കളിയരങ്ങ്‌

ഇടനെഞ്ഞു പൊട്ടി-

ക്കരയുന്ന കാലം,

പിടഞ്ഞു വീഴുന്നു

നിമിഷമോരോന്നും.

ഇനിയും മുന്നോട്ടു

നടന്നു നീങ്ങുവാൻ

കഴിവെഴാത്തവ-

നിവനെന്നാകിലും

കരളുറപ്പോടെ

കഴിഞ്ഞ കാലത്തി-

ന്നനുഭവങ്ങളെ

നിരത്തിവയ്‌ക്കവേ

വെറുതെ വേദനാ

ഭരിതമെൻമനം

വിതുമ്പിപ്പോകുന്നു

വിപഞ്ചികക്കൊപ്പം.

കനത്ത ദുഃഖവും

കവിതയായ്‌ മാറ്റി

നനുത്ത സ്വപ്ന-

ചിറകിൽ പൊങ്ങിയും

പുലരൊളി വിണ്ണിൽ

പ്പടരുമെന്നോർത്ത്‌

മിഴിയൂന്നി നിന്നൊ

രിരുണ്ട രാത്രികൾ,

മനസ്സിന്നാഴത്തിൽ

പ്പതിഞ്ഞ മായാത്ത

മുറിവുകൾ, വർണ്ണ

വസന്തഭംഗികൾ

നിറവിൽ സൂക്ഷിച്ച

പ്രകാശധാരകൾ,

ചെറുകാറ്റേൽക്കവേ

ഇളകിയാടുന്ന

നറുമലരുകൾ,

ഒരുവട്ടം കൂടി

യുണർന്നു പാടുവാൻ

ഉറവ നൽകുന്ന

കിളിമൊഴികളും

മതിയെനിക്കെന്നും

മധുതരമത്രെ

വ്രണിതമെങ്കിലും

സുഖദമീ ജന്മം.

Generated from archived content: poem_dec23.html Author: dheerapalan_chalipattu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here