കറുത്ത റിബൺ പോലെയുളള റോഡ് ‘റ’യുടെ ആകൃതിയിലാണ്. ‘റ’യുടെ മുകൾഭാഗത്തെ നമുക്ക് കുന്നുമ്മൽ എന്ന് വിളിക്കാം. ‘റ’യുടെ വലത്ത് വശത്തുനിന്നും ഇടത്ത് വശത്ത് നിന്നും ‘റ’യുടെ മുകൾഭാഗത്ത് അതായത് കുന്നുമ്മലിൽ ഓരോ സെക്കന്റിലും ഓരോ സ്വകാര്യബസുകൾ വന്നുനിൽക്കും. വിവിധ നിറങ്ങളിലുളള ബസുകൾ. നിറങ്ങളുടെയകത്ത് ഗൊറില്ലയും കടുവയും ചിലന്തിയും സിംഹവും തേളും പാമ്പും ചിത്രങ്ങളായി യാത്രക്കാരെ നോക്കി പേടിപ്പിക്കും. മുതലാളിമാരുടെ തനി രൂപങ്ങളാണ് ആ വക ചിത്രങ്ങളെന്ന് കൽപിത സാഹിത്യം.
അപ്പോൾ കുന്നുമ്മൽ ഒരു ജംഗ്‌ഷനാണ്; 2020-ൽ ഒരു ഹൈടെക് നഗരമാക്കി കുന്നുമ്മലിനെ മാറ്റണമെന്നാണ് സ്ഥലം എം.എൽ.എ പറയുന്നത്. ജംഗ്‌ഷൻ മൂന്നായി പിരിയുന്നു. കണ്ണഞ്ചിപ്പിക്കുന്ന സ്വകാര്യ ബസുകൾ അവ എവിടം വരെ പോകുമെന്ന ബോർഡും പിടിച്ച് മൂന്ന് റോഡുകളിലായി നിരന്ന് കിടക്കുന്നു. ചരിത്രത്തിന്റെ നനവുളള പേരുകളായിരുന്നു ബസ് ബോർഡുകളിലധികവും. മുതലയുടെ ചിത്രമുളള ബസ് മഞ്ചേരിക്ക് പോകാൻ ഒരുങ്ങി നിൽക്കുകയാണ്. മഞ്ചേരിക്കും മലയാളിക്കും ചരിത്രത്തിന്റെ മണമുണ്ടെന്നും മഞ്ചേരി എന്ന പേരിൽ തന്നെ പിതാമഹൻമാരുടെ പരമ്പരയെ കാണാൻ കഴിയുമെന്നും രാഷ്‌ട്രതന്ത്രശാസ്‌ത്രം.
കോണോലി സായ്‌പിന്റെ മുഖവും തേക്ക് മരങ്ങളുടെ മർമ്മരവും എവിടെ നോക്കിയാലും തണലും മാത്രമുളള നിലമ്പൂർ ബസിന്റെ ചുമരിൽ മുക്രയിടുന്ന കാളകളാണ്. സായ്‌പിന് ഊട്ടിയിലെത്താൻ എളുപ്പവഴി കാണിച്ചു കൊടുത്ത നാടുകാണിയുടെ കട്ട പിടിച്ച രക്തം പൊടിഞ്ഞു കിടക്കുന്ന വഴിക്കടവിലേക്ക് പോകുന്ന ചെമന്ന നിറമുളള ബസിന്റെ വശങ്ങളിൽ പറ്റി ചേർന്നിരുന്നത് ഇണതത്തകളായിരുന്നു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നാട്ടിലൂടെ കൊണ്ടോട്ടിക്കുളള ബസിന് 1921ന്റെ മണം. ഒരുതരം കറുത്ത ചോരയുടെയും പളളിയുടെയും മണം. വെളള നിറം പൂശിയ യൂസഫെന്ന് പേരുളള ഒരു നീണ്ട ബസ് തിരൂർക്ക് പോകാനായി തിരക്ക് കൂട്ടി നിൽക്കുന്നു. മനുഷ്യശരീരങ്ങളെ ബോഗിയിലാക്കി വേവിച്ചെടുത്ത് പോത്തന്നൂർക്ക് കൊണ്ടുപോയി പുറത്തെടുത്തത് ചരിത്രഭാഷ്യം.
