മഞ്ഞ്‌ തിന്നുന്നവൻ

രണ്ടാം ഉത്തോലകത്തിന്റെ ധർമ്മം നിർവ്വഹിച്ചശേഷം നാരങ്ങാഞ്ഞെക്കിയിൽനിന്നും നാരങ്ങാത്തോട്‌ പുറത്തേക്ക്‌ എറിയപ്പെടുന്ന സമയത്താണ്‌ സൗദാമിനി എന്നു പേരുളള പ്രൈവറ്റ്‌ ബസ്‌ വേങ്ങര ബസ്‌സ്‌റ്റാൻഡിനകത്തേക്ക്‌ കയറി ചെന്നത്‌. കേരളത്തിലെ മറ്റുളള ബസ്‌ സ്‌റ്റാൻഡുകളുടെ നിലവാരത്തിനപ്പുറം വേങ്ങര ബസ്‌ സ്‌റ്റാൻഡും പോകുന്നില്ല. നിലവാരത്തിനപ്പുറം നിൽക്കാനുളള കേരളത്തിലെ ബസ്‌ സ്‌റ്റാൻഡുകളുടെ അപാരമായ കഴിവ്‌ ഒരു ശരാശരി മലയാളി തിരിച്ചറിയാൻ തുടങ്ങിയിട്ട്‌ കാലം കുറെയേറെയായി. വേങ്ങര വലിയന്റെ അഭിപ്രായത്തിൽ ബസ്‌ സ്‌റ്റാൻഡുകൾ വഴിയമ്പലങ്ങളാണ്‌. ആരൊക്കെയോ എവിടെ നിന്നൊക്കെയോ വരുന്നു; പോകുന്നു. ചിലർ കണ്ടുമുട്ടുന്നു, ചിരിക്കുന്നു, പലതും സംസാരിക്കുന്നു, പിന്നെ വഴി പിരിയുന്നു. വേറൊരർത്ഥത്തിൽ കണ്ടുമുട്ടലുകളുടെയും കൂടിച്ചേരലുകളുടെയും ഒരു തുരുത്ത്‌. ശബ്‌ദങ്ങളുടെയും കാഴ്‌ചകളുടെയും ഒരു തുണ്ട്‌ ഭൂമി. വരിക്കടകളും ഒന്നിനു പിറകെ ഒന്നൊന്നായി വരികയും പോകുകയും ചെയ്യുന്ന ബസുകളും ബസ്‌ സ്‌റ്റാൻഡുകളുടെ അസ്‌തിത്വമാണ്‌. മനുഷ്യന്‌ വായുവും വെളിച്ചവും പോലെ…

നിരക്കടകളുടെ നിരപ്പും പരപ്പും ‘റ’യുടെ ആകൃതിയിലാണ്‌. ഷോപ്പിംങ്ങ്‌ കോംപ്ലക്‌സ്‌ എന്ന ആധുനിക ആഗോളവൽക്കരണം വരച്ചിരിക്കുന്ന ചിത്രമാണ്‌ വേങ്ങര ബസ്‌സ്‌റ്റാന്റിനെ ഒറ്റനോട്ടത്തിൽ നിന്നും കോർത്തെടുത്താൽ മനസ്സിലാകുന്നത്‌. ടെലിഫോൺ ബൂത്ത്‌ മുതൽ സാരിക്കടവരേയും, ചായപീടിക മുതൽ ചാരായപീടികവരേയും ഒരു കൂരയ്‌ക്കുകീഴിൽ പരന്നു കിടക്കുകയാണ്‌. പുസ്‌തകക്കടയും പൊടിക്കടയും തോളുരുമ്മിയിരിക്കുന്നു. പഞ്ചായത്ത്‌ ഗ്രന്ഥശാലയും മൂത്രപ്പുരയും തമ്മിലുളള അകലം അരയടിയാണ്‌. നാലുചുമരുകളിലാത്ത മൂത്രപ്പുരയുടെ സുഗന്ധം ബസ്‌ സ്‌റ്റാൻഡിലെ കാറ്റിനു പോലുമുണ്ട്‌.

