ജലനിക്ഷേപം വർഷകാല അജണ്ടയാക്കുമ്പോൾ

വേനലും വർഷവും പ്രകൃതിയുടെ അനിഷേധ്യമായ സ്പന്ദനമാണ്‌. ഈ ഇരുകാലത്തിന്റെയും മൃദുലവും വിസ്‌തൃതവുമായ വികാരത്തിന്റെ പരിശുദ്ധത മണ്ണിലും വെളളത്തിലും വായുവിലും ദൈവീക പരിവേഷത്തോടെ കാത്തുസൂക്ഷിക്കാൻ ഉത്തരവാദപ്പെട്ടവരാണ്‌ നമ്മൾ മനുഷ്യർ. സകല ജീവജാലങ്ങൾക്കും മീതെ ഇരിക്കുന്ന മനുഷ്യൻ ഭാവി തലമുറയുടെ കളങ്കരഹിതമായ ജീവിത സുഖാനുഭൂതികൾക്കായി മനസ്സു തുറന്നുവെച്ച്‌ പ്രകൃതിക്കുമേൽ നന്മകൾ പ്രാവർത്തികമാക്കേണ്ടതിനുപകരം ഇതെല്ലാം മറന്ന്‌ ഭൂമിക്കുമേൽ ഉളളം നിറയെ സ്വാർത്ഥതയുമായി താണ്ഡവമാടുകയാണ്‌.

ഈ അസുഭകരമായ വളർച്ച ഒരു കാലത്ത്‌ ആസ്വാദകരമായിരുന്ന വേനൽക്കാലത്തെ തീക്ഷ്‌ണമായ വരൾച്ചയിലേക്കും വർഷകാലത്തെ ഗുരുതരമായ വെളളപ്പൊക്കത്തിലേക്കും ഉരുൾപൊട്ടൽ പോലുളള ദുരന്തങ്ങളിലേക്കും ബോധപൂർവ്വം വലിച്ചെഴുന്നളളിച്ചിരിക്കുകയാണ്‌.

മനുഷ്യൻ പ്രകൃതിയുമായുളള ജീവശാസ്‌ത്രപരമായ ബന്ധം അല്ലെങ്കിൽ സ്‌നേഹം ബോധപൂർവ്വം ഉപേക്ഷിക്കുകയും പകരം സ്വാർത്ഥതയെന്ന പദം സജീവമായി നിലനിർത്തുകയും ചെയ്യുന്നതിലൂടെ ഇവിടെ പാരിസ്ഥിതിക അസന്തുലിതാവസ്ഥ വലിയൊരു വൃത്തമായി പരിണാമപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഈ അപകടാവസ്ഥയിൽ നിന്നും മുക്തിനേടാൻ പ്രാഥമികമായി ചെയ്യാനുളളത്‌ മനസ്സിനെ മാറ്റിമറിച്ച സ്വാർത്ഥതയെന്ന വികാരത്തെ വെട്ടിമാറ്റുകയും അവിടെ പ്രകൃതിയോടുളള പ്രണയം തുന്നിച്ചേർക്കുകയുമാണ്‌. ഈ രീതിയിലൊരു തിരിച്ചുപോക്ക്‌ നാം കൈക്കൊളളുന്നില്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങളും അവരുടെ ഭാവിതലമുറകളും ഇന്നു നാം അനുഭവിക്കുന്ന കഷ്‌ടതകളുടെ പതിൻമടങ്ങ്‌ ദുരിതത്തിലാവും.

ഇന്നലെ കണ്ട കുന്നുകളും വനങ്ങളും വയലുകളും തോടുകളും കുളങ്ങളുമൊക്കെ ഓർമ്മകളിലേക്ക്‌ ഉൾവലിഞ്ഞുകൊണ്ടിരിക്കുകയാണ്‌. വിണ്ടുകീറിയ മണ്ണിൽ ചുടുകാറ്റേറ്റ്‌ വിയർത്തൊലിച്ചു നടക്കുന്ന മനുഷ്യർ ഒരു കുമ്പിൾ ദാഹജലത്തിനായി കിണറുകളും നീർച്ചാലുകളും തേടി അയഞ്ഞു നടക്കുമ്പോൾ ലഭിക്കുന്നതൊക്കെയും പ്രകൃതിയുടെ ചുടുനിശ്വാസം മാത്രമാണ്‌. ഈ അസഹിഷ്‌ണുതയെ ലഘൂകരിക്കാൻ പ്രകൃതിക്കുമേൽ പ്രയോഗിക്കുന്ന തിന്മകളൊക്കെ തിരുത്തി ഇനിയും അവശേഷിക്കുന്ന കുന്നുകളും വനങ്ങളും വയലുകളും കുളങ്ങളും തോടുകളും നീർചാലുകളുമൊക്കെ സംരക്ഷിച്ചു നിർത്തേണ്ട ചുമതലയിലേക്ക്‌, പ്രകൃതിയോടുളള കളങ്കമില്ലാത്ത അർപ്പണമനോഭാവത്തോടെ വാക്കുകളേക്കാൾ ഉപരി പ്രവർത്തിപദങ്ങളിൽ നമ്മൾ ഊർജ്ജസ്വലരാകേണ്ടതുണ്ട്‌.

