പച്ചവസ്ര്തങ്ങൾ എന്ന് ഖാൻ പറഞ്ഞതിനുശേഷമാണ് മഴ പെയ്യാൻ ആരംഭിച്ചത്. ഗോമതിയിൽ വർഷങ്ങൾക്കു മുമ്പ് കണ്ട വെള്ളം ഇപ്പോഴില്ല. മഴ ഗോമതിയുടെ പുറത്തുകൂടി പെയ്യാൻ തുടങ്ങി. ഓരം പറ്റിക്കിടന്ന എല്ലിൻ കഷ്ണങ്ങളും വിസർജ്യങ്ങളിലും മഴ വന്നു വീണു. വിസർജ്യങ്ങൾ അലിഞ്ഞ് ഗോമതിയിലേക്കിറങ്ങി. നാനാ സാഹേബിന്റെ പ്രതിമയിലും മഴ പെയ്യുന്നുണ്ട്. സാഹേബിന്റെ കണ്ണുകളിൽ കൂടി മഴവെള്ളം കണ്ണുനീർ പോലെ ഒഴുകാൻ തുടങ്ങുന്നു. നാനാസാഹേബ് കണ്ണടയ്‌ക്കാതെ ഗോമതിയെ നോക്കി. ദീർഘനിശ്വാസം പൊഴിച്ച പോലെ ചുളിവുകൾ പിടിപെട്ടതായിരുന്ന.ു നാനാ സാഹേബിന്റെ മുഖം. ഏതോ ഒരു കാക്ക എപ്പോഴോ വിസർജിച്ചതിന്റെ വെളുത്ത പാട് നാനാസാഹേബിന്റെ നെറ്റിയിലുണ്ടായിരുന്നു. മഴ അതിനേയും കഴുകിക്കളഞ്ഞു. മുകളിലേക്ക് നോക്കിയപ്പോൾ നാനാസാഹേബിന്റെ തലയ്‌ക്കു മുകളിലായി ദേവദാരു മരത്തിൽ കുറെ കാക്കകൂടുകൾ. ഇപ്പോൾ കാക്കകൾ ഒന്നുമില്ല. ഭക്ഷണം തേടി പോയതായിരിക്കും കാക്കകൾ ഇപ്പോൾ എവിടെയൊക്കെയാകും ഭക്ഷണം തേടുക? മേത്താ മാർക്കറ്റിൽ ഒരു പക്ഷേ ഉണ്ടാകും. അതോ ഖന്ന ഹോട്ടലിന്റെ പുറകിലോ? കൂടുകളിൽ കുഞ്ഞുങ്ങൾ ഒന്നുമില്ല. അതുകൊണ്ട് കൊക്കിനുള്ളിൽ ഭക്ഷണം ഒതുക്കി പിടിച്ചു കൊണ്ടുവരേണ്ടതില്ല-
ഖാൻ ഗോമതിയുടെ കരയിലൂടെ നടന്നു. മഴ നനഞ്ഞുകൊണ്ട് നടക്കുമ്പോൾ വർഷങ്ങൾക്കു മുമ്പ് ഇതേ തീരത്തൂടെ നടന്ന തന്റെ കാൽപ്പാട് എവിടെയെങ്കിലും കാണുന്നുണ്ടോ? ഒരുപാട് കാൽപ്പാടുകൾ തന്റെ കാലടികൾക്കുമേൽ പതിഞ്ഞിട്ടുണ്ട്. ഇപ്പോഴും കൂടുന്നു. ആരുടെയൊക്കെയോ കുറച്ച് കാൽപ്പാടുകൾ, അതിൽ ചില മൃഗങ്ങളുടെ കാൽപ്പാടുകളും ഉണ്ടായിരുന്നു.
ഗോമതിയുടെ അരികിൽ നിറഞ്ഞ പച്ചപ്പോടെ നിൽക്കുന്ന അശോകമരങ്ങളും, കടുക് ചെടികളും, അഞ്ചിലതെറ്റികൾക്കും തന്നെപ്പോലെതന്നെ പ്രായാധിക്യമായിരിക്കുന്നു. അശോകമരങ്ങളെ പുഷ്പിപ്പിക്കുവാൻ കന്യകമാരെകൊണ്ട് ചവിട്ടിച്ചാൽ മതിയെന്ന് ഹതുമാസ്‌റ്റർ പറഞ്ഞതുകേട്ട് ആരാണ് കന്യകയെന്നറിയാൻ ഗോമതിയുടെ തീരം മുഴുവൻ അലഞ്ഞു നടന്നതും ഒടുവിൽ ‘ഞാൻ കന്യകയാണ്’എന്നു കേട്ടപ്പോൾ തിരിഞ്ഞു നോക്കിയതും….
പിന്നിൽ നിൽക്കുന്നു പച്ചവസ്ര്തങ്ങളണിഞ്ഞ ഒരു പെൺകുട്ടി.
‘ഞാൻ ചവിട്ടിയാൽ മതിയോ, ഞാൻ കന്യകയാണ്’
‘മതി’ ഖാൻ പറഞ്ഞു.
അവളുടെ ശരീരം നിറയെ പച്ച വസ്ര്തങ്ങളായിരുന്നു. മയ്യത്ത് പുതപ്പിക്കുന്ന പച്ച ഷർട്ടിന്റെ നിറം. മുഴുവനും തിളങ്ങുന്നു. തലയിൽ നേർമയുള്ള സിൽക്കിന്റെ ഒരു തട്ടമുണ്ട്, കഴുത്തിൽ പച്ചക്കല്ലിന്റെ ഒരു മാലയുണ്ട്. അവളുടെ കണ്ണുകൾക്കൊപ്പം പച്ചക്കല്ലും ഗോമതി നദിയിലെ ഓളങ്ങളും തിളങ്ങാൻ തുടങ്ങി.