ടെലിഫോൺ ബൂത്തിന്‌ നിറം നീല. നാല്‌ ചുമരുകൾക്കും ടെലിഫോൺ ബോക്‌സിനും. ഉടമസ്ഥന്റെ മകളുടെ പേരെന്ന്‌ വിലയിരുത്താവുന്ന ടെലിഫോൺ ബൂത്തിന്റെ പേര്‌ ഒരു മാദക നടിയുടെ ഓർമ്മയും കുളിരും തരുന്നു. നൈജീരിയ, കെനിയ, സാംബിയ, എത്യോപ്യ, സുഡാൻ, ഉഗാണ്ട എന്നിങ്ങനെ പോകുന്ന ആഫ്രിക്കൻ രാജ്യങ്ങളിലേക്ക്‌ വിളിക്കാനുളള ഐ.എസ്‌.ഡി. കോഡുകൾ നിരത്തിയ ഒരു വെളുത്ത ചാർട്ട്‌ ബൂത്തിന്റെ നീലചുമരിൽ തൂങ്ങിയാടുന്നു. ആ ചാർട്ടിനു നേരെ വിപരീതമായി അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്‌, കാനഡ, ചൈന, ജപ്പാൻ, കുവൈറ്റ്‌, സൗദി അറേബ്യ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ ഐ.എസ്‌.ഡി നമ്പറുകളടങ്ങിയ മറ്റൊരു ചാർട്ട്‌. രണ്ടു ചുമരുകൾക്കിടയിലെ ഉളളവന്റെയും ഇല്ലാത്തവന്റേയും വേർതിരിവ്‌ നോക്കികൊണ്ടാണ്‌ ഐസക്‌ കുറച്ചു നേരമായി ബൂത്തിൽ നിൽക്കുന്നത്‌. അതൊരു ടെലിഫോൺ ബൂത്ത്‌ മാത്രമല്ല. ഒരു ഫോട്ടോസ്‌റ്റാറ്റ്‌ മെഷീനും ഒരു ലാമിനേഷൻ മെഷീനും മെയിൻ റോഡിലേക്ക്‌ കയറുന്ന രണ്ട്‌ കൈവഴികളെപ്പോലെ വാപൊളിച്ചിരിക്കുന്നു. ഒരു കൂരയ്‌ക്കുകീഴിൽ മൂന്നു തലയുളള ബിസിനസ്‌, കൊടുക്കുന്നത്‌ പതിപ്പിച്ച്‌ അതേപടി തിരിച്ചു തരുന്ന ഫോട്ടോസ്‌റ്റാറ്റ്‌ വിദ്യ പ്രയോഗിക്കുന്ന കറുത്ത്‌ മെല്ലിച്ച ചെക്കന്റെ മുഖം കണ്ടാൽ ഉഗാണ്ടയിൽ നിന്നും എത്തിയതാണോ എന്നൊരു സംശയം ഉണ്ടായാൽ തെറ്റില്ല. ശരിയുടെയും നന്മയുടെയും നാട്ടിൽ പോഷകാഹാരം ഇപ്പോഴും ക്രീമിലയറിനു മുകളിലായതിനാൽ അവന്റെ വിരലുകൾ ഫോട്ടോസ്‌റ്റാറ്റ്‌ മെഷീനിന്റെ ബട്ടണുകളിലും മുഖം മെഷീൻ പുറപ്പെടുവിക്കുന്ന വെളിച്ചത്തിലും മനസ്സ്‌ ഉമ്മയ്‌ക്ക്‌ മരുന്നിനുവേണ്ടി വാങ്ങിയ കടം കൊടുക്കുന്നതിനെക്കുറിച്ചും സുമംഗലി തിയേറ്ററിലോടുന്ന ‘കൊച്ചുപെണ്ണ്‌’ എന്ന സിനിമയുടെ പോസ്‌റ്ററിലും കയറിയിറങ്ങുന്നത്‌ നേർവരകളില്ലാത്ത ഒരു പുസ്‌തകത്തിലൂടെയായിരുന്നു.

