കറുത്ത പ്രതിമകൾ

തേടിയ വളളികൾ കയ്യിലും കാലിലും ചുറ്റു പിണഞ്ഞു കിടക്കുന്നു. മുല്ലവളളിയും പയറു വളളിയുമാണ്‌ ശ്രീരാധയുടെ ശരീരത്തിൽ മുഴുവൻ പറ്റിപിടിച്ചു കിടക്കുന്നത്‌. ശ്രീരാധ തേടിയ വളളികളും അവ തന്നെയായിരുന്നു. മുല്ലവളളി പുഷ്‌പിണിയായി ദേഹം നിറയെ പൂവാരി നിറച്ചിരിക്കുന്നു. പൂക്കളുടെ മണം അവളുടെ മൂക്കിലേക്ക്‌ അരിച്ചു കയറി. പയറുവളളികളിൽ അമരകൾ ജനിച്ചു കഴിഞ്ഞിരുന്നു. മുല്ലപ്പൂവിന്റെ കുഞ്ഞ്‌ ഹൃദയത്തിൽ നിന്നും തേനൂറ്റിയെടുക്കാൻ വെളള നിറമുളള ചിത്രശലഭങ്ങൾ ശ്രീരാധയുടെ ശരീരത്തിനു മുകളിൽ കൂടി പാഞ്ഞു നടക്കുന്നുണ്ടായിരുന്നു. വെളള നിറമുളള ചിത്രശലഭങ്ങൾ ചിറകനക്കുമ്പോൾ കാക്കപുളളിപോലെ അവയുടെ വലത്തേ ചിറകിനുളളിൽ ഒരു കറുത്ത പുളളി തെളിഞ്ഞു കണ്ടു. കാക്കപുളളിയുളള ചിത്രശലഭങ്ങൾ ശ്രീരാധയുടെ നെഞ്ചിലും കണ്ണിലും വന്നിരുന്നു. അവളുടെ നെഞ്ചിൽ പറ്റിപ്പിടിച്ചു കിടക്കുന്ന മുല്ലവളളി അവളുടെ ഹൃദയത്തോട്‌ വാക്കുകളില്ലാത്ത ഭാഷയിൽ എന്തൊക്കെയോ പറയുകയായിരുന്നു. ഉയർന്നു താഴുന്ന അവളുടെ നെഞ്ചിനെ നോക്കി മുല്ലവളളിയും പയറുവളളിയും ഇടയ്‌ക്കിടെ ബഹളം വയ്‌ക്കുന്നതിന്റെ ഭാഷ ശ്രീരാധ കേട്ടു. ചിത്രശലഭങ്ങളും കേട്ടു. ഇതെല്ലാം കണ്ടുകൊണ്ട്‌ ജനിച്ചു വീണ അമരകൾ തങ്ങളുടെ ശിശുഭാഷ രൂപപ്പെടുത്തുകയായിരുന്നു.

“ദീനദയാലോ വൈഷ്‌ണവ

ദീനദയാലോ ഭാർഗ്ഗവ

ദീനദയാലോ രാമാ…” എന്ന ഭജൻ വെളിച്ചത്തിന്റെയും തണുപ്പിന്റെയും ഇടയിലൂടെ ശ്രീരാധയുടെ മാത്രം തുറന്നിട്ട ജനാലയിലൂടെ ഒഴുകിക്കയറിയപ്പോൾ നുറുങ്ങി വീണത്‌ അപ്പോൾ ജനിച്ച അമരകളും മുല്ലപ്പൂക്കളും പറന്നു നടന്നിരുന്ന വെളുത്ത ചിത്രശലഭങ്ങളുമായിരുന്നു. അവയെല്ലാം ശ്രീരാധയുടെ നീല സിൽക്ക്‌ നെറ്റിയിൽ ചിത്രങ്ങളുടെ രൂപത്തിൽ ചലനമറ്റ്‌ കിടപ്പിലായി. ദേവദേവന്റെ ശാപം ഏറ്റുവാങ്ങി മോചനത്തിനായി അവ ശ്രീരാധയുടെ ശരീരത്തോട്‌ ഇറുകി ചേർന്ന്‌ കിടന്നു.