വേനൽകാല പ്രകൃതി ഇന്നൊരു തീക്കട്ടയാണ്‌. വെന്തുരുകുകയും വരണ്ടുപോകുകയും ചെയ്യുന്ന ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ വരുംവർഷങ്ങളെ ആസൂത്രിതമായി നാം ഉപയോഗിച്ചു ശീലിക്കേണ്ടതുണ്ട്‌.

വേനൽകാലത്തെ അപേക്ഷിച്ച്‌ മഴക്കാലങ്ങളുടെ ദൈർഘ്യം നമുക്കു വളരെ കുറവാണ്‌. അതുകൊണ്ടുതന്നെ നമുക്കു ലഭിക്കുന്ന മഴവെളളത്തെ പരമാവധി നമ്മുടെ ഭൂമിയിലേക്കു തന്നെ നിക്ഷേപിച്ച്‌ ഭൂഗർഭജലവിതാനം ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്‌. കാരണം ഭൂഗർഭജലത്തെ ആശ്രയിച്ചു കഴിയുന്നവരാണ്‌ നമ്മൾ.

എങ്ങിനെ ഭൂഗർഭജലവിതാനം ഉയർത്താം? ഉത്തരം ലളിതമാണ്‌. നമ്മൾ ഓരോരുത്തരും അവരവരുടെ വീട്ടുപറമ്പിലും പരിസരപ്രദേശങ്ങളിലും ജലനിക്ഷേപശീലം പ്രാവർത്തികമാക്കിയാൽ മതി. അതിരൂക്ഷമായ വരൾച്ചയെ പ്രതിരോധിക്കാൻ ഇതിലും എളുപ്പമായ മാർഗ്ഗം വേറെയില്ല. നമുക്ക്‌ ക്രമരഹിതമായിട്ടാണെങ്കിലും ആവശ്യത്തിന്‌ മഴ ലഭിക്കുന്നുണ്ട്‌. എന്നാൽ ഈ മഴയുടെ എഴുപതുശതമാനത്തിലേറെയും നാം പാഴാക്കിക്കളയുകയാണ്‌. കടലിലേക്ക്‌ ഒഴുകി പോകുന്നതുൾപ്പെടെ നാം പാഴാക്കിക്കളയുന്ന മഴവെളളത്തെ പിടിച്ചുനിർത്താനും നമ്മുടെ മണ്ണിൽ കിനിഞ്ഞിറങ്ങാനും സംവിധാനങ്ങളുണ്ടാക്കിയാൽ അതിരൂക്ഷമായ വരൾച്ചയെന്ന പരിദേവനത്തിൽ നിന്നും നമുക്കു രക്ഷ പ്രാപിക്കാം.

