നിഴൽപോൽ
നീയെൻ കൂടെ
നടക്കെ
കാലിടറാതെ
നിന്നോടൊപ്പം
ഞാനും.
ഭീതിയി-
ല്ലെനിക്കൊട്ടും
എൻനേർക്കു
നിൻ ദംഷ്‌ട്രകൾ
നീളുമെന്നറിയാം
ഏതു നിമിഷവും….
കഴുത്തിൽ
നിൻകൈവിരലിലെ
നഖപ്പാടുകൾ
പതിഞ്ഞേക്കാം,
ശ്വാസമൊതുങ്ങി
പ്പിടഞ്ഞു
വീണേക്കാം…
എല്ലാം ഞൊടിയിടനേരം.
എന്നാൽ
കണ്ണിലെ പ്രകാശം
നക്ഷത്രങ്ങൾക്കും
പ്രതീക്ഷാനിർഭരം
മനസ്സും
ഉദയ സൂര്യനും
ഉന്മേഷം
പച്ചിലപ്പടർപ്പിനും
സ്നേഹചൈതന്യം
കടൽസാന്ദ്രതയ്‌ക്കും
നൽകിക്കഴിഞ്ഞപ്പോൾ
നിന്നെ
നീയറിയാതെത്തന്നെ
തോല്പിക്കാൻ
എത്ര പെട്ടെന്ന്
ശക്തനായ് കഴിഞ്ഞിവൻ.
Generated from archived content: poem_sahayathrikan.html Author: dheerapalan_chalipattu