പിന്നെയും ബസുകൾ വരുന്നു. നിൽക്കുന്നു. പോകുന്നു. ജീവിതംപോലെ. ബസുകൾ തമ്മിലുളള അകലം സെക്കന്റ് സൂചിയായിരുന്നു. നീളൻ ബസുകളുടെ ഇടയിൽ ആമ ബസുകൾ. അവ ഓടുന്നത് കുറച്ച് ദൂരത്തേക്ക് മാത്രം. സ്ഥലപ്പേരൊട്ടിച്ച അവറ്റകളും കുന്നുമ്മലിൽ നിരന്ന് കിടക്കുന്നു…..അവ പോകേണ്ട രാജ്യങ്ങളുടെ പേരുകൾ ഇന്ത്യയുടെ ഹൃദയങ്ങളാണ്. (കടപ്പാട് ഗാന്ധിജി) കൂട്ടിലങ്ങാടിയും പൊട്ടിക്കല്ലും അച്ചനമ്പലവും മരംവെട്ടിച്ചാലും പാണായിയും പട്ടർകടവും കൂരാചൂണ്ടും…. അങ്ങനെ എണ്ണപ്പെടുവാനാകാതെ നീണ്ട് പോകുന്നു… ഓരോ സ്ഥലവും അതിന്റെ നാമവും അതിന്റെ ചരിത്രവും അതിന്റെ ഭൂമിശാസ്‌ത്രവും അതിന്റെ രസതന്ത്രവും അറിയേണ്ടത് നിയോഗ സാഹിത്യം.
സൂചി വീണ്ടും തിരിച്ചുവെച്ചാൽ കുന്നുമ്മലിൽ തന്നെ വരണം. കുന്നുമ്മലിലെ മൂന്നിലൊരു വഴി ചെന്നെത്തുന്നത് ആധുനിക സിവിൽ സ്‌റ്റേഷനിലാണ്. ആധുനിക സിവിൽ സ്‌റ്റേഷൻ പുരാതന പട്ടാള ക്യാമ്പാണ്. ബ്രിട്ടീഷുകാരുടെ പട്ടാള ക്യാമ്പ്. പട്ടാള ക്യാമ്പിന്റെ കാലം ഒരു നൂറ്റാണ്ട് മുമ്പോട്ടാണെങ്കിൽ അതിന് ശേഷമാണ് സിവിൽ സ്‌റ്റേഷൻ. പേരിലും രൂപത്തിലും കുറച്ച് മാറ്റങ്ങൾ ഉണ്ടായെങ്കിലും ഭാവത്തിൽ ഒരു മാറ്റവുമില്ല. പട്ടാളക്കാരുടെ ക്രൗര്യമുഖ സമാനം തന്നെയാണ് ഇന്നത്തെ സിവിൽ സ്‌റ്റേഷൻ മാനേജർമാരുടെ മുഖങ്ങൾക്കും. എല്ലാറ്റിനും ഒരു വിക്‌ടോറിയൻ ടച്ച്. അത് കളക്‌ടറായാലും ശരി ശിപായിയായാലും ശരി. ഇന്ന് കളക്‌ടർ ഇരിക്കുന്ന അതേ ഒരടി മണ്ണിന് മുകളിലായിരുന്നു മലബാർ കേണൽ ഇരുന്നിരുന്നത്. അയാൾക്ക് കിഴക്ക് ഭാഗത്ത് കൂടി താഴേക്ക് നോക്കിയാൽ ‘ട’ രൂപത്തിൽ ഒഴുകുന്ന കടലുണ്ടി പുഴ കാണാം. അതിന്റെ രണ്ടുവശത്തും പച്ചക്കാടും കാണാം. കളക്‌ടറും ഇടക്കിടെ താഴേക്ക് നോക്കാറുണ്ട്. എല്ല് തേഞ്ഞ അവളേയും പച്ചപടർപ്പുകൾക്കിടയിൽ നരപോലെ പൊങ്ങിവരുന്ന കോൺക്രീറ്റ് കെട്ടിടങ്ങളെയും കണ്ട് ഗോസായിപ്പ് നെടുവീർപ്പിട്ടു. കടലുണ്ടി എന്നാൽ നിറം മാറുന്നവൾ എന്നർത്ഥം. ജനുവരി മുതൽ മാർച്ച് വരെ നല്ല പിളള. നിറം പച്ച. കാരണം സാമ്പത്തികവർഷാവസാനം. ഏപ്രിൽ മുതൽ ജൂൺ വരെ അവൾക്ക് വെളള നിറം. കാരണം മനുഷ്യന്റെ സ്വഭാവം. ജൂൺ മുതൽ ആഗസ്‌റ്റ് വരെ ഭദ്രകാളി. നിറം കലങ്ങിയ മഞ്ഞ. കാരണക്കാരി മഴ. അത് കഴിഞ്ഞാൽ ശാന്ത നീല നിറം. കാരണം നന്മ ചെയ്‌തവരുടെ സുകൃതം.
