അമ്പലനടയിൽ

അമ്പലനടയിൽപ്പോയ്‌ കൈകൂപ്പി നിന്നേനന്നും

മുമ്പിലെശ്ശീലം കൈകളറിയാതുയരുന്നു

നെയ്‌വിളക്കിലെത്തട്ടിൽ ചെമ്പകപ്പുമൊട്ടൊളി.

ത്തൂവെളിച്ചത്തിൽ നൃത്തം വാദ്യവൃന്ദത്തിൻ ഘോഷം!

ശ്രീലകവാതിൽ തുറന്നെഴുകീ ധൂപക്കൂട്ടിൽ

പേലവമണം നേർത്ത ശംഖനാദത്തോടൊപ്പം…

എന്തു ഘോഷമാണൊന്നു കാണുവാൻ കൈകൂപ്പുവാൻ

ഒന്നുമേ കണ്ടീല ഞാൻ കണ്ടതായ്‌ ഭാവിച്ചാലും…..

ആളൊഴിയാറായ്‌ ഞാനും കൂട്ടുകാരനും മാത്ര-

മമ്പലനടയിൽത്താൻ നില്‌ക്കുകയാണെന്നിട്ടും

അണയും വർഷക്കാലമിരുളും മിഴിത്തുമ്പി-

ലുണരും നിരാശതൻ മന്ത്രങ്ങൾ മലർച്ചുണ്ടിൽ

പാവനമേതോ ഭക്തികാവ്യത്തിൽ ലയം തന്റെ

ഭാവത്തിലേവം ചാരെ നില്‌ക്കുകയാണെൻ തോഴൻ

കൈകൂപ്പി നിന്നൂ ഞാനെന്നജ്ഞാത ദുഃഖം കണ്ണിൽ

വിരിക്കും കാലുഷ്യത്തിൻ നിഴലിൽ വീണ്ടും നോക്കി

നൂൽത്തിരിത്തുമ്പിൽ പൂത്ത പ്രഭയിൽ തിളങ്ങുന്നൂ

നൂപരമണിഞ്ഞൊരാ ചാരുവിഗ്രഹം മുന്നിൽ

എത്ര നിർവ്വികാരമാണാമുഖമൊന്നേ നോക്കിയുള്ളു

ഞാനെൻ സ്‌നേഹിതൻ കണ്ണുനീരൊപ്പുന്നുവോ?

ഒരുപുഞ്ചിരി മെല്ലെത്തെളിഞ്ഞൂ ക്ഷണാൽ മാഞ്ഞൂ

ഓർമ്മകൾ തിരഞ്ഞപ്പോളീമുഖം പരിചിതം!

(ഓർത്തു പോയൊരു ചിത്രം കരളിൽ കോണിൽ മുഗ്‌ദ്ധ

വെളിച്ചം പകരും മുമ്പിരുളിൻ നിഴൽ വീണു…

വിതുമ്പും മനസ്സുമായ്‌ കൈകൂപ്പി നിന്നൂ ഞാന

ന്നിരുളും മനസ്സുമായിപ്പോഴും നിലക്കൊൾവൂ!)

ആമുഖത്തളവറ്റു നോക്കി നിന്നു ഞാൻ നേർത്ത

നൂൽത്തിരിത്തുമ്പിൽ നിന്നുമിറ്റുവീണൊരു തുള്ളി

വെളിച്ചം കരളിലേക്കൂർന്നിറങ്ങി ഞാനതിന്നിത്തിരി

വെളിച്ചത്തിൽ തിരിഞ്ഞു നടക്കുമ്പോൾ….

ആദ്യമാമുഖത്തേറ്റം നിർവ്വികാരത ചേർത്ത

ശല്‌പിയെ നമിപ്പൂഞ്ഞാൻ പിന്നെയാ മുഖത്തേയും!

Generated from archived content: poem1_feb19_09.html Author: devaki_andarjanam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here