ചിന്തകള്‍ പാതിമുറിഞ്ഞു ഉറക്കത്തിലേക്ക് വീണ രാത്രികളിലെല്ലാം ഒരു യാത്ര അനിവാര്യമാണെന്ന് തോന്നി.പകലുകളില്‍ ഒന്നും ചെയ്യുവാനില്ലാതെ അലഞ്ഞു തിരിഞ്ഞപ്പോഴും വൈകുന്നേരങ്ങള്‍ ലഹരിക്കു ദാനം ചെയ്യുമ്പോഴും ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ആ യാത്ര മനസ്സിലേക്ക് കയറി വന്നു. ഒരു ദിവസം ഏതൊക്കെയോ വണ്ടികള്‍ കയറി ഇറങ്ങി തുടര്‍ന്ന യാത്ര. പൊടി മണ്ണ് നിറഞ്ഞ നിരത്തിലൂടെ ബസ് ഇഴഞ്ഞും ആസ്തമയേറ്റ പോലെ കിതച്ചും പതുക്കെ നീങ്ങി. വല്ലപ്പോഴും എത്തിയ കാറ്റിലും വിയര്‍പ്പുമണക്കുന്ന ചൂട്. ഇടയ്ക്ക് അകത്താക്കിയ ലഹരി ഉള്ളിലും വെന്തുപുകയുന്നു. അതിന്റെ മയക്കത്തിലും ആരോ പറയുന്നകേള്‍ക്കാം, തസ്സറാക്ക്… ഭൂപടത്തില്‍ രേഖപെടുത്തിയിട്ടില്ലാത്ത ഖസാക്ക് ഉറങ്ങുന്ന തസ്സറാക്ക് …അതെ, എന്റെ യാത്രയും ഇവിടേക്ക് തന്നെ ആയിരുന്നില്ലേ…? വായിച്ചു വായിച്ചു മറക്കാന്‍ ശ്രമിച്ച ഇതിഹാസത്തിന്റെ അവശേഷിപ്പുകള്‍ തേടി ഒരു യാത്ര…കരിമ്പനകള്‍ കാവല്‍ നില്‍ക്കുന്ന വഴിയോരത്തെ സ്‌റ്റോപ്പില്‍ ബസ് നില്‍ക്കുന്നതിനു മുന്നേ ഞാന്‍ ചാടിയിറങ്ങി… മാട്ടികളില്‍ ലഹരി മൂത്തു നില്‍ക്കുന്ന പനത്തലപ്പുകള്‍ക്ക് ഇടയിലുടെ ആകാശത്തേക്ക് നോക്കി… ‘കല്പകവൃക്ഷത്തിന്റെ തൊണ്ടുകള്‍ ‘ ഓരോന്നായി താഴേക്കുവീണു… ചുട്ടു നീറിയ കണ്ണിലേയ്ക്കു പെട്ടെന്നാണ് ഒരു മഴതുള്ളി ഇറ്റു വീണത്. മഴത്തുള്ളികളുടെ എണ്ണം പെരുകി. ചരല്‍ക്കല്ലുകള്‍ വാരിയെറിഞ്ഞ പോലെ പനയോലകളില്‍ തട്ടി ഉരുണ്ടു വീഴുന്ന മഴ. ജീവിതത്തിലെ ഏതൊക്കെയോ വേഷങ്ങള്‍ ഊരി എറിയാനെന്ന പോലെ, ഓര്‍മ്മകളുടെ ദാഹം കോരിയെടുക്കാനെന്നപോലെ ഞാന്‍ മഴ നനഞ്ഞു നടന്നു… ആര്‍ത്തലച്ചു പെയ്ത മഴ പ്രളയം പോലെ കുത്തിയൊഴുകിയപ്പോള്‍ തരളയായ ഭൂമിയുടെ ഉച്ഛ്വാസങ്ങള്‍ക്കായി മൂക്കു വിടര്‍ത്തി നീണ്ടു നിവര്‍ന്നു കിടന്നു… അനക്കമറ്റ് രവിയെപോലെ…ഉള്ളിലെ ചൂട് കെട്ടടങ്ങി… ജീവിതത്തിന്റെ ഭാരങ്ങളും മഴയില്‍ ഒലിച്ചുപോയി…ബോധാബോധ തലങ്ങളില്‍ ആര്‍ത്തലയ്ക്കുന്ന ഓര്‍മ്മകളെ ഏറ്റുവാങ്ങി…കാല്‍പ്പനിക സൌന്ദര്യം ഇറ്റു