ജന്മാന്തരങ്ങൾക്കിപ്പുറത്ത്‌

നാളെതൻ സൗവർണ്ണചിന്തകളൊക്കെയും

ആഴിപ്പരപ്പിലിന്നമ്മാനമാടവേ;

ഞാനിന്നു കാലത്തിൻ വാൾമുനത്തുമ്പിലെ-

യർദ്ധസത്യം പോൽ പിടയുന്നനാഥമായ്‌.

കാണ്മതും കേൾപ്പതും ക്രൗര്യബോധത്തിന്റെ

കന്മഷം പേറുന്ന ബീഭത്സപർവ്വമായ്‌.

ജീവിതം വെച്ചുകെട്ടാകുന്നു, ഭൂമിയിൽ

ജീവനം ഭീതിദമാകുന്നനുദിനം.

അക്ഷരത്തെറ്റിനാൽ ചിത്രം വരയ്‌ക്കുന്ന

മർത്ത്യസംസ്‌ക്കാരത്തിൻ പൂർവ്വസർഗ്ഗങ്ങളിൽ

സ്വത്വം തിരയുന്ന ക്ഷിപ്രജന്മങ്ങളേ,

നിങ്ങൾ നിരന്തരം വായ്‌ക്കുന്നു; ദാരുണം!

സ്വന്തബന്ധങ്ങളില്ലാത്ത ജഗത്തിന്റെ

സന്തതിയാഗമിയ്‌ക്കുന്നപഭംഗമായ്‌

ചന്ദ്രഹാസങ്ങളിളക്കി പ്രപഞ്ചത്തിൻ

സർഗ്ഗവാതിൽക്കലിന്നട്ടഹസിയ്‌ക്കുന്നു.

അങ്ങുമിങ്ങും വൃഥാ പഴിപറഞ്ഞിന്നു നാം

അന്തിവാതിൽക്കലെ ദീപം കെടുത്തുന്നു.

വന്മതിൽക്കോട്ടകൾ തീർക്കുന്ന മൗനങ്ങൾ

മണ്ണിൻ കിനാവിലും പാപം വിതയ്‌ക്കുന്നു.

സ്‌നേഹസൗഹാർദ്ദങ്ങളിന്നു വൈകല്യമായ്‌

തേർതെളിച്ചീടുന്ന വീഥിയജ്ഞാതമായ്‌

വിശ്വമിന്നേതോ തമോമണ്ഡലങ്ങളിൽ

വിഘ്‌നങ്ങളേറ്റു തളരുന്നു നിത്യമായ്‌.

കുറ്റബോധങ്ങളില്ലാത്തവർ, മാനവർ

കൂട്ടുചേർന്നുളളതാം വാണിഭം തന്നുടെ

കൃത്യതയാർന്ന കണക്കിന്നകംപൊരുൾ

ഹൃത്തടം തല്ലിത്തകർക്കുന്നതല്ലയോ?

സ്വച്ഛന്ദമാമൊരു ജീവിതം മോഹിച്ചീ-

മർത്ത്യജന്മത്തെ കടം കൊണ്ട പാതകം

അന്തമില്ലാതഹോരാത്രം തുടരുമ്പോൾ

അന്തികത്തിന്നാരോ മൗനം തകർക്കുന്നു.

വേറിട്ട ശബ്‌ദങ്ങൾ കേൾക്കുന്നഖിലവും

വേപഥു കൊളളുന്നു പ്രാണൻ നിരന്തരം

താഴിട്ടു പൂട്ടിയ മാനസവാടങ്ങൾ

താനേ തുറക്കുവാൻ പോരുന്നതല്ലല്ലോ.

ധർമ്മബോധത്തിന്നുടഞ്ഞ കണ്ണാടിയിൽ

കർമ്മബന്ധങ്ങളെ കാണാൻ ശ്രമിയ്‌ക്കവേ,

നാളെതൻ സങ്കല്പമേതോ ദുരന്തത്തിൻ

ജാലകം തളളിത്തുറക്കുന്നു; ലാഘവം.

ജാതിവൈജാത്യങ്ങളില്ലെന്ന ഭേരിയിൽ

രാജ്യാന്തരംഗം പുളയുന്ന കാഴ്‌ചകൾ

ഉളളം നടുക്കുന്നുവെന്നറിഞ്ഞീടിലും

ഉണ്മതൻ വൈകൃതം ഉർവ്വിതൻ ശാപമായ്‌.

Generated from archived content: poem3_nov2_05.html Author: deepu_k_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English