തിരുവാല

മഹാനഗരത്തിലെ ചണ്‌ഡികാഹോമപുകയിലുള്ളം

കോമരം തളളിയപ്പോൾ

പച്ചവിരിച്ച മയാളനാടിന്റെ

തൃക്കൈവെണ്ണ ഞാനോർത്തു പോയി.

കുട്ടിക്കാലം

കുറ്റ്യാടിപുഴകടന്ന്‌ ജാനകിക്കാട്ടിലെ

ചെന്തെച്ചിപ്പൂവിനെ നുള്ളിനോവിച്ചതും

ഗരുഡൻ വാവലിന്റെ ശിങ്കാരിപറക്കലും

പ്രവാസി പക്ഷിയുടെ മരണവും

മണൽക്കണ്ണാടിയിൽ മിന്നിമായുന്നു.

ഒന്നാമത്തത്തിന്‌ കാർമുറ്റത്തെ

തുമ്പത്തറയിൽ ദ്വാരകാവണ്ടുകളെ തലോടി

ഓണത്തപ്പന്റെ ചിത്രം വരക്കുമ്പോൾ

കുറുമ്പ്രനാട്ടിലെ കാട്ടരുവികൾക്ക്‌ നടുവിൽ

പാട്ടുപാടാറുള്ള കുറുക്കൻ മാവിന്റെ കാമുകിയാ

ഓണയൂഞ്ഞാൽ തിരുവാലാ മുത്തശിയുടെ

ക്ഷണക്കത്തുമായി പറന്നിറങ്ങുന്നു.

പ്രോജ്വലയാം തിരുവോണപുലരിയിൽ

മാമ്പിള്ളിയുടെ കുന്നിൻ ചരിവാം

കരന്തിരിപുരയിലേക്ക്‌

സൗഹൃദത്തിന്റെ മന്ദഹാസമായെത്തിയവർ

എന്റെ ശതാബ്‌ദിക്കാരിയുടെ

കൽക്കണ്ടസദ്യയുണ്ട്‌ തിരുവാതിരയാടി

ദൂരെയാ മലഞ്ചെരുവിലൂടൊരു വാമനസ്വപ്‌നം

കൂർമരകൊടും വളവുകൾ തിരിഞ്ഞ്‌

ചെമ്പനോടകടന്ന്‌ നീലക്കിളിയുടെ മോഹതാഴ്‌വരയാം

തിരുനെല്ലിയെത്തിയപ്പോൾ

ബ്രഹ്‌മഗിരിക്കുമുകളിൽ, കോപിഷ്‌ഠയാ

കന്യാകുമാരിയെ തടഞ്ഞുനിർത്തി

പൂർവ്വികർ രക്ഷമന്ത്രിക്കുകയായ്‌

നി ഭൂതകാലത്തെ സ്‌മരിക്കൂ!

പനക്കാട്ടമരക്ക്‌ പാനകം നവേദിച്ച്‌, ഈന്തിൻ

തോപ്പിനോട്‌ കഥ പറഞ്ഞ്‌, പുഴയിലെ പൂന്തി

മീനുകൾക്ക്‌ രാത്രിയുടെ വിയർപ്പിൻ സുഗന്ധം നൽകി

പാരിജാത ഗന്ധർവ്വനെ പോലെ

ചെന്നിറങ്ങിയത്‌, പണ്ടെരോർക്കാപ്പുറത്ത്‌

പുരുഷാർത്ഥചൂണ്ടയിൽ കുടുങ്ങിയ

മത്സ്യകന്യകയുടെ മനസിൻ കൂർമാവതാര

ലോകത്താണ്‌.

ജീവൻ രക്ഷിച്ചാ സജ്ജീവനി പയ്യനോട്‌

മീൻപെണ്ണിന്റെ പ്രണയം ഉരുൾപൊട്ടി……

തിരുവാലയുടെ ആശീർവാദവുമായ്‌

പ്രതിനായകനാം നീലതിമിംഗലത്തിന്റെ

ഇച്‌ഛാജ്ഞാനാക്രിയാശക്തികളെ വെട്ടിയൊതുക്കി

ക്രരുഞ്ചമിഥുന കാടുകൾ താണ്ടി, ചൈത്രമാസത്തിൽ

മരം പെയ്യാറുള്ള തീരത്തേക്ക്‌

ഞങ്ങൾ യാത്രയായ്‌…………

Generated from archived content: poem1_dec21_09.html Author: dileep_bheemathmaja

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English