ചുവന്ന നിറമുളള സിവിൽ സ്‌റ്റേഷൻ കെട്ടിടങ്ങളെ നോക്കിയാൽ അടച്ചുവച്ച പുസ്‌തകത്തിനകത്ത് നിറയെ വെളുത്ത ചിതലുകൾ നുരഞ്ഞിരിക്കുന്നത് പോലെ. ഓരോ ചിതലിനും ചന്ദനഗന്ധം. മനുഷ്യനും ദൈവത്തിനും ഇടയിലുളള മണം. സിവിൽ സ്‌റ്റേഷനിലെ ഓരോ ഓഫീസിനും ഓരോ പട്ടാളക്കഥ പറയാനുണ്ട്. ഇപ്പോഴും ചില രാത്രികളിൽ പി.ഡബ്ല്യൂ.ഡി. ഓഫീസിലെ നൈറ്റ് വാച്ച്‌മാൻ കമാൻഡർ ഫുളേളർട്ടന്റെ ഒച്ച കേൾക്കാറുണ്ടത്രെ. ലഹളക്കാലത്ത് മാപ്പിളമാർ വാരിക്കുന്തം കൊണ്ടയാളുടെ കുടലെടുത്ത് പുറത്തിട്ടത് മലബാർ ലഹളയിലെ ഒരദ്ധ്യായം.
ഇന്നത്തെ ട്രഷറി ബിൽഡിംഗിന് ബലാൽസംഗപ്പുരയെന്നാണ് വിശേഷണം. സൈനികർക്ക് ആവശ്യമായ നിറമുളള മുസ്ലീം ഹിന്ദു വിഭവങ്ങൾ അവർക്ക് ആവശ്യത്തിലേറെ ലഭിച്ചിരുന്നു. അവിടെ നിന്ന് രാത്രികളിൽ ഉയരുന്ന തേങ്ങലിന് രക്തത്തിന്റെ മണമുണ്ടായിരുന്നു.
ബ്രിട്ടീഷുകാരുടെ കണ്ണിന് താഴെയായിരുന്നു മാപ്പിളമാരുടെ ജീവിതവും ശരീരവും. വരിവരിയായി നിറുത്തി പീരങ്കികൊണ്ട് മാപ്പിളമാരുടെ ശരീരം നുറുക്കിയെറിഞ്ഞ സ്ഥലത്താണ് ഇന്നത്തെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസ്. സിവിൽ സ്‌റ്റേഷനിലെ മുത്തശ്ശി മരങ്ങൾ ഇപ്പോഴും എല്ലാം കാണുന്നു…. കേൾക്കുന്നു….