പണ്ടൊക്കെ നമ്മൾ വീട്ടുപറമ്പിൽ മണ്ണ്‌ കിളച്ചിട്ടും, വരമ്പിട്ടും, കൃഷിചെയ്‌തും അച്ചടക്കമുളെളാരു കാർഷികബോധം നിലനിർത്തിയിരുന്നു. എന്നാൽ അടുത്ത കാലത്തായി ഭൂരിഭാഗം പേരും ഇത്‌ പാടെ ഉപേക്ഷിച്ചമട്ടാണ്‌. അതുകൊണ്ടുതന്നെ ഇളക്കം തട്ടാതെ മണ്ണിൽ മഴവെളളം ഊഴ്‌ന്നിറങ്ങുന്നതിന്റെ അളവ്‌ വളരെ ചുരുങ്ങിപോയിരിക്കുന്നു. ഭൂമി വെളളം കുടിച്ചെങ്കിൽ മാത്രമേ നമ്മുടെ ദാഹം തീരൂ എന്ന സത്യം പലരും മറന്നു പ്രവർത്തിച്ചതിന്റെ ഫലമായി നമ്മുടെ ചുറ്റുപാടും പെയ്‌തു നിറയുന്ന മഴവെളളം നമ്മുടെ കൺമുമ്പിലൂടെ തന്നെ കടലിലേക്ക്‌ ശീഘ്രം ചെന്നു പതിക്കുന്നു. ഫലമോ? നമ്മുടെ കാൽക്കീഴിൽ ഭൂഗർഭജലത്തിന്റെ തോത്‌ കാലം കഴിയും തോറും മെലിഞ്ഞ്‌ മെലിഞ്ഞ്‌ വെറുമൊരു നൂൽചാലിന്റെ അവസ്ഥയിലേക്ക്‌ മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സത്യം ബോധിപ്പിക്കുന്ന പ്രത്യക്ഷത്തിലുളള തെളിവാണ്‌ നമ്മുടെ നാട്ടിലെ മിക്ക കിണറുകളും നീർചാലുകളും ഉറവകളും മറ്റും ഫെബ്രുവരി മാസത്തോടെ തന്നെ വറ്റിവരണ്ടുപോകുന്നുവെന്നത്‌.

ഫെബ്രുവരിയിൽ വറ്റിയ കിണറിൽ വീണ്ടും ജലസാന്നിധ്യമുണ്ടാകണമെങ്കിൽ ജൂൺമാസംവരെ കാത്തുനിൽക്കണം. കാലം തെറ്റി മഴ പെയ്യുന്നതുകൊണ്ടു ചിലപ്പോൾ കാത്തിരിപ്പുതന്നെ നീളും. ഫെബ്രുവരി മുതൽ ജൂൺവരെയുളള നാലുമാസം കുടിവെളളത്തിനുവേണ്ടി പരക്കം പായുന്ന ഒരു സമൂഹത്തിന്റെ വേവലാതികൾ എന്തെന്ന്‌ നമുക്ക്‌ മനസ്സിലാക്കാവുന്നതേയുളളു. ഇവിടെയാണ്‌ ജലനിക്ഷേപശീലം വർഷകാല അജണ്ടയാക്കേണ്ടതിന്റെ പ്രസക്തി.

ജലനിക്ഷേപശീലം വളർത്താൻ മഴയുടെ പെരുപ്പവും ഭൂമിയുടെ കിടപ്പും കണക്കിലെടുത്ത്‌ പലതരത്തിലുളള നിർമ്മാണരീതികൾ നമുക്ക്‌ ആസൂത്രണം ചെയ്യാവുന്നതാണ്‌.

മഴവെളളത്തിന്റെ ഒഴുക്കു കുറക്കാൻ നമ്മുടെ പറമ്പുകളിൽ കൊച്ചുകൊച്ചു വരമ്പുകളിടുക. ഇത്‌ വെളളത്തെ സാവധാനം മണ്ണിലേക്കിറക്കി ഭൂഗർഭവിതാനം ഉയർത്താൻ സഹായിക്കും. അതുപോലെതന്നെ തട്ടുതിരിക്കൽ, കല്ല്‌ കയ്യാലകൾ കെട്ടൽ, നീർക്കുഴികൾ, കിടങ്ങുകൾ, തടയണകൾ നിർമ്മിക്കൽ തുടങ്ങിയ മാർഗ്ഗങ്ങളും സ്വീകരിക്കാവുന്നതാണ്‌ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതും തെങ്ങിന്റെ തടം തുറന്ന്‌ പുതയിടുന്നതും നീരൊഴുക്കിന്റെ വേഗത കുറയ്‌ക്കുകയും ഭൂമിയിലേക്ക്‌ വെളളം ഊഴ്‌ന്നിറങ്ങുന്നതിനു സഹായിക്കുകയും ചെയ്യും.