വീഴുന്ന വികാരപ്പകര്‍ച്ചയില്‍ ലോകം എനിക്ക് ചുറ്റും കനംവെച്ച് ആടിയുലഞ്ഞു. കാലത്തിന്റെ നാരായവേരുകള്‍ കോറിയിട്ട രൂപ രഹിതമായ ചില രൂപ രേഖകള്‍ … അവക്കിടയില്‍ ക്രമം തെറ്റി തുന്നിചേര്‍ത്ത പുസ്തകം പോലെ ഞാന്‍… രാത്രിയുടെ കരിമ്പടം പുതയ്ക്കാന്‍ ഒരുങ്ങുന്ന സന്ധ്യയുടെ കാതിലേക്ക് വീണ വാങ്കൊലി എന്നെയും ഉണര്‍ത്തി… അങ്ങ് ദൂരെ പൊട്ടിപോയ ചെരിപ്പിന്റെ വാറുകള്‍ തുന്നികെട്ടി അള്ളപിച്ചാ മൊല്ലാക്ക മെല്ലെ മെല്ലെ നടന്നു മറഞ്ഞു…ഓര്‍മകളുടെ കൈവഴികളില്‍ രവിക്കൊപ്പം ഞാന്‍ നടന്നു…ആദ്യമാദ്യം പിച്ചവച്ച്, പിന്നെ പിന്നെ ആഞ്ഞുവലിഞ്ഞ്…ആകാശം ഊര്‍ന്നിറങ്ങിയ ചെതലിയുടെ മിനാരങ്ങളില്‍ വെള്ളയുടുത്ത ജിന്നുകള്‍ ഓടിമറയുന്നു…ആഞ്ഞു വീശുന്നകാറ്റില്‍ ഷെയ്ക്ക് തങ്ങളുടെ ചാവാലി കുതിരയുടെ തളര്‍ന്ന കുളമ്പടികളും നേര്‍ത്ത ഞരക്കങ്ങളും. പുകമറയുള്ള കണ്ണുമായ് താഴ്‌വാരത്തില്‍ നില്‍ക്കുന്നത് ആരാണ് ? ഖാലിയാര്‍ നൈസാമോ ? പണ്ടെങ്ങോ ഒരു മഴയിലേക്ക് കയറി പോയവരല്ലേ ഇവരൊക്കെ..? ഭൂമിയെ ആഞ്ഞു പുല്‍കാന്‍ കുതിച്ചിറങ്ങിയ വെള്ളി നൂലില്‍പറ്റി ഇവരൊക്കെ മണ്ണിലെക്കിറങ്ങിയതാണോ..?കരിംഭൂതങ്ങള്‍ക്കിടയില്‍ മഴ പോയ വഴിയെ വരഞ്ഞപോലെ ഒരു മണ്‍പാത. ഇടിഞ്ഞു ആകൃതി കെട്ടെങ്കിലും കോണോടു കോണായി പാടം മുറിച്ചുകിടക്കുന്ന ചവിട്ടടിപാതയിലൂടെ രവി ഇപ്പോള്‍ നിശ്ശബ്ദനായ് നടക്കുകയാണ്…കുളിര്‍ത്തു വിറച്ചു പൂത്തിറങ്ങാനൊരുങ്ങി കിടക്കുന്ന മണ്ണ്. തോട്ടുവക്കത്തെ പൊന്തയില്‍ നിന്നും തുമ്പികള്‍ പാറി…അവയ്ക്ക് പിന്നാലെ എട്ടുകാലി പ്രന്തനായ വലിയ തലയും വട്ടക്കണ്ണമായി അപ്പുക്കിളി ഓടികിതച്ചെത്തി…’കതല മുതുക്ക് താതാ ഏത്താ…’..എന്ന് നീട്ടി വിളിച്ചത് ഞാന്‍ കേട്ടില്ല… പകലിലെ ഇരുട്ടിലും തപ്പിത്തടയുന്ന കുപ്പുവച്ചന്‍ ഒറ്റാലുമായ് മുമ്പേ നടക്കുന്നുണ്ടായിരുന്നു… പാടം കഴിഞ്ഞു താമരക്കുളം ആയിരുന്നോ..? അതോ..? പള്ളിയോ ..? ഓര്‍മ്മകളില്‍ കാലത്തിന്റെ ഓലക്കെട്ടുകള്‍ കാറ്റ് പിടിച്ചുലയുന്നു…പായൽ മൂടിയ കുളത്തിനരികെ ഒരു നിമിഷം നിന്നു. തണ്ടുലഞ്ഞതെങ്കിലും നിവര്‍ന്നു നില്‍ക്കുന്ന ഒരു താമര…മൈമുനയെപോലെ….