ജോസറിന്റെ തലയ്‌ക്കകത്തെ വേരോട്ടം അത്രയ്‌ക്ക് പടർന്ന് പന്തലിച്ചതായിരുന്നു. കുന്നുമ്മലിന്റെ മണ്ണിനകം മുഴുവൻ അത് പരന്ന് കയറി കിടപ്പുണ്ട്. ബസുകൾ തലങ്ങും വിലങ്ങും ജോസറിന്റെ മുന്നിലൂടെ പായുകയാണ്…. ആരുടെയൊക്കെയോ അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ വേണ്ടി… ഇന്ന് ഇതുവരെ നേരം ഉച്ചയായിട്ടും ഒരു മനുഷ്യൻ പോലും ഒരു വിത്തും വാങ്ങിയിട്ടില്ല. വാ തുറന്നിരിക്കുന്ന ചെറിയ ചെറിയ സഞ്ചികളിലെ വിവിധതരം വിത്തുകൾ യാതൊരു കൂസലുമില്ലാതെ സൂര്യനെ നോക്കി കിടന്നു. സൂര്യന് ഒരിക്കലും വിത്തുകളുടെ കണ്ണടപ്പിക്കാൻ കഴിയില്ലത്രെ. വിത്തുകൾക്ക് സൂര്യനെ പുച്‌ഛമാണ്. ചോള വിത്തും കുരുമുളക് വിത്തും വെണ്ട വിത്തും പയറ് വിത്തും തക്കാളി വിത്തും തങ്ങൾ ചെന്ന് വീഴേണ്ട ഭൂമിയുടെ പൊക്കിളിനെക്കുറിച്ച് സ്വപ്‌നം കാണുകയാണ്. അവിടെ വീണ് ഒരു ജന്മം. വേരുകളാകുന്ന കൈകളും കാൽകളും നീട്ടി നീട്ടി വച്ച് ഒരു വളർച്ച. ആകാശത്തിനെയും സൂര്യനേയും തുറിച്ച് നോക്കി പുറത്ത് വരുന്ന നാമ്പ് പിന്നീട് അടിയിലെ അവസ്ഥയെ ഒരിക്കലും തിരിഞ്ഞ് നോക്കാറില്ലല്ലോ… ചില മനുഷ്യരെപ്പോലെ…
ബസുകൾ മാത്രമല്ല മനുഷ്യരും ജോസറിന് മുന്നിൽകൂടി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. പോകുന്നവരിൽ സ്‌ത്രീകളും പുരുഷൻമാരും ഉണ്ടായിരുന്നു. കുട്ടികളും വൃദ്ധൻമാരും ഉണ്ടായിരുന്നു. ഹിന്ദുക്കളും ക്രിസ്‌ത്യാനികളും മുസ്ലീങ്ങളും ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരും ഉദ്യോഗമെന്ന വിളിപ്പേര് ഇല്ലാത്തവരും ഉണ്ടായിരുന്നു. ചെരുപ്പുളളവരും ചെരുപ്പില്ലാത്തവരും ഉണ്ടായിരുന്നു. ഓരോരുത്തർ ഇട്ടിരിക്കുന്ന ചെരുപ്പ് കണ്ടാലറിയാം അവരുടെ ഹൈറ്റും വെയ്‌റ്റും. ചെരുപ്പുശാസ്‌ത്രപ്രകാരം ജോസറിനറിയാം അതിലെ പോകുന്നതിലധികവും ഇടത്തരക്കാരാണെന്ന്. ജോസർ 15 വർഷമായി തന്റെ മുന്നിലൂടെ പാഞ്ഞ് പോകുന്നവരെ കാണാൻ തുടങ്ങിയിട്ട്. പെരുവഴിയായതുകൊണ്ട് അവർക്ക് അതുവഴി പോയേ പറ്റൂ. ഓരോരുത്തരും അവരവരുടെ വഴിയമ്പലങ്ങൾ കണ്ടുപിടിക്കാനാണ് ഈ പരക്കംപാച്ചിൽ നടത്തുന്നതെന്ന് റാബിറ്റയുടെ സാക്ഷ്യപ്പെടുത്തൽ. ജോസറിന്റെ തൊട്ടടുത്ത് തന്നെയാണ് റാബിറ്റയുടെ സ്ഥാനം. വിത്തുകൾ വിൽക്കുന്നവളാണ് റാബിറ്റ. അവളുടെ മുന്നിലും പതിനഞ്ച് വർഷങ്ങൾ ഞെട്ടറ്റ് വീണ് കഴിഞ്ഞിരുന്നു. പഴുത്ത ഇലകളെപോലെ.
