മുള്ള്‌

മുള്ളു തറഞ്ഞ കണ്ണിനകത്ത്‌

രാമനും മൂന്ന്‌ സോദരരും

നാക്കു തുരന്നണുക്കൾ ചിരിക്കുന്നു

നാടകം തീരാൻ സമയമില്ലേ

വേവാത്ത പാഥേയം കൈയ്യിലില്ലേ

വേരിൽ പടരാത്ത വെള്ളമില്ലേ

പെരുവിരൽ പറയുന്ന സത്യങ്ങൾ

ഇടവിരൽ ചൂണ്ടി തള്ളുമോ നീ

ഇടനെഞ്ച്‌ കാട്ടി മയക്കുമോ നീ

ഇടയനെ കാട്ടിലയക്കുമോ നീ

കാട്ടിലേക്കയക്കണം മൈഥിലിയെ

പിന്നെ കാടുചുട്ടെരിക്കണം കാലമേറെ

കാലികാല കാലം തീർന്നിടുമ്പോൾ

കണക്കൊന്ന്‌ നോക്കണം പൊന്മകനെ

പാമ്പുകൾ കരിയുന്ന മണം വരുന്നു

പീലിയിൽ തീയുമായി മയിൽ വരുന്നു

വീണിടത്തമ്മ പിളർന്നിടുന്നു

ഉള്ളിലേക്കുള്ളിലേക്കമ്മ നീട്ടി

മാംസമില്ലാത്ത കൈത്തകൾ

ഇനി വെട്ടി മൂടണം വേദനകൾ

ഇനി വെട്ടി മൂടണം നേർപാടങ്ങൾ

നേരിനെ കാട്ടാനിനി നെഞ്ചുവേണ്ട

നേർപെങ്ങളെയോർത്തിനി നീറിടേണ്ട

നീറ്റലിൽ തിരിയേണ്ട നീറിയൊടുങ്ങേണ്ട

നീറ്റലായ്‌ ലോകം തിരിയുന്ന നേരത്ത്‌

നേർത്തരോർമ്മ മാത്രം തിരിയുന്നു

ചുറ്റിലിപ്പോൾ ചുടലയും ചാമ്പലും

ചാമുണ്ഡിയും

ചിത്രവധത്തിന്‌ സമയമായി

ചിത്രങ്ങളെല്ലാം വലിച്ചെറിഞ്ഞു

മുള്ളുതറഞ്ഞ കണ്ണെടുത്ത്‌

കർണ്ണനു നൽകി ദുര്യോധനൻ ഞാൻ

ചൂതിൽ തകർന്ന പാണ്ഡവരെ

കാനനം പാർക്കാൻ പറഞ്ഞയച്ചു

പാതിരാരാവിനെ പഴിപറഞ്ഞു

പാതാളവഴികളിൽ പതുങ്ങിനിന്നു

പാപികൾ പോകുന്ന നേരം നോക്കി

പറുദീസയിൽ കയറി കണ്ണെടുത്തു

കീറിയ കണ്ണിൽ മുളകൊഴിച്ചു

മുളന്തണ്ട്‌ രാഗങ്ങൾ കരഞ്ഞുതീർത്തു

കലി കൊണ്ട കാലം വിറച്ചു നിന്നു

വിറ പൂണ്ട ലോകം തരിച്ചുനിന്നു

ഒരു തരി ശബ്ദം അടർന്നു വീണു…

അതു വാരിയെടുക്കുന്ന അമ്മയെ

നമിക്കാൻ ആരുമില്ല…

ഇനിയാരുമില്ല ഈ ഭൂമിയിൽ

അമ്മയും പ്രേതങ്ങളും മാത്രമായി….

Generated from archived content: poem1_nov28_07.html Author: deepa_da

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English