വഴിയിൽ നിന്ന എല്ലാ അശോകമരങ്ങളേയും അവൾ ചവുട്ടി. അവളുടെ കാലുകൾക്ക് മഞ്ഞിന്റെ നിറമായിരുന്നു. ഓരോ മരത്തിനേയും ചവുട്ടുമ്പോൾ അവൾ കുലുങ്ങി ചിരിക്കും. ചിരികേട്ട് ഗോമതിയും ഓളങ്ങളിളക്കി ചിരിച്ചു തുള്ളാൻ തുടങ്ങും. എല്ലാ അശോകമരങ്ങളും അവളുടെ പാദസ്പർശമേറ്റ് അനങ്ങാതെ തരിച്ചു നിന്നു. അത് കണ്ടുകൊണ്ട് അവൾ ഓടിപ്പോയി, ദൂരേക്ക്. ഗോമതി അവളുടെ പിറകേ ഒഴുകികൊണ്ടേയിരുന്നു –
അവൾ ചവിട്ടി കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ എല്ലാ അശോകമരങ്ങളും പൂവിട്ടു. ഇളം ചുവപ്പു നിറമുള്ള പൂക്കൾ. പൂക്കൾ ഗോമതിയുടെ തീരം മുഴുവൻ സുഗന്ധം പരത്തി. ഭ്രമരങ്ങൾ അശോകമരങ്ങളെ ചുറ്റി വരിഞ്ഞു. ദൂരത്തുനിന്നും വന്ന ഭ്രമരങ്ങൾ ഗംഗയെക്കുറിച്ചും യമുനയെക്കുറിച്ചും ഇടയ്‌ക്കിടെ ഗോമതിയോട് കുശലങ്ങൾ ചേർത്ത് പറഞ്ഞു. ചില കരിവണ്ടുകൾ ദേവദാരുക്കളിൽ ചെന്നിരുന്ന് വിശ്രമിച്ചു. പൂവുകൾ കൊഴിയുന്നതുവരെ അശോകമരങ്ങൾക്ക് ഭ്രമരങ്ങൾ കാവലിരുന്നു…
ഖാനറിയാമായിരുന്നു അവൾ ഇവിടെവിടെയോ ഉണ്ട്. വർഷങ്ങൾ അവിടവിടെ കുറേ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. അത് സ്വാഭാവികം. മാറ്റം അനിവാര്യമാണ്. തനിക്കും മാറ്റം വന്നിരിക്കുന്നു. അമ്പത്തിയാറാം വയസ്സിൽ ഇവിടെ ഇരുപതുകൊല്ലം മുമ്പ് കണ്ട കാഴ്‌ചകളിൽ എന്തൊക്കെയാണ് അവശേഷിച്ചിട്ടുണ്ടാവുക. എന്തായാലും കണ്ടപ്പോൾ സന്തോഷമായി. ദേവദാരുക്കൾ ഇനിയും കുറച്ചുവർഷങ്ങൾ കൂടി ജീവിക്കണമെന്ന വാശിപോലെ നിൽക്കുന്നുണ്ട്. അശോകമരങ്ങൾ ഒരിക്കൽകൂടി പൂവിടാൻ കാത്തു നിൽക്കുന്നതുപോലെ. ഞാൻ വന്നാൽ അവൾ വരും. അവൾ വന്നാൽ അശോകമരങ്ങൾ പൂവിടും. കാരണം അവളിപ്പോഴും കന്യകയായിരിക്കും. പച്ചവസ്ര്തങ്ങളണിഞ്ഞ കന്യക.
മെലിഞ്ഞുണങ്ങിയ ശരീരവുമായി ഗോമതി ഒഴുകുന്നു. ഇനിയെത്രകാലം കൂടി എന്ന ചോദ്യവുമായി. ദേവദാരുക്കളുടെ അടുത്തുകൂടി ഇടത്തേയ്‌ക്ക് തിരിഞ്ഞു. കാലാപള്ളി നിന്നിരുന്ന സ്ഥലത്ത് ചല്ലിയും മണലും കൂട്ടിയിട്ടിരിക്കുന്നു. വെള്ളിയാഴ്‌ച ജുമാ പിരിയുമ്പോൾ ഉണക്കമുന്തിരി ആൾക്കാർക്ക് കൊടുക്കുന്ന അള്ളാവിയുടെ ഇരുപ്പ് സ്ഥാനത്ത് ശവക്കോട്ടപ്പച്ചകൾ നിറഞ്ഞു കിടക്കുന്നു. ശവക്കോട്ടപ്പച്ച ഇടയ്‌ക്ക് പൂക്കുമ്പോൾ ഉണക്കമുന്തിരിയുടെ ഗന്ധം പരക്കാറുണ്ട്. അള്ളാവിയെ ഓർമ്മിക്കാൻ ഞാനും പിന്നെ പച്ചവസ്ര്തമണിഞ്ഞ അവളും മാത്രമല്ല ഉണ്ടായിരുന്നുള്ളൂ…
അള്ളാവിയുടെ ചങ്കിൻകൂട് ഭൂമിയുടെ അടിയിൽ ഇവിടെയെവിടെയോ മണ്ണിന്റെ നിറം പറ്റി കിടക്കുന്നുണ്ടാകും. കാലാപള്ളിയിൽ നിന്നും മുക്രിയും പോയി കഴിഞ്ഞതിനുശേഷം പള്ളിവാതിൽക്കൽ കിടന്നുറങ്ങുമ്പോഴും അള്ളാവിയുടെ കൈയ്യിൽ ഒരു പിടി ഉണക്കമുന്തിരി ഉണ്ടായിരുന്നു. നേരം വെളുത്തപ്പോൾ ഉണക്കമുന്തിരിയിൽ മുഴുവൻ കരിയുറുമ്പുകൾ വരിവയ്്ക്കുകയായിരുന്നു. ഒരു വരി കരിയുറുമ്പുകൾ കാലാപള്ളിക്കകത്തുനിന്നും വാതിലിന്റെ ഇടയിലൂടെ അള്ളാവിയുടെ കാലുകളിൽ പറ്റിപ്പിടിക്കാൻ തുടങ്ങുന്ന സമയത്താണ് പച്ചവസ്ര്തങ്ങളണിഞ്ഞ കന്യകയും ഞാനും അവസാനം കണ്ടതും. സാക്ഷിയായി ഒന്നും പറയാതെ കിടക്കുന്ന അള്ളാവിയും…
കാലാപള്ളിയുടെ പുറകിലൂടെ ഒഴുകുന്ന ഗോമതിയുടെ കറുത്ത മണൽപ്പരപ്പിൽ ആകാശത്തെ നോക്കി അള്ളാവി പാടുന്നത് എത്ര തവണ കേട്ടിരിക്കുന്നു ഞാനും അവളും.