ദിവസവും കാണുന്ന മുഖങ്ങൾ അവയിൽ ഏതെങ്കിലും ഒരു മുഖത്തെ പെട്ടെന്ന് കാണാതാവുമ്പോൾ അവർ പിന്നിലേക്ക് തിരിഞ്ഞ് നോക്കും. അപ്പോൾ പളളിമുറ്റത്ത് ദിവസവും വരാറുളള കരിയിലക്കിളികളുടെ എണ്ണത്തിൽ ഒരെണ്ണം കൂടുതലുണ്ടാവും. കരിയിലയുടെ നിറമുളള കിളികൾ കരിയിലകൾക്കിടയിൽ ഓടിയും താഴ്‌ന്ന് പറന്നും കളിക്കുകയായിരിക്കും. ഇടയ്‌ക്ക് എന്തെങ്കിലും ചെറിയ ഇരയെ കിട്ടിയാൽ അവ മുകളിലേക്ക് നോക്കി ദൈവത്തിന് സ്‌തുതി പറയും. കിട്ടിയ ഇരകളുമായി കരിയിലക്കിളികൾ പളളിയ്‌ക്കു മുന്നിലെ യേശുവിന്റെ പ്രതിമമേൽ ചെന്നിരിക്കും. യേശുവിന്റെ തലയിൽ വെച്ച് അവ ഇരയെ കൊത്തിത്തിന്നും. കെട്ടിയലങ്കരിച്ച കല്ലുകൾക്കിടയിൽ നിന്ന് കന്യാമറിയം എന്നും അത് കണ്ടുകൊണ്ടേയിരുന്നു.
റാബിറ്റയുടെ അടുത്തായിരുന്നു വിഷ്‌ണുവർദ്ധൻ. വിവിധയിനം മത്തൻ വിത്തുകളായിരുന്നു വിഷ്‌ണുവർദ്ധൻ വിറ്റിരുന്നത്. വിത്തുകൾക്കൊപ്പം വച്ചിരുന്ന ഒരു വലിയ മത്തങ്ങയെ വഴിയേ പോകുന്ന എല്ലാവരും അത്ഭുതത്തോടെ നോക്കിയിരുന്നു. അത്ഭുതം എപ്പോഴും മനുഷ്യന്റെ കൂടപിറപ്പാണല്ലോ! മത്തനെ നോക്കുന്ന കൂട്ടത്തിൽ വെളുത്തു തുടുത്ത വിഷ്‌ണുവർദ്ധനെ നോക്കുന്ന ചില യുവതികളുടെ രൂപങ്ങൾ വിഷ്‌ണുവർദ്ധന്റെ തന്നെ ഹൃദയത്തിനുളളിലെ നാലാം അറയ്‌ക്കുളളിലും ഉണ്ടായിരുന്നു.
വിഷ്‌ണുവർദ്ധന്റെ അരികിൽ സാദാക്കോയ. സാദാക്കോയയുടെ അടുത്ത് ഫ്ലസുളള. ഫ്ലസുളളയുടെ അടുത്ത് പെരുവഴിയിൽ ഏത് ദിവസവും വധിക്കപ്പെടാവുന്ന ഒരു നീലംമാവ്. വർഷത്തിലൊരിക്കൽ അത് കായ്‌ക്കും. നിറയെ കുലകളായി തൂങ്ങിക്കിടക്കും പഴുക്കുംവരെ. മാങ്ങകൾ പഴുത്താൽ കടലുണ്ടിപ്പുഴയുടെ അരികിൽ കൂട് കൂട്ടി താമസിക്കുന്ന കാക്കകൾ പറന്നുവരും. മാമ്പഴം കൊത്തിയെടുത്ത് പറന്നുപോകും. ചിലപ്പോൾ യേശുവിന്റെ മുന്നിൽ നിക്ഷേപിക്കും. അവ അവിടെ കിടക്കും. ചിലപ്പോൾ ഉറുമ്പുകൾ അവയ്‌ക്കുളളിൽ വരിവയ്‌ക്കും അല്ലെങ്കിൽ അവിടെ കിടന്ന് ചീയും…
നീലംമാവിനടുത്ത് നിറാസും നിറാസിന്റെയടുത്ത് നാച്ചിയും നാച്ചിയുടെ അരുകിൽ ശാരദയും… എല്ലാവരും വിത്ത് വിൽക്കുന്നവർ. വിത്തുകൾ വിൽക്കുന്നവരുടെ ഒരു വരിയും ഒരു നിരയും. എല്ലാ വിത്തുകളും വിൽക്കപ്പെടാനുളളതാണ്. വാങ്ങാൻ ആളില്ലെങ്കിൽ കൂടി അതാണ് വിത്തുകളുടെ നിയോഗം.