വേങ്ങരയുടെ ഉളളിന്റെ ഉളളിലേക്കും അവിടെനിന്ന്‌ ഉളളിലേക്കും പോകാനാണ്‌ വയനാട്ടിൽ നിന്നും ഐസക്‌ എത്തിയത്‌. ഈ വരവിനെ ഒളിച്ചോട്ടം എന്നും പറയാം. പിതാവിനെ പേടിക്കുന്ന പുത്രന്റെ ഒളിച്ചോട്ടം. തിരനോട്ടത്തിന്റെ അറ്റത്ത്‌ ഐസക്‌ പേടിക്കുന്ന പിതാവ്‌ രണ്ടാനച്ഛൻ. സ്വന്തം അച്ഛനെത്തേടി പിടിക്കാൻ കിളിനക്കോട്ടേയ്‌ക്കുളള ജീപ്പിൽ കയറുമ്പോൾ ഡ്രൈവർ പറയുകയായിരുന്നു കിളിനക്കോട്ടേയ്‌ക്കുളള അവസാന ജീപ്പാണിതെന്ന്‌. ഐസക്കിന്റെ മനസ്സിൽ ആ വാക്യം സമയബോധം അങ്കുരിപ്പിച്ചു. ഒപ്പം ലോകത്തെന്തിനും ഒരു അവസാന ജീപ്പുണ്ടെന്ന സത്യവും.

കറുപ്പ്‌ നിറം ഒപ്പിയെടുത്ത ആകാശം ഇപ്പോൾ പെരുമഴ വാരിയെറിയും. ജീപ്പിന്റെ ശബ്‌ദവും ഹെഡ്‌ലൈറ്റിന്റെ വെളിച്ചവും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ അവസ്ഥയും തനിക്ക്‌ എത്താനുളള അവസാന വഴിയുടെ ഒരറ്റം ഏതെന്നു ഇനിയും ഐസക്കിനു തിട്ടപ്പെടുത്താൻ കഴിഞ്ഞില്ല. ഒരറ്റം ആകാശവും മറ്റേയറ്റം ഭൂമിയും ഭൂമിയുടെ ഒരറ്റം വെളളവും പിന്നെ കാണുന്നതെല്ലാം കൃഷിഭൂമിയുമായിരുന്നു ഐസക്കിന്റെ സ്വന്തം അപ്പനായ താമസന്‌.

കിളിനിക്കോട്‌ കവലയെ മടിയിലിരുത്തി കൊണ്ട്‌ ഊരകംമല ചാരിയിരിക്കുന്നു. മഴയത്ത്‌ അവൾ കുളിക്കുകയാണ്‌. ജീപ്പ്‌ തിരിച്ച്‌ താഴേക്ക്‌ പോകുകയാണ്‌, യാത്രക്കാരാരുമില്ലാതെ. കൂടെ വന്നവർ വഴിപിരിഞ്ഞു കഴിഞ്ഞു. ആരും പരിചയക്കാരല്ല. ആരും ഒന്നും ചോദിച്ചില്ല. ആരോടും ഒന്നും പറഞ്ഞതുമില്ല. രാത്രിയും മഴയും ഓരോരുത്തരേയും വേഗത്തിൽ വേഗത്തിൽ അകറ്റി.