ജലനിക്ഷേപത്തിന്‌ നമുക്കു ചെയ്യാവുന്ന ഏറ്റവും ലളിതമായ മാർഗ്ഗം നീർക്കുഴികൾ നിർമ്മിക്കലാണ്‌. നമ്മുടെ വീട്ടുപറമ്പിൽ വീഴുന്ന മഴവെളളത്തെ ഏകദേശം ഒരു മീറ്റർ നീളവും കാൽമീറ്റർ വീതിയും അരമീറ്റർ ആഴവുമുളള നീർക്കുഴികൾ നിർമ്മിച്ച്‌ അതിൽ കെട്ടിനിർത്തി ഭൂമിയിലേക്ക്‌ ഇറക്കാം. അതുപോലെ തന്നെ കൂടുതൽ മഴവെളളം ഭൂമിക്കുളളിലേക്ക്‌ ആഗീരണം ചെയ്യപ്പെടാൻ സഹായിക്കുന്ന മറ്റൊരു എളുപ്പമാർഗ്ഗമാണ്‌ പുല്ലിനത്തിൽ പെടുന്ന ചെടികൾ വേണ്ടുവോളം നട്ടുപിടിപ്പിക്കുകയെന്നത്‌. ഇങ്ങിനെ നട്ടുവളർത്തുന്ന സസ്യാവരണങ്ങൾ ഭൂമിക്കുളളിലേക്ക്‌ ജലം ആഗീരണം ചെയ്യാൻ സഹായിക്കുക മാത്രമല്ല മണ്ണൊലിപ്പ്‌ തടഞ്ഞുനിർത്തുകയും ചെയ്യും.

പച്ചപ്പുനിറഞ്ഞ കുന്നുകളും മലകളും ജലസ്രോതസ്സുകളുടെ കലവറയാണ്‌. കുന്നിടിച്ച്‌ വയലുകൾ നികത്തുമ്പോൾ രണ്ടിടങ്ങളിലേയും ജലസാന്നിധ്യമാണ്‌ എന്നന്നേക്കുമായി അസ്തമിക്കുന്നത്‌. മറ്റൊന്ന്‌ കോൺക്രീറ്റു സംസ്‌കാരമാണ്‌. പത്തുസെന്റ്‌ ഭൂമിയിൽ അഞ്ചു സെന്റു നിറയെ വീടെടുത്ത്‌ പൊക്കിവരുന്ന അഞ്ചു സെന്റു മുഴുവൻ കോൺക്രീറ്റുചെയ്‌ത്‌ ഒരു തുളളിവെളളം പോലും ഭൂമിയിലേക്ക്‌ ഇറക്കിവിടാതെ നമ്മുടെ നഗരസംസ്‌കാരം ഇന്ന്‌ ഗ്രാമീണ ജീവിതത്തിലും കടന്നുകയറിയിട്ടുണ്ട്‌. ഈ മുന്നേറ്റം അപകടകരമാണെന്നു പറയേണ്ടതില്ലല്ലോ. അണുകുടുംബത്തിന്റെയും മറ്റും ഇത്തരം ജീവിതരീതിയിൽ മാറ്റം ഉണ്ടാവേണ്ടതുണ്ട്‌.

നമ്മുടെ പുരയിടങ്ങളിൽ, നമുക്കുളള സ്ഥലങ്ങളിൽ ഉളളതുപോലെ ജലനിക്ഷേപം നടത്തി ഭൂജല പരിപോഷണം വർദ്ധിപ്പിച്ചെങ്കിൽ മാത്രമേ വാടിക്കുഴഞ്ഞുപോകാതെ വരും തലമുറയ്‌ക്ക്‌ നിലനിൽക്കാൻ കഴിയും.

നമ്മൾ ബാങ്കിൽ പണം നിക്ഷേപിക്കുന്നു. ഇത്‌ ഹോബിക്കുവേണ്ടി ചെയ്യുന്നതല്ല. ഭാവിയെ സമ്പന്നമാക്കാനും സന്തോഷത്തോടെ കഴിയാനുമാണ്‌. നാളെയെക്കുറിച്ചു ചിന്തിക്കാതെ പണം ധൂർത്തടിച്ചാലുളള ഭവിഷ്യത്തെന്തായിരിക്കും. തീർച്ചയായും ഭിക്ഷക്കാരനും താഴെയായിരിക്കും അവസ്ഥ. ഇതുപോലെതന്നെയാണ്‌ ജലത്തിന്റെ കാര്യവും. കാലവർഷവും തുലാവർഷവും വേനൽമഴയും നമുക്ക്‌ മലവെളളപ്പാച്ചിൽ നൽകുമ്പോൾ നാം നമ്മുടെ ബാങ്കാവുന്ന ഭൂമിയിൽ പണമാവുന്ന മഴവെളളത്തെ നാളെക്കായി നിക്ഷേപിച്ചു വെച്ചേ മതിയാവൂ. ഇല്ലെങ്കിൽ വരണ്ട ഭൂമിയിൽ കൊടുംവരൾച്ചയിൽ തലയിൽ മൺകുടവുമേന്തി നമ്മൾ മൈലുകളോളം ഒരു തുളളി വെളളത്തിനായി അലഞ്ഞു നടക്കേണ്ടിവരും.