ഇനിയില്ല ഞാനെന്നും നിന്റെ കൂടെ,
ഭൂമിയിൽ വീഴുന്ന നക്ഷത്ത്രങ്ങൾ പെറുക്കി,
ഗോമതിയിലൊഴുക്കാൻ ഞാൻ വരട്ടെ…
ഗോമതിയിലെ മീനുകളേ നിങ്ങൾ വിഴുങ്ങുമോ,
നക്ഷത്രക്കുരുന്നുകളെ…
ഇതു കേൾക്കുമ്പോൾ ആകാശത്തുനിന്നും നക്ഷത്രങ്ങൾ ഗോമതിയിൽ വീണ് താഴേക്ക് ഒഴുകിപ്പോകുന്നത് ഞാനും അവളും നോക്കി നിന്നു. ഞങ്ങൾ നോക്കി നിൽക്കുമ്പോൾ അള്ളാവി കരിമണൽപ്പരപ്പിലൂടെ ഗോമതിയോടൊപ്പം ലക്‌നൗവിന്റെ രാത്രിത്തിരക്കുകളിലേക്ക് നടന്ന് പോകുന്നത് എത്ര തവണ കണ്ടിരിക്കുന്നു….
അള്ളാവിയുടെ ഹൃദയത്തിൽ ചെവി ചേർത്തിരിക്കുന്ന അവളെ ഞാൻ കണ്ടത് റാണാപുരിയിൽ വച്ചാണ്. റാണാപുരിയിൽ അന്ന് രാസലീല അരങ്ങേറുകയാണ്. ഗോമതി നിലാവും നിറച്ചുകൊണ്ടാണ് അപ്പോൾ ഒഴുകികൊണ്ടിരുന്നത്. രാസലീലയിൽ കൃഷ്ണനെ കാണാതെ രാധ ഉഴറി നടക്കുകയാണ്. അതൊന്നും ശ്രദ്ധിക്കാതെ കരിമണലിൽ മലർന്നു കിടക്കുന്ന അള്ളാവിയുടെ ഹൃദയത്തിൽ ചെവിപിടിച്ച് ഹൃദയസ്പന്ദനം കേട്ടറിയുന്ന എന്റെ കന്യകയെ ഞാൻ കണ്ടു.
“നോക്കൂ ഖാൻ, അള്ളാവിയുടെ ഹൃദയത്തിൽ നിറയെ കുഞ്ഞുങ്ങൾ കരയുന്നു. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ ആദ്യം കരയുന്നത് കേട്ടിട്ടില്ലേ…? അതുപോലത്തെ ശബ്ദം”
“അള്ളാവിയുടെ കൂടെ ചേർന്ന് നിനക്കും വെളിപാടുകൾ കിട്ടിത്തുടങ്ങിയോ?”
“ഇതു വെളിപാടല്ല ഖാൻ, സത്യം, ഇതിനുമുമ്പും അള്ളാവിയുടെ ഹൃദയത്തിൽ നിന്നും വേറെയും ചില ശബ്ദങ്ങൾ കേട്ടിട്ടുണ്ട്. ആദ്യമൊന്നും ഞാനും വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ വിശ്വസിക്കാതിരിക്കാൻ വയ്യ.. ഞാൻ പറയുന്നത് നിങ്ങളെങ്കിലും വിശ്വസിക്കൂ.”
അവൾ പറയുന്നത് കേട്ടിട്ടോ എനിക്ക് വിശ്വാസമാകുന്നില്ലെന്ന് മനസ്സിലായിട്ടോ അള്ളാവി ആകാശത്തെ നോക്കി ചിരിച്ചുകൊണ്ടു തന്നെ കിടന്നു. പിറകിലോട്ടു തിരിഞ്ഞു നോക്കിയപ്പോൾ കൃഷ്ണൻ ചേലകളുമായി മരക്കൊമ്പിലിരിക്കുന്നു. റാണാ പുരിയിലെ മുഴുവൻ ആളുകളും രാസലീലയിൽ മുഴുകി നിൽക്കുന്നു.
അവൾ ഇപ്പോഴും വയസ്സൻ അള്ളാവിയുടെ ഹൃദയത്തിൽ തന്നെ ചെവി ചേർത്തു പിടിച്ചിരിക്കുന്നു. അടുത്ത് എന്താണ് അവൾ പറയുന്നതെന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ടായിരുന്നുവെങ്കിലും പുറത്ത് കാണിച്ചില്ല.
