പലായനത്തിനൊടുവിൽ

ജാലകപ്പഴുതിലൂടെ അരിച്ചെത്തിയ നിലാവ്‌, അവളുടെ കാതിൽ മന്ത്രിച്ചുഃ “നമുക്ക്‌ ഒളിച്ചോടാം. എതിർപ്പുകളും വിലക്കുകളുമില്ലാത്ത ഒരു ലോകത്തേക്ക്‌.”

അവൾ, താൻ ഓമനിച്ചുകൊണ്ടു നടന്ന സ്വപ്‌നങ്ങളും പ്രതീക്ഷകളും നിറച്ചുവെച്ച മണിച്ചെപ്പിനൊപ്പം വീട്ടുകാർ തനിക്കായി സ്വരുക്കൂട്ടിയിരുന്ന പണവും സ്വർണ്ണാഭരണങ്ങളുമെല്ലാം കൈക്കലാക്കി; നിലാവിനോടൊത്ത്‌ പടിയിറങ്ങി.

കാടുകളും, കുന്നുകളും, പുഴകളും താണ്ടി അവർ യാത്ര തുടർന്നു. ഒടുവിൽ വൈദ്യുതപ്രഭയിൽ മുങ്ങിനിൽക്കുന്ന മഹാനഗരത്തിന്റെ ഒരൊഴിഞ്ഞകോണിൽ അവർ എത്തിച്ചേർന്നു.

അപരിചിതമായ അന്തരീക്ഷം അവളിലുണർത്തിയ വിഭ്രാന്തി കണ്ട്‌, നിലാവ്‌ അവളെ ചുംബിച്ച്‌ ആശ്വസിപ്പിച്ചു.

നിറഞ്ഞ സുരക്ഷിതത്വബോധത്തോടെ, കാതരയായി അവൾ നിലാവിന്റെ മാറിലേക്കു ചാഞ്ഞു.

മയക്കം വിട്ടുണർന്ന അവൾക്കുമുമ്പിൽ പകൽ വെളിച്ചത്തിൽ ചിരിക്കുന്ന നഗരം. നിലാവ്‌ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. നഗ്‌നമായ കാതുകളും കൈത്തണ്ടകളും സ്ഥാനം തെറ്റിയ വസ്‌ത്രങ്ങളും….

പിന്നീടൊരിക്കലെപ്പോഴോ നിലാവുദിക്കുമ്പോൾ ഒരുനേരത്തെ ആഹാരത്തിനുവേണ്ടി പണയംവെച്ച ശരീരത്തിൽ നിന്നും മുഷിഞ്ഞ വസ്‌ത്രങ്ങൾ അഴിച്ചുമാറ്റുന്ന തിരക്കിലായിരുന്നു, അവൾ.

Generated from archived content: story2_nov17.html Author: deepu_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English