ഒന്ന്
അയാൾ പകർത്തിയത്
ഒരു പെൺകുട്ടിയുടെ പടമാണ്.
സൂര്യന്റെ മുഖം ദാനം കൊടുക്കുന്ന
നീലച്ചുഴികളിലേയ്‌ക്ക് കണ്ണുകളെ വലയിടുന്ന
അലർച്ചകളെ മൗനംകൊണ്ട് തിരിച്ചുപിടിക്കുന്ന
നീണ്ടിട്ടുംനീണ്ടിട്ടും ഇനിയും നീളാത്ത
നാവിന്റെ മുനകളാൽ
ഭൂമി മുഴുവൻ തുടച്ചുതോർത്തുന്ന
നിനവിലും പകലിലും
തന്റെ ഓരോ ഹൃദയമിടിപ്പും
തേടിവരുന്നവർക്ക് ഭൂപാളവും നീലാംബരിയും
പകർന്നു നല്‌കുന്ന
ഒഴുക്കിന്റെ നിശ്ചലനടകളായ്
ചിത്രത്തിൽ തെളിഞ്ഞത്
തിരയിളക്കമുളള കടലാണ്.
രണ്ട്
പ്രായത്തിൽ നാം ചേർച്ചയില്ലായ്‌മയിലെ ചേർച്ച
നമ്മുടെ സ്വപ്നങ്ങളിൽ
നീ ധ്രുവപ്രദേശങ്ങളിലും
ഞാൻ മരുഭൂമിയിലും
നമ്മുടെ യാത്രയ്‌ക്കിടയിൽ
ശവമഞ്ചം വഹിച്ചുകൊണ്ട്
ഒരു വിലാപയാത്ര കടന്നുപോകുന്നുണ്ട്.
ഏത് ഇടർച്ചയിലും
നമ്മുടെ കാഴ്‌ചകൾക്ക് പതർച്ചയില്ല.
നീ, എന്റെ ചിന്തകളെ, കിനാക്കളെ
പിടിച്ചെടുക്കുന്നു.
എന്റെ അന്നത്തേയും നിദ്രയേയും
സ്വന്തമാക്കുന്നു.
കൊളളയടിക്കപ്പെട്ടവളുടെ
ദുഃഖം മാത്രമാണ് ഇന്നു ഞാൻ.
Generated from archived content: aug20_poem2.html Author: deepthy_mv