പട്ടികജാതിക്കാരനായ നേശാമണിയാണ്‌ ഭജനസംഘത്തിന്‌ നേതൃത്വം നൽകുന്നത്‌. റിട്ടയേർഡ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി എന്ന പദവി ഒന്നുമാത്രമാണ്‌ അയാൾക്ക്‌ ആ സ്ഥാനം നേടികൊടുത്തത്‌. ഭജനസംഘത്തിൽ സ്‌ത്രീകൾ ഉൾപ്പെടെ പതിനഞ്ച്‌ പേരാണുളളത്‌. മധുപ്രിയയും അവരുടെ മകൾ സംഘയും അവരുടെ സഹോദരി ഹരിപ്രിയയും അവരുടെ പത്ത്‌ വയസ്സുളള മകൾ രാജ്‌നിയുമാണ്‌ സംഘത്തിലെ സ്‌ത്രീകൾ. കൈവീണയുമായി ഏറ്റവും പിന്നിലായി മധുപ്രിയ ഉണ്ടാകും. എല്ലാ ദിവസവും ഡോലക്‌ കൊട്ടിയിരുന്നത്‌ നേശാമണി തന്നെയായിരുന്നു. എന്നും പുലർച്ചെ അഞ്ചിനും അഞ്ച്‌ മുപ്പതിനും ഇടയിൽ അവർ ശ്രീരാധയുടെ വീടിനു മുന്നിലൂടെ കടന്നുപോകും. ചിലപ്പോൾ അവർ ശിവനെക്കുറിച്ച്‌ പാടും. ചിലപ്പോൾ ശ്രീകൃഷ്‌ണനെക്കുറിച്ച്‌ അല്ലെങ്കിൽ ഗണപതിയെക്കുറിച്ച്‌ എല്ലാം ഭക്തി ഗീതങ്ങൾ, പ്രേമഗീതങ്ങൾ, സ്‌നേഹത്തിന്റെ സമാധാനത്തിന്റെ ഗീതങ്ങൾ.

ശ്രീരാധ ഉണരുന്നതും ഈ ഭജനപ്പാട്ട്‌ കേട്ടുകൊണ്ടാണ്‌ അംബാലി തെരുവിലെ ഏതാണ്ടെല്ലാ വീടുകളും ഉണരുന്നതും ഈ ഭജനപ്പാട്ട്‌ കേട്ടുകൊണ്ടുതന്നെ. ഭജനക്കാരെ കാണാൻ കുട്ടികൾ ചാടിയെണീറ്റ്‌ വാതിൽക്കലെത്തും. മുതിർന്നവരും ഉറക്കച്ചടവോടെ അവരെ നോക്കും. തങ്ങളുടെ ഉറക്കം കെടുത്തിയവർ എന്നു കരുതുമെങ്കിലും ഊഷ്‌മളമായ സ്വാഗതഗാനം പോലെയുളള ഭജന കേൾക്കുമ്പോൾ മനസ്സിന്‌ ഒരു പ്രത്യേക നിർവൃതിയാണെന്നാണ്‌ പലരും കരുതുന്നത്‌. ഭജനസംഘവും ഭജനയും കാണാമറയത്താകുമ്പോഴും അവശേഷിക്കുന്ന നാദത്തിന്റെ നീണ്ട നിഴലുകൾ തെരുവിൽ മുഴുവൻ പറ്റിപിടിച്ച്‌ കിടക്കുന്നുണ്ടാകും.