മഴയത്ത്‌ ഓരിയിടുന്ന നരികൾ ഊരകം മലയിൽ നിറയെയുണ്ട്‌. മഴയും നരികളുടെ ഓരിയിടലും ഒലിച്ചിറങ്ങുന്ന മഴവെളളത്തിന്റെ ഇരുട്ടിലെ ശബ്‌ദവും വരാനിരിക്കുന്ന കോളറക്കാലത്തിന്റെ സൂചനകളായി ഐസക്കിനു തോന്നിയത്‌ മഴയിൽ വിറച്ചിരിക്കുന്ന മൂങ്ങയുടെ കണ്ണുകളിൽ നിന്നായിരുന്നു. മൂങ്ങ പിടിച്ചിരിക്കുന്ന മരക്കൊമ്പൊഴികെ വ്രണങ്ങൾ പുറ്റു പിടിച്ചപോലെയുളള മരം ഒരു വിലാപം പോലെ ഇരുട്ടത്ത്‌ വിറയ്‌ക്കുകയായിരുന്നു. എവിടെയോ മറഞ്ഞുപോയ വി.സി.ബാലകൃഷ്‌ണപണിക്കരും ഒരു വിലാപവും ഊരകം മലയും കോളറയും നരിച്ചീറുകളും വി.സിയുടെ സ്‌നേഹനിധിയായ ഭാര്യയും ട്രാക്ക്‌ തെറ്റിയ പാട്ട്‌ പോലെ ഐസക്കിന്റെ തലയ്‌ക്കകത്ത്‌ ഊറിക്കയറിയതിന്റെ പിറകെയായിരുന്നു ഊരകം മലകളുടെ നാഭിയിൽകൂടി ഒരു മിന്നൽ വളളി ഇറങ്ങിപ്പോയത്‌. മിന്നൽ വളളി തട്ടിയ കരിമ്പാറകൾ തങ്ങളുടെ ഹൃദയങ്ങൾ അരമിനിറ്റുകൊണ്ട്‌ ആകാശദേവനെ തുറന്നു കാണിച്ചു. പെട്ടെന്നുതന്നെ അടയ്‌ക്കുകയും ചെയ്‌തു. തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്ന കരിമ്പാറകളുടെ ഹൃദയങ്ങളുടെ രൂപം ഏത്‌ തരത്തിലായിരിക്കും? ചെമ്പരത്തിപ്പൂവിന്റെ രൂപമാണോ? ആമ്പലിന്റെ നിറമാണോ? മുല്ലയുടെ മണമാണോ? മിന്നൽ വളളിയുടെ രൂപമുളള ചിന്തകൾ വേരോടിയ ഐസക്കിന്റെ തലയുടെ മുൻഭാഗം അയാളെ നടത്തിച്ചത്‌ ജോസഫൈന്റെ എസ്‌റ്റേറ്റ്‌ വഴികളിലേയ്‌ക്കാണ്‌. വഴിയുടെ രണ്ട്‌ വശത്തും നീണ്ടുപോകുന്നത്‌ ഇരുമ്പിന്റെ മുളളുവേലിയും അവയെ താങ്ങി നിറുത്തുന്ന കൽത്തൂണുകളും. വേലിത്തൂണുകൾ കൊത്തിയെടുക്കപ്പെട്ട കല്ലുകളാണ്‌. അമ്മയിൽ നിന്ന്‌ വേർപ്പെടുത്തിയെടുത്ത കുഞ്ഞുങ്ങളാണ്‌ ഓരോ വേലിത്തൂണുകളും.

ഇടവഴിയിലൂടെ ഒഴുകുന്ന മഴവെളളം പരന്നൊഴുകികൊണ്ടിരുന്നത്‌ ഇഞ്ചിപ്പുരയിടങ്ങളിലേയ്‌ക്കാണ്‌. ഇഞ്ചിത്തണ്ടുകൾ വെളളത്തിനെ ഊറ്റിയെടുക്കും. സ്‌പോഞ്ച്‌ വെളളത്തെ വലിച്ചെടുക്കും പോലെ. പ്രായം തികഞ്ഞ ഇഞ്ചിച്ചെടികൾ സുഗന്ധം പൊഴിച്ചുകൊണ്ടിരുന്നു. മഴയത്തെ ഇഞ്ചിയ്‌ക്ക്‌ പൂർണ്ണഗർഭിണിയുടെ മനസ്സാണ്‌. എല്ലാം നിറഞ്ഞ മനസ്സ്‌ അകവും പുറവും ഒരുപോലെ നിറഞ്ഞ മനസ്സ്‌.

