ത്രിമാനം

പരിവാരങ്ങളെ കൈയകലം മാറ്റി നിർത്തി

ഒറ്റയ്‌ക്ക്‌ കടപ്പുറത്തു കൂടെ നടന്ന്‌

ഒരാൾ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു.

ചിലപ്പോൾ സ്വരം താഴ്‌ത്തിയും

ചിലപ്പോൾ ഉയർന്നും.

ഒരു കൈ കാതോരം ചേർത്തുപിടിച്ചിട്ടുണ്ട്‌.

ഞാൻ അയാളെത്തന്നെ

ഉറ്റുനോക്കി നിന്നു.

‘ചെമ്മീനി’ലെ ചെമ്പൻകുഞ്ഞിന്റെ

മുഖഭാവം.

അതേ കരുത്ത്‌

എല്ലാം വെട്ടിപ്പിടിക്കാനുള്ള

ചങ്കൂറ്റം.

വിദേശമൂലധനം കടപ്പുറത്തിറക്കിയ ഇയാൾ

വ്യാപാരി തന്നെ; സംശയമില്ല.

വള്ളവും വലയും ഒന്നിച്ച്‌

വിലക്കെടുത്തവൻ;

ഗ്രാമീണ താരുണ്യങ്ങളേയും.

പരീക്കുട്ടിമാരെ ചതിച്ച്‌

പളനിമാരെ കൂട്ടുപിടിച്ച്‌

തന്റെ മൊത്തക്കച്ചവടം

വിജയപൂർവ്വം നടത്താൻ

പോംവഴി തേടി നടക്കുന്ന ഇയാൾ

മറ്റാരുമല്ല, ആധുനിക ചെമ്പൻകുഞ്ഞിന്റെ

അധിനിവേശപ്പതിപ്പു തന്നെ!

കറുത്തമ്മമാരേയും ചക്കിമാരേയും

തട്ടിമാറ്റി മുന്നോട്ടു നീങ്ങുന്ന ഇയാൾ

പറയുന്ന ഭാഷ നമുക്കന്യം

എന്നാൽ, ഒന്നു മാത്രമറിയാംഃ

ഇയാൾ അപകടകാരി!

Generated from archived content: poem3_feb20_07.html Author: dheerapalan_chalipattu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here