“ഖാൻ വരൂ. ചെവി പിടിച്ചു നോക്കൂ. ഇപ്പോൾ ഗർഭങ്ങൾ കലങ്ങുന്ന ശബ്ദം കേൾക്കാം. ഗർഭപാത്രങ്ങൾ ഉടയുന്നതിന്റേയും ഭ്രൂണങ്ങൾ പിളരുന്നതിന്റേയും ശബ്ദങ്ങൾ കേൾക്കാം….”
രാസലീല കൊടുമ്പിരികൊള്ളാൻ തുടങ്ങുന്നു. കാർവർണ്ണൻ ഗോവർധനത്തെ കൈയ്യിലെടുക്കാൻ തുടങ്ങുകയാണ്. അവൾ പറഞ്ഞത് ഇത്തവണ എനിക്ക് മുഴുവനായും അവഗണിക്കാൻ സാധിച്ചില്ല.
“എന്നാൽ ഞാൻ നോക്കട്ടെ”
വയസ്സൻ അള്ളാവി അപ്പോഴും ചിരിച്ചുകൊണ്ട് കിടക്കുകയാണ്. ഗോമതിയിലെ ഓളങ്ങൾ ഒന്നിളകി. ആകാശത്ത് ചുവപ്പുനിറമുള്ള മൂന്ന് നക്ഷത്രങ്ങൾ അള്ളാവിയുടെ കണ്ണിനു നേർക്കായി തെളിഞ്ഞു നിന്നു. കഴുതയുടെ രൂപമുള്ള ഒരു കഷ്ണം മേഘം നക്ഷത്രങ്ങൾക്ക് പശ്ചാത്തലം പോലെ നിലകൊണ്ടിരുന്നു.
ആ നിമിഷം ലോകം മുഴുവനുമുള്ള അലസിയ ഗർഭങ്ങളുടെ ശബ്ദത്തിന്റെ ബാക്കിയായിരുന്നു ഞാൻ കേട്ടത്. എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. വീണ്ടും ചെവി ചേർത്തു. അലസിയ ഗർഭങ്ങൾ ചോരയായും കരുക്കളായും പുറത്തേക്കൊഴുകുന്ന ശബ്ദം… ശ്വാസം മുട്ടുന്ന ചാപിള്ളകളുടെ മരണവെപ്രാളം….
‘ദൈവമേ ഇതെന്താണ് കേൾക്കുന്നത്’
അവൾ വിജയഭാവത്തോടെ എന്നെ നോക്കി. അവളുടെ മുഖത്ത് അശോകപുഷ്പങ്ങളുടെ കാന്തി.
‘ഇപ്പോ മനസ്സിലായില്ലേ ഖാനറിയാൻ പാടില്ലാത്തത് പലതും ഭൂമിയിലുണ്ടെന്ന്’
ജാള്യം പുറത്തു കാണിക്കാതിരിക്കാൻ രാസലീലയെ ശ്രദ്ധിച്ചു. കൃഷ്ണൻ കാളിയന്റെ തലയിൽ നർത്തനം തുടങ്ങി കഴിഞ്ഞു. കാളിയൻ കാളിന്ദിയിൽ വിഷം ചീറ്റുന്നു… ഗോപന്മാരും ഗോപികമാരും അതിശയത്തോടെ നോക്കി നിൽക്കുന്നു. ആളുകൾക്കും ഹരം പിടിച്ചിരിക്കുന്നു.
‘ശരിക്കും വയസ്സൻ അള്ളാവിയാരാണ്?’
ചോദ്യം ചോദ്യമായി ചിലപ്പോൾ അവശേഷിച്ചേക്കും. ചില കാര്യങ്ങൾ അങ്ങനെയാണ്. എത്ര ശ്രമിച്ചാലും ദുരൂഹത ദുരൂഹതയായിതന്നെ തുടരും. അള്ളാവിയുടെ കാര്യത്തിലും അങ്ങനെയായിരിക്കുമോ?
വയസ്സൻ അള്ളാവിയും അവളും ഒന്നും അറിയാത്തതുപോലെ ഉണക്കമുന്തിരി കഴിക്കുകയാണ്. ഇടയ്‌ക്കിടെ ഗോമതിയ്‌ക്കും എറിഞ്ഞുകൊടുക്കുന്നുണ്ട്. അവളും വയസ്സൻ അള്ളാവിയും.
മേളക്കാരും വിളക്കുകാൽ വാഹകരും ഗോമതിയെ മുറിച്ചു കടക്കുകയാണ്. രാസലീല അവതരിപ്പിക്കാൻ പത്‌ലേമട്ടിൽ നിന്നും വന്നവരാണ്. ഗോമതി മുറിച്ച് നേരെകയറിയാൽ പത്‌ലേമട്ടായി. ഇവിടെനിന്ന് നോക്കിയാൽ കാണാം പത്‌ലേമട്ടിലെ വെളിച്ചത്തിന്റെ അടയാളങ്ങൾ. വെളിച്ചത്തിന്റെ അടയാളങ്ങൾ രാസലീല കളിക്കാൻ പോയവരുടെ വീടുകളുടേതാണ്. ശ്രീകൃഷ്ണനും, കംസനും, അക്രൂരനും, യശോദയും, നന്ദഗോപരുമൊക്കെ ഗോമതിയുടെ നടുവിലെത്തിക്കഴിഞ്ഞു. വെള്ളം അരയടി മാത്രമേയുള്ളൂ. അതുകൊണ്ട് വഞ്ചിയുടെ ആവശ്യം വന്നില്ല. രാസലീല നടന്ന സ്ഥലത്ത് രാധയുടെ വേഷമിട്ട കണ്ണൻ മനസ്സില്ലാമനസ്സോടെ വിട്ടുപോയ രാധയെപ്പോലെ. അവളുടെ അരികിൽ ഒരു വിളക്കുകാൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റാണാപുരി ഉറങ്ങാൻ തുടങ്ങുകയാണ്. ഗോമതി ശബ്ദം താഴ്‌ത്തി ഒഴുകിക്കൊണ്ടേയിരിക്കുന്നു. പച്ച വസ്‌ത്രങ്ങൾ മാത്രം ധരിക്കുന്ന എന്റെ കന്യക രാധയുടെ അടുത്തേക്കോടി. വയസ്സൻ അള്ളാവിയുടെ ഹൃദയത്തിൽ ഒരിക്കൽകൂടി ഞാൻ ചെവിയമർത്തി. മണൽക്കാറ്റ് ചീറിയടിക്കുന്ന ശബ്ദം. മരുഭൂമിയുടെ അടിവയറ് കുലുങ്ങിയുലയുന്ന ശബ്ദം. മണൽപ്പാറ്റകൾ കരിഞ്ഞുവീഴുന്ന മണം‘.