ഭൂജല പരിപോഷണത്തിനായി ജലനിക്ഷേപശീലം പ്രോത്സാഹിപ്പിക്കുക, വൃക്ഷങ്ങളും മറ്റ്‌ സസ്യങ്ങളും വളർത്തിയും ജൈവസാന്നിധ്യം നിലനിർത്തിയും മണ്ണിന്റെ ജലാഗിരണശേഷി വർദ്ധിപ്പിക്കുക, പൊതുജലശ്രോതസ്സുകളായ കുളങ്ങൾ, തോടുകൾ, ഉറവകൾ, തടാകങ്ങൾ സംരക്ഷിച്ച്‌ ജലശേഖരണശേഷി വർദ്ധിപ്പിക്കുക, മണൽവാരലും കുഴൽകിണറുകളുടെ വ്യാപനവും നിയന്ത്രിക്കുക തുടങ്ങിയവയിൽ ആത്മാർത്ഥമായ ശ്രദ്ധ ചെലുത്തുകയാണെങ്കിൽ ഇന്നനുഭവിക്കുന്ന ജല ദൗർലഭ്യത ഘട്ടംഘട്ടമായി നമുക്ക്‌ കുറച്ചു കൊണ്ടുവരാൻ സാധിക്കും.

മേൽക്കൂര മഴവെളളം കൃത്രിമമായി ടാങ്കുകളിൽ സംഭരിച്ച്‌ ഉപയോഗിക്കുന്ന രീതി ഇന്ന്‌ നിലവിലുണ്ട്‌. ഇത്‌ നല്ലൊരു മാർഗ്ഗമാണ്‌. എന്നാൽ സാമ്പത്തികമായി എല്ലാവർക്കും പ്രാവർത്തികമാക്കാൻ കഴിയാത്ത സാഹചര്യമായതുകൊണ്ട്‌ മേൽക്കൂര മഴവെളളം ഓരോ വീട്ടുകാരും പ്രകൃതിദത്തമായ രീതിയിൽ ചാലുകളും നീർക്കുഴികളും മറ്റും നിർമ്മിച്ച്‌ ഭൂമിയിലേക്ക്‌ ഇറക്കി ഭൂഗർഭജലവിതാനം ഉയർത്താൻ യത്നിക്കേണ്ടതുണ്ട്‌. ഈ പരിശ്രമം വിജയിച്ചാൽ തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ ഇതിന്റെ ഫലം പ്രകൃതി നമുക്ക്‌ നൽകുകതന്നെ ചെയ്യും. തീർച്ച.

നിങ്ങളുടെ വീട്ടുപറമ്പിൽ നിങ്ങൾ നിക്ഷേപിക്കുന്ന മഴവെളളം നീരുറവയായി നിങ്ങളുടെ കിണറ്റിൽ തന്നെ ലഭിക്കണമെന്നില്ല. ഒരുപക്ഷെ അയൽവാസിക്കാവും അതിന്റെ ഗുണം കിട്ടുക. അതുകൊണ്ട്‌ നിങ്ങൾ മുഷിയുകയോ നിങ്ങളുടെ പ്രവർത്തിയിൽ നിന്നും പിൻതിരിയുകയോ ചെയ്യരുത്‌. കാരണം നിങ്ങളുടെ സ്വന്തം കിണറ്റിലെത്തുന്ന നിരുറവ ഒരുപക്ഷെ നാലോ അഞ്ചോ പറമ്പിനപ്പുറമുളള വീട്ടുകാരുടെ ജലനിക്ഷേപത്തിൽ നിന്നും ലഭിക്കുന്നതാവാം.

ഭൂഗർഭജലത്തിന്‌ ജാതിയോ മതമോ വർഗ്ഗവ്യത്യാസമോ ഇല്ല. ഭൂഗർഭജലം ഭൂമിയുടെ മുലപ്പാലാണ്‌. ഈ മുലപ്പാല്‌ സമൃദ്ധമായി ലഭിക്കാൻ ജലനിക്ഷേപശീലം വർഷകാല അജണ്ടയാക്കുക. ഇതാകട്ടെ ഭൂമിയെ തൊട്ടുളള നമ്മുടെ മഴക്കാല പ്രതിജ്ഞ.

Generated from archived content: essay1_july28_06.html Author: dineeshan_kannapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here