എല്ലാവരുടേയും പിറകിൽ പളളിയുടെ അരച്ചുമര്, അരച്ചുമരിനോട് ചേർന്ന് ആകാശം നോക്കിനിൽക്കുന്ന ഏപ്രിൽ മരങ്ങൾ. അരച്ചുമരിൽ ക്രിസ്‌തുവചനങ്ങൾ. നീലച്ചുമരിൽ വെളുത്ത അക്ഷരങ്ങൾ. നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക എന്ന വചനത്തിനു മുന്നിലിരുന്നാണ് ജോസർ വിത്ത് വിൽപ്പന ചെയ്‌തിരുന്നത്. നന്മ ചെയ്യാൻ അറിഞ്ഞിട്ടും ചെയ്യാത്തവർ പാപി എന്ന വാക്യത്തിന് മുന്നിലിരുന്നിരുന്നത് ശാരദയായിരുന്നു. സാദാകോയയുടെ തലയ്‌ക്ക് പിറകിലാകട്ടെ സീസർക്കുളളത് സീസറിനും ദൈവത്തിനുളളത് ദൈവത്തിനും എന്ന ഉദാത്ത വചനമായിരുന്നു. വചനങ്ങളും വിത്തുകളും വിത്ത് വിൽപനയും അടഞ്ഞ് കിടക്കുന്ന പളളിയും മുറ്റത്തെ ഏപ്രിൽ മരങ്ങളും അവ വർഷങ്ങളായി പൊഴിച്ചിട്ടിരിക്കുന്ന കരിയിലകളും കരിയിലകൾക്കിടയിൽ പ്രാഞ്ചി നടക്കുന്ന കരിയിലക്കിളികളും വഴിയാത്രക്കാർക്ക് നോക്കപ്പെടുവാനുളളതാണ്. വിത്തുകൾ വിൽക്കപ്പെടുവാനുളളതാണെന്ന ബോധമുളള ശാരദ വഴിയാത്രക്കാരെ വീഴ്‌ത്താൻ എല്ലാ അടവുകളും പ്രയോഗിച്ചിരുന്നു. അതിനായി കണ്ണും നാക്കും ആവോളം ഉപയോഗിച്ചു. യാതൊരു വിട്ടുവീഴ്‌ചയുമില്ലാതെ. ഫലമെന്ത്? കൂടുതൽ വിൽപ്പന അവിടെ തന്നെയായിരുന്നു. വിത്ത് വിൽപ്പനക്കാരുടെ കൂട്ടത്തിൽ ശാരദയ്്ക്ക് ഒരു മൾട്ടിനാഷണൽ കമ്പനിയുടെ പദവി തന്നെയുണ്ടായിരുന്നു.
അടഞ്ഞ് കിടക്കുന്ന പളളിയുടെ വാതിൽ യേശുവിന്റെ പ്രതിമയ്‌ക്ക് പിറകിലായിരുന്നു. നരച്ച യേശുവിന്റെ നിറമുളള പ്രതിമയുടെ കണ്ണുകൾക്ക് മാത്രമേ ജീവൻ ഉണ്ടായിരുന്നുളളു. എന്നോ നാദം നിലച്ച പളളിമണിയുടെ അകവശം ക്ലാവ് പിടിച്ച പുരാതനകാലത്തെ സുവിശേഷം പോലെ കാറ്റത്ത് ആടിയാടിക്കിടന്നു.