’ഞാനീ ശബ്ദവും ഗന്ധവും എവിടേയോ തിരിച്ചറിഞ്ഞിട്ടുള്ളതാണല്ലോ‘.
ചെവി ഒന്നുകൂടി ചേർത്തുവച്ചു. ഒട്ടകങ്ങൾ ഓടിയൊളിക്കുന്നു. കള്ളിമുൾച്ചെടികൾ ഉണങ്ങിക്കഴിഞ്ഞിരിക്കുന്നു. പൊഖ്‌റാൻ രണ്ടായി പിളരുന്നോ…അതിന്റെ ഇടയിൽകൂടി ശ്രീബുദ്ധൻ പുഞ്ചിരിച്ചു. ആർക്കും മനസ്സിലാകാത്ത ഒരു ഗൂഢാർത്ഥം ആ പുഞ്ചിരിക്കുള്ളിൽ ഉണ്ടായിരുന്നു…
ഞാൻ തിരിഞ്ഞു നടക്കുമ്പോഴും അള്ളാവി ആകാശത്തെ നോക്കി ചിരിച്ചു കൊണ്ട് തന്നെ കിടക്കുകയാണ്. എല്ലാവരും ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴും അള്ളാവിയുടെ ഹൃദയത്തിൽ വേറെ ചില ശബ്ദങ്ങൾ രൂപപ്പെട്ടുകൊണ്ടിരുന്നു. അത് കേൾക്കാൻ മനുഷ്യന്മാർ ആരും ഇല്ലായിരുന്നു. പകരം ചില നായ്‌ക്കൾ അള്ളാവിയുടെ ചുറ്റിലുമായി കാവലിരുന്നു. അതിൽ വെളുപ്പും കറുപ്പും നിറമുള്ള ഒരു നായ അള്ളാവിയുടെ നെഞ്ചിൽ അതിന്റെ തല ചേർത്തുവെച്ചു…. എന്റെ കണ്ണിൽ ഇപ്പോൾ അള്ളാവിയുടേയും നായ്‌ക്കളുടേയും നിഴൽപ്പാടുകൾ മാത്രം…
അള്ളാവി മരിച്ചിട്ട് ഇപ്പോൾ വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു. അയാളുടെ ഹൃദയം ഭൂമിക്കടിയിൽ കിടന്ന് ഇപ്പോഴും ശബ്ദമുണ്ടാക്കുന്നുണ്ടാവും. ഒരു പക്ഷേ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ബുദ്ധൻ വീണ്ടും ചിരിച്ചത് കേൾക്കാമായിരുന്നു….
ഇടവഴികൾ എല്ലാം മാറിപ്പോയിരിക്കുന്നു. അവളുടെ വീട്ടിലേക്കുള്ള വഴി തന്നെ കാണാനില്ല. ഒരിടവഴിയായിരുന്നു അന്ന്. ചെമ്മൺപാത കുങ്കുമ റിബൺ പോലെ അവളുടെ വീടിന്റെ മുറ്റത്ത് ചെന്ന് അവസാനിക്കും. വഴിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്പാനിഷ് സത്രത്തിന്റെ സ്ഥാനത്ത് ബിഗ്‌ഭയർ പി.ഒ. ലക്‌നൗ – 52 എന്ന പോസ്‌റ്റ് ഓഫീസ് നരച്ചു വെളുത്തു നിൽക്കുന്ന മുളങ്കൂട്ടത്തെയാണ് കണ്ടത്. തേടിയതിനെ കാണാൻ കഴിയാതെ വന്നാലുണ്ടാകുന്ന വിങ്ങൽ തന്റെ ഹൃദയത്തിൽ അവിടവിടെ രൂപം കൊള്ളുന്നത് ഖാൻ അറിയുന്നുണ്ടായിരുന്നു.
കളഞ്ഞുപോയ്‌ക്കഴിഞ്ഞിരിക്കുന്നു. ഇനി തേടിയിട്ടെന്തു കാര്യം? എവിടെയാണ് കളഞ്ഞുപോയതെന്നറിയില്ല. ആരോട് ചോദിച്ചാലാണറിയുക? മുഖങ്ങൾ ഒന്നും തന്നെ പരിചയമില്ല. തലമുറയിലെത്രാമത്തേതാണ് തന്റെ മുന്നിലൂടെ കടന്നുപോകുന്നതെന്ന് അറിയില്ല. അറം പറ്റിയ എന്റെ തലമുറയിലെ ഒരാൾ, ആരെങ്കിലും ഒരാളെ കണ്ടിരുന്നെങ്കിൽ ബിഗ്‌ഷയറിലും റാണാപുരിയിലും എത്രയോ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. എല്ലാവരും എവിടെയൊക്കെയോ എന്നെ കണ്ടപ്പോൾ ഒളിച്ചിരിക്കുന്നത് പോലെ. മറഞ്ഞു നിന്ന് അവർ എന്നെ നോക്കുന്നുണ്ടാകാം…
രാസലീല കളിച്ച രാധ ജീവിച്ചിരിക്കുന്നുണ്ടാവുമോ? ഉണ്ടെങ്കിൽ തന്നെ ഏതുരൂപമായിരിക്കും അവൾക്കിപ്പോൾ. കൃഷ്ണൻ പോലും ഒരു പക്ഷേ തിരിച്ചറിയില്ല. ദൈവത്തിനു പോലും പിടിച്ചു നിർത്താൻ കഴിയാത്തതാണ് കാലം. റാണാപുരിയിലെ രാസലീല ഒരിക്കൽകൂടി കാണാൻ കഴിയുമോ?
