ഒരു നീർത്തുള്ളി മാത്രമെൻ മിഴിയിൽ
ഓർമ്മത്താളുകളിലൊരു മഴപ്പെയ്‌ത്തിനായ്….
ഒരു നിശ്ശബ്‌ദ സങ്കീർത്തനമെൻ നിനവിൽ,
ഭഗ്‌ന സ്വപ്‌നങ്ങൾക്കു താരാട്ടായ്….
തനുത്ത സ്‌പർശമെൻ വിരൽത്തുമ്പിൽ
പറയാൻ മറന്ന പ്രണയത്തെ തലോടിയുണർത്താൻ….
ഒരു രക്തതുള്ളി മാത്രം ബാക്കിയെൻ സിരകളിൽ
കൈക്കുടന്നയിലൂടൂർന്നു പോയൊരെൻ-
ജീവിതത്തിൻ തർപ്പണത്തിനായ്….
കാത്തിരുന്നു, ഞാനീയിരുട്ടിൽ, സൂര്യശിഖരത്തിൻ-
കരുണ വറ്റാത്ത വെളിച്ചക്കൈകളെ…..
വന്നതില്ലാരുമെൻ കിനാക്കളെ പങ്കിട്ടെടുക്കുവാൻ
തന്നതോ, ശാപവചനങ്ങൾ തൻ പേമാരി മാത്രം.
ചോര മണക്കുന്ന……..,
കണ്ണീരുണങ്ങാത്ത വിജനവീഥിയിലൂടെ;
ഉടഞ്ഞ സ്വപ്‌നങ്ങളുടെ പാഥേയവുമായി,
ആർക്കോ, എപ്പോഴോ നഷ്‌ടമായ
കിനാത്തുണ്ടുകളും പെറുക്കിയെടുത്ത്,
അസ്‌ഥിക്കുടുക്കയിൽ, അസ്‌തമിക്കാത്ത പ്രതീക്ഷകളുമായി
തുടരട്ടെ, ഞാനെൻ മോക്ഷയാത്ര.
Generated from archived content: poem1_aug10_09.html Author: deepu_sasi