ഇഞ്ചിപുരയിടം കടന്നപ്പോൾ ഐസക്‌ തിരിച്ചറിഞ്ഞത്‌ തന്റെ അപ്പന്റെ വിയർപ്പൂറി കിടക്കുന്ന മഞ്ഞൾപ്പാടങ്ങളെയാണ്‌. ഇരുട്ടത്തും അപ്പന്റെ വിയർപ്പിന്റെ മണം അവിടെ മുഴുവൻ നിറഞ്ഞുനിൽക്കുന്നു. മുറിച്ചുവച്ച മഞ്ഞയുടെ നിറമാണ്‌ ഐസക്കിന്റെ അമ്മച്ചിക്ക്‌. ഐസക്കിന്റെ അപ്പൻ താമസനാകട്ടെ ചെളിപിടിച്ചിരിക്കുന്ന മഞ്ഞയുടെ പുറംതോടിന്റെ നിറവും. തൊലിയുടെ നിറത്തിന്‌ കാര്യമുണ്ടെന്ന്‌ ഐസക്കിന്‌ മനസ്സിലായത്‌ അമ്മച്ചി മുപ്പതാം വയസ്സിൽ തന്റെ രണ്ടാനച്ഛനായി ഗബ്രിയേലിനെ വീട്ടിൽ വിളിച്ചു കയറ്റിയപ്പോഴാണ്‌.

നിരന്നു നിൽക്കുന്ന കവുങ്ങുകൾ മഴ പെയ്‌തു തോർന്നതിനുശേഷവും പെയ്യുന്നുണ്ടായിരുന്നു. മരം പെയ്യുന്നത്‌ കണ്ടുകൊണ്ടും ഇരുട്ടിൽ പഴുത്ത്‌ കിടക്കുന്ന അടയ്‌ക്കാകൂട്ടങ്ങളെ കുടഞ്ഞെറിയുന്നത്‌ വാവലുകൾ തന്നെയായിരിക്കുമെന്നും ചെളിയിൽ പതിയ്‌ക്കപ്പെടുന്ന കാലടികളുടെ അവസാനം തന്റെ പിതാവിന്റെ മുന്നിൽ തന്നെയായിരിക്കുമെന്നും ഐസക്‌ കണക്ക്‌ കൂട്ടി.

തന്നെ കാത്തിരിക്കാൻ സാധ്യതയുളളതും ഇല്ലാത്തതുമായ പിതാവിന്റെ മുഖംഃ അതിൽ നിറയെ വെളുത്ത രോമങ്ങളും; നെറ്റിയിൽ പതിഞ്ഞൊട്ടിയ ചുളിവുകളും… വിണ്ടുകീറാൻ തുടങ്ങുന്ന പിതാവിന്റെ ചുണ്ടുകളിൽ ചോരപൊട്ടുമ്പോൾ ഐസക്‌ തിരിച്ചറിയുന്നത്‌ മഞ്ഞുകാലത്തെയാണ്‌. മഴക്കാലവും മഞ്ഞുകാലവും ഐസക്‌ ഇതുവരെ കണ്ടിരുന്നത്‌ കഴിഞ്ഞ ഒരു വർഷംവരെ അപ്പന്റേയും അമ്മച്ചിയുടേയും ഇടയ്‌ക്കു നിന്നായിരുന്നു. അവരുടെ മഞ്ഞുകാലവും മഴക്കാലവും പാടകെട്ടിയ പാലുപോലെ ചുറ്റിയെടുത്ത്‌ നടന്ന ഐസക്കിന്റെ മുന്നിൽ ജീരകച്ചെടികളും പരുത്തിച്ചെടികളും വിത്തുകുരുക്കൾ പൊട്ടിച്ചു നിന്നു.

