മഴു അന്നാദ്യമായി വിലപിച്ചു
മഴുവിനാൽ മരണപ്പെട്ട മരങ്ങൾ
ഉരുപ്പടികളായി കഴിഞ്ഞിരുന്നു.
മഴു കരയുന്ന കാര്യം
രാജാവറിഞ്ഞു
കുറച്ചു മുമ്പാണ് രാജാവിന്റെ
വാളുകൾ കരയാൻ തുടങ്ങിയത്
സാധുക്കളായ കർഷകരെ വകവരുത്തിയത്
ഇന്നലെയായിരുന്നു
രാജ്യം മുഴുവൻ ഇന്നലെ
ദുരന്തങ്ങളായിരുന്നു.
കാളപെറ്റ പകലും
നായ നക്കിയ രാത്രിയും
രാജ്യത്തെ കുലുക്കി.
രാജാവ് അപ്പോഴും വീണവായിക്കുകയായിരുന്നു
നേരം വെളുക്കുവോളം വീണ വായിച്ചു
പുതിയ രാഗങ്ങൾ സൃഷ്‌ടിച്ചു
നേരം വെളുത്തപ്പോൾ
രാജ്യം യഥാസ്ഥാനത്തുണ്ട്
രാജാവ് ജീവിച്ചിരിപ്പുണ്ട്
ആയുധങ്ങൾ കൂട്ടംകൂടി കിടക്കുന്നു
പക്ഷേ പ്രജകളെ മാത്രം കാണാനില്ല
രാജാവിപ്പോൾ
പ്രജകൾ എവിടെപ്പോയെന്ന്
അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്….
Generated from archived content: poem1_may23_08.html Author: deepa_da