ഗോമതിയുടെ മടിയിൽ ചവിട്ടി നിന്ന് പട്ടം പറത്താൻ കുറേ കുട്ടികൾ പോകുന്നുണ്ട്. അവരോട് ചോദിച്ചു നോക്കിയാലോ? ഇല്ല. അവർക്കറിയില്ല. അവർ കുട്ടികളല്ലേ.
പാതയുടെ ഇരുവശത്തും പുതിയ കെട്ടിടങ്ങൾ നര പിടിച്ചു നിൽക്കുന്നു. മഴവെള്ളം പായൽ പിടിച്ച ചുമരുകൾ കാലത്തിന്റെ അടയാളങ്ങൾ തന്നെ. ഇനിയും ഒരു മുപ്പതുകൊല്ലംകൂടി കഴിഞ്ഞ് ഇവിടെ വന്നാൽ എന്തായിരിക്കും അവസ്ഥ …..
അതെ, അവൾ തന്നെ. അതേ പച്ച വസ്ര്തങ്ങൾ. മഴയും തുടങ്ങി. വർഷങ്ങൾക്കു മുൻപ് കളഞ്ഞുപോയ കൈമുതൽ തിരികെ കിട്ടുമെന്ന് തോന്നുമ്പോഴുണ്ടാവുന്ന സന്തോഷം നുരച്ചു പൊന്തിയെങ്കിലും ഒരു സന്ദേഹം ബാക്കി നിന്നു. തലക്കുമുകളിൽ കൂടി മഴ പെയ്തുകൊണ്ടേയിരുന്നു…
നിറയെ അശോകമരങ്ങൾ വളർന്നു നിൽക്കുന്ന ഒരു വീടിന്റെ മുറ്റത്താണ് അവൾ നിൽക്കുന്നത്. അവസാനം കണ്ടപ്പോഴത്തെ അതേ രൂപം. ഒരു മാറ്റവും കാണുന്നില്ല. കഴുത്തിലെ പച്ചക്കൽ മാലയ്‌ക്കുപോലും മാറ്റമില്ല. അവളുടെ മകളാണെങ്കിലോ? അശോകമരങ്ങൾ നിറയെ പൂത്തുലഞ്ഞു നിൽക്കുന്നു. അത് അവൾ ചവിട്ടിയിട്ടാണോ?
അവളുടെ അടുത്തേയ്‌ക്ക് പറന്നെത്തണമെന്ന് മോഹിച്ചു. കാലുകളുടെ ശക്തിക്കുറവ് അപ്പോഴാണ് ഒന്നുകൂടി ബോധ്യപ്പെട്ടത്. നിനക്കെന്നെ മനസ്സിലായോ എന്ന് ചോദിക്കുമ്പോൾ അവൾ തിരിച്ചറിവ് കിട്ടാതെ മിഴിച്ച് നോക്കാം ചിലപ്പോൾ. ഒറ്റനോട്ടത്തിൽ അവൾ എന്നെ തിരിച്ചറിഞ്ഞാൽ എന്തായിരിക്കും ഭാവം?
ഞാനടുത്തേയ്‌ക്കെത്തുമ്പോൾ ഊഹിച്ചതുപോലെ തന്നെ. അവൾ തിരിച്ചറിയുന്നില്ല.
’ഞാൻ ഖാൻ, നിനക്ക് മനസ്സിലായില്ലേ‘
അവൾ മിഴിച്ചു നിന്നതേയുള്ളൂ. പച്ചക്കൽ മാല തിളങ്ങി കൊണ്ടിരുന്നു. പച്ചത്തട്ടം കൊണ്ട് അവൾ മുഖം മറച്ചു.
അവൾക്ക് ഞാനെന്നേ നഷ്ടപ്പെട്ടിരിക്കുന്നു. ഒരിക്കലും അവളെ കുറ്റം പറയാൻ സാധിക്കില്ല.
അവൾ അകത്തേയ്‌ക്ക് ഓടിപ്പോയി.
ഇനിയെന്ത്?
അശോക മരങ്ങൾ എന്നെ നോക്കി വിഡ്‌ഢി എന്ന് പറയുന്നതുപോലെ. അവളുടെ വീടിനുമുന്നിൽ എന്റെ കാലുകൾ ശവക്കോട്ടപ്പച്ചയ്‌ക്ക് ഇടയിലായിരുന്നു. ശവക്കോട്ടപ്പച്ചയ്‌ക്ക് കാലത്തെ പിന്നിലേക്ക് വലിക്കാൻ കഴിവുണ്ടത്രേ. പിന്നിലേക്ക് കാലം വലിഞ്ഞാൽ എനിക്കെന്റെ കന്യകയെ കാണാം. എനിക്കെന്റെ വയസ്സൻ അള്ളാവിയെ കാണാം. ആകാശത്തുനിന്നും ഗോമതിയിലേക്ക് നക്ഷത്രങ്ങൾ അടർന്നു വീഴുന്നതു കാണാം….