വിത്തുകൾ വിതയ്‌ക്കാൻ നിശ്ചയിച്ച ദിവസമായിരുന്നു അന്ന്. നെസ്‌തറുടെയും റോസയുടെയും വിവാഹദിവസം. പതിവ് പോലെ ദൈവവചനങ്ങളുടെ മുന്നിൽ തന്നെ വിത്ത് വിൽപ്പനക്കാർ ഉണ്ടായിരുന്നു. പളളിമണി കേട്ടപ്പേൾ എല്ലാവരും ഒരുപോലെ തിരിഞ്ഞു നോക്കി. പളളി വാതിൽക്കൽ വിവാഹവേഷം ധരിച്ച് നെസ്‌തറും റോസയും. ഇരുവരും യേശുവിന്റെ പ്രതിമയെ നോക്കി കണ്ണടച്ചു. പളളിവാതിൽക്കലിനുളളിലെ ചുമരിൽ യേശുവും പന്ത്രണ്ട് ശിഷ്യന്മാരും അന്ത്യാത്താഴം കഴിക്കുകയായിരുന്നു.
നിങ്ങളിലൊരുവൻ എന്നെ ഒറ്റി കൊടുക്കും എന്ന ചോദ്യവും, അത് ഞാനോ എന്ന ആകാംക്ഷയോടെ യേശുവിനെ സൂക്ഷിച്ച് നോക്കുന്ന പന്ത്രണ്ട് ശിഷ്യൻമാരുമായിരുന്നു നെസ്‌തറുടെ മനസ്സ് നിറയെ. അവരിൽ യൂദാസിന്റെ കണ്ണുകൾ നെസ്‌തറെ തുറിച്ച് നോക്കി. യൂദാസ് ചതിയനല്ല യേശുവിന്റെ രക്ഷകനായിരുന്നുവെന്നാണ് നെസ്‌തർ കഴിഞ്ഞയാഴ്‌ച സ്‌റ്റാർ വീക്ക്‌ലിയിൽ എഴുതിയ കഥയിൽ പറഞ്ഞിരുന്നത്. ഒരു മഹാത്മാവ് ജനിക്കുമ്പോൾ തന്നെ അയാൾക്ക് മരണം നൽകാനും ഒരാൾ ജനിക്കും. അത് പ്രകൃതിനിയമമാണ്. ഒരു വിത്ത് മുളപൊട്ടിയാൽ ഒപ്പം ഒരു മരണവും മുളപ്പൊട്ടുന്നു. നെസ്‌തർ പളളിയെ തിരിഞ്ഞു നോക്കിക്കൊണ്ട് പുറത്തിറങ്ങി. വിത്ത് വിൽപ്പനക്കാരുടെ മുഴുവൻ കണ്ണുകളും തന്റെ മണവാട്ടിയുടെ മേലാണെന്ന് നെസ്‌തർ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.
അവരുടെ കാറിന് വഴിമാറികൊണ്ട് പളളിമുറ്റത്ത് നിന്നും കരിയിലക്കിളികൾ ഏപ്രിൽ മരങ്ങളെ നോക്കി പറന്നുയർന്നു. വിത്ത് വിൽപ്പനക്കാർ വീണ്ടും വിത്ത് വിൽപ്പനയിലേക്ക് തിരിഞ്ഞു. പതിവിന് വിപരീതമായി അന്ന് എല്ലാവർക്കും നല്ലപോലെ വില്‌പന ഉണ്ടായിരുന്നു. വിത്തുകളുടെ ഒരു ദിവസം. അന്ന് പകൽ വിറ്റുപോയ വിത്തുകൾ രാത്രിയിൽ തന്നെ വിതക്കപ്പെട്ടു. രാത്രിയിൽ മാത്രം വിത്ത് വിതച്ച്, കറുത്ത മരങ്ങളെ സ്വപ്‌നം കാണുന്ന മനുഷ്യന്മാരായിരുന്നു അവരുടെ വിത്തുകൾ വാങ്ങിയത്.
