മനസ്സൊരു കടൽ

കടലായലറുന്നു മനസ്സിന്നകത്തളം

കഥയൊന്നുമെഴുതാതെ കദനം ഒതുക്കുന്നു.

ഈ ജന്മസാഫല്യമെവിടെയെന്നറിയാതെ-

യിന്നും ഇടനാഴിയിൽ വീർപ്പുമുട്ടുന്നു.

ഒന്നും കരുതിവച്ചില്ല, തലമുറ-

യ്‌ക്കെന്നും സ്മൃതിയുണർത്തീടുവാൻ മത്സഖേ;

കർമ്മകാണ്ഡങ്ങളിൽ നിത്യപ്രതിഷ്‌ഠയായ്‌

കൽച്ചിരാതെന്നും പടുതിരി കത്തവേ!

അങ്ങിങ്ങുമായ്‌കാലഭണ്ഡാരപ്പെട്ടിയിൽ

അജ്ഞാതനൊമ്പരച്ചീളുകളിട്ടു ഞാൻ.

സ്വത്വം തിരിച്ചറിയാവുന്നതെങ്കിലും

മർത്ത്യൻ മറക്കുടയോടെ നടന്നുപോയ്‌.

കാണുന്നഖിലവും കന്മഷം പേറുന്ന

കാളഹസ്തളെ; ശ്യാമമേഘങ്ങളെ.

പാരിന്നപാരമാം സ്നേഹാതിരേകത്തിൽ

വാഴ്‌വിന്റെ നൈർമ്മല്യം ഞാനുമുൾക്കൊണ്ടുപോയ്‌.

കാരുണ്യമാഴക്കടലിലാണെങ്കിലും

കാതരമാകുകയമാണീ ജഗത്തിന്നും.

കനിവിന്റെ ശീതളച്ഛായയിൽ പോലുമി-

ന്നരങ്ങേറിടുന്നു തുടർന്നാടകങ്ങളും.

പരമോന്നതങ്ങളിൽ പരിശുദ്ധസ്നേഹത്തിൻ

പ്രഭയാർന്ന പുഞ്ചിരിപ്പൂക്കൾ വിടർന്നിടും.

കൊഴിയാതെ, കരിയാതെ ഹൃദയാങ്കണങ്ങളിൽ

കുളിർ ചൂടി നിൽക്കാൻ കൊതിയ്‌ക്കുമാ പൂവനം.

മൗനങ്ങൾ ആർത്തട്ടഹാസം മുഴക്കുന്ന

മണൽഭൂമിതന്നിലെയേകാന്തവാസത്തിൽ-

മന്ത്രിച്ചിരുന്നതെന്നന്തർഗ്ഗതങ്ങളും,

മാനവമോഹത്തിൻ മാറ്റുരച്ചീടലും.

തള്ളിക്കളയുവാനാകില്ലയാർക്കുമേ

തങ്കക്കിനാവിന്റെ സാമീപ്യമെങ്കിലും;

ചിന്തിച്ചിടാതുള്ള സംഗതികൾക്കെന്നും

ചന്തങ്ങളേറാതെ ചേതനയറ്റുപോം.

ക്ഷണികമെന്നാരോ മൊഴിഞ്ഞുപോയ്‌- ജീവിതം;

മുന്തിരിച്ചാറുമായ്‌ മുന്നിൽ നിരന്തരം.

ഇല്ല, തിമിരമെന്നുൾക്കണ്ണുകൾക്കിന്നും

മെല്ലെ മൊഴിഞ്ഞു ഞാൻ മണ്ണിന്റെ കാതിലും.

എന്റെ സൗഗന്ധികപ്പൂങ്കാവനത്തിലി-

ന്നന്ത്യോദകത്തിനായ്‌ വന്ന ബന്ധങ്ങളേ,

എന്തിനീ ജന്മത്തിലെൻ കരൾ തന്ത്രിയിൽ

എന്നും വിരഹത്തിൻ ശ്രുതി ചേർത്തു നിങ്ങളും?

സദയമീയാത്രതൻ ചുവടുകൾക്കൊപ്പമെൻ

സഹജരാം നിങ്ങളെ കാണുന്നതെങ്ങു ഞാൻ?

ഹൃദയബന്ധങ്ങൾക്കടിക്കുറിപ്പേകുവാൻ

ഹിമശൈലവീഥിയിൽ ഉരുകുന്ന കാഴ്‌ചയോ?

Generated from archived content: poem1_feb18_08.html Author: deepu_k_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English