ശ്രീരാധ ഉണർന്ന്‌ ജനാലയ്‌ക്കലെത്തുമ്പോഴേക്കും ഭജനസംഘം അംബേദ്‌ക്കറുടെ പ്രതിമയും കഴിഞ്ഞ്‌ നീങ്ങുന്നുണ്ടാവും. ശ്രീരാധ അവളുടെ നീല നൈറ്റിയിലേക്കു നോക്കി. നിറയെ മുല്ലപ്പൂക്കളും ചിത്രശലഭങ്ങളും പറ്റിപ്പിടിച്ചു കിടക്കുന്നു. ചിത്രശലഭങ്ങൾ തന്റെ ശരീരത്തിൽ ചുണ്ട്‌ ഉരസുന്നതുപോലെ. ബിജപ്പൂർ ഗലിയിലെ പളളിയിൽ നിന്നുയർന്ന ബാങ്കുവിളി തെരുവിന്റെ ഇടനാഴികളിലൂടെ കടന്നുപോയി. അതുകേട്ട്‌ ഒറ്റതിരിഞ്ഞ തെരുവിലെ മാവുകളിൽ നിന്നും ആൽമരങ്ങളിൽ നിന്നും കാക്കകൾ ഒച്ചയിടാനും പിന്നീട്‌ പറന്നുപോകാനും തുടങ്ങി. ഹംപിഗലിയിലെ ശിവക്ഷേത്രത്തിൽ നിന്ന്‌ വിശ്വനാഥസങ്കീർത്തനം മുഴങ്ങാൻ തുടങ്ങിയതോടെ അംബാലി തെരുവ്‌ ഏതാണ്ട്‌ പൂർണ്ണമായും ഉണർന്നു കഴിഞ്ഞു.

ഉണർന്നു കഴിഞ്ഞാൽ ഏറെ നേരം തെരുവിനെനോക്കി നിൽക്കുക ശ്രീരാധയുടെ ഒരു പ്രധാന പരിപാടിയാണ്‌. രണ്ടാം നിലയിൽ നിന്ന്‌ താഴേക്കു നോക്കുമ്പോൾ മരങ്ങളിൽനിന്ന്‌ പക്ഷികൾ പറക്കാൻ തുടങ്ങിയിരിക്കും. അംബാലി തെരുവിന്റെ ഒരറ്റം ബിജപ്പൂർഗലിയും മറ്റേയറ്റം ഹംപിഗലിയുമാണ്‌. ശ്രീരാധയ്‌ക്ക്‌ അവളുടെ മാത്രം ജനാലയിലൂടെ രണ്ട്‌ ഗലികളും കാണാം.

വീതികുറഞ്ഞ നീണ്ട അംബാലിത്തെരുവിന്റെ ഇരുവശവും മൂന്നുനില കെട്ടിടങ്ങളാണ്‌. തടികൊണ്ടുണ്ടാക്കിയവയാണ്‌ അധിക കെട്ടിടങ്ങളും. എല്ലാ കെട്ടിടങ്ങളും ഒറ്റവരിയിലാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. വരി തെറ്റിച്ച്‌ ഒരു കെട്ടിടം പോലും റോഡരികിലേക്ക്‌ തളളി നിൽക്കുന്നില്ല. കെട്ടിടങ്ങളുടെ രണ്ടാം നിലയിലും മൂന്നാം നിലയിലും തടിച്ചുമരുകൾ ജനാലകളാൽ നിർമ്മിക്കപ്പെട്ടവയാണ്‌. ജനാലകൾ നേരം വെളുക്കുമ്പോൾ തുറക്കപ്പെടുന്നു. അർദ്ധരാത്രിയോടെ അടയ്‌ക്കപ്പെടുന്നു. ജനാലകൾ അടയ്‌ക്കുവാനും തുറക്കുവാനും മാത്രമുളളതാണല്ലോ!