ഊരകം മലകൾക്കിടയിലൂടെ അവശേഷിക്കുന്ന മിന്നൽ വളളികൾ ആകാശത്തുനിന്നും വേഗത്തിൽ വേഗത്തിൽ വീണുകൊണ്ടിരുന്നു. ഐസക്‌ അതിവേഗം നടക്കാൻ തുടങ്ങി. റബ്ബർ മരങ്ങളുടെ ഏന്തലുകൾ കേൾക്കാം. മുളകളുടെ ശീൽക്കാരങ്ങളും. തുളളിച്ചിതറാൻ പോകുന്ന കാറ്റിന്റെ ദ്രുതവിന്യാസം ഐസക്കിന്റെ തലയ്‌ക്കു മുകളിൽ പൂർത്തിയായി. ഐസക്കിന്റെ നടത്തം ഓട്ടമായി…. ഓടി ഓടി അയാൾ താമസന്റെ കുടുസുമുറിയുടെ മുന്നിൽ ചെന്നുവീണു. വിശപ്പും ദാഹവും യാത്രാക്ഷീണവും കാറ്റും മഴയും ഐസക്കിനെ വീടിന്റെ വാതിൽക്കൽ വരെ മാത്രമേ എത്തിച്ചുളളൂ. മുട്ടിനോക്കാൻ പോലും കൈയ്യനങ്ങിയില്ല.

കാറ്റ്‌ മാറുന്നതും മഴ മാറുന്നതും ഐസക്ക്‌ തിരിച്ചറിഞ്ഞു. തന്റെ മുന്നിലെ പിതാവിന്റെ മുറിയും മുറിയെ ചുറ്റിയുളള എസ്‌റ്റേറ്റും എസ്‌റ്റേറ്റിൽ വിളയുന്ന വിവിധ വിളകളുടെ സുഗന്ധവും മഞ്ഞുവീഴ്‌ചയ്‌ക്ക്‌ വഴിമാറുന്നതും ഐസക്‌ തിരിച്ചറിഞ്ഞു.

ഇരുട്ടിൽ തെറിച്ചു വീണത്‌ ഐസക്കിന്റെ ‘അപ്പാ അപ്പാ’യെന്നുളള വിളി മാത്രമായിരുന്നു. തൊണ്ടയിൽ കുരുങ്ങിയ കണമുളളിനെപോലെ ഐസക്‌ അപ്പോഴും നിലത്തുതന്നെ കിടക്കുകയായിരുന്നു. ചെളിപിടിച്ച നിലത്ത്‌ എസ്‌റ്റേറ്റ്‌ പുഴുക്കൾ പുളയുന്നുണ്ടായിരുന്നു. കറുപ്പും വെളുപ്പും നിറമുളളതാണ്‌ എസ്‌റ്റേറ്റ്‌ പുഴുക്കൾ, അവയുടെ രക്തത്തിന്‌ നീലനിറമാണ്‌. ആര്യന്മാരുടെ രക്തത്തിന്റെ നിറംപോലെ, അതുകൊണ്ടാണ്‌ എസ്‌റ്റേറ്റ്‌ തൊഴിലാളികൾ അതിനെ നീലപ്പുഴുക്കൾ എന്നു വിളിക്കുന്നത്‌.

നരികളുടെ ഓരിയിടൽ തീർന്നിരിക്കുന്നു. ദൂരെയെവിടെയോ ഒരു വൃക്ഷകൊമ്പൊടിഞ്ഞു വീഴുന്ന ഒച്ച. ആ കൊമ്പിൽ കൂടുകെട്ടിയിരുന്ന കാക്കകളാകണം അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ ഉറക്കെ നിലവിളിക്കാൻ തുടങ്ങിയത്‌. നിലവിളി ഊരകം മലകളുടെ നെഞ്ചിൽ തട്ടി പ്രതിഫലിച്ചു കൊണ്ടിരുന്നു.

