം തണൽപറ്റിയിരിക്കാൻ മരങ്ങളില്ലായെന്നും കിണറിനകത്തു കുഴൽകുത്തിയാലും കുടിക്കാൻ വെളളമില്ലായെന്നും എല്ലാവരും അവരവരുടെ അടുക്കളയിലേക്ക്‌ ചുരുങ്ങിപ്പോയെന്നും പൊതുവിൽ എല്ലാത്തിലും തൊട്ടാൽ പൊളളുന്നുവെന്നുമൊക്കെ നാം പരാതി പറയുമ്പോൾ ഈ പരാതിയെ നാം തന്നെയാണ്‌ പരിണാമപ്പെടുത്തിയെടുത്തതെന്ന്‌ ഒരു നിമിഷം ചിന്തിച്ചുനോക്കിയാൽ മനസ്സിലാകും.

ഗ്രാമീണസത്യങ്ങൾക്കുമീതെ ബോധപൂർവ്വം നഗരസംസ്‌കാരത്തിന്റെ മാലിന്യംകൊണ്ട്‌ നിറയ്‌ക്കുമ്പോൾ നമ്മുടെ മനസ്സിൽ നിറഞ്ഞുനിന്ന വികാരം സ്വാർത്ഥത മാത്രമായിരുന്നു. ഇന്ന്‌ ഗ്രാമീണ സംസ്‌കൃതി ഈ മാലിന്യങ്ങൾക്കിടയിൽപ്പെട്ട്‌ മുഷിഞ്ഞ്‌ നാറുമ്പോൾ നാം ഒരു ഇളംകാറ്റിനായി കൊതിച്ചുകൊണ്ട്‌ വിയർത്തുരുകുകയാണ്‌. ഇനിയൊരു തിരിച്ചുപോക്കിന്‌ സാധ്യമല്ലായെന്ന്‌ നാം കരുതുന്നു. ഒരു പരിധിവരെ സത്യമാണ്‌ താനും.

ആയുസ്സ്‌ കുറഞ്ഞാലും ആധുനിക തന്ത്രങ്ങളുടെ ഇടയിൽ കിടന്ന്‌ കറങ്ങാൻ തന്നെയാണ്‌ ഇന്ന്‌ ഏറെപ്പേരും ആഗ്രഹിക്കുന്നത്‌. ഒരു കാലഘട്ടത്തിന്റെ നിഴൽരേഖകൾ സിഡിയായി എന്റെ അലമാരയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഞാനിന്ന്‌ സി ഡി റോമിലൂടെ കുയിലിന്റെ നാദം ശ്രവിക്കുന്നു. കോഴിയുടെ ഉണർത്തുപാട്ടറിയുന്നു. കാൻസർ പിടിക്കാത്ത കുന്നുകളും മലകളും കാണുന്നു. നിറഞ്ഞൊഴുകുന്ന തോടുകളും കുളങ്ങളും പുഴകളും കാണുന്നു. നാട്ടുപാട്ടുകൾ കേൾക്കുന്നു. വിശാലമായ പാടത്തെ കൊയ്‌ത്തുത്സവം കണ്ട്‌ ആഹ്ലാദിക്കുന്നു. അക്ഷരം പഠിക്കുന്നത്‌ മുതൽ മൊഴി ചൊല്ലുന്നത്‌ വരെ ഇന്ന്‌ കമ്പ്യൂട്ടറിലൂടെയാണ്‌.

നാടൻചിന്തുകളുടെ മഹിമയിൽ ഞാനെന്റെ മനസ്സിനെ സുഖകരമായ ആർദ്രതയിലേക്ക്‌ നയിക്കുന്നു. എനിക്കെന്റെ ഗ്രാമത്തെ കാണണമെങ്കിൽ ഗ്രാമമായിരുന്ന ഈ നഗരത്തിലിരുന്ന്‌ അലമാര തുറന്ന്‌ സിഡിയെടുത്ത്‌ പ്ലേ ചെയ്യുകയേ വേണ്ടു. കണ്ട്‌ കണ്ടങ്ങിനെ കണ്ണ്‌ നിറയുമ്പോൾ അകക്കാഴ്‌ചയിൽ നിറയുന്ന പച്ചപ്പാടവും പേക്കോൻ തവളയുടെ ഉണ്ടക്കണ്ണിലെ പ്രകൃതിയുടെ പ്രതിബിംബവും അങ്ങനെ ഒരുപാട്‌ അനുഭവങ്ങളുടെ ഉറവകൾ കൊണ്ട്‌ നിറയും.

നമുക്ക്‌ ഓരോരുത്തർക്കും ഒരുപറ്റം അനുഭവങ്ങൾ ഉണ്ടായതുപോലെ പഴയ ഗ്രാമീണ സംസ്‌കൃതിയുടെ ഉണങ്ങാത്ത വേരുകൾക്ക്‌ വെളളം നനവ്‌ ഒരു മുകുളമുണർത്താൻ നാം ശ്രമിക്കേണ്ടതുണ്ട്‌. വരും തലമുറയ്‌ക്ക്‌ അനുഭവിക്കാൻ നാം അല്പമെങ്കിലും ഇവ സംരക്ഷിച്ചുവെച്ചില്ലെങ്കിൽ അത്‌ കൊടും പാപമായിരിക്കുമെന്ന്‌ നാം ഓരോ നിമിഷവും ചിന്തിക്കണം.

Generated from archived content: essay1_mar23.html Author: dineeshan_kannapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here