പിറ്റേന്ന് രാവിലെ പളളിയുടെ വാതിൽ എന്നെന്നേയ്‌ക്കുമായി അടച്ചു. പളളിമണി അവസാനമായി തുടർച്ചയായി മുഴങ്ങി. കുന്നുമ്മൽ മുഴുവൻ അത് പ്രതിദ്ധ്വനിച്ചു. പളളിവാതിൽ അടച്ചതോടെ യേശുവും ശിഷ്യൻമാരും പുറത്തിറങ്ങി. ശേഷം കടലുണ്ടിപ്പുഴയുടെ വെളളപ്പരപ്പിലൂടെ നടന്നുനീങ്ങി… അപ്പോഴും പളളിക്കകത്തെ വിശുദ്ധകുരിശിനേയും കെട്ടിപ്പിടിച്ച് ഒന്നുമറിയാത്തവരെപ്പോലെ വിവാഹവേഷം ധരിച്ചു തന്നെ നെസ്‌തറും റോസയും ഉറങ്ങുകയായിരുന്നു.
പാഡ്‌ലോക്ക് അടച്ചു പൂട്ടിയ പളളിയുടെ വാതിൽ എങ്ങനെ തുറന്നാണ് നെസ്‌തറും റോസയും പളളിക്കുളളിൽ കടന്നത്?
പുറത്തേക്ക് ചോര വരാൻ വിധം മാരകമായ വിഷം കഴിക്കാൻ അവരെ പ്രേരിപ്പിച്ച കാരണമെന്താണ്?
വിത്ത് വിതക്കുന്നവനാണ് കൊയ്യുന്നത്. വിത്ത് വിതച്ചിട്ടും കൊയ്യാനായില്ലെങ്കിലോ?
വിത്തുകൾ വിതക്കുന്നവർ ഒരു കാര്യം തിരിച്ചറിഞ്ഞു. പളളിയ്‌ക്കുളളിലെ ഒരു രാത്രിയിൽ ശ്രീയേശുവിനെ സാക്ഷ്യപ്പെടുത്തി തന്നെ നെസ്‌തറും റോസയും വിത്ത് വിതച്ചിരുന്നു. കൊയ്യാൻ കാത്തു നിൽക്കാതെ തന്നെ…
അന്ന് വൈകുന്നേരം ചെലവാകാതെ ബാക്കി വന്ന വിത്തുകൾ പളളിമുറ്റത്ത് വലിച്ചെറിഞ്ഞശേഷം അവരവരുടെ വഴികളെ നോക്കി വിത്ത് വിൽപ്പനക്കാർ വേഗത്തിൽ നടന്നു. തിരിഞ്ഞുപോലും നോക്കാതെ… വിത്തുകൾ വാങ്ങാനുളളവരാകട്ടെ പളളിയെ തുറിച്ച് നോക്കിയശേഷം കുന്നുമ്മലിലെ മൂന്ന് റോഡുകളിലേക്ക് ചിതറിയൊഴിഞ്ഞു. പെട്ടെന്ന് എവിടെ നിന്നോ കുറെ കഴുകന്മാർ ഭൂമിയിൽ നിന്നും റാഞ്ചിയെടുത്ത പാമ്പുകളേയും കാലിൽ പിടിച്ച് യേശുവിന്റെ പ്രതിമയുടെ തലയിലും ഇരുകൈകളിലുമായി വന്നിരുന്നു. പാമ്പുകൾക്ക് പകുതി ജീവനുണ്ടായിരുന്നു. യേശുവിന്റെ പ്രതിമയ്‌ക്കും കഴുകന്റെ കാലുകൾക്കുമിടയിൽ കിടന്ന് അവ പുളഞ്ഞു. അനന്തരം അവ പാമ്പുകളെ കൊത്തിതിന്നാൻ തുടങ്ങി… ഒന്നും കാണാത്തമട്ടിൽ ഏപ്രിൽ മരങ്ങൾ അപ്പോഴും ഇലകൾ പൊഴിക്കുകയായിരുന്നു.
Generated from archived content: story_mar15_06.html Author: deepa_da