അംബാലി തെരുവിന്‌ ഒരു ചരിത്രമുണ്ട്‌. അത്‌ കൃഷ്‌ണദേവരായരുടെ കാലത്തെ വിശേഷമാണ്‌. പ്രസിദ്ധമായ ഹംപി നഗരത്തിലെ സുപ്രസിദ്ധമായ തെരുവുകളിലൊന്നാണ്‌ അംബാലിതെരുവ്‌. വെപ്പാട്ടിപ്രിയനായ കൃഷ്‌ണദേവരായർ എല്ലാ മാസവും അഞ്ച്‌ ദിവസം അംബാലിതെരുവിൽ തങ്ങാറുണ്ടത്രെ. അഞ്ചുദിവസം അഞ്ച്‌ കുടുംബങ്ങളിൽ മഹാരാജാവ്‌ അന്തിയുറങ്ങും. അങ്ങനെ ക്രമേണ അതൊരു വെപ്പാട്ടിത്തെരുവായി മാറി. ബിജപൂർ സുൽത്താൻ മുഹമ്മദ്‌ അദിൽഷ ഹംപി ആക്രമിച്ച്‌ നാമാവശേഷമാക്കിയെങ്കിലും അംബാലിതെരുവിനെ ഒന്നും ചെയ്‌തില്ല. കാരണം അംബാലിതെരുവിലെ സ്‌ത്രീകൾ സുന്ദരിമാരായിരുന്നു. അവർ അദിൽഷയുടെ സൈന്യം തെരുവിനകത്ത്‌ കടന്നപ്പോൾ തങ്ങളുടെ മുലകൾ അവരുടെ നേർക്ക്‌ തുറന്നു കാണിച്ചുവത്രേ, അങ്ങനെയാണ്‌ അംബാലിതെരുവിലെ പുരുഷൻമാരുടെ ജീവൻ രക്ഷിക്കപ്പെട്ടത്‌. ഈ കഥ ശ്രീരാധയ്‌ക്ക്‌ പറഞ്ഞു കൊടുത്തത്‌ അവളുടെ മുത്തശ്ശിയായ നന്ദശ്രീയായിരുന്നു. ശ്രീരാധയ്‌ക്ക്‌ നൃത്തം പഠിപ്പിച്ചു കൊടുത്തതും നന്ദശ്രീയായിരുന്നു. അംബാലി തെരുവിലെ എല്ലാ യുവതികൾക്കും നൃത്തമറിയാം. രാവിലെ ഒൻപത്‌ മണിയായാൽ എല്ലാ വീടുകളിൽ നിന്നും നൃത്തച്ചുവടുകൾ കേൾക്കാം. നൃത്തച്ചുവടുകൾ കാണാനായി അംബാലിതെരുവിലെ മുഴുവൻ തത്തകളും അവിടെയുളള മാവുകളുടെ ഏറ്റവും ഉയർന്ന കൊമ്പിൽ കയറിയിരുന്ന്‌ ഓരോ നർത്തകിമാരേയും ഒളിഞ്ഞു നോക്കും. ശ്രീരാധയുടെ നൃത്തം കാണാനാണ്‌ തത്തകൾക്ക്‌ ഏറെയിഷ്‌ടം. കാരണം അവൾ സുന്ദരിയാണ്‌. തത്തച്ചുണ്ടിന്റെ നിറം അവളുടെ ചുണ്ടുകൾക്കുണ്ടായിരുന്നു. തങ്ങളിൽ ഒരുവൾ തന്നെയാണ്‌ ശ്രീരാധയെന്ന്‌ കർണ്ണിതത്ത മാവിൻകൊമ്പിൽ കൂടിയിരുന്ന എല്ലാ തത്തകളോടുമായി പറഞ്ഞു. ശ്രീരാധയുടെ സ്‌നേഹം-അതൊന്നുമാത്രം മതിയല്ലോ നമുക്ക്‌. അപ്പോഴേക്കും ശ്രീരാധ നൃത്തത്തിൽ മുഴുകിക്കഴിഞ്ഞിരുന്നു. ചലനങ്ങളിൽ ലാസ്യഭാവം തന്റെ നൃത്തത്തെ നോക്കിയിരിക്കുന്ന തത്തകളെ ശ്രീരാധ കണ്ടു. അവൾ അവളുടെ മാത്രം ജനാലയിലൂടെ ചോളം പുറത്തേക്കെറിഞ്ഞു. അന്തരീക്ഷത്തിലൂടെ ചോളം തെരുവിന്റെ ഓരങ്ങളിലേക്ക്‌ പതിഞ്ഞിറങ്ങി. പിന്നെ തത്തകളും. നിരത്തിലെത്തും മുമ്പ്‌ തന്നെ എല്ലാ ചോളപ്പൊരിയും തത്തമ്മചുണ്ടുകൾക്കുളളിലായി സൂര്യകിരണങ്ങൾ നരച്ച ശ്രീരാധയുടെ മാത്രം ജനാലപ്പാളികളിൽ തട്ടിയശേഷം അവളുടെ സമ്മതം ചോദിക്കാതെ അവളുടെ മുഖത്ത്‌ ചുംബിച്ചു. ചുവന്നു തുടുത്ത മുഖത്തോടെ അവൾ ജനൽപാളി പകുതി ചാരി.

