ഇനി ഞാന്‍ …

അര്‍ഥമില്ലാത്ത അസ്വസ്ഥതകളുടെ രാത്രിമേളം ഇരമ്പുമ്പോള്‍
ഞാന്‍ തെല്ലു പോലും ഇപ്പോള്‍ ഭയപ്പെടാറില്ല.
ഭ്രാന്തിന്റെ തണലില്‍ ഇനിയെനിക്ക് സുഖമായുറങ്ങാം,
വെറുതെ നിലവിളിക്കാം, കാരണമില്ലാതെ പൊട്ടിച്ചിരിക്കാം.
പ്രണയത്തിന്റെ നിഴല്പ്പാടുകളില്‍ വറ്റിവരണ്ടിനി ഞാന്‍ ചൂളില്ല,
വാര്‍ന്നൊഴിഞ്ഞ വിശ്വാസങ്ങളുടെ വേദനയുടെ
വിലങ്ങുകള്‍ ഇനിയെന്നെ മുറിവേല്‍പ്പിക്കില്ല,
ആ വ്രണങ്ങളില്‍ ഈച്ചകള്‍ കുത്തില്ല.
മഞ്ഞച്ച കണ്ണുകളില്‍ നോക്കി മരിച്ചു ജീവിക്കാന്‍
ഇനി ബദ്ധപ്പാടുകള്‍ ഉണ്ടാവില്ല.
മരിച്ചവരുടെ രാനിലവിളികള്‍ വെളിച്ചത്തിന്റെ
വെളിപ്പാടുകള്‍ക്കപ്പുറത്ത് നിന്നിനിയെന്റെ
കാതില്‍ വന്നലച്ചു പാടില്ല.
വെള്ളകൊടിക്കൂറകള്‍ നിലത്തു വീണു ചവിട്ടിയരയ്ക്കപ്പെടുന്ന
ദുസ്വപ്നം ഇനിയെനിക്ക് ഞെട്ടലുകള്‍ ഉണ്ടാക്കില്ല.
ഇനിയെനിക്ക് മൃതിയില്ല.
ഞാന്‍ ഇനി കാറ്റാണ്, കടലാണ്.
കയറിച്ചെല്ലാന്‍ ഇടമില്ലാത്ത കാറ്റ്,
ഉറഞ്ഞുതുള്ളുന്ന ആഴമുള്ള കടല്‍
ഭ്രാന്തിന്റെ നാനാര്‍ത്ഥങ്ങളില്‍ സഞ്ചരിക്കുന്നവള്‍…….

Generated from archived content: poem1_sep4_14.html Author: dhanya_p_sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here