നൈജാമണ്ണന്റെ ‘ചെന്ത്രം’ അരയില്‍ ഞാന്നു കിടക്കുന്നതിന്റെ വിശ്വാസത്തില്‍ ആയിരുന്നോ എപ്പോഴും തലയുയര്‍ത്തി മൈമുന നടന്നിരുന്നത്..? പ്രണയത്തിന്റെ അഗ്‌നി സിരകളില്‍ നിറച്ചവള്‍ എന്തിനാണ് വാക്കുകള്‍ എറിഞ്ഞു ആബിദയെ വേദനിപ്പിച്ചത്..? പണ്ടു കൈയും കാലും കുത്തി നിന്ന രാജാവിന്റെ പള്ളി നട്ടെല്ല് തകര്‍ന്നു അപ്പുറത്ത് കിടക്കുന്നു…ഞാന്‍ തറക്കല്ലുകള്‍ ഇളകിയ പടവുകള്‍ ചവിട്ടി ഇറങ്ങി. സാമ്പ്രാണിയുടെയും വാറ്റ് ചാരയത്തിന്റെയും ഗന്ധം ഇടകലര്‍ന്നു കാറ്റില്‍ നിറഞ്ഞു. കാമത്തിന്റെ മണമുള്ള വസുരി കലകള്‍ ഏതോ രതിമൂര്‍ച്ചയില്‍ ഈ മണ്ണില്‍ കിടപ്പുണ്ടെന്ന് നീരാവിയുടെ നനവാര്‍ന്ന ചുണ്ടുകള്‍ കാതില്‍ പറഞ്ഞു…നേര്‍ത്ത ഇരുട്ടിലും മൈമുനയുടെ കയ്യിലെ നീല ഞരമ്പുകള്‍ തെളിഞ്ഞു നിന്നു…വസ്സൂരിയുടെ ജലം നിറഞ്ഞ ഖസാക്കിന് അപ്പോള്‍ ജമന്തിപൂക്കളുടെ മണമായിരുന്നു. അതില്‍ മിടിപ്പ് നിലച്ചുപോയ…കരുവ്, കുഞ്ഞുനൂര്‍, ചാന്തുമ്മ, കുട്ടാടന്‍ പൂശാരി…ഇവരുടെ നിഴലുകള്‍ ചുറ്റും നിരന്നു…പിന്നെ ഓരോന്നായി എങ്ങോട്ടേക്കോ നടന്നു പോയി…ഓര്‍മ്മകളുടെ തിരയടങ്ങിയ പോലെ രവിയുടെ നിഴല്‍ പിന്നെയും എനിക്ക് മുന്നിലായി…അകലെ തെവ്വാരത്ത് ശിവരാമന്‍ നായരുടെ ഉമ്മറക്കോലായില്‍ ഇപ്പോഴും ചന്ദനക്കിണ്ണവുമായി ഉടയാത്ത ഉടലുഴിഞ്ഞു ഒറ്റതോര്‍ത്ത് ഉടുത്ത് നാരായണി ഉലാത്തുന്നുണ്ടോ…? മാഷേ…മാഷേ..എന്ന് വിളിച്ചു തുന്നല്‍ക്കാരന്‍ മാധവന്‍ നായര്‍ പിറകെ വരുന്നുവോ…?പൊടിഞ്ഞു വീണു പോയ ഞാറ്റ്പുരയുടെ അരികില്‍ രവിയുടെ എകാധ്യാപകവിദ്യാലയത്തിന്റെ ചിറകൊടിഞ്ഞ ബോര്‍ഡ് ഒരു മായകാഴ്ച പോലെ കിടക്കുന്നു. ചാഞ്ഞുവീണ ജനാലപടിക്കല്‍ ഭഗവത് ഗീതയുടെയും ബോദിലെയറിന്റെയും താളുകള്‍ തുളവീണു അടര്‍ന്നുകിടക്കുന്നു. കുളിരെറിഞ്ഞിട്ടുപോയ മഴയെ തപ്പി കാറ്റ്‌പോയത് കാതോര്‍ക്കെ ഒരു കൊലുസിന്റെ കിലുക്കം…മിനുങ്ങിന്റെ… എന്റെ കുഞ്ഞാമിനയുടെ…മഷി പടര്‍ന്ന കണ്ണുകളില്‍ നിറഞ്ഞു തുളുമ്പിയ കണ്ണീരും ഭയന്ന് വിളറിയ മുഖവുമായി അടിവയര്‍ പൊത്തിപിടിച്ചു അവള്‍ എപോഴാണ് എന്റെ മടിയില്‍ നിന്നും രജസ്വലയായ് ഇറങ്ങിപോയത്..? ഖല്‍ബിലെ കുളിരിനായി അവള്‍ പിന്നെയും വന്നത് സായാഹ്നയാത്രകളുടെ അവസാന ദിനത്തിലായിരുന്നോ… അണക്കെട്ടിലെ സല്‍ക്കാരപ്പുരയില്‍ പത്മയുടെ വിളറിയ കവിളില്‍ മുഖമമര്‍ത്തി കിടന്നപ്പോള്‍ പ്രിസ്ടനിലെ വിശേഷങ്ങള്‍ക്ക് കാതോര്‍ക്കാതെ ഖസാക്കിലേക്ക് പിടിച്ചു വലിച്ചത് ആരായിരുന്നു.. നിയോഗമോ..? കുഞ്ഞാമിനയോ…? അതെന്തായാലും ഇവളില്‍ നിന്നൊരു തിരിവ് ഞാന്‍ മനപ്പൂര്‍വ്വം വേണ്ടെന്നു വയ്ക്കുന്നു…ഖസാക്കിന് കാവാലായി ചെതലിമല ഇപ്പോഴും നിവര്‍ന്നു നില്‍കുന്നു..അതിനു മീതെ മുകിലുകള്‍ അതിരിടാത്ത അനാദിയുടെ മേലാപ്പ്…ഭൂമിയിലേക്ക് നടക്കാനിറങ്ങിയ ഒരു ജീവന്‍ ചെമ്പകമരമായ് ചെതലിയുടെ താഴവാരത്തില്‍ പൂത്തുലഞ്ഞു നില്‍പ്പുണ്ടാവും…തയ്യല്‍ക്കാരന്‍ പക്ഷി ഇലകള്‍ തുന്നിച്ചേര്‍ത്തു കൂടുണ്ടാക്കുമ്പോള്‍ പുറം ലോകത്തിന്റെ ഇരുളാണ്ട അകത്തളങ്ങളില്‍ കരിമ്പനകള്‍ക്കിടയിലൂടെ കാറ്റിന്റെ കണ്ണില്‍ പെടാതെ സ്വൈര വിഹാരം നടത്തുകയാണ് ഇതിഹാസത്തില്‍ നിന്നും ഒളിച്ചിറങ്ങിയ ഓര്‍മ്മകള്‍ …ഈ മണ്ണിന്റെ കീഴ്‌നാഭിയില്‍ ചേര്‍ത്ത് കെട്ടിയ ഇതിഹാസത്തിന്റെ ചരട്… അതിന്റെ തുടിപ്പുകള്‍ ഏറ്റുവാങ്ങി.വീണ്ടും മഴ… കുളിരൂതി, കനിവൂതി എന്നെ ചുറ്റിപ്പിടിക്കുകയാണ്…മഴ നനയുന്ന വെയിലുപോലെ ഞാനെന്നെ തേടുകയാണ്…ചിന്തകള്‍ക്ക് മുനയിടുന്ന, അക്ഷരങ്ങള്‍ക്ക് ചിറകുനല്‍കുന്ന കുളിര്‍ത്തുവിറച്ചു നില്‍ക്കുന്ന തസ്സറാക്കിലെ ഈ സായന്തനം എത്ര സ്വപ്നതുല്യം !!!***************കുറിപ്പ് :-മലയാള സാഹിത്യത്തിലെ ഇതിഹാസമായി ഇന്നും നിലനില്‍കുന്ന ഖസാക്കിനെ നമുക്ക്‌തന്ന പ്രിയപ്പെട്ട എഴുത്തുകാരന് ഈ കഥ കടപ്പെട്ടിരിക്കുന്നു.പാലക്കാട്ട് നിന്നും ഏകദേശം 10 കി. മീ. ദൂരെയാണ് തസ്സറാക്ക് … അത് തന്നെയാണ് ഖസാക്ക്. പാലക്കാട്ട് നിന്നും പുതുനഗരത്തിലേക്കുള്ള വഴി കനാല്‍പാലം ബസ്‌സ്റ്റോപ്പിനരുകില്‍ ബോര്‍ഡ് കാണാം – “ഇതിഹാസത്തിന്റെ നാട്ടിലേക്ക് സ്വാഗതം”.
Generated from archived content: story1_nov4_11.html Author: dhana_lakshmi