തെരുവിൽ ബഹളം വയ്‌ക്കലിന്റെ ഒരുക്കങ്ങൾ കഴിഞ്ഞിരുന്നു. ഇടുങ്ങിയ തെരുവായതിനാൽ റിക്ഷകൾ മാത്രമെ അംബാലി തെരുവിനകത്ത്‌ കടക്കുകയുളളൂ. ഇരുവശത്തേയും നിരത്തിനോടു ചേർന്ന കെട്ടിടങ്ങൾ വ്യാപാരശാലകളണ്‌. വിജയനഗര സാമ്രാജ്യം കച്ചവടത്തിന്‌ പേരുകേട്ടതാണല്ലോ. എന്തും വാങ്ങാം. എന്തും വിൽക്കാം. അംബാലിത്തെരുവ്‌ ഇപ്പോൾ ആഗോളവൽക്കരണത്തിന്റെ പാതയിലാണ്‌. തുണിക്കടകൾ, സ്വർണ്ണക്കടകൾ, ഹോട്ടലുകൾ, പച്ചക്കറിപീടികകൾ, മാംസവിൽപനശാലകൾ, മദ്യശാല, യുവജനക്ലബ്ബ്‌ അങ്ങനെ പോകുന്ന ആധുനിക കച്ചവടശാലകളുടെ ഇടയിൽ പനമ്പായ വിൽക്കുന്നവരും, വീട്ടിൽ തയ്യാറാക്കിയ ചോറു വിൽക്കുന്നവരും, ദാഹിക്കുന്നവന്‌ തൈരുവെളളവുമായിരിക്കുന്ന അമ്മൂമ്മമാരും അംബാലിത്തെരുവിന്റെ മരങ്ങൾക്കു ചുവടെ ഇരിക്കുന്നുണ്ട്‌.