വിശ്വാസം ശരിയാണോ തെറ്റാണോയെന്ന് അറിയില്ല. തിരിഞ്ഞുനോക്കുമ്പോൾ അങ്ങ് ദൂരെ കാലാപള്ളിയുടെ മുന്നിൽ വയസ്സൻ അള്ളാവി ഉണക്കമുന്തിരിയുമായി ഇരിക്കുന്നു. അയാളുടെ അരികിൽ പച്ചവസ്ര്തങ്ങൾ അണിഞ്ഞ എന്റെ കന്യകയും… എന്റെ മനസ്സിന് വിഭ്രാത്മകത ബാധിച്ചോ… അതോ കണ്ണുകൾക്ക് എന്തെങ്കിലും പറ്റിയോ…
കണ്ണിനൊന്നും പറ്റിയിട്ടില്ല. റോഡ് മുപ്പതു വർഷങ്ങൾ പിന്നിലേക്ക് മടങ്ങി നീണ്ടുകിടക്കുന്നു. അന്ന് റോഡിലൂടെ നടന്നവർ… നീമ, ഹതുമാസ്‌റ്റർ, ദിംഗബർബല്ല, അരുൾഷാ… അവരൊക്കെ തന്നെ… എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു….
പരിചയം പുതുക്കാനായി കൈകൾ വീശുന്നു… ശവക്കോട്ടപ്പച്ചയിൽ നിന്നും കാലുകൾ മാറ്റുമ്പോൾ ആദ്യം കണ്ട പെൺകുട്ടി വീണ്ടും മുന്നിൽ. അവളുടെ കൈയ്യിൽ ഒരു പിടി ഉണക്കമുന്തിരി.
’ഖാൻജി ഇത് വാങ്ങിക്കൊള്ളൂ‘ അവൾ പറയുമ്പോൾ അവളുടെ കവിളിൽ വിയർപ്പ് പൊടിഞ്ഞു.
’എനിക്കറിയാം എന്നെങ്കിലും ഒരു ദിവസം ഖാൻജി ഈ വഴി വരുമെന്ന്. അത്ര പെട്ടെന്ന് ഹസ്രത്‌ബീവിയെ ഖാൻജിയ്‌ക്ക് മറക്കാൻ കഴിയില്ലെന്നും അറിയാം‘.
ഒന്നും അങ്ങോട്ട് ചോദിക്കാതെ തന്നെ അവൾ എല്ലാം ഇങ്ങോട്ട് പറയുമ്പോൾ കാലം എന്ന രാസപദാർത്ഥത്തിലെ തന്മാത്രകൾ അലിയാൻ തുടങ്ങുകയായിരുന്നുാ.
’ഖാൻജിയ്‌ക്ക് അറിയാമോ രാസലീല നടന്ന രാത്രി. അള്ളാവിയുടെ നെഞ്ചിൽ തല ചേർത്തുറങ്ങിയ നായ്‌ക്കളെ അറിയാമോ. ഓർമ്മകൾ ഖാൻജിയ്‌ക്ക് ഇപ്പോഴും തെറ്റാറില്ലല്ലോ.‘
’അന്നു രാത്രി ഖാൻജി എവിടേയ്‌ക്കാണ് പോയത്? അള്ളാവിയും ഹസ്രത്‌ബീവിയും എവിടെയൊക്കെ തെരഞ്ഞു. എത്രയോ രാത്രിയും പകലും ഖാൻജിയെ കാത്ത് ഗോമതിിയുടെ കരിമണലിൽ ചെന്നിരുന്ന് കരഞ്ഞിട്ടുണ്ടെന്ന് അറിയാമോ?‘
’അറിയില്ല. ഖാൻജിയ്‌ക്ക് ഒന്നുമറിയില്ല. പക്ഷേ ഹസ്രത്‌ബീവി ഖാൻജിയുടെ ഓരോ കാൽപെരുമാറ്റം പോലും അറിഞ്ഞിരുന്നു. വയസ്സൻ അള്ളാവിയുടെ ചങ്കിൻകൂടിനകത്തുനിന്നും. കരിമണലിൽ വയസ്സൻ അള്ളാവി മലർന്നു കിടക്കുമ്പോൾ ബീവി ചെവി ചേർത്തുവയ്‌ക്കും… അപ്പോൾ ഖാൻജി വിഗ്രഹങ്ങളെ കല്ലുവാരിയെറിയുന്ന ശബ്ദം കേൾക്കും, ചിലപ്പോൾ വേശ്യകളുടെ ഇടയിൽ കിടന്ന് പൊട്ടിച്ചിരിക്കുന്ന ശബ്ദവും…‘
തന്റെ കാൽക്കീഴിലെ ഭൂമിയ്‌ക്ക് വിറ പിടിച്ചോ. ഒരു കൂട്ടം വണ്ടുകൾ അപ്പോൾ അയാളുടെ തലയ്‌ക്കു മീതേക്കൂടി പാഞ്ഞുപോയി അശോകപൂക്കളിൽ ചെന്നിരുന്നു. പൂക്കളെ യാതൊരു ദയയുമില്ലാതെ കശക്കാൻ തുടങ്ങി.
ഇവൾക്കെല്ലാം അറിയാം. ഇവൾ ആര്?
’ഞാനാരെന്നല്ലേ ഖാൻജിയുടെ സംശയം. സംശയിക്കണ്ട. ഞാൻ ഹസ്രത്‌ബീവിയല്ല. എനിക്ക് ഹസ്രത്‌ബീവിയാകാനും സാധിക്കില്ല. ഇനി ഒരു പക്ഷേ ഹസ്രത്‌ബീവിയുടെ മകളെന്നു സംശയിച്ചാൽ അതുമല്ല.‘ ’പിന്നെയാര്? എന്ന് ചോദിക്കാൻ തോന്നുന്നില്ലേ ഖാൻജിയ്‌ക്ക്?‘
എന്റെ മുഖം അക്കാര്യം പറഞ്ഞിട്ടുണ്ടാവണം. മനസ്സിലെ രഹസ്യങ്ങൾ മുഖത്താണല്ലോ എഴുതിവച്ചിരിക്കുന്നത്.