മലമടക്കുകളിൽ നിന്നും ആ രാത്രി തന്നെ വെളളം മുഴുവനും ഊർന്നുപോയി. പകരം അവിടെ മുഴുവനും മഞ്ഞ്‌ വീഴാൻ തുടങ്ങി. ആൽപ്‌സ്‌ പർവ്വതനിരപോലെ ഊരകം മലകൾ മാറപ്പെട്ടു. ധവളഭൂമിയാണ്‌ നേരം വെളുത്തപ്പോൾ എല്ലാവരും കണ്ടത്‌.

ഐസക്കും കണ്ടു – വെളുത്ത കുന്നുകൾ!

തിരിഞ്ഞു നോക്കിയപ്പോൾ എസ്‌റ്റേറ്റ്‌ കാണാനില്ല. രാത്രിയിൽ കണ്ട ഇഞ്ചിച്ചെടികൾ മൂടെരിഞ്ഞു കിടക്കുന്നു. മഞ്ഞൾ ചെടികളിൽ മുഴുവൻ നീലപ്പുഴുക്കൾ അട്ടിപിടിച്ചിരിക്കുന്നു. അടയ്‌ക്കാമരങ്ങളെ ചിതൽ തിന്നു തീർക്കുന്നു.

ഐസക്‌ എണീറ്റ്‌ വേച്ച്‌ വേച്ച്‌ കിഴക്ക്‌ ദിക്കിനെ നോക്കി നടക്കാൻ തുടങ്ങി. കിഴക്കൻ ചരുവിൽ ഒരു പച്ചപ്പാടം. കതിരുകാണാക്കിളികൾ അതിനു മുകളിൽ വട്ടമിട്ടു പറക്കുന്നു. കൈയ്യിലൊരു വടിയുമായി ഒരു വൃദ്ധൻ ആ പച്ചപ്പാടത്തൂടെ നടക്കുന്നു. പച്ചപ്പാടത്തുനിന്നും ഒരു പ്രത്യേകതരം സുഗന്ധം ഐസക്കിന്റെ മൂക്കിൽ അടിഞ്ഞു കയറി. ഒരു വട്ടം കറങ്ങൽ ഐസക്കിന്റെ തലയ്‌ക്കകത്ത്‌ അതിവേഗം നടന്നു. ഐസക്കിനെ കണ്ടിട്ടാകണം ആ വൃദ്ധൻ പറഞ്ഞു. “പോ ദൂരെപോ, ദൂരെ പോ”

ഐസക്‌ കാണാൻ പാടില്ലാത്ത എന്തോ കണ്ട്‌ പേടിച്ചതുപോലെ തിരിഞ്ഞോടാൻ തുടങ്ങി. ഓടിയോടി അയാൾ ഊരകം മലയുടെ ചുവട്ടിലെത്തി. നിറയെ മഞ്ഞുകട്ടകൾ കൊണ്ടുളള വെളളക്കുന്നുകൾക്കുളളിൽ രക്തം തിളയ്‌ക്കുന്നുണ്ടെന്ന്‌ ഐസക്‌ ഒരു ഉൾവിളിയോടെ തിരിച്ചറിഞ്ഞു. തിളച്ചു തുളുമ്പുന്ന രക്തം കാണാൻ ഐസക്‌ മഞ്ഞുവാരാനും പിന്നീട്‌ തിന്നാനും തുടങ്ങി. അപ്പോഴേക്കും മഞ്ഞു തിന്നുന്ന മനുഷ്യനെ കാണാൻ കിളിനക്കോട്‌ കവലയിൽ ആളുകൾ കൂടിക്കഴിഞ്ഞിരുന്നു… അവർക്കിടയിൽ താമസനും ഉണ്ടായിരുന്നു!

Generated from archived content: story1_mar11.html Author: deepa_da

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English