തെരുവിൽ ബഹളം കൂടിയതോടെ നൃത്തച്ചുവടുകൾ അവസാനിച്ചു. വിജയനഗർ ടെക്‌സ്‌റ്റയിൽസ്‌ എന്നു പേരുളള തുണിക്കടയിലാണ്‌ എപ്പോഴും തിരക്ക്‌ കൂടുതൽ അംബാലി തെരുവിലെ പെൺകുട്ടികൾ അവിടെയാണ്‌ പണിയെടുക്കുന്നത്‌. വർണ്ണങ്ങളുടെ മാത്രം ലോകമാണ്‌ തുണിക്കടകൾ. അംബാലിയിലെ പെൺകുട്ടികൾ സ്‌നേഹമുളളവരും നിഷ്‌കളങ്കരും വർണ്ണങ്ങൾ ഇഷ്‌ടപ്പെടുന്നവരുമാണ്‌. നീലയും, പച്ചയും, മഞ്ഞയും, ചുവപ്പും, വയലറ്റും അവർക്ക്‌ എന്ത്‌ ഇഷ്‌ടമാണെന്നോ നിറങ്ങളുടെ രാജകുമാരിമാരാണവർ. ബാദുഷയാണ്‌ ആ ടെക്‌സ്‌റ്റയിൽസിന്റെ മുതലാളി. വല്ലപ്പോഴും ഹൈദരാബാദിൽ നിന്നുവരും. രണ്ടു ദിവസം തങ്ങും. രാത്രി മൂസി നദിയെക്കുറിച്ച്‌ ആരും കേൾക്കാതെ പാടും. ഉടനെ തന്നെ മടങ്ങിപ്പോകും. ഒരിക്കൽ ബാദുഷ വന്നപ്പോൾ കുറെ കറുത്ത പ്രതിമകളേയും കൊണ്ടാണ്‌ വന്നത്‌. ശ്രീരാധ അതിനുമുമ്പ്‌ കണ്ടിട്ടുളള കറുത്ത പ്രതിമ അംബേദ്‌ക്കറുടേതാണ്‌. ബീജപ്പൂർ ഗലിയിൽ മുസ്‌ലീം പളളിയുടെയടുത്താണ്‌ മുഴുവൻ കറുപ്പ്‌ നിറമുളള അംബേദ്‌കറിന്റെ പ്രതിമ നിൽക്കുന്നത്‌. ഹംപി ഗലിയിലെ പ്രതിമകളെല്ലാം സുന്ദരന്മാരും സുന്ദരികളുമായിരുന്നു. ഗാന്ധിജിയും, നെഹ്‌റുവും, ഇന്ദിരാഗാന്ധിയും, രാജീവ്‌ ഗാന്ധിയും, മദർതെരേസയും ഒക്കെ അടുത്തടുത്ത്‌ തന്നെയായിരുന്നു. അംബാലി തെരുവിലെ തത്തകൾ പ്രതിമകൾക്ക്‌ ചുറ്റിലും പറന്നു കളിക്കും. വട്ടം ചുറ്റിക്കളി. ഒടുവിൽ തലകറങ്ങി പ്രതിമകളുടെ തലയിൽ ചെന്നിരിക്കും. കൂട്ടത്തിൽ ഇന്ദിരാഗാന്ധി പ്രതിമയാ കൂടുതൽ സുന്ദരി!

വിജയനഗർ ടെക്‌സ്‌റ്റയിൽസിലെ പെൺകുട്ടികളും ഇതിനുമുമ്പ്‌ ഇതുപോലുളള കറുത്ത പ്രതിമകളെ കണ്ടിരുന്നില്ല. കറുത്ത പ്രതിമകളിൽ സ്‌ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ ബലവാന്മാരുടെ ആകാരഭംഗി. പക്ഷെ ജീവനില്ലാതെ പോയി. അവർക്ക്‌ ജീവൻ കിട്ടിയിരുന്നെങ്കിൽ! ശ്രീരാധ തന്റെ മാത്രം ജനാലയിലൂടെ ആശിച്ചു. ബാദുഷ കറുത്ത പ്രതിമകളെ ശ്രീരാധയുടെ വീടിനു നേരെ നിരത്തിവച്ചു. തുണിയുടുക്കാത്ത പ്രതിമകൾ. ഛെ! ശ്രീരാധ മുഖം പൊത്തി.

