എന്റെ ‘കിളി’യൊച്ച
വേറിട്ടു കേട്ടുവോ,
ചോദ്യം കവിയോട്
അയൽക്കാരി.
കൂട്ടുകാരികളൊത്ത്
വീട്ടുമുറ്റത്ത്
കൈകൊട്ടിക്കളിക്കവേ
വായനമുറിയിലെ
ജനൽപ്പാളികൾ
മലർക്കെ തുറന്നത്
ഒളികണ്ണാൽ കണ്ടു,
മങ്ങിയ നിലാവിൽ
തെളിവാർന്ന മുഖവും.
പാടിയ പല്ലവി
ഉച്ചത്തിലാവർത്തിച്ചൂ,
ആരാനുമൊരാൾ
കാതോർക്കാനുണ്ടെങ്കിൽ
എന്തൊരാഹ്ലാദം,
നേരിയ നിലാവിനുപോലും
മധുരാലസ്യം…..
തിരിച്ചറിഞ്ഞു കാണും
ഒരേ ബിന്ദുവിൽ മിഴിനട്ട്
സ്വപ്നത്തിൽ ചായും
ഒരാളെങ്കിലും!
Generated from archived content: poem_may22.html Author: dheerapalan_chalipattu