’പേടിക്കണ്ട, ഹസ്രത്‌ബീവി മരിച്ചുപോയി. കുറേ വർഷങ്ങളായി. ഗോമതിയുടെ തീരത്ത് കുറേക്കാലം അലഞ്ഞു തിരിഞ്ഞു നടന്നു. ആളുകൾ പറഞ്ഞിരുന്നത് ബീവിക്ക് ഭ്രാന്തായിരുന്നുവെന്നാ. ഞാൻ വിശ്വസിക്കുന്നില്ല കെട്ടോ. ബുദ്ധ പൂർണ്ണിമ ദിവസം രാത്രി ഗോമതിക്കരയിൽ നിന്നുകൊണ്ട് തന്റെ പച്ചവസ്ര്തങ്ങൾ ഒന്നൊന്നായി നദിയിലേക്ക് ബീവി ഊരിയെറിഞ്ഞത്രേ! എന്റെ വീടിന്റെ ഗോമതിയോട് ചേർന്ന് നിൽക്കുന്ന മരച്ചില്ലയിൽ എല്ലാ പച്ച വസ്ര്തങ്ങളും തട്ടി നിന്നു…‘
’പുഴക്കരയിൽ കൂടി ആളുകൾ താഴേക്ക് ഓടുന്നുണ്ടായിരുന്നു. അവരിൽ ചിലർ അവ്യക്തമായി പറഞ്ഞു കൊണ്ടിരുന്നത്. ഒരു തുണിപോലും ഇല്ലാത്ത വെളുത്തുതുടുത്ത ഒരു സ്ര്തീയുടെ ശരീരം ലക്‌നൗവിലേക്ക് ഒഴുകിപ്പോകുന്നുവെന്നാണ്. അത് ഹസ്രത്‌ബീവി അല്ല എന്നാണ് എന്റെ ഇപ്പോഴത്തെയും വിശ്വാസം…
‘എനിക്ക് ഈ പച്ച വസ്ര്തങ്ങൾ ചേരുന്നുണ്ടോ ഖാൻജി…’
അവളെ ഒന്നുകൂടി തിരിഞ്ഞു നോക്കാതെ അയാൾ നടന്നു. വേച്ച് വേച്ച് ഗോമതിയുടെ തീരത്തെത്തി. ഒരു സമസ്യ പൂരിപ്പിക്കാനെന്നോണം രാത്രിയും കൂട്ടിനു വന്നു. നെഞ്ചിൽ ഇടിവള്ളികൾ മുളയിടും പോലെ. കരിമണലിൽ മലർന്നു കിടന്നു. അള്ളാവി കിടന്നിരുന്നതു പോലെ. ആകാശത്തിലെ മുഴുവൻ നക്ഷത്രങ്ങളും എന്നെ തന്നെ വട്ടം ചുറ്റി നിൽക്കുന്നു. എന്റെ ചങ്കിൻകൂടിനുള്ളിലും ശബ്ദങ്ങൾ രൂപപ്പെടുന്നുവോ? ഉവ്വ്, എന്തൊക്കെയോ മുഴങ്ങുന്നു. പക്ഷേ എനിക്ക് കേൾക്കാൻ സാധിക്കുന്നില്ലല്ലോ… നിസ്സഹായനായി ഞാൻ കിടന്നു.
എവിടെ നിന്നാണെന്നറിയില്ല. കണ്ണു തുറന്നു നോക്കിയപ്പോൾ എന്നെ തന്നെ തുറിച്ചുനോക്കി നിൽക്കുന്ന ഒരു നായ്‌ക്കൂട്ടം… അതിൽ കറുപ്പും വെളുപ്പും നിറമുള്ള ഒരു നായയുണ്ടായിരുന്നു. അവൻ എന്റെ ഹൃദയത്തിൽ തലവെച്ച് കിടക്കുകയായിരുന്നു. അവന്റെ ചെവിയിൽ ഇപ്പോൾ ഒരു പക്ഷേ കേൾക്കുന്നത് ഒരു കൂട്ടം ചങ്ങലകളുടെ ഇടർച്ചയാണെന്ന് അവന് തിരിച്ചറിയാൻ കഴിയുന്നുണ്ടോ ആവോ?
നേരം വെളുത്തു. പച്ചവസ്ര്തങ്ങളുമണിഞ്ഞ് അലക്കുകാരി ഗോമതിയുടെ തീരത്ത് അലക്കാനായി വന്നപ്പോൾ നേരം വെളുത്ത കാര്യമൊന്നും അറിയാതെ ഖാൻ ആകാശത്തെ നോക്കി മലർന്നു കിടക്കുകയായിരുന്നു. ഖാൻജിയുടെ ഹൃദയത്തിനകത്ത് തുടിക്കുന്ന ശബ്ദങ്ങൾ കേൾക്കാൻ അയാളുടെ നെഞ്ചിൽ തന്നെ ചെവി ചേർത്തു പിടിച്ചുകൊണ്ട് നായ്‌ക്കളും കൂടെ കിടക്കുന്നു… ഒന്നും അറിയാത്തമട്ടിൽ ഗോമതി പിന്നെയും ഒഴുകുന്നു. ലക്‌നൗവിന്റെ അരികിലൂടെ… അലക്കുകാരി അത് നോക്കി നിന്നു….
Generated from archived content: story1_july7_07.html Author: deepa_da
Click this button or press Ctrl+G to toggle between Malayalam and English