ഒരു നീണ്ട കറുത്ത മേലാപ്പ്‌ അംബാലി തെരുവിന്റെ മുകളിൽ ആകാശം വലിച്ചിട്ടു. വീടുകളിൽ അരിപൊടിക്കുന്നതിന്റെ ശബ്‌ദം. ശ്രീരാധ തന്റെ ജനാലയിലൂടെ താഴേക്കു നോക്കി. ഇളം കറുപ്പുളള ആകാശം പേടിച്ചോടുന്ന കാറ്റ്‌ അവളുടെ മുഖത്ത്‌ വന്ന്‌ തട്ടി. ക്ഷമ ചോദിച്ചശേഷം വീണ്ടും പേടിച്ചോടാൻ തുടങ്ങി. അവൾ നോക്കിയപ്പോൾ കറുത്ത പ്രതിമകൾക്ക്‌ തുണിയിടുവിച്ചിരിക്കുന്നു. ആൺപ്രതിമകൾ ജീൻസും ബനിയനും ധരിച്ചിരിക്കുന്നു. പെൺപ്രതിമകളെ പലവിധത്തിൽ കോലം കെട്ടിച്ചിരിക്കുന്നു. ചിലതിനെ സാരിയിൽ പൊതിഞ്ഞും വേറെ ചിലതിനെ ചുരിദാറിൽ പൊതിഞ്ഞും വേറെ ചിലതിനെ ബ്രായിലും പാന്റീസിലുമായി മുന്നിൽ നിറുത്തിയിരിക്കുന്നു. കണ്ണുകളിൽ ശ്രീരാധയോടുളള അനുരാഗം ഒളിപ്പിച്ചു വച്ചുകൊണ്ട്‌ ഇവയുടെ നടുവിലുളള കറുത്ത ശ്രീകൃഷ്‌ണന്റെ പ്രതിമയുടെ പിന്നിൽ ബാദുഷ നിൽക്കുന്നുണ്ടായിരുന്നു.

എവിടെ നിന്നോ മയിലുകൾ കൂട്ടത്താടെ ബിജപ്പൂർ ഗലിയിലും ഹംപിഗലിയിലും പറന്നിറങ്ങി നൃത്തം ചെയ്യാൻ തുടങ്ങി. ആകാശത്തെ നോക്കി. മുകളിൽ മഴവില്ല്‌ വിടരാൻ തുടങ്ങി. അംബാലിത്തെരുവിലെ എലികൾ മയിലുകളെ കണ്ടതോടെ കൂട്ടത്തോടെ ഓടിയൊളിച്ചു.

തെരുവിലെ ബഹളം കുറയാൻ തുടങ്ങിയതോടെ ശ്രീരാധയുടെ മുറിക്കുളളിൽ അവളുടെ സഖിമാർ ഒത്തു ചേർന്നു. അവർ ആ മുറിയുടെ നടുവിലുണ്ടായിരുന്ന ചെറിയ ശ്രീകൃഷ്‌ണ പ്രതിമയെ വലംചുറ്റി നൃത്തം ചെയ്യാനാരംഭിച്ചു. അതിന്റെ നിറവും കറുപ്പായിരുന്നു.

രാസലീലയായിരുന്നു അവരുടെ നൃത്തച്ചുവടുകളിൽ ശ്രീ കൃഷ്‌ണന്റെ കണ്ണുകൾ ശ്രീരാധയുടെ സൗന്ദര്യത്തിൽ തറച്ചു. നൃത്തം മുറുകാൻ തുടങ്ങി. മഴവില്ല്‌ മായാനും മഴ പെയ്യാനും മയിലുകൾ നൃത്തം അവസാനിപ്പിക്കാനും. രാസലീലകളിൽ നിന്നും അവരുടെ താളക്രമം രാസക്രീഡാ ചലനങ്ങളിലേക്കു മാറി. മഴ പെരുമഴയുടെ രൂപം എടുത്തുകെട്ടി. അംബാലിത്തെരുവിൽ മഴവെളളം വീണു. നൂറ്റാണ്ടുകൾക്കുശേഷം പെയ്‌ത മഴപോലെ മയിലുകൾ മുകളിലേക്ക്‌ നോക്കി മഴവെളളം കുടിച്ചു. ഭിക്ഷാടനത്തിനുപോയ ബുദ്ധഭിക്ഷുക്കൾ മഴയത്ത്‌ അംബാലിത്തെരുവിലൂടെ ഓടിപ്പോയി. ഇളകിപൊട്ടി കിടക്കുന്ന കരിങ്കല്ലുകൾ നിറഞ്ഞ അരയാലിന്റെ ചുവട്ടിൽ അവർ കൂനിക്കൂടി നിന്നു. ഇടയ്‌ക്കിടെ മുകളിലേക്ക്‌ നോക്കി. മുകളിൽ രാത്രിയും അരയാലിന്റെ കൊമ്പുകളും ഊർന്നുവീഴുന്ന മഴയും..

