കുഞ്ഞുകഥകള്‍

1. മൗനം

കുറച്ചു നാളുകള്‍ക്കു ശേഷമാണ് അവര്‍ നഗരത്തിരക്കില്‍ കണ്ടുമുട്ടിയത്. കോഫീഹൗസിലിരുന്ന് കാപ്പിയും ബെര്‍ഗ്ഗറും കഴിക്കുമ്പോഴും ,ഏ സി തീയേറ്ററിലിരുന്ന് സിനിമ കാണുമ്പോഴും ഹോട്ടല്‍മുറിയില്‍ വികാരങ്ങള്‍ പങ്കുവെച്ചുകിടക്കുമ്പോഴും അവര്‍ക്കിടയില്‍ മൗനത്തിന്റെ കനത്ത മതില്‍ക്കെട്ടുണ്ടായിരുന്നു.

ഒടുവില്‍

യാത്ര പറയാന്‍ നേരം അയാള്‍ അവളോട് ചോദിച്ചു.

‘നമ്മുടെ ഡിവോഴ്‌സിന്റെ അടുത്ത കൗണ്‍സിലിങ് എന്നാണ്?

2. ചിരി

മഞ്ഞുതുള്ളികളുടെ സുഗന്ധം ആര്‍ക്കോ എപ്പോഴോ എവിടെയൊക്കെയോ നഷ്ടമായ സ്വപ്നങ്ങളുടെ ജീര്‍ണ്ണഗന്ധമാണെന്ന തിരിച്ചറിവിലാണ് അയാള്‍ ആദ്യമായി ചിരിച്ചത്. പക്ഷേ ആ ചിരി അവസാനിച്ചില്ല. മാനസികാരോഗാശുപത്രിയില്‍ പല പ്രാവശ്യം ഷോക്ക് ട്രീറ്റുമന്റിനു വിധേയമായിക്കൊണ്ടിരുന്നപ്പോഴും അയാള്‍ ചിരിച്ചുകൊണ്ടേയിരുന്നു

3. പുകച്ചുവയുള്ള സ്വപ്നങ്ങള്‍

നിനച്ചിരിക്കാതെ പെയ്ത ഒരു പാതിരാമഴയില്‍ എന്റെ സ്വപ്നങ്ങളത്രയും നനഞ്ഞു കുതിര്‍ന്നു. വെയില്‍പ്പൂ വിരിയുന്നതും കാത്തിരുന്നു. നനഞ്ഞൊട്ടിയ സ്വപ്നങ്ങളെ വേര്‍തിരിക്കാന്‍ പക്ഷേ, കനിഞ്ഞില്ല ഒരു വെയില്‍നാളവും. ഒടുവില്‍ നനഞ്ഞ സ്വപ്നങ്ങളെ ,പാതകത്തിനു മേല്‍ ഉണക്കിയെടുത്തു. പക്ഷേ, ഇപ്പോള്‍ സ്വപ്നങ്ങള്‍ക്കെല്ലാം ഒരു പുകച്ചുവ. ഒരു പക്ഷിക്കും ചേക്കേറാന്‍ ഒരു ശിഖരം പോലും നല്‍കാതെ വലിയൊരു മരം മാത്രമായ് എന്റെ സ്വപ്നങ്ങള്‍ വളര്‍ന്നുകൊണ്ടേയിരുന്നു. അമ്പരപ്പിന്റെ ഒരാകാശവിതാനം മാത്രം എനിക്ക് സമ്മാനിച്ചുകൊണ്ട്.

Generated from archived content: story2_oct16_14.html Author: deepu_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English