പൊള്ളലുകൾ…

കുഞ്ഞായിരുന്നപ്പോഴാണാദ്യം പൊള്ളിയത്‌..

അടുപ്പിലെ, കഞ്ഞിക്കലത്തിന്റെ മൂടി

മുഖം നോക്കാനെടുത്തപ്പോഴായിരുന്നത്‌

അമ്മയതിൽ വെള്ളമോഴിച്ചപ്പോളൊരു

വല്ലാത്ത സുഖം തോന്നി

പൊള്ളലിനുമൊരു സുഖമുണ്ടെന്നറിഞ്ഞു

അന്നാദ്യമായി.

ഉറക്കമിളച്ചും, എഴുതിയുണ്ടാക്കിയു-

മെഴുതിയ പരീക്ഷ ചതിച്ചപ്പോഴാണ്‌

പിന്നീട്‌ പൊള്ളിയത്‌,

വല്ലാതെ വേദനിച്ചു…

കാലമേറെയെടുത്തു

ചൂടൊന്നു മാറാൻ.

അപ്പോളാ പഴയ സുഖം തോന്നിയില്ല.

അങ്ങിനെയും ചില

പൊള്ളലുണ്ടെന്നു തിരിച്ചറിഞ്ഞു.

വേദനകൾ പലപ്പോഴും

തന്നിട്ട്‌ പോകുന്നത്‌

ചില തിരിച്ചറിവുകളാണ്‌.

പ്രണയിനി

കൂടുതൽ കായ്‌ക്കുന്നൊരു മരം

തേടിപ്പോയപ്പോഴാണ്‌

പിന്നീട്‌ പൊള്ളിയത്‌.

അതിന്റെ

വേദനയധികനാൾ നിന്നില്ല.

പക്ഷെ,

മനസ്സ്‌ പകുതി വെന്തിരുന്നു.

പാതിവെന്ത മനസ്സുമായി കുറെയേറെ നാൾ.

ഒടുവിൽ,

പാതിവെന്ത മനസ്സുമായി

പ്രേയസിയെ കൂടെകൂട്ടി.

അൽപ്പമൊരാശ്വാസം തേടി.

പക്ഷെ,

വാക്കുകൊണ്ടും

നോട്ടംകൊണ്ടും

ബാക്കി പകുതിയുമവൾ

പൊള്ളിച്ചുകൊണ്ടിരുന്നു.

ഇടക്കൊക്കെ

അവളതിൽ കുത്തിയുംനോവിച്ചും

അവളാശിച്ചതും,

ചോദിച്ചതുമൊന്നും

കൊടുക്കാനൊരിക്കലും കഴിഞ്ഞില്ല.

യാത്രക്കിടയിലെവിടെയോ-

അവളിറങ്ങി വേറെയേതോ

വണ്ടിയിൽ കയറി.

ഇന്നിവിടെ

മുഴുവൻ വെന്ത

മനസ്സുമായി,

ഞാനീ പുഴയോരത്തിരിക്കുന്നു.

ഉരുകിത്തീരാറായ മനസ്സൽപ്പം

തണുക്കാൻ…

ആകെയൊന്നു മുക്കി,

അകവും പുറവും തണുപ്പിക്കാനൊ-

രകാല വർഷവും കാത്തു കാത്തിങ്ങനെ…

Generated from archived content: poem1_juy8_10.html Author: dhanesh_kattupatathu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English