മഴയത്തും നെയ്‌വിളക്കുകൾ തെളിഞ്ഞു. മഴയ്‌ക്കിടയിൽ എപ്പോഴോ വൈദ്യുതി അറ്റ്‌ പോയിരുന്നു. ശ്രീരാധയുടെ സഖിമാർ പൊയ്‌ക്കഴിഞ്ഞിരിക്കുന്നു. അകത്തെ നെയ്‌ത്തിരിവെളിച്ചം ശ്രീരാധയുടെ മാത്രം ജനാലയിലൂടെ പുറത്ത്‌ കാണാം. നൃത്തത്തിനുപകരം വീണകൾ ശബ്‌ദിക്കാനാരംഭിച്ചു. ശ്രീരാധ പുല്ലാങ്കുഴൽ വായിക്കാനും. ശ്രീരാധയുടെ പുല്ലാങ്കുഴൽ നാദം കേട്ട്‌ കറുത്ത ശ്രീകൃഷ്‌ണൻ ഉണർന്നു. അവൾ കണ്ണടച്ചു. മഴയുടെ ആരവം കൂടിയതേയുളളൂ. ബുദ്ധഭിക്ഷുക്കൾ വിറയ്‌ക്കാൻ തുടങ്ങി. ‘ബുദ്ധം ശരണം, ബുദ്ധം ശരണം’ അവർ വിറച്ചുകൊണ്ട്‌ ഉരുവിട്ടു.

അംബാലിതെരുവ്‌ മുഴുവൻ വീണാനാദത്തിൽ ഇഴയാൻ തുടങ്ങി. ശ്രീരാധയുടെ പുല്ലാങ്കുഴൽ മാത്രം വഴിതെറ്റി പരന്നു. ആരോഹണങ്ങൾ. ചിലപ്പോൾ അവരോഹണങ്ങൾ. ശ്രീകൃഷ്‌ണൻ ചിരിച്ചു. അവൾ വീണ്ടും കണ്ണടച്ചു. ശ്രീകൃഷ്‌ണൻ അവളുടെ പട്ടുടയാടകളിൽ പിടിച്ചു. അവൾ അപ്പോഴും ഓടക്കുഴൽ സുഷിരങ്ങളിലൂടെ കൈവിരലുകൾ ചലിപ്പിക്കുകയായിരുന്നു. ശ്രീരാധയുടെ സ്വർണ്ണനിറമുളള അരഞ്ഞാണം ശ്രീകൃഷ്‌ണൻ ചൂണ്ടുവിരൽ കൊണ്ട്‌ ചുറ്റിയെടുത്തു. പുല്ലാങ്കുഴൽ ശബ്‌ദം നിന്നു. ശ്രീരാധയുടെ തൊണ്ടയിടറി. ഇപ്പോൾ ശ്രീകൃഷ്‌ണൻ ഉടുപുടവകളുമായി മരക്കൊമ്പിൽ! ശ്രീകൃഷ്‌ണന്റെ മുഖത്തിന്‌ കൃഷ്‌ണദേവരായരുടെ ഛായ! കൃഷ്‌ണദേവരായരുടെ മുഖത്തിന്‌ ബാദുഷയുടെ ഛായ! ശ്രീരാധ മാറിടം പൊത്തി നിന്നു. അർദ്ധരാത്രിയായതോടെ ശ്രീരാധ തന്റെ മാത്രം ജനാല അടച്ചു. കറുത്ത പ്രതിമകൾ അപ്പോഴും പകുതി രാത്രിയായ കാര്യം അറിയാതെ ഉണർന്നിരിക്കുക തന്നെയായിരുന്നു!

Generated from archived content: story1_may12.html Author: deepa_da

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here